വടയോത്തിടം അഭിമന്യു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഭിമന്യു ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടയോത്തിടം അഭിമന്യു ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:കോഴിക്കോട് ജില്ല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::അഭിമന്യു

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലെ വടയോത്തിടത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വടയോത്തിടം അഭിമന്യു ക്ഷേത്രം[1][2]. അഭിമന്യുവിനുവേണ്ടി കേരളത്തിൽ നിലനില്ക്കുന്ന ഏക ക്ഷേത്രമാണ് ഇത്[1].

ഐതിഹ്യം[തിരുത്തുക]

ആക്കലിടം തറവാട്ടുവകയായിരുന്ന ഈ ക്ഷേത്രംആദ്യ കാലത്ത് വളരെ പ്രശസ്തിയാർജ്ജിച്ചിരുന്നു. കയ്യിൽ അമ്പും വില്ലുമേന്തി നിൽക്കുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച 3 അടി നീളമുള്ള അഭിമന്യു ദേവൻ്റെ വിഗ്രഹം കണ്ട് വണങ്ങി സായൂജ്യമടഞ്ഞവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. ചൂതുകളിയിൽ ശകുനിയുടെ ചതിയാൽ പരാജയപ്പെട്ട പാണ്ഡവർ വനവാസകാലത്ത് പടമുഖം എന്നറിയപ്പെട്ടിരുന്ന വടയം എന്ന സ്ഥലത്ത് കഴിഞ്ഞിരുന്നതായി ഐതിഹ്യങ്ങൾ പറയുന്നു.രാജ്യം നഷ്ടപ്പെട്ട പാണ്ഡവരോട് ബലരാമൻ്റെ ഭാര്യ രേവതിക്ക് മതിപ്പു കുറഞ്ഞു.ബലരാമൻ്റെ പുത്രിയായ വൽസലയും അഭിമന്യുവും സ്നേഹ ബദ്ധരായിരുന്നു. അവരെ വിവാഹത്തിലൂടെ ഒന്നാകുവാൻ സുഭദ്രയും രേവതിയും ആദ്യം തീരുമാനിച്ചതായിരുന്നു.എന്നാൽ രാജ്യം നഷ്ടപ്പെട്ട പാണ്ഡവ കുലത്തിൽ തൻ്റെ മകളെ കൊടുക്കാൻ പിന്നീട് രേവതി തയ്യാറായില്ല. അവളെ ദുര്യോധന പുത്രനായ ലക്ഷ്മണനെ കൊണ്ട് വിവാഹം ചെയ്യിക്കാൻ രേവതി ബലരാമനെക്കൊണ്ട് സമ്മതിപ്പിച്ചു.ഇതറിഞ്ഞ അഭിമന്യുവും മാതാവ് സുഭദ്രയും ദ്വാരകയിൽ നിന്നും പോയി.പക്ഷെ വത്സല അഭിമന്യുവിന് ലക്ഷ്മണൻ തന്നെ വിവാഹം ചെയ്താൽ അന്ന് ആത്മഹത്യ ചെയ്തു ജീവൻ വെടിയുമെന്ന ഒരു സന്ദേശം കൊടുത്തയച്ചു' വൽസലയെ എങ്ങിനെ രക്ഷിക്കണമെന്ന ചിന്തയോടെ അഭിമന്യു വനാന്തരങ്ങളിലൂടെ സഞ്ചരിച്ചു. ഒരു വനത്തിൽ വെച്ച് അഭിമന്യു ഘടോൽക്കചനെ കണ്ടുമുട്ടി' തങ്ങൾ സഹോദരങ്ങളാണ് എന്ന് പരസ്പരം അറിയാതെ അവർ യുദ്ധം ചെയ്തു. ആർക്കും ജയവും തോൽവിയും ഉണ്ടായില്ല.അഭിമന്യുവിൻ്റെ യുദ്ധപാടവം കണ്ട് ഘടോൽക്കചൻ അഭിമന്യുവിനോട് താങ്കൾ ആരാണെന്ന് ചോദിച്ചു. അപ്പോൾ അഭിമന്യു താൻ പാണ്ഡവരിൽ മധ്യമനായ അർജുനൻ്റ പുത്രൻ അഭിമന്യുമാണെന്ന് വെളിപ്പെടുത്തി. അപ്പോൾ ഘടോൽക്കചൻ താൻ പാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ്റെയും ഹിഡുംബിയുടെയും മകൻ ഘടോൽക്കചനാണെന്ന് പറയുകയും സന്തോഷം കൊണ്ട് പരസ്പരം പുണരുകയും ചെയ്തു. പിന്നീട് അഭിമന്യു തൻ്റെ മാതുലൻ്റെ മകൾ വത്സലയെ പറ്റി പറയുകയും വത്സലക്ക് എന്തേലും സംഭവിച്ചാൽ താനും പിന്നെ ജീവിക്കില്ലെന്നും പറഞ്ഞു. ഘടോൽക്കചൻ അഭിമന്യുവിനെ ആശ്വസിപ്പിക്കുകയും മാതാവായ ഹിഡുംബിയുടെ മുന്നിലേക്ക് അഭിമന്യുവിനെ കൊണ്ടുപോവുകയും ചെയ്തു.ഹിഡുംബി അഭിമന്യുവിനെ അനുഗ്രഹിക്കുകയും വത്സലയെ സ്വന്തമാക്കാൻ അഭിമന്യുവിനെ സഹായിക്കാൻ ഘടോൽക്കചനോട് പറയുകയും ചെയ്തു. ഘടോൽക്കചനും അഭിമന്യുവും ദ്വാരക ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിമധ്യേ അവർ അർജുനന് ഉലൂപി എന്ന നാഗകന്യയിൽ ജനിച്ച പുത്രൻ ഇരാവാനെ കണ്ടുമുട്ടി. ഇരാവാനും അവരുടെ ഒപ്പം ചേർന്നു ദ്വാരകയിലേക്ക് തിരിച്ചു. ദ്വാരകയിൽ വെച്ച് ഘടോൽക്കചൻ മായാ ശക്തിയാൽ അദൃശ്യനായി ആരും കാണാതെ വൽസലയുടെ അന്ത:പുരത്തിലെത്തി അഭിമന്യുവിനെ വൽസലയുടെ മുന്നിൽ വെച്ചു.വത്സല സന്തോഷത്താൽ അഭിമന്യുവിനെ പുണർന്നു. അവരുടെ സ്നേഹം കണ്ട ഘടോൽക്കചൻ ഒരുമായാവത്സലയെ ശൃഷ്ഠിച്ചു അന്തപുരത്തിൽ നിർത്തുകയും അഭിമന്യുവിനെയും വത്സലയേയും കൈകളിൽ പിടിച്ചു ആകാശമാർഗ്ഗം ദ്വാരക വിടുകയും ചെയ്തു. വത്സലയുടെ വിവാഹ ദിവസം കൗരവർ ദ്വാരകയിൽ എത്തുകയും ലക്ഷ്മണനും വത്സലയും തമ്മിലുള്ള വിവാഹത്തിന് ഒരുക്കങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ ശരിക്കുള്ള വത്സല ഘടോൽക്കചൻ്റ സഹായത്താൽ അഭിമന്യുവിനോടൊപ്പം പോയ കാര്യം ശ്രീകൃഷ്ണനാഴിച്ച് വേറെ ആർക്കും മനസ്സിലായിരുന്നില്ല. വിവാഹ വേദിയിൽ മായാവത്സല തനിക്ക് ദുര്യോധന പുത്രനെ വേണ്ടെന്ന് പറയുകയും ഇത് കേട്ട് കോപാകുലരായ ദുരോധനാദികൾ ദ്വാരകയിൽ നിന്നും പോവുകയും ചെയ്തു. കോപം കൊണ്ട് ജ്വലിച്ച ബലരാമനോട് ശ്രീകൃഷ്ണൻ മയത്തിൽ സംഭവിച്ച കാര്യങ്ങൾ പറയുകയും ക്രമേണ ബലരാമൻ്റെ കോപം മാറുകയും ചെയ്തു.വടയം എന്ന വനംനിറഞ്ഞസ്ഥലത്ത് വനവാസം ചെയ്യുകയായിരുന്ന പാണ്ഡവരുടെ അരികിലേക്ക് ഘടോൽക്കചൻ അഭിമന്യുവിനേയും വത്സലയേയും കൊണ്ടുവന്നു അവരോട് കഥകളൊക്കെ പറയുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം അവിടെ ശ്രീകൃഷ്ണനും ബലരാമനും വരികയും സന്തോഷത്തോടെ അഭിമന്യുവിൻ്റെയും വത്സലയുടെയും വേളി നടത്തുകയും ചെയ്തു. ആ സ്ഥലത്തിന് വേളിപറമ്പ് എന്ന പേര് വന്നു. (മുൻകുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. വടയം രാഘവൻ മാസ്റ്റർ വടയം എന്ന സ്ഥലത്തിൻ്റെ ഐതിഹ്യം എഴുതുകയുണ്ടായി. അതിൽ അഭിമന്യു ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ട് )പിന്നീട് ഭാരത യുദ്ധത്തിൽ ചതിയാൽ കൊല്ലപ്പെട്ട് വീരസ്വർഗം പൂകിയ അഭിമന്യു (പൂർവ്വജന്മത്തിൽ ചന്ദ്രന് രോഹിണിയിൽ പിറന്നവർച്ചസ് ) ദേവനായി മാറി. തൻ്റെ വേളികഴിഞ്ഞ വടയത്ത് വരികയും ഇവിടെ ഉണ്ടായിരുന്ന കിരാതമൂർത്തിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്ന സ്ഥലത്ത് നിലയുറപ്പിക്കുയും ചെയ്തു. അഭിമന്യുവിൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ അന്നത്തെ ആക്കലിടം തറവാട്ടുകാർ അഭിമന്യു ദേവനെ പഞ്ചലോഹ വിഗ്രഹത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. കാലാന്തരത്തിൽ   ക്ഷേത്രം നശിപ്പിക്കപ്പെടുകയും അഭിമന്യു ദേവൻ്റെവിലയേറിയ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു കടത്തികൊണ്ടു പോവുകയും ചെയ്തു. ക്ഷേത്രത്തെ സംരക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.എടക്കാട് ശ്രീ.വിജയൻ നമ്പ്യാർ, ഉള്ള്യേരി ശ്രീ.രാരിച്ചൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലും പിന്നിട് പയ്യന്നൂർ ശ്രീ. രാംകുമാർ പൊതുവാൾ, രഞ്ജിത്ത് നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലും ക്ഷേത്രസന്നിദ്ധിയിൽ രണ്ട് സ്വർണ്ണ പ്രശ്നങ്ങൾ നടത്തുകയുണ്ടായി.രണ്ട് സ്വർണ്ണ പ്രശ്നങ്ങളിലും "പടക്കളത്തിൽ ശത്രു സേനയോട് ധീരമായി പടപൊരുതി ചതിയാൽ കൊല ചെയ്യപ്പെട്ട വീരനായ ശ്രീ.അഭിമന്യുവാണ് "ക്ഷേത്രത്തിലെ മുഖ്യ ദേവനെന്ന്  ഉറപ്പു വരുത്തുകയുണ്ടായി.കൂടാതെ നായാട്ട് പരദേവത, ഗുളികൻ, , എന്നീ  ദേവൻമാരുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. അഭിമന്യു ക്ഷേത്രത്തോട് തൊട്ട് ചേർന്ന് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാൻ പരമേശ്വരനെ ആരാധിച്ചിരുന്ന പുരാതനമായ ഒരു മഠവും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ബ്രന്മശ്രീ.തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശപ്രകാരം പഴയ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം മാറ്റി പണിതു. നിയുക്ത ശബരിമല മേൽശാന്തി ശ്രീ. ജയറാം തിരുമേനിയാണ് ക്ഷേത്രത്തിനും ക്ഷേത്രതറകൾക്കും സ്ഥാനനിർണ്ണയം നടത്തിയിരിക്കുന്നത്. ക്ഷേത്രംതന്ത്രി അവർകളുടെ നിർദ്ദേശപ്രകാരം നാഗക്കാവിൽ ബ്രഹ്മശ്രീ.പാമ്പുമ്മേക്കാട്ട് വല്ലഭൻ തിരുമേനിയെക്കൊണ്ട് നാഗരാജാവിൻ്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠ നടത്തുകയുണ്ടായി.[അവലംബം ആവശ്യമാണ്]

ഉത്സവങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മാർച്ച് മാസത്തിലാണ് നടത്തിവരുന്നത്[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഉത്സവം: അഭിമന്യുക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കായി ഒരുങ്ങുന്നു". mathrubhumi. 2023-02-22. Archived from the original on 2023-04-29. ശേഖരിച്ചത് 2023-04-29.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "വടയോത്തിടം അഭിമന്യു ക്ഷേത്രോത്സവം സപ്ലിമെന്റ് പ്രകാശനം ചെയ്തു". keralakaumudi. 2023-03-01. Archived from the original on 2023-04-29. ശേഖരിച്ചത് 2023-04-29.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "വടയോത്തിടം അഭിമന്യുക്ഷേത്രംപുനഃപ്രതിഷ്ഠ ഇന്ന്". mathrubhumi. 2023-03-03. Archived from the original on 2023-05-02. ശേഖരിച്ചത് 2023-05-02.{{cite web}}: CS1 maint: bot: original URL status unknown (link)