ആനന്ദമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ആത്മീയ ജീവിതവീക്ഷണം ആണ് ആനന്ദ മതം. ആനന്ദലബ്ധിയാണ് ഇതിന്റെ ലക്ഷ്യം. വേദോപനിഷത്തുകളെയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളെയും അപഗ്രഥിച്ച് ആനന്ദലബ്ധിക്കുതകുന്നവയെ സ്വീകരിച്ച് ക്രോഡീകരിച്ചാണ് ഇതിന്റെ ദർശനം തയ്യാറാക്കിയത്.

ചരിത്രം[തിരുത്തുക]

ആനന്ദാദർശത്തിന്റെ പ്രണേതാവ് ബ്രഹ്മാനന്ദ ശിവയോഗികളാണ് (1852- 1929). രാജയോഗോദ്ധാരകനും സാമൂഹികവിപ്ളവകാരിയുമായാണ് സ്വാമി അറിയപ്പെടുന്നത്. 1852 ആഗ. 26-നു (ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ) പാലക്കാട് ജില്ലയിൽപ്പെട്ട കൊല്ലംകോട്ടെ കാരാട്ട് വീട്ടിലാണ് സ്വാമി ജനിച്ചത്. ഗോവിന്ദൻകുട്ടി എന്നായിരുന്നു ആദ്യനാമധേയം. അംശം മേനവൻ, സംസ്കൃതാധ്യാപകൻ തുടങ്ങിയ ജോലികൾ നോക്കിയിരുന്നുവെങ്കിലും കാലക്രമത്തിൽ ആധ്യാത്മികതയിൽ മുഴുകുക നിമിത്തം ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചൂ. ആധ്യാത്മികചിന്തയിൽ മുഴുകിയതിനുശേഷം സ്വാമി ലോകയോഗക്ഷേമത്തെ ലക്ഷ്യമാക്കി ആനന്ദാദർശം രൂപപ്പെടുത്തുകയും പാലക്കാട് ജില്ലയിൽപ്പെട്ട ആലത്തൂരിനടുത്തുള്ള വാനൂർ എന്ന ഗ്രാമത്തിൽ ഒരു പർണശാല കെട്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു 1918-ൽ ആനന്ദമഹാസഭ സ്ഥാപിച്ചു. ശിഷ്യൻമാരുടെ പരിശ്രമത്തിൽ ആലത്തൂർ പട്ടണപ്രാന്തത്തിൽ നവീനമാതൃകയിൽ ഒരാശ്രമം നിർമ്മിക്കുകയും 1957-ൽ അവിടേക്കു മാറുകയും ചെയ്തു. ആനന്ദാദർശപ്രചരണത്തിനായി . 1929 സെ. 10-നു സമാധിയടയുകയും ചെയ്തു. പിന്നീട് യോഗിനി മാതാവ് അധ്യക്ഷയായി. 1956-ൽ അവർ സമാധിയായി.പിന്നീട് നിർമ്മലാനന്ദയോഗി നേതൃത്വം വഹിച്ചു. പാലക്കാടുള്ള ആലത്തൂർ വാന്നൂർ ആണ് ഇതിന്റെ കേന്ദ്രം.1918 - ൽ ശിവയോഗി സ്ഥാപിച്ച ആനന്ദമഹാസഭയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രചരണത്തിനു വേണ്ടി കണ്ണൂരിൽനിന്ന് സാരഗ്രാഹി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

തത്വങ്ങൾ[തിരുത്തുക]

ആനന്ദാധ്യേവഖല്‌വിമാനി ഭൂതാനി ജായന്തേ, ആനന്ദേന ജാതാനിജീവന്തി, ആനന്ദം പ്രയന്ത്യഭിസംവിശന്തി' എന്ന തൈത്തരീയോപനിഷത്ത്സൂക്തമാണ് ഈ മതത്തിന്റെ ആദർശം വിഗ്രഹാരാധനയെ അത് ഒരു കർത്തവ്യമായി അംഗീകരിക്കുന്നില്ല. വിഗ്രഹാരാധന, യാഗം, തീർഥയാത്ര, വ്രതം മുതലായവ ദുഃഖജനകങ്ങളാണെന്നും ചിത്തശുദ്ധി അവനവൻ തന്നെ പരിശ്രമിച്ചു നേടേണ്ടതാകയാൽ ദേവനും ദേവാലയങ്ങളും ഒന്നും ആവശ്യമില്ലെന്നും പ്രഖ്യാപിക്കുന്നു. സർവവ്യാപകമായ ഒരഖണ്ഡചൈതന്യത്തെ ആനന്ദമതം അംഗീകരിക്കുന്നുണ്ട്. എന്നാൽ പ്രാപഞ്ചികസുഖഭോഗങ്ങൾക്കു വേണ്ടി അതിന്റെയെല്ലാം സർവാധിപതിയായി ഒരീശ്വരനെ സങ്കല്പിച്ച് ആ ഈശ്വരനെ അനേകം കർമങ്ങൾ ചെയ്തു പ്രസാദിപ്പിച്ചാൽ മതി എന്ന ധാരണ അബദ്ധമാണെന്ന് ഈ മതം സമർഥിക്കുന്നു. അതുകൊണ്ടുതന്നെ ജാതിമതങ്ങൾ കേവലം നിരർഥകങ്ങളും കൃത്രിമങ്ങളുമാണ് എന്നാണ് ഈ മതം ഉദ്ഘോഷിച്ചിട്ടുള്ളത്. ആനന്ദമതത്തിലെ മുഖ്യധാര അഹിംസയാണ്. 'കൊല്ലാതറുമ്പിനെക്കൂടി' എന്നാണ് ആനന്ദാദർശം പ്രഖ്യാപിക്കുന്നത്. ദേവാലയങ്ങളിലും മറ്റും ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ അത് എതിർക്കുന്നു. ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ അത് പ്രകീർത്തിക്കുന്നു. ജീവിതസാക്ഷാത്കാരത്തിന് അവ അത്യന്താപേക്ഷിതമാണെന്നു വാദിക്കുന്നു. മനുഷ്യരിൽ ത്യാജ്യഗ്രാഹ്യവിവേചനശക്തി വളർത്തേണ്ട ആവശ്യകതയെ അത് ഊന്നിപ്പറഞ്ഞിരിക്കുന്നു. ഭക്തിയോഗത്തെയോ കർമയോഗത്തെയോ ആനന്ദമതം അംഗീകരിക്കുന്നില്ല. മറിച്ച്, രാജയോഗത്തെ അംഗീകരിക്കുകയും ചെയ്യുന്നു. പുനർജൻമത്തെയോ മുജ്ജന്മത്തെയോ ആനന്ദാദർശം അംഗീകരിക്കുന്നില്ല. സ്വർഗനരകങ്ങളും പരിഗണനാർഹങ്ങളല്ല. മനസ്സിന്റെ ശാന്തി സ്വർഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗനരകങ്ങളില്ല. .ഈശ്വര വിശ്വാസികളാണെങ്കിലും ഹിന്ദുമതത്തിലെ അന്ധ വിശ്വാസങ്ങലെയും ആചാരങ്ങളേയും ഇവർ എതിർത്തു പോന്നു. ആത്മീയവും ഭൌതീകവുമായ ആനന്ദമാണ് ജീവിത ലക്ഷ്യം എന്നിവർ പ്രഖ്യാപിച്ചു.മന സ്വസ്ഥത തന്നെയാന് ആനന്ദം എന്നുമവർ വ്യാഖ്യാനിച്ചു(മന:സ്വസ്ഥ്തൈവാനന്ദ).അഹിംസയിൽ വിശ്വസിച്ചു പോന്ന ഇവർ മത്സ്യ-മാംസാദികൾ ഉപയോഗിക്കുകയില്ല.മറ്റു സംഘടിത മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവർ പിറന്ന ജാതിയിൽ,മതത്തിൽ ,കുടുംബത്തിൽ അധിവസിച്ചുകൊണ്ടുതന്നെ സ്വന്തം വിശ്വാസം വെച്ചു പുലർത്തുന്നവരാണ്. മനുഷ്യർ രണ്ടു ജാതികളേ ഉള്ളൂ എന്നുമത് സ്ത്രീയും പുരുഷനും ആണെന്നും പറയുമ്പോഴും ഇവരിൽ പലരും ജാതിപ്പേരിൽ തന്നെ അറിയപ്പെടുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവരും കൂടിയാണ്.മറ്റുള്ളവർ തനത് മത ചട്ടക്കൂടിനുള്ളിൽ നീന്ന് കുടുംബ ജീവിതവും ഭൌതീക സൌകര്യങ്ങളും കെട്ടിപടുക്കുമ്പോൾ ജീവിത കാര്യത്തിൽ ഒരു അയഞ്ഞ സമീപനമാണിവരുടേത്.പ്രത്യേക പ്രത്യയ ശാസ്ത്രക്കാരായ ബുദ്ധിജീവികളുടെ ഒരു കൂട്ടായ്മയായിമാത്രമാണു ഇപ്പോൾ ഈ മതം നിലനിൽക്കുന്നത്.സ്വന്തം കുടുംബാംഗങ്ങൾ തന്റെ വിശ്വാസക്കാരായിറ്രിക്കണം എന്ന പിടിവാശിയൊന്നും ഇവർക്കില്ല. സ്വാതന്ത്ര സമര സേനാനിയും മഹാകവി പി.കുഞ്ഞിരാമൻ നായരുടെസുഹൃത്തും,കവിയും, എഴുത്തുകാരനുമായ അരോളിയിലെ കെ.ജി.നായർ ആയിരുന്നു ആനന്ദമതക്കാരുടെ മാസിക ആയ സാരഗ്രാഹിയുടെ വളരെക്കാലത്തെ പത്രാധിപർ.മരണാനന്തരം കണ്ണും ദേഹവും ദാനം ചെയ്യാൻ ഇവരിൽ പലരും സന്നദ്ധരാണ്.

അടിസ്ഥാനലക്ഷ്യം[തിരുത്തുക]

എല്ലാ ജീവരാശികളുടെയും ആന്ത്യന്തികലക്ഷ്യം ആനന്ദലബ്ധി മാത്രമാണെന്നും അതിനാൽ ആനന്ദമാണ് സർവപ്രധാനമായിട്ടുള്ളതെന്നും അതു കരുതുന്നു. തൈത്തരീയോപനിഷത്തിലെ 'ആനന്ദാധ്യേവഖല്വിമാനി ഭൂതാനിജായന്തേ, ആനന്ദേന ജാതാനിജീവന്തി, ആനന്ദം പ്രയന്ത്യഭിസംവിശന്തി' എന്ന തൈത്തരീയോപനിഷത്ത് സൂക്തത്തെ ആനന്ദാദർശം അംഗീകരിക്കുന്നു. മനസ്സിന് ആനന്ദാദർശം ഏറ്റവും വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. മനുഷ്യന്റെ ശത്രുവും മിത്രവും മനസാണ്. ആശകൊണ്ട് ദുഷിച്ച മനസാണ് ശത്രു; ദുഷിക്കാത്ത മനസ് ബന്ധുവും. കാമക്രോധാദികൾ മനസ്സിന്റെ വൃത്തികളാണ്. ഈ വൃത്തികളെ നിരോധിച്ച് മനസ്സിന്റെ സ്വസ്ഥത സമ്പാദിക്കണം. അതാണ് ആനന്ദത്തിനു കാരണം. മനഃസ്വസ്ഥത അഥവാ മനോലയം ആണ് മോക്ഷമെന്ന് പറയപ്പെടുന്നത്. മരണാനന്തരം ഉള്ള മോക്ഷത്തെയല്ല ജീവിച്ചിരിക്കുമ്പോൾ ഉള്ള മോക്ഷത്തെയാണ് ആനന്ദാദർശം പ്രതിപാദിക്കുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാകുന്നു.

ഈ വരികൾ ആണ് ആനന്ദാദർശത്തിന്റെ മുദ്രാവാക്യങ്ങൾ.

വിഗ്രഹാരാധനയെ അത് ഒരു കർത്തവ്യമായി അംഗീകരിക്കുന്നില്ല. വിഗ്രഹാരാധന, യാഗം, തീർഥയാത്ര, വ്രതം മുതലായവ ദുഃഖജനകങ്ങളാണെന്നും ചിത്തശുദ്ധി അവനവൻ തന്നെ പരിശ്രമിച്ചു നേടേണ്ടതാകയാൽ ദേവനും ദേവാലയങ്ങളും ഒന്നും ആവശ്യമില്ലെന്നും പ്രഖ്യാപിക്കുന്നു. സർവവ്യാപകമായ ഒരഖണ്ഡചൈതന്യത്തെ ആനന്ദമതം അംഗീകരിക്കുന്നുണ്ട്. എന്നാൽ പ്രാപഞ്ചികസുഖഭോഗങ്ങൾക്കു വേണ്ടി അതിന്റെയെല്ലാം സർവാധിപതിയായി ഒരീശ്വരനെ സങ്കല്പിച്ച് ആ ഈശ്വരനെ അനേകം കർമങ്ങൾ ചെയ്തു പ്രസാദിപ്പിച്ചാൽ മതി എന്ന ധാരണ അബദ്ധമാണെന്ന് ഈ മതം സമർഥിക്കുന്നു. അതുകൊണ്ടുതന്നെ ജാതിമതങ്ങൾ കേവലം നിരർഥകങ്ങളും കൃത്രിമങ്ങളുമാണ് എന്നാണ് ഈ മതം ഉദ്ഘോഷിച്ചിട്ടുള്ളത്.

ആനന്ദമതത്തിലെ മുഖ്യധാര അഹിംസയാണ്. 'കൊല്ലാതറുമ്പിനെക്കൂടി' എന്നാണ് ആനന്ദാദർശം പ്രഖ്യാപിക്കുന്നത്. ദേവാലയങ്ങളിലും മറ്റും ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ അത് എതിർക്കുന്നു. ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ അത് പ്രകീർത്തിക്കുന്നു. ജീവിതസാക്ഷാത്കാരത്തിന് അവ അത്യന്താപേക്ഷിതമാണെന്നു വാദിക്കുന്നു. മനുഷ്യരിൽ ത്യാജ്യഗ്രാഹ്യവിവേചനശക്തി വളർത്തേണ്ട ആവശ്യകതയെ അത് ഊന്നിപ്പറഞ്ഞിരിക്കുന്നു.

ഭക്തിയോഗത്തെയോ കർമയോഗത്തെയോ ആനന്ദമതം അംഗീകരിക്കുന്നില്ല. മറിച്ച്, രാജയോഗത്തെ അംഗീകരിക്കുകയും ചെയ്യുന്നു. പുനർജൻമത്തെയോ മുജ്ജന്മത്തെയോ ആനന്ദാദർശം അംഗീകരിക്കുന്നില്ല. സ്വർഗനരകങ്ങളും പരിഗണനാർഹങ്ങളല്ല. മനസ്സിന്റെ ശാന്തി സ്വർഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗനരകങ്ങളില്ല.

ഗ്രന്ഥങ്ങൾ[തിരുത്തുക]

 • ശിവയോഗരഹസ്യം 1893
 • മോക്ഷപ്രദീപം 1905
 • ആനന്ദാദർശം- 1927 (1400 സംസ്കൃത ശ്ലോകങ്ങളൂള്ള ബൃഹത് ഗ്രന്ഥം)
 • ആനന്ദാദർശാംശം
 • ആനന്ദസോപാനം
 • സിദ്ധാനുഭൂതി
 • ആനന്ദവിമാനം
 • ആനന്ദസൂത്രം
 • വിഗ്രഹാരാധനാഖണ്ഡനം
 • ആനന്ദമതപരസ്യം
 • സ്ത്രീവിദ്യാപോഷിണി
 • ആനന്ദകല്പദ്രുമം
 • ആനന്ദഗാനം

പ്രധാന കേന്ദ്രം[തിരുത്തുക]

പ്രാദേശികമായി സ്ഥാപിച്ച യോഗ ശാലകളിലാണ് ഇവർ കൂടിചേരാറ്. കണ്ണൂരിലെ ആനന്ദചന്ദ്രോദയം യോഗശാല വളരെക്കാലം ഒരു പ്രധാന കേന്ദ്രമായിരുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനന്ദമതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനന്ദമതം&oldid=2299840" എന്ന താളിൽനിന്ന് ശേഖരിച്ചത്