Jump to content

ആദികവി പംപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദികവി (ಆದಿಕವಿ "യഥാർത്ഥ കവി") എന്ന് ബഹുമാനാർത്ഥം വിളിക്കുന്ന പംപ (കന്നഡ: ಪಂಪ, പത്താം നൂറ്റാണ്ട്) ഒരു കന്നഡ കവിയാണ്. കർണാടകയിലെ ധാർവാഡ് ജില്ലയിലെ അണ്ണിഗേരി എന്ന സ്ഥലത്താണ് പംപ ജനിച്ചത്. അദ്ദേഹം രാഷ്ട്രകൂട രാജാക്കൻമാരുടെ സാമന്തനായ ചാലുക്യ അരികേസരി രണ്ടാമൻറെ ആസ്ഥാനകവിയായിരുന്നു. [1]പംപ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് വിക്രമാർജുന വിജയ അല്ലെങ്കിൽ പംപഭാരതം എന്ന മഹാകാവ്യത്തിൻറെ രചയിതാവായിട്ടും ആദിപുരാണ എന്ന ജൈന കൃതിയുടെ രചയിതാആയിട്ടും ആണ്. ഈ രണ്ട് കാവ്യങ്ങളും ഗദ്യവും പദ്യവും അടങ്ങിയ ചമ്പൂ ശൈലിയിലാണ് രചിക്കപ്പെട്ടത്. ചമ്പൂ ശൈലി പിൽക്കാലത്ത് കന്നഡയിലെ മറ്റു കൃതികൾക്കും തെലുങ്കിലെ നന്നയ്യ ഭാരതം പോലെയുള്ള കൃതികൾക്കും മാതൃകയായി.

പംപ, ശ്രി പൊന്ന, ജന്ന എന്നിങ്ങനെയുള്ള മൂന്ന് പേരാണ് കന്നഡ സാഹിത്യത്തിലെ രത്നത്രയങ്ങൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത്. [2]

കന്നഡയിലെ ആദ്യത്തെ കവിയാണ് ആദികവി പംപ എന്നുള്ളത് ഒരു അതിശയോക്തിയല്ല. പംപന് മുമ്പ് കന്നഡയിൽ കവികൾ ഉണ്ടായിട്ടുണ്ടെങ്കിലും കന്നഡയിൽ കാവ്യരചനയ്ക്ക് മാതൃക ചിട്ടപ്പെടുത്തിയ ആളെന്ന നിലയ്ക്കാണ് ഈ ബഹുമതി പംപനു നൽകിയിട്ടുള്ളത്.

രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും
(753-973 CE)
അമോഘവർഷ ക്രിസ്ത്വബ്ദം 850
ശ്രീവിജയ ക്രിസ്ത്വബ്ദം 850
അസഗ ക്രിസ്ത്വബ്ദം 850
ശിവകോട്യാചാര്യ ക്രിസ്ത്വബ്ദം 900
രവിനാഗഭട്ട ക്രിസ്ത്വബ്ദം 930
ആദികവി പംപ ക്രിസ്ത്വബ്ദം 941
ജൈനചന്ദ്ര ക്രിസ്ത്വബ്ദം 950
ശ്രീ പൊന്ന ക്രിസ്ത്വബ്ദം 950
രുദ്രഭട്ട ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
കവി രാജരാജ ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
ഗജനാകുശ പത്താം നൂറ്റാണ്ട്

ആദ്യകാല ജീവിതം[തിരുത്തുക]

പംപൻറെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശിലാശാസനങ്ങളിൽ നിന്നും മറ്റു എഴുത്തുകളിൽനിന്നുമാണ പംപൻറെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. കന്നഡ, തെലുങ്ക്, സംസ്കൃതം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ രചിക്കപ്പെട്ട ഗംഗാധരം ശിലാശാസനത്തിൽ ഇങ്ങനെയുള്ള വിവരങ്ങൾ ലഭ്യമാണ്. പംപൻറെ അച്ഛൻ അഭിരാമദേവ അഥവാ ഭീമപ്പയ്യ എന്ന ജൈന പണ്ഡിതനും അമ്മ അബ്ബണബ്ബെയും ആയിരുന്നു. പംപൻറെ മുത്തച്ഛൻ ബ്രാഹ്മണനായിരുന്നു. പംപൻറെ അനുജൻ ജിനവല്ലഭൻ രചിച്ചതാണ് ഗംഗാധരം ശിലാശാസനം. [3]

ജീവിത പര്യടനം[തിരുത്തുക]

പണ്ടിതനായിരുന്ന പംപ അരികേസരിയുടെ ആസ്ഥാനകവിയായി വാഴ്ത്തപ്പെട്ടു. അരികേസരി പംപനെ കവിതാ ഗുണാർണവ എന്ന് വിളിച്ച് ആദരിച്ചു. പംപൻറെ മഹൽകൃതികളാണ് ആദിപുരാണവും വിക്രമാർജുന വിജയവും. ഇവ രണ്ടും കന്നഡ അഭിജാത സാഹിത്യത്തിൻറെ അതുല്യ മാതൃകകളായി ഇന്നും നിലകൊള്ളുന്നു. പിൽക്കാലത്ത് കവി നാഗാർജുന "പസരിപ കന്നഡക്കെ ഒഡെയൻ ഓർവനേ സൽക്കവി പംപൻ" (കന്നഡ പെരുമയുടെ ഉടയനായ സൽക്കവി പംപൻ മാത്രം) എന്ന് വിശേഷിപ്പിച്ചു.

ആദി പുരാണം[തിരുത്തുക]

ആദി പുരാണം ചമ്പൂ ശൈലിയിൽ എഴുതപ്പെട്ട ഒരു മഹാകാവ്യമാണ്. സംസ്കൃതത്തിൽ ജിനസേന എഴുതിയ ജൈന പുരാണത്തിൻറെ വിവർത്തനമാണ് ആദി പുരാണം. ആദി പുരാണം ആദ്യ ജൈന തീർഥങ്കരനായ വൃഷഭദേവനെ കുറിച്ചുള്ളതാണ്. ഈ കാവ്യം പതിനാറ് കാണ്ടങ്ങൾ അടങ്ങിയതാണ്. മോക്ഷമാർഗ്ഗത്തിലുള്ള പര്യടനമാണ് കാവ്യത്തിൻറെ വിഷയവസ്തു. ആദി പുരാണത്തിൽ പംപൻ വൃഷഭദേവൻറെ മക്കളായ ജഡഭരതൻറെയും ബാഹുബലിയുടെയും കഥ പറയുന്നു. ബാഹുബലി വിജയം പ്രാപിച്ചുവെങ്കിലും എല്ലാം ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കുന്നു. ബാഹുബലിയുടെ മറ്റൊരു പേരാണ് ഗൊമ്മടേശ്വര എന്നത്. പല ജൈന കൃതികൾക്കും ആദി പുരാണം മാതൃകയായി.

വിക്രമാർജുന വിജയ[തിരുത്തുക]

പ്രധാന ലേഖനം: പംപഭാരതം

വിക്രമാർജുന വിജയത്തിൻറെ മറ്റൊരു പേരാണ് പംപ ഭാരതം എന്നത്. വ്യാസദേവൻ രചിച്ച മഹാഭാരതത്തെ ആസ്പദമാക്കിയാണ് പംപൻ പംപ ഭാരതം രചിച്ചത്. എന്നാൽ ഇവിടെ മൊത്തത്തിലുള്ള വിവർത്തനമല്ല. ആശ്രയദാതാവായ അരികേസരിയെ പംപൻ കഥാപാത്രമാക്കുന്നു. അരികേസരി ആണ് പംപൻറെ അർജുനൻ. മഹാഭാരതത്തിന് പംപൻ ഒരു ജൈന പുരാണത്തിൻറെ ചായ്വോടെ ആണ് ചിത്രീകരിച്ചത്. അരികേസരിയെ (അർജുനനെ) അകളങ്കരാമൻ എന്ന് വിളിക്കുന്നു. പംപൻറെ ദ്രൌപദിക്ക് ഒരു ഭർത്താവേ ഉള്ളു. അതാണ് ചാലുക്യ വംശോദ്ഭവനും, സാമന്ത ചൂടാമണിയും ആയ അർജുനൻ. മഹാഭാരത യുദ്ധത്തിന് ശേഷം പട്ടാഭിഷേകം ചെയ്യപ്പെടുന്നതും അർജുനനാണ്. എന്നാൽ കർണൻറെ കഥാപാത്രത്തെയും വളരെ ഉദാത്തമായാണ് പംപൻ ചിത്രീകരിച്ചത്.

അവലംബം[തിരുത്തുക]

  1. Merriam-Webster's encyclopedia of literature. Merriam-Webster. 1995. p. 853. ISBN 0-87779-042-6. {{cite book}}: Cite has empty unknown parameter: |1= (help)
  2. Students' Britannica India, Volumes 1-5. Popular Prakashan. p. 78. ISBN 0-85229-760-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Basics of Telugu Prosody – (3)".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആദികവി_പംപ&oldid=3780215" എന്ന താളിൽനിന്ന് ശേഖരിച്ചത്