അൻഡ്രോണിക്കസ് II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഡ്രോണിക്കസ് II

ബൈസാന്റിയൻ ചക്രവർത്തിയായിരുന്നു അൻഡ്രോണിക്കസ് II. മൈക്കൽ പലിയോലോഗസ് VIII-ആമന്റെ (1225-82) സീമന്തപുത്രനും അനന്തരാവകാശിയുമായിരുന്നു അൻഡ്രോണിക്കസ് II പലിയോലോഗസ്. 1282 ഡിസംബറിൽ ചക്രവർത്തിയായി. ഇദ്ദേഹത്തിനു വിദേശീയാക്രമണങ്ങൾ നേരിടാൻ റോജർ ഡി ഫ്ളോർ (Roger-di-Fllor) എന്ന സ്പാനിഷ് വീരസാഹസികന്റെയും അയാളുടെ കൂലിപ്പടയുടേയും സഹായം തേടേണ്ടിവന്നു.തുർക്കികളെ പരാജയപ്പെടുത്തിയെങ്കിലും റോജർ ഡി ഫ്ളോറും അയാളുടെ സേനയും ചക്രവർത്തിക്കെതിരായി തിരിയുകയും രാജ്യത്തു കലാപങ്ങളുണ്ടാക്കുകയും ചെയ്തു. ക്ഷമ നശിച്ച ബൈസാന്റിയൻ സാമ്രാജ്യവാസികൾ കൂലിപ്പടയുടെ നേതാവായ റോജറെ വധിച്ചു (1305). എങ്കിലും റോജറിന്റെ അനുയായികൾ ചക്രവർത്തിക്കെതിരായി യുദ്ധം തുടർന്നു. ഈ സമയം തുർക്കികൾ വീണ്ടും ഏഷ്യാമൈനർ ആക്രമിച്ച് പല ഭാഗങ്ങളും കീഴടക്കി.

അൻഡ്രോണിക്കസിന്റെ ഭരണകാലത്ത് വൻഭൂസ്വത്തുടമകൾ അധികാരമത്തൻമാരായിത്തീർന്നു. ബൈസാന്റിയൻ സേനയുടെ എണ്ണം കുറച്ചതുകൊണ്ട്, വിദേശീയരായ കൂലിപ്പട്ടാളത്തെ ഇദ്ദേഹത്തിനു കൂടുതൽ ആശ്രയിക്കേണ്ടിവന്നു. അതു സാമ്രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഹാനികരമായി. ഇദ്ദേഹത്തിന്റെ സാമ്പത്തിക ഭരണപരിഷ്കാരങ്ങളും വിജയിച്ചില്ല. എന്നാൽ കലാസംസ്കാരാദികൾക്ക് ഇദ്ദേഹത്തിന്റെ കാലത്ത് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. തിയഡോർ മെറ്റോച്ചെറ്റ്സ് എന്ന തത്ത്വജ്ഞാനിയും നൈസേഫോറസ് ഗ്രിഗോറസ് എന്ന ചരിത്രകാരനും ചക്രവർത്തിയുടെ സുഹൃത്തുക്കളും ഉപദേശകരുമായിരുന്നതായി കരുതപ്പെടുന്നു. 1328 മേയിൽ ആരംഭിച്ച ആഭ്യന്തരസമരത്തെ തുടർന്ന്, പൌത്രനായ അൻഡ്രോണിക്കസ് III ഇദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിച്ചു. അനന്തരം സന്ന്യാസജീവിതം നയിച്ചു വന്ന അൻഡ്രോണിക്കസ് II, 1332 ഫെബ്രുവരി 13-ന് നിര്യാതനായി.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻഡ്രോണിക്കസ് കക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻഡ്രോണിക്കസ്_II&oldid=3623972" എന്ന താളിൽനിന്ന് ശേഖരിച്ചത്