ഉളുക്ക്
ഒരു അസ്ഥിബന്ധത്തെ അതിന്റെ കഴിവിന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്ക് അഥവാ കീറലിനെയാണ് ഉളുക്ക് എന്ന് പറയുന്നത്. ഇത്തരത്തിൽ, അസ്ഥിബന്ധങ്ങളോ, പേശീസംയുക്തകോശങ്ങളോ കീറപ്പെടുമ്പോൾ, അവ ഇളക്കാനാകാത്തവിധം ഉറപ്പിക്കുകയോ, അല്ലെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വരികയോ ചെയ്യാം. ഏതൊരു സന്ധിയിലും ഉളുക്ക് സംഭവിക്കാമെങ്കിലും, ഏറ്റവും അധികം ഉളുക്ക് കാണപ്പെടുന്നത് കണങ്കാലിലാണ്. [1]
ലക്ഷണങ്ങൾ
[തിരുത്തുക]- വേദന
- വീക്കം
- ചതവ്
- സന്ധികൾ അനക്കുന്നതിനുള്ള ശേഷിക്കുറവ്
- അസ്ഥിബന്ധത്തിൽ പിളർപ്പുണ്ടായിട്ടുണ്ടെങ്കിൽ, ടപ് എന്ന ശബ്‌ദം
- ബാധിതമായ അവയവാഗ്രം ഉപയോഗിക്കുവാനുള്ള ശേഷിക്കുറവ്
രോഗനിർണ്ണയം
[തിരുത്തുക]സാധാരണയായി ദേഹസുഖ പരിശോധനയിലൂടെയാണ് ഉളുക്ക് നിർണ്ണയിക്കുന്നത്. ഒപ്പം തന്നെ ബാധിതമായ അവയവഭാഗത്തിന്റെ എക്സ്‌റേ എടുക്കുകയും, എല്ലൊടിയലുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അസ്ഥിബന്ധത്തിൽ പിളർപ്പ് ഉണ്ടെന്ന് സംശയം തോന്നിയാൽ, മാഗ്നറ്റിക് റെസോണൻസ് ഇമേജിംഗ് അഥവാ MRI ലഭ്യമാക്കുന്നു. അസ്ഥിബന്ധത്തിന് പരിക്ക് വ്യക്തമായി അറിയുന്നതിനായി, ബാധിതമായ അവയവഭാഗത്തിൽ വീക്കം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ശമിച്ചതിനുശേഷമേ MRI എടുക്കാറുള്ളൂ. [2].
കാരണങ്ങൾ
[തിരുത്തുക]സന്ധികൾ അമിതമായി വലിച്ചുനീട്ടപ്പെടുമ്പോളാണ് സാധാരണയായി ഉളുക്ക് സംഭവിക്കുന്നത്. ഇത് അസ്ഥിബന്ധത്തിൽ കീറലോ, വിള്ളലോ ഉണ്ടാവുന്നതിന് കാരണമാവുന്നു. [3]
ഉളുക്കിൽ ഉൾപ്പെടുന്ന സന്ധികൾ
[തിരുത്തുക]ഏതു സന്ധികളും ഉളുക്കാമെങ്കിലും, സാധാരണയായി കൂടുതൽ ഉളുക്കപ്പെടുന്ന സന്ധികൾ താഴെ പറയുന്നവയാണ്:
- കണങ്കാൽ. ഏറ്റവും കൂടുതൽ ഉളുക്ക് സംഭവിക്കുന്ന ശരീരഭാഗം കണങ്കാലാണ്. മാത്രമല്ല, കണങ്കാലിൽ സംഭവിക്കുന്ന ഉളുക്കുകൾ ആ ഭാഗത്ത് എല്ലൊടിയൽ സംഭവിക്കുന്നതിനേക്കാൾ വേദനാജനകവും, സുഖപ്പെടാൻ കൂടുതൽ സമയം ആവശ്യമുള്ളവയുമാണ്. [4]
- കാൽമുട്ട്. ഒരുപക്ഷേ ഏറ്റവും അധികം സംസാരവിഷയമാകുന്ന ഉളുക്ക് സംഭവിക്കുന്നത് കാൽമുട്ടിന്റെ മുമ്പിലായുള്ള അസ്ഥിബന്ധത്തിലാണ് (anterior cruciate ligament). കായികാഭ്യാസികളിൽ, പ്രത്യേകിച്ച് ഫുട്ബോൾ, ബാസ്കറ്റ്ബോൾ, പോൾവാൾട്ട്, ജൂഡോ തുടങ്ങിയ കായികവിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം ഉളുക്ക് സംഭവിക്കുന്നത് സാധാരണമാണ്.
- കൈവിരൽ.
- കണങ്കൈ.
- കാൽവിരൽ.
അപകടസാദ്ധ്യതകൾ
[തിരുത്തുക]ഉളുക്കിന്റെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. [5] പേശികളുടെ തളർച്ച ഉളുക്കിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. ഉദാസീനമായ ജീവിതശൈലി നയിക്കുന്ന ഒരാൾ പെട്ടെന്ന് കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ആരംഭിക്കുമ്പോൾ ഉളുക്കുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. കായകാഭ്യാസങ്ങൾക്കു മുൻപ് ലളിതമായ വ്യാമങ്ങൾ ചെയ്യതിരിക്കുന്നത്, കായികതാരങ്ങൾക്ക് ഉളുക്ക് സംഭവിക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ, ലഘുവ്യായാമങ്ങൾ സന്ധികളിൽ രക്ത്പ്രവാഹം വർദ്ധിപ്പിച്ച് അവയ്ക്ക് അയവു വരുത്തുകയും, ഉളുക്ക് സംഭവിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.
ചികിത്സ
[തിരുത്തുക]ഉളുക്ക് സംഭവിച്ചാലുള്ള ചികിത്സയുടെ നടപടിക്രമം RICE എന്ന് ചുരുക്കി എഴുതാം. അതായത് റെസ്റ്റ് അഥവാ വിശ്രമം, ഐസ് അഥവാ മഞ്ഞുകട്ടി, കമ്പ്രഷൻ അഥവാ ഞെരുക്കൽ, എലിവേറ്റ് അഥവാ ഉയർത്തൽ. [6] ഉളുക്കിനുള്ള ചികിത്സ ഉളുക്കിന്റെ വ്യാപ്തിയും, ഉളുക്ക് സംഭവിച്ച അവയവഭാഗവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. വേദന ശമിപ്പിക്കുന്നതിനായി, വേദനാസംഹാരികൾ നൽകാറുണ്ട്. ഉളുക്ക് സംഭവിച്ച ഭാഗത്തിന് അധ്വാനം നൽകുന്നത് സൂക്ഷിച്ചുവേണം. [7]
- വിശ്രമം: ഉളുക്ക് സംഭവിച്ചാൽ വിശ്രമം അത്യന്താപേക്ഷിതമാണ്. ഉളുക്കിയ ഭാഗത്ത് യതൊരുവിധ ബലപ്രയോഗവും പാടില്ല. ഉദാഹരണത്തിന് കണങ്കാലിൽ ഉളുക്ക് സംഭവിച്ചാൽ നടപ്പ് പരമാവധി കുറയ്ക്കണം. [8]
- മഞ്ഞുകട്ടി: ഉളുക്ക് സംഭവിച്ച ഭാഗത്ത് ഉടനെ തന്നെ മഞ്ഞുകട്ടി ചേർത്തുവയ്ക്കുന്നത് വീക്കവും, വേദനയും കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു ദിവസം 3-4 തവണ 20-30 മിനിറ്റ് നേരത്തെക്ക് ചെയ്യാം. മഞ്ഞുകട്ടി ചുട്ടിക്കെട്ടലുമായി കൂട്ടിച്ചേർക്കുന്നത്, വീക്കം കുറർക്കുന്നതിനും, ഉളുക്ക് സംഭവിച്ച ഭാഗത്തെ ബലപ്പെടുത്തുന്നതിനും സഹായിക്കും. [8]
- ഞെരുക്കൽ: മുറിവു വച്ചു കെട്ടാഌള്ള പഞ്ഞി, മുറിവേറ്റ അവയവങ്ങൾ കെട്ടുവാനുള്ള തുണിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ഉളുക്കിയ ഭാഗം ചുറ്റിക്കെട്ടി അവ ഇളക്കാനാകാത്തവിധം ഉറപ്പിക്കണം.[8]
- ഉയർത്തൽ ഉളുക്കിയ സന്ധിപ്രദേശം, ഹൃദയത്തിന്റെ നിരപ്പിൽ നിന്നും ഉയർത്തിനിർത്തുന്നത് വീക്കം കുറയ്ക്കുന്നതിൻ സഹായിക്കും. [8]
മഞ്ഞുകട്ടിയും, ഞെരുക്കലും ചേർന്നുള്ള ചികിത്സ, വീക്കത്തെയും വേദനയെയും പൂർണ്ണമായും സുഖപ്പെടുത്തില്ലെങ്കിലും, ഇവയുടെ തീവ്രത കുറയ്ക്കുന്നതുവഴി ഉളുക്ക് വേഗം സ്വയം ഭേദമാവാൻ സഹായിക്കും. വീക്കം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ, അത് ഉളുക്കപ്പെട്ട ഭാഗത്ത് കൂടുതൽ സ്രവങ്ങൾ ശേഖരിക്കപ്പെടാൻ ഇടയാക്കും.
ഉളുക്ക് സംഭവുച്ച അവയവഭാഗം സുഖപ്പെട്ടാൽ, അധികം വൈകാതെ തന്നെ ലഘുവ്യായാമങ്ങൽ ആരംഭിക്കണം. ചെറിയ ഉളുക്കലുക്കളിൽ ഇത്, 1-3 ദിവസങ്ങൾക്കു ശേഷം ചെയ്യാം. [9] ചില സന്ദർഭങ്ങളിൽ, ഉളുക്കിയ ഭാഗം പൂർണ്ണമായും സുഖപ്പെടുത്തുന്നതിനായി പ്രത്യേകം വ്യായാമങ്ങൾ വേണ്ടിവരാറുണ്ട്. ഉളുക്ക് ഭേദമായതിനു ശേഷവും കുറച്ചുദിവസത്തേക്ക് ആ ഭാഗത്ത് ഞെരുക്കൽ തുടരുന്നത് വീണ്ടും ഉളുക്കൽ ഉണ്ടാകുന്നത് ഒഴിവാക്കൻ സഹായിക്കും. [9]
പുനരധിവാസം
[തിരുത്തുക]ഏതൊരു ഉളുക്കിനു ശേഷവും ശരിയായ രീതിയിലുള്ള പുനരധിവാസം ആവശ്യമാണ്, ഗുരുതരമായ ഉളുക്കാണെങ്കിൽ പ്രത്യേകിച്ചും. സൂക്ഷ്മമായ ചികിത്സയ്ക്കു ശേഷം വേഗമുള്ള സുക്ഗപ്പെടലിന് പുനരധിവാസ പരിപാടികൾ നിർണ്ണായകമാണ്. ശരിയായ പുനരധിവാസ പരിപാടികളുടെ അഭാവം ഉളുക്കിയ അവയവഭാഗത്തിന്റെ സ്വാഭാവിക ചലനത്തിലേക്കുള്ള തിരിച്ചുവരവ് മാസങ്ങളോളം വൈകുന്നതിന് കാരണമായേക്കാം. [10]
ഉളുക്കിന്റെ ചികിത്സ്യിൽ സാധാരണ സംഭവിക്കാടുള്ള മറ്റൊരു തെറ്റ് ഉളുക്കിയ ഭാഗത്തെ ചുറ്റിക്കെട്ടൽ സുദീർഘമായി നിലനിർത്തുന്നതാണ്. ഇത് പേശികൾക്ക് ശോഷണം സംഭവിക്കുന്നതിനും, സന്ധികളുടെ അയവ് നഷ്ടപ്പെടാനും കാരണമാകുന്നു. ഉളുക്കിനുള്ള ഫലപ്രദമായ പുനരധിവാസപരിപാടിയിൽ, പടിപടിയായി പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. [11]
അവലംബം
[തിരുത്തുക]- ↑ Sprain Treatment Archived 2010-03-30 at the Wayback Machine. Retrieved on 2010-01-26
- ↑ How To Perform Treatment of a Sprained Ankle About health online portal. Retrieved on 2010-02-01
- ↑ Sprains and Strains: What's the Difference American academy of orthopaedic surgeons. Retrieved on 2010-01-26
- ↑ Holes Human Anatomy & Physiology, Shier, David, Jackie Butler, Ricki Lewis, Mc Graw Hill 2007, Eleventh Ed., p.157,160
- ↑ Sprains and Strains About Network. Retrieved on 2010-01-26
- ↑ MedicalMnemonics.com: 235
- ↑ Sprain and Strain Symptoms and Treatment About Network. Retrieved on 2010-01-26
- ↑ 8.0 8.1 8.2 8.3 "Sprained Ankle". American Orthopaedic Foot and Ankle Society. 2005-03. Retrieved 2008-04-01.
{{cite web}}
: Check date values in:|date=
(help) - ↑ 9.0 9.1 Ankle Sprains: Healing and Preventing Injury Written by familydoctor.org editorial staff. American Academy of Family Physicians. Reviewed/Updated: 08/06. Created: 01/96
- ↑ Sprain and Strain details Dreddy Clinic. Retrieved on 2010-01-26
- ↑ Sprained ankle American academy of orthopedic surgeons. Retrieved on 2010-01-26