അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ
അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ.jpg
അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ
ജനനം1881 ജൂൺ 16
മരണം1963 മാർച്ച് 8
ദേശീയതറഷ്യൻ

റഷ്യൻ മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്നു അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ. 1881 ജൂൺ 16 ന് റഷ്യയിലെ ഒരു ജൂതകുടുംബത്തിലായിരുന്നു ജനനം. 1905-ലെ വിപ്ലവത്തിനുശേഷം പ്ലെകാനോവിന്റേയും (Plekhanov) ബേൺ സർവകലാശാലയിൽ (University of Bern) നിന്നും ലഭിച്ച തത്ത്വചിന്താപരിശീലനത്തിന്റേയും സ്വാധീനത്താൽ ഇദ്ദേഹം ബോൾഷെവിസ (Bolshevism) ത്തിൽനിന്നും മെൻഷെവിസ(Menshevism)ത്തിലേക്ക് തിരിഞ്ഞു. ഈ കാലഘട്ടത്തിൽ ഇദ്ദേഹം മാർക്സിസ്റ്റു വീക്ഷണങ്ങളുള്ള ലേഖനങ്ങൾ എഴുതിത്തുടങ്ങി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു ചുവടുമാറ്റം[തിരുത്തുക]

1917-ൽ ഡെബോറിൻ മെൻഷെവിസം ഉപേക്ഷിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. ഇദ്ദേഹം സോവിയറ്റ് മാർക്സിസ്റ്റ് തത്ത്വചിന്തയുടെ പ്രധാന വക്താവായിത്തീർന്നു. ഇദ്ദേഹത്തിന് അധ്യാപകന്റേയും പത്രാധിപരുടേയും മറ്റും ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനുണ്ടായിരുന്നു. 1928-ൽ ഇദ്ദേഹത്തിനു പാർട്ടിയിൽ അംഗത്വം ലഭിച്ചു. 1929-ൽ ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഒരു സമ്മേളനം നടന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന് അർധ-ഔപചാരിക പദവി ലഭിക്കുവാൻ ഈ സമ്മേളനം സഹായകമായി. എന്നാൽ ഒരു വർഷത്തിനുശേഷം ഡെബോറിന്റെ വീക്ഷണങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്കു വിധേയമായി.

മെൻഷെവൈസിങ്ങ് ഐഡിയലിസം[തിരുത്തുക]

സ്റ്റാലിനിസ്റ്റ് വീക്ഷണങ്ങളുള്ള ചെറുപ്പക്കാരായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വിമർശകർ. ഇവരിൽ പലരും ഇദ്ദേഹത്തിന്റെ പൂർവശിഷ്യന്മാരുമായിരുന്നു. ഡെബോറിന്റെ സിദ്ധാന്തങ്ങളെ സ്റ്റാലിൻ, മെൻഷെവൈസിങ്ങ് ഐഡിയലിസം എന്നു വിശേഷിപ്പിച്ചു. തത്ത്വചിന്തയെ പ്രവൃത്തികളിൽ നിന്നും വേർപ്പെടുത്തുന്നതിനെ പരിഹസിച്ചാണ് ഈ പേര് നൽകിയത്. ക്രമേണ ഡെബോറിന് തന്റെ പ്രധാനപ്പെട്ട പദവികളിൽ നിന്നും മാറിനിൽ ക്കേണ്ടിവന്നു. 1931 മുതൽ 53-ൽ സ്റ്റാലിൻ നിര്യാതനാവുന്നതുവരേയും ഡെബോറിൻ പുതിയ ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. ഈ കാലയളവിൽ ഇദ്ദേഹം അക്കാദമി ഒഫ് സയൻസിന്റെ ഭരണകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു. സ്റ്റാലിന്റെ മരണത്തിനുശേഷം ഡെബോറിൻ വീണ്ടും പ്രസിദ്ധീകരണ രംഗത്തു സജീവമായിത്തുടർന്നു. സാമൂഹ്യചിന്തയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു കൃതിയുടെ രണ്ടു വാല്യങ്ങൾ ഇദ്ദേഹം പൂർത്തിയാക്കി.

മാർക്സിസ്റ്റു തത്ത്വചിന്തയ്ക്ക് വ്യാഖ്യാനം[തിരുത്തുക]

ഡെബോറിൻ ഹെഗലിനെ ആസ്പദമാക്കിയാണ് മാർക്സിസ്റ്റു തത്ത്വചിന്തയ്ക്ക് വ്യാഖ്യാനം നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഖണ്ഡന രീതികൾ വളരെ ശ്രദ്ധേയമാണ്. ഡെബോറിന്റെ ഖണ്ഡനവാദങ്ങൾ മുഖ്യമായും മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച ചിന്തകരെ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. മാർക്സിസത്തിൽ മാക് (Mach)ന്റേയും ഫ്രോയിഡ് (Froid)ന്റേയും മറ്റും ആശയങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചവരെ ഇദ്ദേഹം വിമർശിച്ചു. ഇദ്ദേഹത്തിന്റെ ഖണ്ഡനവാദങ്ങൾ ചിലപ്പോഴൊക്കെ മാർക്സിസ്റ്റിതര തത്ത്വചിന്തകരെയും ലക്ഷ്യമാക്കിയിരുന്നു.

സ്റ്റാലിന്റെ ആജ്ഞൾക്കെതിരെ വൈമുഖ്യം[തിരുത്തുക]

സോവിയറ്റ് മാർക്സിസ്റ്റുകളുടെ ഇടയിൽ നിലനിന്നിരുന്ന യാന്ത്രിക ഭൗതികവാദവും പോസിറ്റിവിസവും തെറ്റാണെന്നും മാർക്സിസ്റ്റു വിരുദ്ധമാണെന്നും ഡെബോറിൻ വാദിച്ചു. 1929 ഏപ്രിലിൽ ചേർന്ന ദ് സെക്കൻഡ് കോൺഫറൻസ് ഒഫ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സ്കോളർലി ഇൻസ്റ്റിറ്റ്യൂഷൻസ് (The Second Conference of Marxist-Leninist Scholarly Institutions) ഡെബോറിന്റെ വാദം അംഗീകരിച്ചു. തത്ത്വചിന്താപരമായ സിദ്ധാന്തങ്ങളെ കോൺഫറൻസുകളുടെ തീരുമാനങ്ങൾ വഴി അംഗീകരിക്കുന്ന സംഭവങ്ങളുടെ പട്ടികയിൽ ഇത് ആദ്യത്തേതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ആയിരുന്നു തത്ത്വചിന്തയിലെ പരമമായ സത്യത്തിനു അംഗീകാരം നൽകേണ്ടിയിരുന്നത്. ഹെഗലിന് നൽകിയ പ്രാധാന്യവും സ്റ്റാലിന്റെ ആജ്ഞകളെ പാലിക്കുവാൻ ഡെബോറിൻ പ്രകടിപ്പിച്ച വൈമുഖ്യവും വിമർശനവിധേയമായി. സെൻട്രൽ കമ്മിറ്റിയുടെ താത്പര്യങ്ങളനുസരിച്ചുവേണം തത്ത്വചിന്തകർ നീങ്ങേണ്ടത് എന്ന സ്റ്റാലിന്റെ നിർദ്ദേശത്തെ ഡെബോറിൻ പരസ്യമായി ഒരിക്കലും എതിർത്തിട്ടില്ല. എന്നാൽ അവ അംഗീകരിക്കുവാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. 1963 മാർച്ച് 8 ന് ഡെബോറിൻ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെബോറിൻ, അബ്രാമ് മോയ്സീവിച്ച് (1881 - 1963) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.