അബൂ ജഹ്ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയായ പേര് അബുൽഹകം അംറ് ബിൻഹിഷാം എന്നാണ്. ഖുറൈഷിഗോത്രത്തിന്റെ ഒരു ശാഖയായ മൿസൂം കുടുംബത്തിലാണ് ജനനം. ഈ കുടുംബത്തിലെ പ്രമുഖന്മാരെല്ലാം നബിയുടെ ശത്രുക്കളായിരുന്നു. മറ്റു പലതിനും പുറമേ അവരുടെ എതിർപ്പിനു പ്രധാനകാരണം വ്യക്തിവിരോധവും കുടുംബമത്സരവുമായിരുന്നു. മക്കയിലെ പ്രഭുകുടുംബത്തിൽ ജനിച്ച അബൂ ജഹലിന്, അടിമകളും ഏഴകളും നിറഞ്ഞ പ്രവാചകന്റെ അനുയായിവൃന്ദത്തോടു പുച്ഛമായിരുന്നു. ഒരു സ്ത്രീയെ വധിച്ചതടക്കം ക്രൂരമായ ഹിംസയ്ക്ക് ഇദ്ദേഹം മുസ്ളിങ്ങളെ വിധേയരാക്കി. അബൂ ജഹലിന്റെ ധിക്കാരത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പല സൂക്തങ്ങളും ഖുർ ആനിൽ ഉണ്ട് (96: 6-18). പ്രവാചകനെതിരെ ഖുറൈഷികൾ നടപ്പിലാക്കിയ സാമൂഹികബഹിഷ്കരണത്തിന് അബൂ ജഹൽ നേതൃത്വം കൊടുത്തു. പ്രവാചകനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും അതു ഖുറൈഷി പ്രമാണിമാരെക്കൊണ്ട് അംഗീകരിപ്പിച്ചതും ബദർ യുദ്ധത്തിൽ നബിക്കെതിരായി മക്കൻ സൈന്യത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു. പക്ഷേ, ഈ യുദ്ധത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു (624). തന്റെ കാലത്തെ ഫറോവ് എന്നാണ് പ്രവാചകൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. വാചാലനും തന്ത്രജ്ഞനും പ്രമാണിയുമായിരുന്ന അബു ജഹലിന്റെ മരണത്തെ വിഷയമാക്കി പല വിലാപകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അബൂ_ജഹ്ൽ&oldid=2667420" എന്ന താളിൽനിന്ന് ശേഖരിച്ചത്