അമൂർത്തത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രൂപം അല്ലെങ്കിൽ ശരീരം ഇല്ലാത്ത അവസ്ഥയെയാണ് അമൂർത്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . കാലം, ദിക്ക്, ആത്മാവ്, ആകാശം, വായു തുടങ്ങിയ അമൂർത്തങ്ങൾ ഉദാഹരണങ്ങളാണ്. പദങ്ങളെ മൂർത്തപദങ്ങളെന്നും അമൂർത്തപദങ്ങളെന്നും രണ്ടായി തർക്കശാസ്ത്രത്തിൽ തരംതിരിച്ചിട്ടുണ്ട്. സ്ഥലങ്ങൾ, വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങൾ മൂർത്തപദങ്ങളാണ്. ഉദാ: ഒന്നാം ലോകയുദ്ധം മൂർത്തപദവും യുദ്ധം എന്ന പദം അമൂർത്തപദവും ആണ്. പ്രത്യേക വ്യക്തികളെയോ വസ്തുക്കളെയോ പറ്റി പ്രതിപാദിക്കാതെ അവയുടെ വിശേഷണങ്ങളെയോ ഗുണങ്ങളെയോ മാത്രം സൂചിപ്പിക്കുന്ന പദങ്ങൾ അമൂർത്തപദങ്ങളാണ്. ഉദാ: മാധുര്യം, കാഠിന്യം, സൌന്ദര്യം തുടങ്ങിയ പദങ്ങൾ യാതൊരു വസ്തുവിനേയും പ്രത്യേകം സൂചിപ്പിക്കുന്നില്ല. നേരിട്ട് കാണാനോ കേൾക്കാനോ കഴിയാത്ത വസ്തുക്കളെ സൂചിപ്പിക്കുന്ന പദങ്ങളേയും അമൂർത്തപദങ്ങൾ എന്നു പറയുന്നു.

അമൂർത്തം എന്ന പദം മറ്റൊരർഥത്തിൽകൂടി ഉപയോഗിക്കാം. ഒരു പദത്തെ അതുമായി ബന്ധപ്പെട്ട സമൂഹത്തിൽ നിന്ന് വേർപെടുത്തി പ്രതിപാദിക്കുമ്പോൾ ആ പദത്തെ അമൂർത്തപദമെന്ന് വിശേഷിപ്പിക്കാം. ഉദാ. മനുഷ്യൻ എന്നത് അമൂർത്തപദവും സമൂഹം എന്നത് ഈ അർഥത്തിൽ മൂർത്തപദവും ആകുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൂർത്തത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമൂർത്തത&oldid=1064173" എന്ന താളിൽനിന്ന് ശേഖരിച്ചത്