അർപ്പാനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർപ്പാനെറ്റ്
Arpanet logical map, march 1977.png
അർപ്പാനെറ്റ് ലോജിക്കൽ മാപ്പ് , 1977
വ്യാവസായികം?അല്ല
ശൃംഖലയുടെ തരംഡേറ്റ കൈമാറ്റം മാത്രം
സ്ഥലംയുണൈറ്റഡ് സ്റ്റേറ്റ്സ്
ആശയവിനിമയ പ്രോട്ടോക്കോളുകൾTCP/IP
സ്ഥാപിതം1969
നടത്തിപ്പ്അമേരിക്കൻ പ്രതിരോധ മന്ത്രാലയം
തൽസ്ഥിതി1990ൽ പദ്ധതി അവസാനിപ്പിച്ചു

അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റവർക്ക് അഥവാ അർപ്പാനെറ്റ് ഇന്റർനെറ്റിന്റെ മുൻഗാമികളിലൊന്നായ കമ്പ്യൂട്ടർ ശൃംഖലയാണ്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിൽ ഉദയം കൊണ്ട അർപ്പാനെറ്റിന്റെ സ്ഥാപിത ലക്ഷ്യം പ്രതിരോധ രംഗത്തെ വികസനങ്ങൾ സർവകലാശകളിലേക്കും അവയിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്നതായിരുന്നു. ഇന്ന് ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ശൃംഖലകളിൽ ഉപയോഗിക്കുന്ന TCP/IP പോലെയുള്ള പെരുമാറ്റച്ചട്ടങ്ങൾ (പ്രോട്ടോക്കോളുകൾ) , പാക്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യ മുതലായവ ആദ്യമായി പരീക്ഷിച്ചത് അർപ്പാനെറ്റിലായിരുന്നു. അർപ്പാനെറ്റിനുവേണ്ടി TCP/IP വികസിപ്പിച്ചത് ഇന്റർനെറ്റിന്റെ പിതാവായി അറിയപ്പെടുന്ന വിന്റൺ സെർഫും റോബർട്ട് ഇ കാഹനും ചേർന്നാണ്[1].

ചരിത്രം[തിരുത്തുക]

തുടക്കം[തിരുത്തുക]

1963-ലാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി ഒരു കമ്പ്യൂട്ടർ ശൃംഖല എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. ഇവാൻ സതർലാന്റ്, ബോബ് ടെയിലർ എന്നീ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരെയാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കാനായി തിരഞ്ഞെടുത്തത്. അക്കാലത്ത് യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ, ബെർക്‌ലി , മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സാന്റാ മോണിക്കയിലെ സിസ്റ്റം ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവിടങ്ങളിലെ മൂന്ന് കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ഒരു ശൃംഖല അർപ്പയുടെ ചിലവിൽ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനുപയോഗിച്ച സാങ്കേതിക വിദ്യയെ കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കാനുതകുന്ന തരത്തിൽ വളർത്തിയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 1968 മധ്യത്തോടെ ടെയിലർ ഇത്തരത്തിലുള്ള ഒരു വൻകിട ശൃംഖലക്കുള്ള പദ്ധതി അർപ്പയ്ക്ക് സമർപ്പിക്കുകയും അവരത് അംഗീകരിക്കുയും ചെയ്തു. ആ വർഷം അവസാനത്തോടെ ശൃംഖലാ നിർമ്മാണത്തിനുള്ള ലേല നടപടികൾ ആരംഭിക്കുകയും ബി ബി എൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് കരാർ ലഭിക്കുകയും ചെയ്തു. ബി ബി എന്നിന്റെ 7 അംഗ സംഘം 1969 ഏപ്രിലിൽ ടെയിലർ വിഭാവനം ചെയ്ത പദ്ധതി നടപ്പിൽ വരുത്താൻ തുടങ്ങി. പ്രൊസസ്സിങ്ങ് ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകൾ തമ്മിൽ ആശയവിനിമയം നടത്താനായുള്ള ഇന്റർഫേസ് മെസ്സേജ് പ്രൊസസ്സേർസ് അഥവാ ഐ. എം. പി. ( ഇന്നത്തെ റൗട്ടറുകൾ) ഉപയോഗിച്ചുള്ള ശൃംഖലയാണ് ആദ്യം വികസിപ്പിച്ചത്. സെക്കന്റിൽ 50 കിലോ ബിറ്റുകളായിരുന്നു ഇതിന്റെ പരാമാവധി ഡേറ്റാ കൈമാറ്റ വേഗം. ഓരോ ഡാറ്റ പാക്കറ്റുകളേയും കടമെടുത്ത ലൈനുകളിലൂടെ കൈമാറിയിരുന്ന ഈ ശൃംഖല ഒൻപത് മാസങ്ങൾ കൊണ്ട് പ്രവർത്തനത്തിൽ എത്തി[2] .

ആദ്യകാലം[തിരുത്തുക]

തുടക്കത്തിൽ അർപ്പാനെറ്റിൽ 4 ഐ എം പി കളാണ് ഉണ്ടായിരുന്നത്: [3]

 1. കാലിഫോർണിയ സർവകലാശാലയിലെ (UCLA) എസ് ഡി സിഗ്മാ 7 കമ്പ്യൂട്ടറാണ് ആദ്യമായി അർപ്പാനെറ്റിൽ ബന്ധിക്കപ്പെടുന്നത്. ലിയനാർഡ് ക്ലെൻറോക്കിന്റെ നെറ്റ് വർക്ക് മെഷർമെന്റ് സെന്ററിന്റെ ചുമതലയിലായിരുന്നു ഇത്.
 2. സ്റ്റാൻഫോർഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓഗ്മെന്റേഷൻ റിസർച്ച് സെന്ററിൽ ഉണ്ടായിരുന്ന 'ജെനി' എന്ന ഐ എം പി ആയിരുന്നു ആദ്യത്തെ ഹോസ്റ്റ്.
 3. സാന്റാ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ IBM360/75 എന്ന ഐ എം പി ആയിരുന്നു അർപ്പാനെറ്റിലെ ആദ്യത്തെ മെഷീൻ
 4. ഉട്ടാഹ സർവകലാശാലയിലെ കമ്പ്യൂട്ടർ ശാസ്ത്ര വിഭാഗത്തിലെ ടെനെക്സിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന PDP 10 ആയിരുന്നു മറ്റൊരു ഐ എം പി.
ചാർളി ക്ലിനെ അയച്ച ആദ്യ സന്ദേശത്തിന്റെ ലോഗ്

അർപ്പാനെറ്റ് വഴി ആദ്യമായി ഒരു സന്ദേശം അയച്ചത് 1969 ഒക്ടോബർ 29 രാത്രി 10 30 ന് കാലിഫോർണിയ സർവകലാശാലയിലെ ചാർളി ക്ലിനെ എന്ന പ്രോഗ്രാമിംഗ് വിദ്യാർത്ഥിയായിരുന്നു. ലോഗിൻ എന്ന വാക്ക് SDS സിഗ്മ 7 ൽ നിന്ന് സ്റ്റാൻഫോർഡിലെ ജെനിയിലേക്കായിരുന്നു ക്ലിനെ അയക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വിനിമയത്തിനിടയ്ക്ക് സാങ്കേതിക തടസ്സം നേരിട്ടതിനാൽ 'l' , 'o' എന്നീ വാക്കുകൾ മാത്രമേ കൈമാറ്റം ചെയ്യാൻ സാധിച്ചുള്ളു. അങ്ങനെ ലോകത്തിൽ ആദ്യമായി ഒരു ദീർഘദൂര കമ്പ്യൂട്ടർ ശൃംഖല വഴി കൈമാറ്റം ചെയ്ത സന്ദേശം 'lo' എന്ന അക്ഷരക്കൂട്ടമായി . പിന്നീട് അര മണിക്കൂറുകൾക്കു ശേഷം സാങ്കേതികതകരാറുകൾ പരിഹരിച്ചിട്ട് 'login' എന്ന വാക്ക് പൂർണ്ണമായും അയച്ചു. 1969 നവംബർ 21 ന് ഒരു സ്ഥിരമായ ചാനൽ സ്റ്റാൻഫോർഡിനും കാലിഫോർണിയക്കുമിടയിൽ നിലവിൽ വന്നു. ആ വർഷം ഡിസംബറോടെ 4 ഐ എം പികൾ തമ്മിൽ സ്ഥിരമായ ബന്ധം സ്ഥാപിപ്പിക്കപ്പെട്ടു [4].

വളർച്ചയും പരിണാമവും[തിരുത്തുക]

1970 മാർച്ചോടെ അർപ്പാനെറ്റ് അമേരിക്കൻ ഐക്യാനാടുകളുടെ കിഴക്കൻ തീരങ്ങളിൽ വരെ എത്തി. മസ്സാച്ചുസെറ്റ്സിലെയും കേംബ്രിഡ്ജിലെയും ബി ബി എൻ കേന്ദ്രങ്ങളിൽ ഐ എം പികൾ സ്ഥാപിച്ചതോടെയായിരുന്നു ഇത്. അതിനുശേഷം അർപ്പാനെറ്റിന്റെ വളർച്ച പെട്ടെന്നായിരുന്നു. 1970 ജൂണിൽ 9 ഐ എം പികൾ ഉണ്ടായിരുന്ന ശൃംഖല 1975 ജൂൺ ആയപ്പോഴേക്കും 57 ഐ എം പികൾ ഉള്ള ഒരു ബൃഹത്ത് ശൃംഖലയായി മാറി. 1981 ആയപ്പോഴേക്കും 213 ഹോസ്റ്റുകളുണ്ടായിരുന്ന അർപ്പാനെറ്റിൽ ഓരോ ഇരുപത് ദിവസത്തിലും ശരാശരി പുതിയ ഒരു ഹോസ്റ്റ് എന്ന കണക്കിൽ ബന്ധിപ്പിക്കപ്പെടാൻ തുടങ്ങി[3].

സോഫ്‌റ്റ്‌വെയറും പ്രോട്ടോക്കോളുകളും[തിരുത്തുക]

1969 ൽ അർപ്പാനെറ്റ് ഒരു ഹോസ്റ്റിൽ നിന്ന് മറ്റൊരു ഹോസ്റ്റിലേക്കുള്ള ആശയവിനിമയത്തിനുപയോഗിച്ചിരുന്നത് 1822 എന്ന പെരുമാറ്റച്ചട്ടമായിരുന്നു (പ്രോട്ടോക്കോൾ) [5]. പല വിധത്തിലുള്ള സോഫ്‌റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾക്കിടയിൽ ആശയവിനിമയത്തിനുള്ള ഒരു പൊതുവായ നയരൂപീകരണമാണ് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്ന ദൗത്യം. 1822 പ്രോട്ടോക്കോൾ വഴി അയയ്ക്കുന്ന ഒരു സന്ദേശത്തിൽ രണ്ടു ഭാഗങ്ങളാണ് പ്രധാനമായും ഉണ്ടാകുക. അയയ്ക്കുന്നയാളുടെ കമ്പ്യൂട്ടർ വിലാസം രേഖപ്പെടുത്തുന്ന ഒരു ഭാഗവും സന്ദേശത്തിന്റെയും സന്ദേശം ആർക്കാണ് ലഭിക്കേണ്ടത് എന്ന വിവരക്കൂട്ടവും. ഈ വിവരങ്ങളെ ഹോസ്റ്റ് കമ്പ്യൂട്ടർ അതിന്റെ ഐ എം പി വഴി സ്വീകർത്താവിന്റെ ഐ എം പിയിലേക്ക് ബിറ്റുകളായി അയയ്ക്കുന്നു. സ്വീകർത്താവിന്റെ ഐ എം പി ഇതിനെ സ്വീകർത്താവിന്റെ ഹോസ്റ്റിലേക്ക് കൈമാറ്റം ചെയ്യുന്നു. സന്ദേശകൈമാറ്റം പൂർത്തിയായിക്കഴിഞ്ഞാൽ റെഡി ഫോർ നെക്സ്റ്റ് മെസ്സേജ് (RFNM) എന്ന വിവരം സ്വീകർത്താവിന്റെ ഹോസ്റ്റ് ശൃംഖലയ്ക്ക് കൈമാറും. 1822 പ്രോട്ടോക്കോളിന്റെ പ്രധാന പോരായ്മ അയച്ച സന്ദേശം പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെട്ടോ എന്ന് കണ്ടെത്താൻ ആകില്ല എന്നതായിരുന്നു. ഇതിനാൽ തന്നെ പലപ്പോഴും അർത്ഥശൂന്യങ്ങളായ സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു. അതോടൊപ്പം ഒരേ സമയം ഒന്നിലധികം കണക്ഷനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും 1822 നു ഇല്ലായിരുന്നു. ഇതിനു പരിഹാരമായി 1983ൽ അർപ്പാനെറ്റിൽ നടപ്പിലാക്കിയ സംവിധാനമാണ് വിന്റൺ സെർഫിന്റെയും റോബർ കാഹന്റെയും ടി സി പി/ഐ പി സംവിധാനം. ഇന്ന് ഇന്റർനെറ്റിലും ഏതാണ്ട് സമാനമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നുള്ളത് അർപ്പാനെറ്റിന്റെ കാര്യക്ഷമതയെയാണ് കാണിക്കുന്നത് [6].

സാമൂഹിക മാധ്യമങ്ങളിൽ[തിരുത്തുക]

 • അർപ്പാനെറ്റിനെയും പഴയകാല കമ്പ്യൂട്ടർ ശൃംഖലകളെയും ആധാരമാക്കി പുറത്തിറങ്ങിയ 30 മിനുട്ട് ദൈർഘ്യമേറിയ ഡോക്യുമെന്ററിയാണ് കമ്പ്യൂട്ടർ നെറ്റ്വർക്ക്സ് : ദി ഹെറാൾഡ്സ് ഓഫ് റിസോർസ് ഷെയറിങ്ങ്[7].
 • ദി അമേരിക്കൻസ് എന്ന ടെലിവിഷൻ സീരിസിന്റെ 2013 ൽ പുറത്തിറങ്ങിയ രണ്ടാമത്തെ സീസൺ മൂന്നാമത്തെ ഭാഗത്തിന്റെ പ്രമേയം റഷ്യൻ ചാരസംഘടനയായ കെ ജി ബി അർപ്പാനെറ്റിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതായിരുന്നു.
 • ജെറാൾഡ് ഡൊണാൾഡ് എന്ന അമേരിക്കൻ സംഗീതജ്ഞൻ അറിയപ്പെടുന്നത് അർപ്പാനെറ്റ് എന്നായിരുന്നു. അദ്ദേഹത്തിന്റെ 2002 ൽ ഇറങ്ങിയ ആൽബത്തിന്റെ ആധാരം വയർലെസ് ഇന്റർനെറ്റിന്റെ ഉദയത്തെക്കുറിച്ചുള്ളതായിരുന്നു [8] .
 • 1970 ൽ ലോസ് ആൻജലസിൽ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി തോമസ് പിൻകൺ എഴുതിയ ഇൻഹറെന്റ് വൈസ് എന്ന നോവലിൽ അർപ്പാനെറ്റ് ഒരു കേന്ദ്രബിന്ദുവാകുന്നുണ്ട് [9] .
 • 1980-90 കളിൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ പരമ്പര ആയ സിനാറിയോ ഇന്റർനെറ്റിന്റെ മുൻഗാമികളെ പറ്റിയുള്ളതായിരുന്നു. അർപ്പാനെറ്റ് ചരിത്രം ഇതിലെ മുഖ്യാകർഷണമായിരുന്നു [10].

ഗാലറി[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. http://www.internethalloffame.org/inductees/donald-davies
 2. "IMP – Interface Message Processor", Living Internet
 3. 3.0 3.1 "ARPANET – The First Internet", Living Internet
 4. Chris Sutton (2 September 2004). "Internet Began 35 Years Ago at UCLA with First Message Ever Sent Between Two Computers". UCLA. മൂലതാളിൽ നിന്നും 8 March 2008-ന് ആർക്കൈവ് ചെയ്തത്.
 5. Interface Message Processor: Specifications for the Interconnection of a Host and an IMP, Report No. 1822, Bolt Beranek and Newman, Inc. (BBN)
 6. "TCP/IP Internet Protocol", Living Internet
 7. Steven King (Producer), Peter Chvany (Director/Editor). (1972). Computer Networks: The Heralds of Resource Sharing. Retrieved on 20 December 2011.
 8. "Gerald Donalds aka ARPANET".
 9. "ARPANET on Inherent vice".
 10. "Scenario", Benson, Season 6, Episode 132 of 158, American Broadcasting Company (ABC), Witt/Thomas/Harris Productions, 22 February 1985
"https://ml.wikipedia.org/w/index.php?title=അർപ്പാനെറ്റ്&oldid=3089506" എന്ന താളിൽനിന്ന് ശേഖരിച്ചത്