അരപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകോട് അരപ്പള്ളി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്‌തവ ദേവാലയമാണ് അരപ്പള്ളി എന്ന് അറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St. Mary’s Orthodox Syrian Church,Thiruvithamcode).

ചരിത്രം[തിരുത്തുക]

പള്ളിയുടെ പാർശ്വഭാഗത്ത് നിന്നുള്ള ദൃശ്യം

ക്രി പി 63-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ പള്ളി ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു. പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് സഭ തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Centre) ആയി പ്രഖ്യാപിക്കുകയും ചെയ്തു. [1] [2]

പേരിന് പിന്നിൽ[തിരുത്തുക]

അരപ്പള്ളിയുടെ ഉൾവശം

ഭാരതത്തിൽ സുവിശേഷം അറിയിക്കാനെത്തിയ തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിലെ അരപ്പള്ളിയായി പരിഗണിക്കുന്ന ദേവാലയമാണ് തിരുവിതാംകോടുള്ള ഈ പള്ളി. എന്നാൽ എന്തു കൊണ്ട് ഈ പള്ളി അരപ്പള്ളിയായി അറിയപ്പെടുന്നു എന്ന വിശദീകരണത്തിൽ അഭിപ്രായ ഐക്യമില്ല. മറ്റ് ഏഴു പള്ളികളുമായുള്ള താരതമ്യത്തിൽ ചെറിയ ദേവാലയമായതിനാലാണ് 'പകുതി' എന്നർത്ഥത്തിൽ അര എന്ന വിശേഷണം വന്നുവെന്നതാണ് ഒരു അഭിപ്രായം. എന്നാൽ 'രാജാവ്' എന്നർത്ഥമുള്ള അരചൻ എന്ന ദ്രാവിഡ പദത്തിൽ ഉള്ള അര , രാജകീയം എന്നർത്ഥത്തിൽ അരമന,അരയാൽ എന്നീ വാക്കുകളിലെപ്പോലെ ബഹുമാനസൂചകമായി ഇവിടെയും ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു അഭിപ്രായം. രാജാവിന്റെ അംഗീകാരത്തോടെയും പ്രത്യേക പരിഗണനയിലും പണി കഴിപ്പിച്ച ദേവാലയമായതിനാലാണ് ഈ സ്ഥാനം ലഭിച്ചതെന്നാണ് ഇതിന്റെ വിശദീകരണം. ജറുസലേമിൽ ശലോമോൻ രാജാവ് പണിയിച്ച ദേവാലയത്തിന്റെ കൃത്യം പകുതി അളവിലാണ് ഈ പള്ളിയുടെ നിർമ്മാണമെന്നും അതു കൊണ്ടാണ് അരപ്പള്ളി എന്ന് വിളിക്കുന്നതെന്നും വിശ്വസിക്കുന്നവരുമുണ്ട്.[3]

സ്ഥാനം[തിരുത്തുക]

തിരുവനന്തപുരത്ത് നിന്നും 54 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 34 കിലോമീറ്ററും നാഗർകോവിൽ നിന്ന് 20 കിലോമീറ്ററും അകലെയായി ഈ ദേവാലയം സ്ഥിതി ചെയ്യുന്നു. പത്മനാഭപുരം കൊട്ടാരവും ചിന്നമുട്ടം തുറുമുഖവും പള്ളിയുടെ സമീപപ്രദേശങ്ങളിലാണ്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി യാത്ര ദ്വൈമാസിക, സെപ്തം- ഒക്ടോ 2010 ലക്കം പേജ്82
"https://ml.wikipedia.org/w/index.php?title=അരപ്പള്ളി&oldid=3456280" എന്ന താളിൽനിന്ന് ശേഖരിച്ചത്