ഇനി ഞാൻ ഉറങ്ങട്ടെ
![]() പുറംചട്ട | |
കർത്താവ് | പി.കെ. ബാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 215 |
വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവലാണിത്. കർണന്റെ സമ്പൂർണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും[1] 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച "ഇനി ഞാൻ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്.[2]. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ.
ഇംഗ്ലീഷിൽ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിൽ തന്നെ രണ്ടാമതൊരു വിവർത്തനം ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരിൽ ഓസ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2017-ൽ പ്രസിദ്ധീകരിച്ചു.
കഥാസംഗ്രഹം[തിരുത്തുക]
തന്റെ ജീവിതകഥയുടെ പ്രതിഫലനമായി ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ ഈ നോവൽ കർണ്ണന്റെ കഥ പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ഭാഗത്താണ് നോവൽ ആരംഭിക്കുന്നത്. അർജുനനാൽ കൊല്ലപ്പെട്ട കർണ്ണൻ സ്വന്തം ജ്യേഷ്ഠനാണെന്നറിയുന്ന യുധിഷ്‌ഠിരൻ ജീവിതവിരക്തനാകുന്നു. ഏറ്റവും കൊടിയ ശത്രു മരിച്ചതിൽ സന്തോഷത്തിനു പകരം കണ്ട ഈ ഭാവമാറ്റം ദ്രൗപദിയെ അസ്വസ്ഥയാക്കുന്നു. താൻ മനസ്സിലാക്കിയ ജീവിത സത്യങ്ങൾ തകിടംമറിഞ്ഞ ഈ അസ്വസ്ഥതയിൽ നിന്നാരംഭിക്കുന്ന അന്വേഷണം സൂതനായി ജീവിച്ച മഹാനും ദയാലുവുമായ ഒരു പാണ്ഡവരാജകുമാരന്റെ കഥ വെളിച്ചത്തു കൊണ്ടുവരുന്നു. പാണ്ഡവർക്കവകാശപെട്ട രാജ്യത്തിന്റെ രാജാവാകേണ്ട ജ്യേഷ്ഠസഹോദരനെ, അവർക്കു യുദ്ധത്തിൽ അറിഞ്ഞുകൊണ്ട് ജീവദാനം കൊടുത്ത ഒരു കൂടപ്പിറപ്പിനെ, ചതിയിൽവധിച്ചാണ് തന്റെ പതിമാർ യുദ്ധം ജയിച്ചതെന്ന അറിവ് ദ്രൗപദിയെ സ്വന്തം ജീവിതത്തെ, അതിന്റെ അർത്ഥമില്ലായ്മയെ വീണ്ടും നോക്കിക്കാണാൻ നിർബന്ധിതയാക്കുന്നു.
ഏറെ സമാനതകളും വ്യത്യാസങ്ങളുമുള്ള രണ്ടു പ്രധാനകഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ ജീവിതത്തെ ഈ നോവൽ ആഴത്തിൽ നോക്കിക്കാണുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- വയലാർ അവാർഡ് (1978)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം(1974)
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/books/awards.php?award=16
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/2590.html
'possible