അൿബർ ഹൈദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അക്ബർ (വിവക്ഷകൾ) എന്ന താൾ കാണുക. അക്ബർ (വിവക്ഷകൾ)

ഇന്ത്യൻ ഭരണതന്ത്രജ്ഞൻ. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീനശില്പിയെന്നറിയപ്പെടുന്ന സർ അക്ബർ ഹൈദരി ബോംബെയിലെ ഒരു വർത്തകകുടുംബത്തിൽ 1869 നവംബർ 8-ന് ജനിച്ചു. ജഡ്ജിയും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന ബദറുദ്ദീൻ തയാബ്ജി ഹൈദരിയുടെ മാതുലനായിരുന്നു. 17-ാമത്തെ വയസ്സിൽ ബോംബെ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നും ബി.എ. ബിരുദമെടുത്തു. ഇംഗ്ലീഷ്, ലത്തീൻ, ഉർദു, പേർഷ്യൻ എന്നീ ഭാഷകളിലും ചരിത്രം, നിയമം, ധനശാസ്ത്രം എന്നീ വിഷയങ്ങളിലും അവഗാഹം നേടി. അഭിഭാഷകനാകാനാഗ്രഹിച്ച ഹൈദരി 1888-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യവകുപ്പിൽ സേവനമാരംഭിക്കുകയും 1901-ൽ മദിരാശി സംസ്ഥാനത്തിലെ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറലായി നിയമിതനാവുകയും ചെയ്തു. ഒരു ഇന്ത്യക്കാരന് ആ ഉദ്യോഗം ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. 1905-ൽ ഹൈദരി ഹൈദരാബാദിൽ ധനകാര്യം, റെയിൽവേ, എന്നീ വകുപ്പുകളുടെ ഭരണം ഏറ്റെടുത്തു. അക്കൌണ്ടന്റ് ജനറൽ, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലെല്ലാം (1905-20) ഇദ്ദേഹം ഹൈദരാബാദിനെ സേവിച്ചു.

1893-ൽ ആമിനാ തയാബ്ജിയെ ഹൈദരി വിവാഹം കഴിച്ചു. പർദാസമ്പ്രദായം ഉപേക്ഷിക്കാൻ നേതൃത്വം നല്കിയ ഒരു സ്ത്രീയായിരുന്നു ആമിന. ഇസ്ളാംമതസിദ്ധാന്തങ്ങളിൽ ഗാഢമായി വിശ്വസിച്ചിരുന്ന ഹൈദരി, മറ്റു മതങ്ങളിലെ സാരാംശങ്ങളും തത്ത്വചിന്തകളും മനസ്സിലാക്കിയിരുന്നു. അരവിന്ദഘോഷ് രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് പോണ്ടിച്ചേരി ആശ്രമത്തിൽ യോഗിയായി താമസിക്കുന്ന കാലത്ത് ഹൈദരി അദ്ദേഹത്തെ പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്. അജന്ത, എല്ലോറ, ദൌലത്താബാദ് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളെ ഉചിതമായി നിലനിർത്തുന്നതിലും ഉസ്മാനിയാ സർവകലാശാല സ്ഥാപിക്കുന്നതിലും (1911) ഹൈദരി മുൻകൈയെടുത്തു. സർവകലാശാലയിലെ അധ്യയന ഭാഷ ഉർദുവാക്കിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 1937-ൽ ഹൈദരി ഹൈദരാബാദ് എക്സിക്യൂട്ടീവ് കൌൺസിലിന്റെ പ്രസിഡന്റായി നിയമിതനായി. ഇദ്ദേഹത്തിന്റെ ബഹുമുഖപ്രവർത്തനങ്ങൾക്ക് അംഗീകാരമെന്ന നിലയിൽ ഹൈദരാബാദ് നൈസാം നവാബ് എന്ന പദവിയും ബ്രിട്ടിഷ് ഗവൺമെന്റ് സർ സ്ഥാനവും നല്കി. 1917-ലെ അഖിലേന്ത്യാ മുസ്ലീം വിദ്യാഭ്യാസ സമ്മേളനത്തിന്റെ പ്രസിഡന്റ് ഹൈദരിയായിരുന്നു. ഇന്ത്യയിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കാൻ വിവിധകക്ഷികളുടെ വട്ടമേശസമ്മേളനം (1930) ലണ്ടനിൽ വിളിച്ചുകൂട്ടിയപ്പോൾ ഹൈദരിയും അതിൽ പങ്കെടുത്തു. സർവരാഷ്ട്രസമിതിയുടെ ആഭിമുഖ്യത്തിൽ 1934-ൽ ചേർന്ന സാമ്പത്തികസമ്മേളനത്തിന്റെ ഉപദേശകനായിരുന്നു ഇദ്ദേഹം. അതേ വർഷം തന്നെ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ ഹൈദരി അതിന്റെ പ്രസിഡന്റായി. 1936-ൽ പ്രിവി കൌൺസിലിലും 1941-ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിലിലും ഇദ്ദേഹം അംഗമായി. 1942-ൽ ഹൈദരി നിര്യാതനായി. [1]

അവലംബം[തിരുത്തുക]

  1. Narendra Luther Archives [1]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൿബർ ഹൈദരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൿബർ_ഹൈദരി&oldid=1698676" എന്ന താളിൽനിന്ന് ശേഖരിച്ചത്