അമിതായുസ്സ്
അമിതായുസ്സ് അമാനുഷബുദ്ധന്മാരിൽ ഒരാളായിരുന്നു. അപരിമിതായുസ്സ് എന്നും പേരുണ്ട്. ഇന്ത്യയിൽ മധ്യകാലങ്ങളിൽ ഈ ദേവനെ ആരാധിച്ചിരുന്നു. മധ്യകാലങ്ങളിലെ ബൗദ്ധക്ഷേത്രാവശിഷ്ടങ്ങളിൽ അമിതായുസ്സിന്റെ നിരവധി വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. പതിമൂന്ന് ആഭരണങ്ങളണിഞ്ഞ് ജീവപ്രദായകമായ അമൃതം നിറച്ച പാത്രങ്ങളും കൈയിലേന്തി, കിരീടം ധരിച്ച രൂപത്തിലാണ് ആ വിഗ്രഹങ്ങൾ കാണപ്പെട്ടിട്ടുള്ളത്.
പശ്ചിമ പറുദീസ (സുഖാവതി എന്ന സ്വർഗം)യിൽ ധ്യാനത്തിലിരിക്കുന്ന അമിതാഭൻ എന്ന ബുദ്ധനിൽനിന്നാണ് അമിതായുസ്സിന്റെ ഉത്പത്തി എന്നു കരുതപ്പെടുന്നു. അമിതാഭന്റെ പേര് ഉച്ചരിക്കുകയും അമിതാഭനെ സ്മരിക്കുകയും ചെയ്യുന്നവർക്ക് പാപമോചനം ലഭിക്കുമെന്ന് ചിലരുടെ ഇടയിൽ ഒരു വിശ്വാസമുണ്ട്. ദീർഘായുസ്സ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് തിബത്തുകാർ ഈ ദേവനെ ആരാധിച്ചിരുന്നത്. അവിടെയുള്ള മിക്ക ക്ഷേത്രങ്ങളിലും അമിതായുസ്സിന്റെ വിഗ്രഹം ഉണ്ട്. വഴിയരികിലെ പാറകളിലും അമിതായുസ്സിന്റെ രൂപം കൊത്തിവച്ചിട്ടുള്ളതായി കാണാം. ഈ രൂപം ഏലസ്സുകളിലാക്കി ശരീരത്തിൽ ധരിക്കാറുമുണ്ട്.
അമിതാഭൻ എന്ന ബുദ്ധനെ ജപ്പാൻകാരിൽ ചിലർ അമിദാ എന്ന പേരിൽ ആരാധിച്ചുവരുന്നു. അമിതാഭന്'', അമൃതൻ, അമിതായുസ്സ് എന്നീ മൂന്നു അമിദാമാരെക്കുറിച്ച് ജപ്പാനിലെ ഐതിഹ്യങ്ങളിൽ പരാമർശമുണ്ട്. ജപ്പാനിലെ ഷിൻഷൂ, ജോഡോ-ഷു എന്നീ വർഗക്കാരാണ് ഈ ബുദ്ധനെ പ്രത്യേകമായി ആരാധിക്കുന്നത്.
അവലംബം
[തിരുത്തുക]- അമിതായുസ്സ്
- അനിതായുസ്സ് ചിത്രങ്ങൾ
- അമിതായുസ്സ് Archived 2011-01-14 at the Wayback Machine.
- അമിതായുസ്സ് Archived 2009-01-07 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിതായുസ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |