എം.ജി. രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിപ്പാട് മേടയിൽ എം. ജി. രാധാകൃഷ്ണൻ
MG-Radhakrishnan.jpg
എം. ജി. രാധാകൃഷ്ണൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമലബാർ ഗോപാലൻ നായർ രാധാകൃഷ്ണൻ
തൊഴിൽ(കൾ)സംഗീതസംവിധായകൻ
വർഷങ്ങളായി സജീവം1978–2010

മലയാളചലച്ചിത്ര സം‌ഗീതസം‌വിധായകനും കർണ്ണാടകസംഗീതജ്ഞനുമായിരുന്നു എം.ജി. രാധാകൃഷ്ണൻ. ലളിതസംഗീതത്തെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച സംഗീതസംവിധായകനായിരുന്നു അദ്ദേഹം.

2010 ജൂലൈ 2-നു് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് കരൾരോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[1].

വ്യക്തിജീവിതം[തിരുത്തുക]

എം.ജി.രാധാകൃഷ്ണൻ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് ജനിച്ചത്. 1940 ജൂലൈ 29-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരിയും സംഗീത അധ്യാപികയും ആയ ഹരിപ്പാട് മേടയിൽ കമലാക്ഷി അമ്മയും ആണ് മാതാപിതാക്കൾ[2]. അവരുടെ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു രാധാകൃഷ്ണൻ. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും ചലച്ചിത്രപിന്നണിഗായകൻ എം.ജി. ശ്രീകുമാറുമാണ് ഇളയ സഹോദരങ്ങൾ. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകൻ കെ. ജെ. യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു [3].

സംഗീതജീവിതം[തിരുത്തുക]

ജി. അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചലച്ചിത്രത്തിനാണ് എം.ജി. രാധാകൃഷ്ണൻ, ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

2001-ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ൽ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണൻ.

1962-ൽ തിരുവനന്തപുരത്ത് ആകാശവാണിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. ഓടക്കുഴലേ, ഓടക്കുഴൽ വിളി, ഖേദകീസുമങ്ങൾ, ബ്രഹ്മകമലദളയുഗങ്ങളിൽ, ഘനശ്യാമസന്ധ്യാഹൃദയം, ജയദേവകവിയുടെ തുടങ്ങിയവ അവയിൽ പ്രധാനമാണ്. 2000-ൽ സർവീസിൽ നിന്ന് വിരമിയ്ക്കും വരെ അദ്ദേഹം ആകാശവാണിയിൽ തുടർന്നു. കാവാലം നാരായണപ്പണിക്കരുടെ വരികൾക്കാണ് അദ്ദേഹം കൂടുതലും ഈണം പകർന്നിട്ടുള്ളത്.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[തിരുത്തുക]

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം[തിരുത്തുക]

  • 2005 – മികച്ച സംഗീത സംവിധായകൻ – അനന്തഭദ്രം
  • 2001 – മികച്ച സംഗീത സംവിധായകൻ – കാറ്റു വന്നു വിളിച്ചപ്പോൾ

ചിത്രങ്ങൾ[തിരുത്തുക]

നമ്പർ ചിത്രം സം‌വിധായകൻ വർഷം
1 തമ്പ് ജി. അരവിന്ദൻ 1978
2 തകര ഭരതൻ 1980
3 ആരവം ഭരതൻ 1980
4 ഞാൻ ഏകനാണ്‌ പി. ചന്ദ്രശേഖർ 1982
5 പൂച്ചക്കൊരു മൂക്കുത്തി പ്രിയദർശൻ 1984
6 പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
7 അയൽ‌വാസി ഒരു ദരിദ്രവാസി പ്രിയദർശൻ 1986
8 ഗീതം സാജൻ 1986
9 സർ‌വ്വകലാശാല വേണു നാഗവള്ളി 1987
10 ജാലകം ഹരികുമാർ 1987
11 നൊമ്പരത്തിപ്പൂവ് പത്മരാജൻ 1987
12 വെള്ളാനകളുടെ നാട് പ്രിയദർശൻ 1988
13 അദ്വൈതം പ്രിയദർശൻ 1991
14 മണിച്ചിത്രത്താഴ് ഫാസിൽ 1993
15 ചെങ്കോൽ സിബി മലയിൽ 1993
16 അമ്മയാണെ സത്യം ബാലചന്ദ്രമേനോൻ 1993
17 ദേവാസുരം ഐ.വി. ശശി 1993
18 കാശ്മീരം രാജീവ് അഞ്ചൽ 1994
19 അഗ്നിദേവൻ വേണു നാഗവള്ളി 1995
20 രക്തസാക്ഷികൾ സിന്ദാബാദ് വേണു നാഗവള്ളി 1998
21 സ്റ്റാലിൻ ശിവദാസ് ടി.എസ്. സുരേഷ് ബാബു 1999
22 കണ്ണെഴുതി പൊട്ടുംതൊട്ട് ടി.കെ. രാജീവ് കുമാർ 1999
23 പൈലറ്റ്സ് രാജീവ് അഞ്ചൽ 2000
24 നരസിംഹം ഷാജി കൈലാസ് 2000
25 പ്രജ ജോഷി 2001
26 മേഘസന്ദേശം രാജസേനൻ 2001
27 നരിമാൻ കെ. മധു 2001
28 കാറ്റു വന്നു വിളിച്ചപ്പോൾ കമൽ 2001
29 അച്ഛനെയാണെനിക്കിഷ്ടം സുരേഷ് കൃഷ്ണ 2002
30 യാനം സഞ്ജയ് നമ്പ്യാർ 2004
31 അനന്തഭദ്രം സന്തോഷ് ശിവൻ 2005

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലം‌ബം[തിരുത്തുക]

  1. എം.ജി.രാധാകൃഷ്ണൻ അന്തരിച്ചു Archived 2010-07-05 at the Wayback Machine. മാതൃഭൂമി ഓൺലൈൻ.
  2. എം.ജി.രാധാകൃഷ്ണൻ ജീവിതരേഖ Archived 2012-11-08 at the Wayback Machine. ഹിന്ദു ദിനപത്രം.
  3. എം.ജി.രാധാകൃഷ്ണൻ സംഗീതസപര്യ Archived 2006-09-19 at the Wayback Machine. ഹിന്ദു ദിനപത്രം.
"https://ml.wikipedia.org/w/index.php?title=എം.ജി._രാധാകൃഷ്ണൻ&oldid=3802016" എന്ന താളിൽനിന്ന് ശേഖരിച്ചത്