എസ്. തങ്കമണി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദി പണ്ഡിതയും എഴുത്തുകാരിയുമാണ് എസ്. തങ്കമണി അമ്മ. (ജനനം: 1950 മാർച്ച്18)

ജീവചരിത്രം[തിരുത്തുക]

പ്രസിദ്ധ ഹിന്ദി പ്രചാരകൻ പ്രൊഫ. ആർ. ജനാർദനൻപിള്ളയുടെയും ബി. സീതമ്മയുടെയും മകളായി 1950 മാർച്ച്18-ന് തിരുവനന്തപുരത്ത് കരിക്കകത്ത് ജനിച്ചു. 1971-ൽ ഒന്നാം റാങ്കോടെ ഹിന്ദിയിൽ എം.എയും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് 1976-ൽ ഡോക്ടറൽ ബിരുദവും നേടി. ഹിന്ദിയിലെ ഖണ്ഡകാവ്യങ്ങൾ ആയിരുന്നു ഗവേഷണ വിഷയം. 1973 മുതൽ കോളജ് അധ്യാപികയായി. 1987-ൽ കേരളയൂണിവേഴ്സിറ്റിയുടെ ഹിന്ദി വിഭാഗത്തിൽ റീഡറായി. ഹിന്ദി വിഭാഗം അധ്യക്ഷയുമായി. ദക്ഷിണഭാരതഹിന്ദി പ്രചാരസഭ, കേരളഹിന്ദി സാഹിത്യഅക്കാദമി, കേരള ഹിന്ദിപ്രചാരസഭ എന്നിവയിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ഡോ. തങ്കമണി അമ്മ 2006-ൽ കേരളഹിന്ദി പ്രചാരസഭയുടെ പ്രസിഡന്റായി. സഭയുടെ മുഖപത്രമായ കേരൾജ്യോതിയുടെ മാനേജിങ് എഡിറ്ററുമാണ്.

കൃതികൾ[തിരുത്തുക]

പത്തോളം കൃതികൾ രചിച്ചിട്ടുള്ള ഇവർ ഗവേഷക, നിരൂപക എന്നതോടൊപ്പം കൃതഹസ്തയായ പരിഭാഷകയുമാണ്. മലയാളം കേ ഖണ്ഡകാവ്യ (1976), ആധുനിക് ഹിന്ദി ഖണ്ഡകാവ്യ (1987), സംസ്കൃതി കേ സ്വർ, മോഹൻ രാകേഷ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒ.എൻ.വി. യുടെ സ്വയംവരവും അയ്യപ്പപ്പണിക്കരുടെ ഗോത്രയാനവും തങ്കമണി അമ്മ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി. അനേകം രചനകൾ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചും തർജമ ചെയ്തിട്ടുമുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അഖിലേന്ത്യാ തലത്തിൽ അറിയപ്പെടുന്ന ഡോ. തങ്കമണിയുടെ സാഹിത്യയത്നങ്ങൾക്ക് അനേകം പുരസ്കാരങ്ങളും ലഭിച്ചു. അവയിൽ ഗണേശ് ശങ്കർ വിദ്യാർഥി അവാർഡ്, യു.പി. ഗവ. അവാർഡ്, സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് അവാർഡ്, ഭാരതീയ അനുവാദ് പരിഷത്ത് അവാർഡ് എന്നിവ പ്രധാനമാണ്. സുരിനാമിൽ നടന്ന ഏഴാമത് അഖിലലോക ഹിന്ദിസമ്മേളനം ഡോ. തങ്കമണിയെ ആദരിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=എസ്._തങ്കമണി_അമ്മ&oldid=3461199" എന്ന താളിൽനിന്ന് ശേഖരിച്ചത്