Jump to content

ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ കൈയെഴുത്തുപ്രതി.

പതിനഞ്ചാം നൂറ്റാണ്ടിൽ തോമസ് അക്കെമ്പിസ് ലത്തീനിൽ എഴുതിയ പ്രഖ്യാത ക്രൈസ്തവ ധ്യാനാത്മക ഗ്രന്ഥം. ഈ ഗ്രന്ഥത്തെ ആദ്ധ്യാത്മിക ജീവിതത്തിൽ അനേകർ വഴികാട്ടിയായി എടുക്കുന്നു. ഭൗതികലോകത്തിന്റെ മായകളിൽ നിന്ന് ഒഴിഞ്ഞ് ക്രിസ്തുവിനെ മാതൃകയാക്കി ദൈവോത്മുഖമായി ജീവിക്കാനാണ് ഇതിന്റെ ഉത്‍ബോധനം. ഇഹലോകത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നതിന്റെ പേരിൽ ഇമിറ്റേഷൻ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലളിതമായ ഭാഷയിൽ ഹൃദയത്തോട് സംവദിക്കുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥത്തിനു തുല്യമായി ആദ്ധ്യാത്മിക സാഹിത്യത്തിൽ അധികം കൃതികൾ ഇല്ല[അവലംബം ആവശ്യമാണ്].

നാലു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയുടെ ഒന്നാം ഭാഗം ആത്മീയജീവിതതത്തെ സഹായിക്കുന്ന ചിന്തകളാണെങ്കിൽ രണ്ടാം ഭാഗത്തിന്റെ വിഷയം ആന്തരികജീവിതമാണ്. മൂന്നാം ഭാഗം ആന്തരിക സാന്ത്വനങ്ങളെക്കുറിച്ചാണ്. വിശുദ്ധ കുർബ്ബാനയെ സംബന്ധിക്കുന്ന നാലാം ഭാഗം ദിവ്യസംയോഗ (Holy Communion)ത്തിനുള്ള ക്ഷണമാണ്. [1]

രണ്ടാം പുസ്തകം മൂന്നാം അദ്ധ്യായത്തിന്റെ ഈ തുടക്കം, ഗ്രന്ഥത്തിന്റെ പൊതുസ്വഭാവം വ്യകതമാക്കും:-

"രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽ‌വാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർ‌വ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല" (മയ്യനാട്ട് ജോണിന്റെ മലയാളം പരിഭാഷയിൽ നിന്ന്).‍

പ്രമുഖ മലയാള വിമർശകനായ കെ.പി. അപ്പൻ ഇമിറ്റേഷനെ മിന്നുന്ന വാക്കുകളിൽ ഇങ്ങനെ പുകഴ്ത്തിയിരിക്കുന്നു:-

"അത് മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് വായനക്കാരെ പിടിച്ചെടുക്കുന്നില്ല. ആദ്ധ്യാത്മികമായ ഒരുതരം സ്വാതന്ത്ര്യമാണ് ഈ പുസ്തകം നൽകുന്നത്. നമ്മുടെ ജീവിതം നമ്മുടെ സ്വന്തമാണെന്നുതന്നെ ഈ പുസ്തകം നമ്മെ വിശ്വസിപ്പിക്കുന്നു. അതോടൊപ്പം നമ്മിൽത്തന്നെ പുതുതായി ജനിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. സ്വയം വിശുദ്ധരാകാനുള്ള ആലോചന ഈ പുസ്തകം നമുക്കു തരുന്നു. വിശുദ്ധിയുടെ ആലയത്തിൽ ദീർഘകാലം വസിക്കാനുള്ള സ്വപ്നമെങ്കിലും ഇതിലെ വചനങ്ങൾ നമ്മിൽ ഉണ്ടാക്കുന്നു".[2]

മലയാളത്തിൽ ഇമിറ്റേഷന് ഒട്ടേറെ പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. മയ്യനാട്ട് ഏ ജോണിന്റെ ക്രിസ്തുദേവാനുകരണം എന്ന പേരിലുള്ള പരിഭാഷ വളരെ വിശിഷ്ടമാണ് എന്നു പലരും കരുതുന്നു[അവലംബം ആവശ്യമാണ്]. ക്രിസ്ത്വനുകരണം, ക്രിസ്താനുകരണം എന്നീ പേരുകളിലും മലയാളം പരിഭാഷകൾ ഇതിന് ഉണ്ടായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.leaderu.com/cyber/books/imitation/imitation.html
  2. കെ.പി. അപ്പൻ: ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന പുസ്തകത്തിലെ പാറയെ തകർക്കുന്ന ചുറ്റിക എന്ന ലേഖനത്തിൽ നിന്ന്