ഇവാൻ നാലാമൻ
ഭയങ്കരൻ ഇവാൻ (റഷ്യൻ: ഇവാൻ ഗ്രോസ്നി) എന്നറിയപ്പെടുന്ന ഇവാൻ നാലാമാൻ വാസിലിയേവിച്ച് (ജനനം: മോസ്കോ 1530 ആഗസ്റ്റ് 25; മരണം: മോസ്കോ 1584 മാർച്ച് 28) പതിനാറാം നൂറ്റാണ്ടിൽ അഞ്ചു പതിറ്റാണ്ടു കാലം റഷ്യയുടെ ഭരണാധികാരി ആയിരുന്നു. "ഭയങ്കരൻ" എന്നർത്ഥം വരുന്ന ഗ്രോസ്നി എന്ന പദം അദ്ദേഹത്തിന്റെ വിശേഷണമായിരിക്കുന്നത്, ഭീകരതയേയോ, ക്രൂരതയേയോ എന്നതിലുപരി, ശക്തിയേയും, അധികാരത്തേയും, കാർക്കശ്യത്തേയും സൂചിപ്പിക്കാനാണ്. [1][2][3]
1547-ൽ സാർ (Tzar - സീസർ) എന്ന സ്ഥാനപ്പേരോടെ മുഴുവൻ റഷ്യയുടേയും ചക്രവർത്തിയായി[4] സ്വയം പ്രഖ്യാപിച്ച ഇവാൻ, മധ്യകാലത്തെ കേവലം ഒരു ദേശരാഷ്ട്രം(nation state) എന്ന നിലയിൽ നിന്ന് പ്രാദേശികശക്തിയും സാമ്രാജ്യവുമായുള്ള റഷ്യയുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്തു. അരനൂറ്റാണ്ടുകാലം ദീർഘിച്ച ഇവാന്റെ ഭരണകാലത്ത് ഖാന്മാരുടെ ഭരണത്തിലായിരുന്ന കാസാൻ, അസ്ട്രാഖാൻ, സൈബീരിയ എന്നീ പ്രദേശങ്ങൾ നിയന്ത്രണത്തിൽ വന്നതോടെ, റഷ്യ ഒരു ബില്യൻ ഏക്കർ വിസ്തീർണ്ണമുള്ള ബഹുവംശ, ബഹുധർമ്മ രാഷ്ട്രമായിത്തീർന്നു. ഇവാന്റെ ഭരണത്തിന്റെ ഓരോ ദിവസവും, റഷ്യയുടെ വിസ്തീർണ്ണം 50 ചതുരശ്രമൈൽ എന്ന നിരക്കിൽ വർദ്ധിച്ചതായി പറയപ്പെടുന്നു.[5]
ഇവാന്റെ സങ്കീർണ്ണമായ വ്യക്തിത്വം പലതരം വിശേഷണങ്ങൾ നേടിയിട്ടുണ്ട്: ബുദ്ധിമാൻ, ഭക്തൻ, വികാരവിവശൻ എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു; കോപാവേശത്തിനും ഇടക്കിടെയുള്ള മനോവിഷാദത്തിനും അദ്ദേഹം അടിമയായിരുന്നു. അതിരുവിട്ടുള്ള ഭോഗക്കൂത്തുകളെ തുടർന്ന് അതിരില്ലാത്ത പാശ്ചാത്താപത്തിലൂടേയും അദ്ദേഹം കടന്നുപോയി. സന്യാസാശ്രമങ്ങൾ നശിപ്പിച്ചതിനു പിന്നാലെ പുതിയ ആശ്രമങ്ങൾ സ്ഥാപിച്ചു. കൊലപാതകങ്ങൾക്കു ശേഷം പശ്ചാത്തപിച്ച ഇവാൻ, അവയ്ക്കിരകളായിത്തീർന്നവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവരുടെ പട്ടിക സന്യാസാശ്രമങ്ങൾക്ക് അയച്ചുകൊടുത്തു [6] ഇവാന്റെ അടക്കിയാലൊതുങ്ങാത്ത കോപത്തിന്റെ ശ്രദ്ധേയമായ ഇരകളിലൊന്ന് അനന്തരാവകാശിയായി കരുതപ്പെട്ടിരുന്ന മകൻ ഇവാൻ ഇവാനോവിച്ചായിരുന്നു. കോപാവേശത്തിലുള്ള പിതാവിന്റെ പ്രഹരത്തിൽ ഇവാൻ ഇവാനോവിച്ച് മരിച്ചതിനാൽ[ക] മന്ദബുദ്ധിയായ ഇളയ മകനാണ് ഒടുവിൽ അനന്തരാവകാശിയായത്.[7]
ബാല്യം
[തിരുത്തുക]റഷ്യയിലെ ഭരണാധികാരിയായിരുന്ന വാസിലി മൂന്നാമൻ ഇവാനോവിച്ചിന് ഏറെക്കാലം കാത്തിരുന്നുണ്ടായ മകനായിരുന്നു ഇവാൻ. വന്ധ്യയെന്നു കരുതിയ ആദ്യഭാര്യയെ മന്ത്രവാദക്കുറ്റം ആരോപിച്ച് ഒരു കന്യാസ്ത്രീമഠത്തിൽ ശിഷ്ടജീവിതം കഴിക്കാൻ ഉപേക്ഷിച്ചശേഷമാണ് 1525-ലാണ് വാസിലി ഇവാന്റെ അമ്മ എലീന ഗ്ലിൻസ്കായയെ വിവാഹം കഴിച്ചത്. ഇവാന് മൂന്നു വയസ്സുമാത്രമുള്ളപ്പോൾ വാസിലി പരുവും കാലിൻ നീരും മൂത്തുണ്ടായ രക്തദൂഷ്യത്തിൽ മരിച്ചു. വാസിലിയുടെ ആഗ്രഹമനുസരിച്ച് ഇവാനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. ആദ്യകാലങ്ങളിൽ ഇവാന്റെ സ്ഥാനത്ത് ഭരണത്തിനു മേൽനോട്ടം വഹിച്ചത് അമ്മയായിരുന്നു. എന്നാൽ അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. അവരെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണമുണ്ട്.[8] തുടർന്ന്, ഇവാൻ സ്വയം ഭരണം ഏറ്റെടുക്കുന്നതുവരെ, അധികാരത്തിന്റെ കടിഞ്ഞാൺ "ബോയാർമാർ" എന്നറിയപ്പെടുന്ന പ്രഭുക്കന്മാരുടെ കയ്യിലായി. ഇവാന്റെ തന്നെ കത്തുകളനുസരിച്ച് ഷൂയിസ്കി, ബെസൽസ്കി കുടുംബങ്ങളിൽ പെട്ട ബോയാർമാരുടെ കീഴിൽ ഇവാനും ഇളയ സഹോദരൻ യൂറി വാസിലേവിച്ചും അവഗണനയും അപമാനവും സഹിച്ച് അനാഥരെപ്പോലെയാണ് വളർന്നുവന്നത്. തന്റെ കിടക്കയിൽ ആന്ദ്രേ ഷൂയിഷ്കി സ്വന്തം ചെരുപ്പ് വച്ചെന്ന് ഒരു കത്തിൽ ഇവാൻ പരാതിപ്പെടുന്നുണ്ട്. ഇക്കാലത്തെ അനുഭവങ്ങൾ ഇവാന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു.
'സാർ' പദവിയിലേയ്ക്ക്
[തിരുത്തുക]1544-ൽ ബോയാർമാരുടെ നേതാവായിരുന്ന അന്ദ്രേ ഷൂയിസ്കിയിയെ തന്റെ നായ്ക്കളെ നിറച്ച ഒരു മുറിയിൽ അടച്ചിട്ട് അവയുടെ കടിയേല്പിച്ച് കൊന്നശേഷം, പതിമൂന്നു വയസ്സുണ്ടായിരുന്ന ഇവാൻ അധികാരം സ്വയം ഏറ്റെടുത്തു. മൂന്നു വർഷം കഴിഞ്ഞ് മോസ്കോയിലെ മെത്രാപ്പോലിത്ത ഇവാനെ മുഴുവൻ റഷ്യയുടേയും സാർ(സീസർ) ആയി അഭിക്ഷേകം ചെയ്തു. തുടർന്ന് തന്റെ ഭരണസീമയിൽ പെട്ട പ്രഭുകന്യകമാരുടെ ഒരു കൂട്ടത്തെ മോസ്കോയിൽ വരുത്തിയ ഇവാൻ, അവർക്കിടയിൽ നിന്ന് അനാസ്താസിയ റൊമാനോവ്നയെ ഭാര്യയായി തെരഞ്ഞെടുത്തു.[ഖ] 1550-ൽ ദേശീയസഭ വിളിച്ചുകൂട്ടിയ ഇവാൻ അതിനു മുൻപാകെ തന്റെ കൗമാരത്തിലെ തെറ്റുകൾ ഏറ്റുപറയുകയും, ഭാവിയിൽ നീതിയും ദയയുമുള്ള ഭരണം ഉറപ്പുപറയുകയും ചെയ്തു.[9]
യുദ്ധങ്ങൾ
[തിരുത്തുക]ബാൾട്ടിക്ക് മുതൽ കാസ്പിയൻ കടൽ വരെയെത്തുന്ന ഒരു ശക്തിയായി റഷ്യയെ വളർത്താൻ ആഗ്രഹിച്ച ഇവാൻ, റഷ്യൻ ഭൂവിഭാഗത്തിന്മേൽ ഏറെക്കാലം ആധിപത്യം പുലർത്തിയ മങ്കോളിയൻ ശക്തിയുടെ പിന്തുടർച്ചക്കാരായിരുന്ന ടാട്ടർമാരെ അതിനു തടസ്സമായി കണ്ടു. 1552-ൽ, വോൾഗാ നദിയുടെ തീരത്തുള്ള ടാട്ടർ നഗരമായിരുന്ന കസാൻ ഒന്നരലക്ഷം വരുന്ന സൈന്യവുമായി അദ്ദേഹം ആക്രമിച്ചു. അൻപതുദിവസം നീണ്ട ഉപരോധത്തിനൊടുവിൽ[ഗ] കസാൻ കീഴടങ്ങിയത് ഇവാന് വലിയ വിജയമായി. കാസാനിലെ ജനങ്ങൾ ഒന്നടങ്കം കൊല്ലപ്പെടുകയോ അടിമകളായി വിൽക്കപ്പെടുകയോ ചെയ്തു.[ഘ] 1554, വോൾഗാനദി കാസ്പിയൻ കടലുമായി ചേരുന്ന സ്ഥാനത്തുള്ള അഷ്ട്രാഖാൻ എന്ന ടാട്ടർ നഗരം കൂടി പിടിച്ചെടുത്തതോടെ വോൾഗാ പ്രദേശം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. മോസ്കോ നഗരത്തിന്റെ കേന്ദ്രസ്ഥാനമായി ഇന്നും നിലനിൽക്കുന്ന വിശുദ്ധ ബാസിലിന്റെ ഭദ്രാസനപ്പള്ളി, ഈ വിജയങ്ങളുടെ സ്മരണക്കായി ഇവാൻ പണിയിച്ചതാണ്.
കിഴക്കൻ അതിർത്തിയിലെ വിജയങ്ങൾക്കു ശേഷം ഇവാന്റെ ശ്രദ്ധ പടിഞ്ഞാറോട്ടു തിരിഞ്ഞു. വടക്കുപടിഞ്ഞാറേ അതിർത്തിയിലെ ലിവോണിയ പിടിച്ചെടുക്കാനുള്ള ഇവാന്റെ ശ്രമം വിജയിച്ചില്ല. പോളണ്ടും വടക്കൻ യൂറോപ്പിലെ ഇതരരാജ്യങ്ങളുമായുള്ള കലഹത്തിലേയ്ക്കാണ് അത് ഇവാനെ നയിച്ചത്. ലിവോനിയയുടെ പേരിൽ 1557-ൽ തുടങ്ങിയ സംഘർഷം ഇവാനെ ഏറെക്കാലം അലട്ടി. മരിക്കുന്നതിന് ഒരു വർഷം മുൻപ്, 1582-ൽ എത്തിച്ചേർന്ന ഒരു സന്ധിയിൽ ഇവാന് ആ പ്രദേശം പോളണ്ടിന് വിട്ടുകൊടുക്കേണ്ടി വന്നു.
സ്ഥാനത്യാഗം, തിരിച്ചുവരവ്
[തിരുത്തുക]ലിവോണിയക്കെതിരെ നടന്ന നീണ്ട് യുദ്ധത്തിലെ തിരിച്ചടികളും മറ്റും ഇവാൻ ആശ്രയിച്ചിരുന്ന സൈനിക-ഫ്യൂഡൽ വൃന്ദത്തിനിടയിൽ അസംതൃപ്തിയുണ്ടാക്കി. 1953-ൽ രോഗിയായി മരണത്തോടടുത്തപ്പോൾ, തന്റെ മകൻ ഡിമിട്രിയോട് വിശ്വസ്തതരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഇവാന്റെ ആവശ്യം ബോയാർ പ്രഭുക്കളായ ഉപദേഷ്ടാക്കൾ നിരസിച്ചതും ഇവാനെ അവരിൽ നിന്നകറ്റി. ഇവാന്റെ സഹോദരനെയാണ് പിൻഗാമിയായി അവർ മനസ്സിൽ കണ്ടിരുന്നത്. രോഗവിമുക്തനായ ഇവാൻ തൽക്കാലം അവർക്കെതിരെ തിരിഞ്ഞില്ലെങ്കിലും ഏഴുവർഷം കഴിഞ്ഞ് 1560-ൽ സിൽവെസ്റ്റൻ, അഡാഷെഫ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. സിൽവെസ്റ്റർ ഒരു സന്യാസാശ്രമത്തിലും അഡാഷെഫ് ലിവോനിയയിലെ യുദ്ധമുന്നണിയിലും മരിച്ചു.[10] ഇതോടെ ഇവാനെ ഭയന്ന ബോയാർമാരിൽ പലരും ശത്രുരാജ്യമായ പോളണ്ടിലേയ്ക്കും മറ്റും പലായനം ചെയ്തു. 1560-ൽ നടന്ന ആദ്യഭാര്യ അനസ്താസിയയുടെ മരണവും ഇവാനെ മാനസികമായി തളർത്തി. ബോയാർമാർ അവളെ വിഷം കൊടുത്തു കൊന്നതാണെന്ന് ഇവാൻ കരുതി.
പ്രഭുവർഗ്ഗം ആകെ തനിക്കെതിരായെന്നു തോന്നിയ ഇവാൻ, 1564 അവസാനം തന്റെ ഭണ്ഡാരപ്പെട്ടിയും വിശുദ്ധരൂപങ്ങളുമായി കുടുംബസഹിതം വിശ്വസ്തരായ ഒരുപറ്റം സൈനികരോടൊപ്പം മോസ്കോ വിട്ട്, ചെറുപട്ടണമായ അലക്സാണ്ഡ്രോവ്സ്കിലെ വേനൽക്കാലവസതയിലേയ്ക്കു പോയി. അവിടന്ന് മോസ്കോയിലേയ്ക്കയച്ച ഒരു പ്രഖ്യാപനത്തിൽ, താൻ സ്ഥാനത്യാഗം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മോസ്കോയിലെ ജനങ്ങളെ താൻ സ്നേഹിക്കുന്നെന്നും അവരോടുള്ള തന്റെ മമത എന്നും തുടരുമെന്നും കൂടി ആ പ്രഖ്യാപനത്തിൽ അദ്ദേഹം പറഞ്ഞു. പ്രഭുവർഗത്തിന്റേയും പൗരോഹിത്യത്തിന്റേയും അധികാരത്തെ ചെറുത്തതിനാൽ മോസ്കോയിലെ സാധാരണജനങ്ങൾക്ക് ഇവാനോട് കൂറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തെക്കുറിച്ചറിഞ്ഞ മോസ്കോയിലെ ജനങ്ങൾ പ്രഭുവർഗ്ഗത്തിനെതിരായി കലാപമുയർത്തിയതിനാൽ, പ്രഭുക്കന്മാരുടേയും മെത്രാന്മാരുടേയും ഒരു ദൗത്യസംഘം അലക്സാണ്ഡ്രോവിലെത്തി അധികാരം തിരികെയേൽക്കാൻ അഭ്യർത്ഥിച്ചപ്പോൾ ഇവാൻ ചില ഉപാധികളോടെ സമ്മതിച്ച ഇവാൻ 1565 ഫെബ്രുവരിയിൽ തിരികെ വന്ന് അധികാരം ഏറ്റെടുത്തു.
'ഒപ്രീച്ച്നിക്കി'
[തിരുത്തുക]മോസ്കോയിൽ മടങ്ങിയെത്തിയ ഇവാൻ പുരോഹിതന്മാരും ബോയാർപ്രഭുക്കന്മാരും അടങ്ങുന്ന ദേശീയസഭ വിളിച്ചുകൂട്ടി. തന്നെ എതിർത്തവരുടെ നേതാക്കൾക്ക് വധശിക്ഷ നൽകാനും അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുമുള്ള തീരുമാനം അദ്ദേഹം സഭയെ അറിയിച്ചു. ഇനിമേൽ സഭയുടെ ഇംഗിതം ആരായാതെ സ്വന്തം ഇച്ഛയനുസരിച്ച് ഭരിക്കുമെന്നും എതിർക്കുന്നവരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇവാൻ രാജ്യത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചു: പ്രവിശ്യകളുടെ കൂട്ടായ്മയായ സെംസ്റ്റ്ഛീന-യുടെ മേൽനോട്ടം, സൈനിക-വിദേശകാര്യങ്ങളിലൊഴിച്ച്, ബോയാർ പ്രഭുക്കന്മാർക്ക് വിട്ടുകൊടുത്തു. പ്രഭു വർഗത്തിനു ബദലായി സൃഷ്ടിച്ച ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയ്ക്ക് വിട്ടുകൊടുത്ത പ്രദേശങ്ങൾ ചേർന്ന ഒപ്രീച്ച്നീന, ഇവാന്റെ നേരിട്ടുള്ള ഭരണത്തിലായി. പരമ്പാരാഗതമായുണ്ടായിരുന്ന പ്രഭുഗണത്തിനു ബദലായി ഒരു പുതിയ വർഗ്ഗത്തെ രാഷ്ടീയാധികാരത്തിലേക്കുയർത്തിയ വിപ്ലവകരമായിരുന്നു ഒപ്രീച്ച്നിക്കി എന്ന കിങ്കരസേനയുടെ സൃഷ്ടി. കലാപമുണ്ടാക്കിയ ബോയാർമാരിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയും മറ്റുമാണ് ഒപ്രീച്ച്നീനയിൽ ഉൾപ്പെട്ടിരുന്നത്. ഇവാന്റെ ഭരണത്തിന്റെ അവസാനമായപ്പോൾ, ഒപ്രീച്ച്നീനയിൽ, മോസ്കോയും, പ്രധാനവ്യാപാരമാർഗ്ഗങ്ങളും അടക്കം, റഷ്യയുടെ പകുതിയോളം ഉൾപ്പെട്ടിരുന്നു.
അതിക്രമങ്ങൾ
[തിരുത്തുക]ബോയാർമാർമാരുടെ കലാപവും, ലിവോണിയയുടെ പേരിലുള്ള യുദ്ധത്തിന്റെ പരാജയവും എല്ലാം ചേർന്ന് ഇവാന്റെ മാനസികസന്തുലനം തകർത്തിരുന്നു. അലക്സാൻഡ്രോവിസ്കിലെ വേനൽക്കാലവസതി ഇവാൻ പതിവു താമസസ്ഥലമാക്കി. അദ്ദേഹം അതിനെ ഒരു കോട്ടയായി രൂപപ്പെടുത്തി. കാവൽക്കാരെ സന്യാസിവേഷം ധരിപ്പിച്ച് സ്വയം ആ സന്യാസിമാരുടെ ശ്രേഷ്ഠനെന്ന് വിശേഷിപ്പിച്ചു. ദിവസവും ദേവാലയത്തിലെ ആരാധനയിൽ സജീവമായി പങ്കെടുത്ത ഇവാൻ, ഗായകസഘത്തോടു ചേർന്നു പാടി. അതേസമയം, ഇവാന്റെ ഭരണത്തിന്റെ അവശേഷിച്ച കാലം ഒപ്രീച്ച്നിക്കി ക്രൂരതയ്ക്കും അധികാരദുർവിനിയോഗത്തിനും പേരെടുത്തു. തന്റെ ക്രോധത്തിന് ഇരയായവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവരുടെ പട്ടിക സന്യാസാലയങ്ങൾക്ക് ഇവാൻ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1568-ലെ ഒരു ഞായറാഴ്ച മോസ്കോയിലെ സ്വർഗ്ഗാരോഹണത്തിന്റെ ഭദ്രാസനപ്പള്ളിയിൽ ആരാധനക്കെത്തിയ ഇവാൻ, ഫിലിപ്പ് മെത്രാപ്പോലീത്തയോട് ആശീർവാദം ചോദിച്ചു. ആശീർവദിക്കുന്നതിനു പകരം ഇവാന്റെ ക്രൂരതകളും അസന്മാർഗ്ഗികതകളും എണ്ണിപ്പറയുകയാണ് മെത്രാപ്പോലീത്ത ചെയ്തത്. ആശീർവാദം കിട്ടാതെ മടങ്ങിപ്പോയ ഇവാൻ കിങ്കരന്മാരെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി. അദ്ദേഹത്തെ ജീവനോടെ ദഹിപ്പിച്ചതായി പറയപ്പെടുന്നു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട് 1570-ൽ വടക്കുപടിഞ്ഞാറൻ റഷ്യയിലെ നോവ്ഗൊരോദ് നഗരം തനിക്കെതിരെ പോളണ്ടിനോടും മറ്റും സഹകരിക്കുന്നുവെന്ന് സംശയിച്ച ഇവാൻ അവിടെ സ്വയം എത്തി ആഴ്ചകൾ നീണ്ട ഒപ്രീച്ച്നിക്കി ഭീകരവാഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. പുരോഹിതന്മാരും സന്യാസികളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനാളുകൾ അവിടെ കൊല്ലപ്പെട്ടു.
ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടർന്ന് വീണ്ടും വിവാഹം കഴിച്ച ഇവാൻ, ഭാര്യമാർ ഓരോരുത്തരായി മരിച്ചതിനാൽ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളിൽ അദ്ദേഹത്തിന് നാല് ആൺമക്കൾ ജനിച്ചു. ആദ്യത്തെ മകൻ ബാല്യത്തിൽ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കൾ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. ഇവാൻ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാൻ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരിൽ ഒരിക്കൽ അവന്റെ ഭാര്യയെ ഇവാൻ തല്ലി. ഇത് അവൾക്ക് ഗർഭഛിദ്രമുണ്ടാക്കിയപ്പോൾ മകൻ അച്ഛനോട് കയർത്തു. രോഷാകുലനായ ഇവാൻ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തിൽ കലാശിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
മരണം
[തിരുത്തുക]തന്റെ തന്നെ അടിയേറ്റ് അനന്തരാവകാശിയായ മകൻ മരിച്ചത് ഇവാനെ ദുഃഖത്തിലാഴ്ത്തി. പശ്ചാത്താപത്താൽ ഭ്രാന്തിനടുത്ത അവസ്ഥയിലെത്തിയ അദ്ദേഹം, ഓരോ പ്രഭാതത്തിലും സ്ഥാനത്യാഗത്തിനൊരുങ്ങി. എന്നാൽ ജീവിച്ചിരിക്കുന്ന മക്കളേക്കാൾ ഭേദം ഇവാനാണെന്ന് കരുതിയ ബോയാർമാർ സ്ഥാനമൊഴിയാൻ അനുവദിച്ചില്ല. മകന്റെ മരണം കഴിഞ്ഞ് മൂന്നു വർഷം കൂടി ഇവാൻ ജീവിച്ചിരുന്നു. വിചിത്രമായൊരു രോഗം ബാധിച്ച അദ്ദേഹത്തിന്റെ ദേഹത്തു നിന്ന് ദുർഗന്ധം വമിച്ചു. ബോറിസ് ഗോഡുനോവ് എന്ന ബോയാറിനൊപ്പം ചതുരംഗം കളിച്ചുകൊണ്ടിരിക്കെയാണ് 1584 മാർച്ചു മാസം ഇവാൻ മരിച്ചത്. ഗോഡുനോവ് അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന് കിംവദന്തി പരന്നു.[11]
കുറിപ്പുകൾ
[തിരുത്തുക]ക. ^ മകന്റെ മരണത്തിൽ ഇവാന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള കഥ വിദേശചരിത്രകാരന്മാരുടേയും അവരെ അവലംബമാക്കിയ റഷ്യൻ ചരിത്രകാരന്മാരുടേയും മാത്രം ഭാഷ്യമാണെന്ന് വാദമുണ്ട്.
ഖ. ^ റഷ്യൻ രാജകുടുംബത്തിന് അവസാനം വരെ ഉണ്ടായിരുന്ന "റോമാനോവുമാർ" എന്ന പേര് അനസ്താസിയയുടെ കുടുംബപ്പേരാണ്.
ഗ. ^ കാസാന്റെ ഉപരോധത്തിനിടെ തന്റെ സൈനികരുടെ മനോവീര്യം നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോൾ, അത് തിരികെ കൊണ്ടുവരാൻ ഇവാൻ മോസ്കോയിൽ നിന്ന് അടിയന്തരമായി, "അത്ഭുതശക്തി" ഉള്ളതെന്ന് കരുതപ്പെട്ടിരുന്ന ഒരു കുരിശ് വരുത്തി സൈന്യത്തിനു മുൻപിൽ ദർശനത്തിനു വച്ചു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
ഘ. ^ കാസാനിനെ ജനങ്ങൾക്ക് താൻ വരുത്തിയ ദുരിതം കണ്ട് ഇവാൻ സ്വയം കണ്ണീരൊഴുക്കിയതായി പറയപ്പെടുന്നു. "ക്രിസ്ത്യാനികളല്ലെങ്കിലും അവർ മനുഷ്യരല്ലേ" എന്ന് അദ്ദേഹം ചോദിച്ചത്രെ.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
അവലംബം
[തിരുത്തുക]- ↑ C. G. Jacobsen. Myths, Politics and the Not-so-New World Order. Journal of Peace Research, Vol. 30, No. 3 (Aug., 1993), pp. 241-250; Quote from page 242: "...his governing style and system, was that of Ivan the Terrible."
- ↑ Roy Temple House, Ernst Erich Noth, University of Oklahoma. Books Abroad: An International Literary Quarterly. v. 15, 1941; page 343. ISSN: 0006-7431.
- ↑ Frank D. McConnell. Storytelling and Mythmaking: Images from Film and Literature. Oxford University Press, 1979. ISBN 0-19-502572-5; Quote from page 78: "But Ivan IV, Ivan the Terrible, or as the Russian has it, Ivan groznyi, "Ivan the Magnificent" or "Ivan the Awesome," is precisely a man who has become a legend"
- ↑ ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം, അദ്ധ്യായം 74(പുറം 246)
- ↑ റഷ്യ: സാർമാരുടെ ഭൂമി, ചരിത്ര ചാനൽ
- ↑ ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ് (പുറങ്ങൾ 904-905)
- ↑ History International Channel coverage, 14:00-15:00 EDST on 10 June 2008
- ↑ മാർട്ടിൻ, മദ്ധ്യകാല റഷ്യ, 331; പുസ്ഷ്കാരേവ, വനിതകൾ റഷ്യൻ ചരിത്രത്തിൽ, 65-67.
- ↑ നവീകരണം, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വിൽ ഏരിയൽ ഡുറാന്റുമാർ(പുറങ്ങൾ 653-662)
- ↑ Ivan the Terrible, NNDB Tracking the Entire World [1]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;durant
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.