Jump to content

അരിമ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിമ്പാറ
സ്പെഷ്യാലിറ്റിഡെർമറ്റോളജി Edit this on Wikidata

മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്മസ്തര(mucous layer))ത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും (benign) ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസു(Human Papilloma Virus-HPV)കളാണ് ഇതിനു ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ (സ്പർശനത്താൽ) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

തരങ്ങൾ

[തിരുത്തുക]
  1. സാധാരണ അരിമ്പാറ (Common wart), വെരുക്ക വൾഗാരിസ് (Verruca vulgaris) എന്ന ഇനം വൈറസുകളാണ് സാധാരണ അരിമ്പാറയ്ക്കു കാരണമാകുന്നത്. കൈകളിലും കാൽമുട്ടുകളിലും മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു. ത്വക്കിൽ നിന്നുയർന്നു കാണുന്ന ചെറിയ മുഴകളുടെ ഉപരിതലം പരുപരുത്തതായിരിക്കും.
  2. പരന്ന അരിമ്പാറ (Flat wart). മുഖം, കഴുത്ത്, കൈകൾ, കണങ്കൈ, കാൽമുട്ട് തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും മൃദുലവും ചർമത്തെക്കാൾ നിറം കൂടിയതുമായ പരന്ന അരിമ്പാറ വെരുക്ക പ്ലാനാ (Verruca Plana) എന്ന വൈറസ് മൂലമാണുണ്ടാകുന്നത്.
  3. അംഗുലിത അരിമ്പാറ (Digitate or Filiform wart). മുഖത്തും, കൺപോളകൾക്കടുത്തും, ചുണ്ടുകളിലും നൂലുപോലെയോ വിരലുകൾ പോലെയോ ഉണ്ടാകുന്ന അരിമ്പാറയാണിത്.
  4. ആണി അഥവാ പാദതല അരിമ്പാറ (Plantar wart). വെരുക്കാ പെഡിസ് (Verruca pedis) എന്ന ഇനം വൈറസുമൂലമുണ്ടാകുന്ന ഈ രോഗം വേദന ഉളവാക്കുന്നതാണ്. ഉള്ളങ്കാലിൽ (sole of the foot) ഉണ്ടാകുന്ന ഈ അരിമ്പാറയുടെ മധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും. ഇത് ത്വക്കിന്റെ പ്രതലത്തിൽ നിന്നും ഉയർന്നു കാണുന്നില്ല. ചെരിപ്പുകൾ ഉപയോഗിച്ചു നടക്കുന്നതുമൂലം ഈ രോഗം പകരാതെ സൂക്ഷിക്കാം.
  5. മൊസേയ്ക് അരിമ്പാറ (Mosaic wart). കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണി(പാദതല അരിമ്പാറ)യോടു സാദൃശ്യമുള്ളതാണ് മൊസേയ്ക് അരിമ്പാറ.
  6. ഗുഹ്യ അരിമ്പാറ[Venerael(genital)wart] . വെരുക്ക അക്യുമിനേറ്റ (Verrucca acumintat) അഥവാ കോൺഡൈലോമ അക്യുമിനേറ്റം (Condyloma acuminatum) വൈറസ് മനുഷ്യന്റെ ഗുഹ്യഭാഗങ്ങളിൽ അരിമ്പാറ ഉണ്ടാകുന്നതിനു കാരണമാകുന്നു.

ചികിത്സ

[തിരുത്തുക]

സാലിസിലിക് അമ്ലം പോലെയുള്ള അമ്ലങ്ങളുടെ മിശ്രിതം പല പ്രാവശ്യം പുരട്ടി (Keratoltysis) വിരലുകളിലും മറ്റുമുണ്ടാകുന്ന അരിമ്പാറ മാറ്റാനാകും.

ലിക്വിഡ് നൈട്രജൻ പോലുള്ള രാസപദാർഥങ്ങളുപയോഗിച്ചുള്ള ക്രയോസർജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചർമവും സ്വയം കൊഴിഞ്ഞു പോകും. ലേസർ ചികിത്സ, കാൻഡിഡ (Candida) കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിൻ എന്ന രാസപദാർഥം ഉപയോഗിച്ചു പൊള്ളിക്കൽ, ഇന്റർഫെറോൺ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കൽ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു. മുറിവേല്ക്കുന്ന ചർമം വിവിധ ചികിത്സാരീതികളിലൂടെ ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും അരിമ്പാറ പ്രത്യക്ഷപ്പെട്ടേക്കാം.

വെളുത്തുള്ളി, വിനാഗിരി, കോളിഫ്ളവർ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയിൽ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാൻ സഹായിക്കുന്നു.

25 ശ.മാ. അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു; 2-3 വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോകുന്നവയും അപൂർവമല്ല. അരിമ്പാറ വളരെ വേഗത്തിൽ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചർമത്തിൽ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകൾക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കിൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.


അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരിമ്പാറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരിമ്പാറ&oldid=3834657" എന്ന താളിൽനിന്ന് ശേഖരിച്ചത്