ഇന്ദിരാഗാന്ധി വധം
1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് വധിക്കപ്പെട്ടു.[1] സിഖുകാരുടെ പുണ്യസ്ഥലമായ സുവർണ്ണക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം. ഈ ദിനം രാജ്യത്ത് ആചരിക്കുന്ന പുനരർപ്പണദിനങ്ങളിൽ ഒന്നാണ്.(ദേശീയ പുനരർപ്പണദിനം /National Re-Dedication Day)
കൊലപാതകം
[തിരുത്തുക]ഒരു ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനുള്ള വഴിയിലാണ് കൊലപാതകം നടന്നത്. അദ്ദേഹം ഐറിഷ് ടെലിവിഷനുവേണ്ടീ ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിമുഖം. പ്രധാന മന്ത്രിയുടെ നം:1, സഫ്ദർജംഗ റോഡിലുള്ള വസതിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാഗാന്ധി. ഈ സമയം അവിടെ സംരക്ഷകരായി നിന്നിരുന്ന സത്‌വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൌണ്ട് വെടിവച്ചു. സത്‌വന്ത് സിംഗ് ഇന്ദിരയുടെ ശരീരത്തിലേക്ക് മുപ്പത് റൌണ്ട് വെടിയുതിർത്തു. ഈ വെടി വയ്കലിൽ ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ മറ്റ് അംഗരക്ഷകരാൽ വധിക്കപ്പെട്ടു. സത്‌വന്ത് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മരണം
[തിരുത്തുക]വെടിയേറ്റതിനു ശേഷം ഇന്ദിരാഗാന്ധിയെ ഡെൽഹിയിലെ ജനറൽ ആശുപത്രിയിലേക്ക് ഉടനടി കൊണ്ടുപോയെങ്കിലും, ഒരു മണിക്കൂറിനുശേഷം ഇന്ദിരാഗാന്ധി മരണമടയുകയായിരുന്നു. തന്റെ ശരീരത്തിൽ കയറിയ 19 വെടിയുണ്ടകളിൽ നിന്നും 7 എണ്ണം നീക്കുന്നതിനിടയിൽ ഇന്ദിര മരണമടഞ്ഞു. പിന്നീട് ഇന്ദിരയുടെ ശരീരം ശക്തിസ്ഥൽ എന്ന സ്ഥലത്ത് നവംബർ 3 ന് സംസ്കരിച്ചു. ശക്തിസ്ഥൽ മഹാത്മാഗാന്ധിയുടെ സംസ്കാരസ്ഥലമായ രാജ്‌ഘട്ടിനടുത്താണ്
അനന്തരസംഭവങ്ങൾ
[തിരുത്തുക]ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡെൽഹിയിലും പരിസരത്തും കലാപം പുറപ്പെട്ടു. ഇത് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെട്ടു. ഈ കലാപത്തിൽ ആയിരക്കണക്കിനു സിഖുകാർ കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ പിന്നീട് ജസ്റ്റിസ് താക്കർ കമ്മീഷൻ നിയമിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കൊലപാതകിയായ സത്‌വത് സിംഗിനും (25 വയസ്സ്) ഇതിന്റെ ആസൂത്രകനെന്ന് തെളിയിക്കപ്പെട്ട കേഹർ സിംഗിനും (54 വയസ്സ്) പിന്നീട് വധശിക്ഷ വിധിക്കപ്പെട്ടു. 1989 ജനുവരി 6-ന് ഡെൽഹിയിലെ തിഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റി. ഇവരുടെ മൃതശരീരങ്ങൾ ജയിലിനുള്ളിൽ തന്നെ സംസ്കരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "bbcnews". Retrieved 2009-09-03.
- ↑ http://www.sikhiwiki.org/index.php/Kehar_Singh