Jump to content

അറ്റ്ലാന്റിക് ചാർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൂസ്വെൽറ്റും ചർച്ചിലും ഒരു പള്ളിയോഗത്തിൽ

യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും കൂടി 1941 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ 1941 ആഗസ്റ്റ് 9 മുതൽ 12 വരെ ന്യൂഫൗണ്ട്‌ലാൻഡിന്റെ സമുദ്രതീരത്തുനിന്ന് 5 കി.മീ. അകലെ ആർജന്റീയ ഉൾക്കടലിൽ അഗസ്റ്റാ, പ്രിൻസ് ഒഫ് വെയിൽസ് എന്നീ യുദ്ധക്കപ്പലുകളിൽവച്ച് അവർ നടത്തിയ കൂടിയാലോചനയുടെ ഫലമായിട്ടാണ് ഈ സമ്മതപത്ര പ്രഖ്യാപനം ഉണ്ടായത്. നാസിസത്തിനും ഫാസിസത്തിനും എതിരായ ഈ ഉഭയകക്ഷി പ്രഖ്യാപനത്തിൽ എട്ടു വകുപ്പുകളാണുള്ളത്.

  1. ഭൂവിസ്തൃതി സംബന്ധിച്ച വികസനങ്ങൾക്ക് തങ്ങളുടെ രാജ്യങ്ങൾ മോഹിക്കുകയില്ല.
  2. ബന്ധപ്പെട്ട ജനങ്ങളുടെ, ആഗ്രഹത്തിന്റെ അംഗീകാരമില്ലാത്ത പ്രദേശപരമായ മാറ്റങ്ങൾ ഉണ്ടായിക്കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല.
  3. എല്ലാ ജനവിഭാഗങ്ങൾക്കും അവരുടേതായ ഭരണസംവിധാനം തിരഞ്ഞെടുക്കാൻ അവകാശമുണ്ടായിരിക്കണം. ബലപ്രയോഗം മൂലം അവരിൽനിന്നും അപഹരിക്കപ്പെട്ട പരമാധികാരവും സ്വതന്ത്രഭരണവും പുനഃസ്ഥാപിക്കപ്പെടണം.
  4. ലോകത്തിലെ വാണിജ്യവിഭവങ്ങളും അസംസ്കൃത വസ്തുക്കളും തോറ്റതും ജയിച്ചതുമായ എല്ലാ ജനങ്ങൾക്കും സമാനമായ വ്യവസ്ഥകളോടുകൂടി ലഭിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉദ്യമിക്കേണ്ടതാണ്.
  5. എല്ലാവർക്കും മെച്ചപ്പെട്ട തൊഴിൽ നിലവാരങ്ങളും സാമ്പത്തിക ക്രമീകരണവും സാമൂഹിക സുരക്ഷിതത്വവും ഭദ്രമാക്കുവാൻ വേണ്ടി തങ്ങൾ അന്താരാഷ്ട്ര സഹകരണം വളർത്തുന്നതാണ്.
  6. എല്ലാ ജനങ്ങൾക്കും അവരുടെ രാജ്യാതിർത്തിക്കുള്ളിൽ സുരക്ഷിതമായി കഴിഞ്ഞുകൂടുവാൻ സാധിക്കണം. ജനങ്ങളെ ദാരിദ്യത്തിൽനിന്നും ഭയത്തിൽ നിന്നും മോചിപ്പിക്കണം.
  7. അന്താരാഷ്ട്ര നിയമപ്രകാരം തുല്യമായി അവകാശപ്പെട്ട പുറംകടലുകളും സമുദ്രങ്ങളും മുറിച്ചുകടക്കുന്നതിന് എല്ലാ രാഷ്ട്രങ്ങൾക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം.
  8. കൂടുതൽ വ്യാപകവും ശാശ്വതവുമായ പൊതുരക്ഷാനടപടികൾ ഏർപ്പെടുത്തിയും അതേസമയം ആയുധവത്കരണത്തിന്റെ ഭാരത്തെ ലഘൂകരിക്കാനുതകുന്ന പ്രായോഗിക നടപടികൾക്കെല്ലാം സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്കിയും ആക്രമണകാരികളായ രാഷ്ട്രങ്ങളെ നിരായുധരാക്കാൻ സഹായിക്കണം.

ഈ തത്ത്വങ്ങൾ ഐക്യരാഷ്ട്ര ഉടമ്പടിക്ക് ആധാരമായിരിക്കേണ്ട ആശയങ്ങളെ മുൻകൂട്ടി കാണുകയാണുണ്ടായത്. ഈ ചാർട്ടറിലെ വ്യവസ്ഥകളെല്ലാം യു.എൻ. അംഗീകരിച്ചിട്ടുണ്ട് (1942 ജനുവരി 1). യു.എസ്.എസ്.ആറും ഇരുപത്തിനാലു സഖ്യരാജ്യങ്ങളും ഈ സംയുക്തപ്രഖ്യാപനം അംഗീകരിച്ചു. എന്നാൽ ശത്രുരാജ്യത്തെ സംബന്ധിച്ചിടത്തോളം, രണ്ടാംവകുപ്പ് ബാധകമല്ലെന്ന് 1944 ഫെബ്രുവരി 22-ന് അറ്റ്ലാന്റിക്ക് ചാർട്ടറിന്റെ ശില്പികളിലൊരാളായ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പാർലമെന്റിൽ പ്രസ്താവിച്ചു. ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഈ ഉടമ്പടി, ഒരു നിയമമെന്ന നിലയിലല്ല, വഴികാട്ടിയെന്ന നിലയിൽ മാത്രമേ സ്വീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെതന്നെ (1943 ഡിസമ്പറിൽ) കിഴക്കേ പോളണ്ടിനെ യു.എസ്.എസ്.ആറുമായി സംയോജിപ്പിച്ചതിനെ അദ്ദേഹവും സ്റ്റാലിനും കൂടി പ്രത്യക്ഷത്തിൽ ശരിവയ്ക്കുകയും, ജർമനിയിൽ നിന്നും, തദ്ദേശവാസികളുടെ ആഗ്രഹാഭിലാഷങ്ങളെ ഒട്ടും പരിഗണിക്കാതെ തന്നെ, പോളണ്ടിന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന വാദം അംഗീകരിക്കുകയുമുണ്ടായി. അതിനുമുൻപ് വെള്ളക്കാർക്ക് മാത്രമായി ചാർട്ടറിന്റെ പ്രയോജനങ്ങൾ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. കേവലമൊരു അനൌപചാരിക പ്രമാണമോ, അഭിപ്രായപ്രകടനം മാത്രമോ ആയ പ്രസ്തുത ചാർട്ടർ കാലക്രമേണ വിസ്മൃതമായി.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്ലാന്റിക് ചാർട്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറ്റ്ലാന്റിക്_ചാർട്ടർ&oldid=3838264" എന്ന താളിൽനിന്ന് ശേഖരിച്ചത്