അനോക്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരകലകളിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥയാണ് അനോക്സിയ. കലകൾക്ക് ഓക്സിജൻ നിഷേധിക്കപ്പെടുമ്പോൾ അവയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു. അനോക്സിയ നീണ്ടുനിന്നാൽ അത് കലകളുടെ നാശത്തിനും ജീവിയുടെ മരണത്തിനു തന്നെയും ഇടയാക്കിയേക്കും. കോശ-ഉപാപചയത്തിന് ഓക്സിജൻ അനുപേക്ഷണീയമാണ്. കോശങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. ശ്വാസകോശങ്ങളിലെ വായുകോശങ്ങളിലൂടെയാണ് ഓക്സിജൻ ഹീമോഗ്ലോബിനുമായി സംയോജിക്കുന്നത്. ഹീമോഗ്ലോബിനുമായി സംയോജിക്കുന്ന ഓക്സിജന്റെ അളവ്, ശ്വസനവായുവിലെ ഓക്സിജൻ മർദം, വായുകോശഭിത്തികളുടെ ആരോഗ്യാവസ്ഥ, ഹീമോഗ്ലോബിൻ സാന്ദ്രത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. അനോക്സിയയെ അഞ്ചു തരത്തിൽ വിഭജിക്കാം.

അനോക്സിക് അനോക്സിയ[തിരുത്തുക]

ശരീരത്തിൽ ചംക്രമണം ചെയ്യുന്ന ധമനീരക്തത്തിൽ ഓക്സിജൻ മർദം കുറവായിരിക്കുന്ന അവസ്ഥ. ഇതിന് ഒരു നല്ല ഉദാഹരണം ഉയരം കൂടിയ പ്രദേശങ്ങളിൽ ഉണ്ടാകുന്നതരം അനോക്സിയയാണ്. ഔന്നത്യം കൂടുന്തോറും അന്തരീക്ഷത്തിലെ ഓക്സിജൻ മർദം കുറഞ്ഞുവരുന്നു. തന്മൂലം ശ്വസനവായുവിലെയും വായുകോശങ്ങളിലെയും ഓക്സിജൻമർദം കുറയുന്നു. ശ്വാസകോശങ്ങളിൽ രക്തത്തിന്റെ ഓക്സിജൻ സംയോജനം പൂർണമാകുന്നില്ല. ഈ രക്തത്തിന്റെ ചംക്രമണംകൊണ്ട് കോശങ്ങൾക്കു വേണ്ടിടത്തോളം ഓക്സിജൻ ലഭിക്കാതെ വരികയും ഓക്സിജൻ-ന്യൂനത ഉണ്ടാകുകയും ചെയ്യുന്നു.

ഉന്നതമേഖലകളിൽ എത്തുമ്പോൾ ഉണ്ടാകുന്ന അനോക്സിയയുടെ ലക്ഷണം ആ ഔന്നത്യത്തിലേക്ക് എത്താൻ എടുക്കുന്ന സമയവേഗത്തെ ആശ്രയിച്ചിരിക്കുന്നു. വൈമാനികരെപ്പോലെ വളരെ പെട്ടെന്ന് ഉന്നതമേഖലകളിൽ എത്തുകയാണെങ്കിൽ രോഗത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നവയും തീവ്രവും ആയിരിക്കും. ക്രമേണയാണ് ഔന്നത്യത്തിൽ എത്തുന്നതെങ്കിൽ രോഗലക്ഷണങ്ങൾ പൊതുവേ ലഘുവോ മിതമോ ആയിരിക്കും. ഔന്നത്യത്തിൽ എത്തി കുറച്ചു മണിക്കൂറുകൾക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. താഴെ പറയുന്നവയാണ് പ്രധാന ലക്ഷണങ്ങൾ.

മസ്തിഷ്ക സംബന്ധിയായവ[തിരുത്തുക]

തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികമാന്ദ്യം, വിവേചനശക്തി നഷ്ടപ്പെടുക, ഓർമപ്പിശകുണ്ടാകുക, മാനസികക്കുഴപ്പം അനുഭവപ്പെടുക എന്നിവ തൊട്ട് അബോധാവസ്ഥ വരെ ഉണ്ടായേക്കാം.

ഹൃദയസംബന്ധിയായവ[തിരുത്തുക]

നെഞ്ചുവേദന, നെഞ്ചിടിപ്പ്, ഹൃദയസ്പന്ദനത്തിലെ ക്രമക്കേടുകൾ തുടങ്ങിയവ.

രക്തചംക്രമണസംബന്ധിയായവ[തിരുത്തുക]

കൈകാലുകൾക്കു തണുപ്പ്, വിങ്ങൽ, നീലിമ എന്നിവ.

ശ്വസനസംബന്ധിയായവ[തിരുത്തുക]

ചെറിയ അധ്വാനം കൊണ്ടുപോലും ഉണ്ടാകുന്ന ശ്വാസവിമ്മിട്ടം.

പചന സംബന്ധിയായവ[തിരുത്തുക]

ഓക്കാനം, ഛർദി, വിശപ്പില്ലായ്മ ആദിയായവ.

പ്രതിവിധി[തിരുത്തുക]

ഓക്സിജൻ നല്കുകയോ, രോഗിയെ ഓക്സിജൻ മർദം കൂടിയ മേഖലകളിലേക്കു മാറ്റുകയോ ചെയ്താൽ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകും. പര്യാനുകൂലനം കൊണ്ട് ഈ അസുഖങ്ങൾ ഒഴിവാക്കാവുന്നതാണ്.

രക്തത്തിലേക്കുള്ള ഓക്സിജൻ സംക്രമണത്തെ വിഘാതപ്പെടുത്തുന്ന ശ്വാസകോശരോഗങ്ങളിലും അനോക്സിക് അനോക്സിയ ഉണ്ടാകാം.

അനീമിക് അനോക്സിയ[തിരുത്തുക]

ശ്വസനവായുവിൽ ഓക്സിജൻ വേണ്ടിടത്തോളം ഉണ്ടെങ്കിലും രക്തത്തിലെ ഹീമോഗ്ലോബിന്റെ ന്യൂനതകൊണ്ടുണ്ടാകുന്നതരം അനോക്സിയയാണ് അനീമിക് അനോക്സിയ. ഗുരുതരമായ അനീമിയയിൽ ഓക്സിജൻ വാഹക ഹീമോഗ്ലോബിൻ വളരെ കുറവായിരിക്കും. തന്മൂലം കോശങ്ങൾക്കു വേണ്ടത്ര ഓക്സിജൻ എത്തിക്കാൻ കഴിയാതെ വരുന്നു. ഹീമോഗ്ലോബിൻ ന്യൂനത ആകസ്മികമായി ഉണ്ടാകുമ്പോഴാണ് (തീവ്രരക്തസ്രാവത്തിലെന്നപോലെ) അനോക്സിയ കൂടുതലും പ്രകടമാകുന്നത്.

ഹീമോഗ്ലോബിന്റെ വൈകല്യങ്ങൾകൊണ്ടും ഇതുണ്ടാകാം. ഇത്തരം ക്രമക്കേടുകൾ മൂലം ഹീമോഗ്ലോബിന് ഓക്സിജൻ വഹിക്കാൻ കഴിവില്ലാതെ വരികയും അനോക്സിയ ഉണ്ടാകുകയും ചെയ്യുന്നു. കാർബൺമോണോക്സൈഡ് വൈകല്യങ്ങൾ മെത്ഹീമോഗ്ലോബിനീമിയ, സൽഫ്ഹീമോഗ്ലോബിനീമിയ എന്നിവയിലാണ് കണ്ടുവരുന്നത്.

ഹിസ്റ്റോടോക്സിക് അനോക്സിയ[തിരുത്തുക]

രക്തത്തിൽ ആവശ്യമായ അളവിലും മർദത്തിലും ഓക്സിജൻ ഉണ്ടെങ്കിലും കോശപ്രോട്ടോപ്ലാസത്തിന്റെ വൈകല്യം കൊണ്ട് ഉണ്ടാകുന്നതരം അനോക്സിയ. പ്രോട്ടോപ്ലാസത്തിന്റെ വൈകല്യം കാരണം കോശങ്ങൾക്ക് ഓക്സിജൻ സ്വീകരിക്കാനോ ഉപയോഗിക്കാനോ കഴിയാതെവരുന്നു. സയനൈഡ്, സ്വാപകൌഷധങ്ങൾ, ചില നിശ്ചേതകൌഷധങ്ങൾ തുടങ്ങിയവ കോശശ്വസനത്തെ മന്ദീഭവിപ്പിക്കുന്നവയാണ്.

നിശ്ചല-അനോക്സിയ[തിരുത്തുക]

രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണമായിരിക്കുകയും എന്നാൽ കോശങ്ങളിലൂടെയുള്ള കാപ്പില്ലറി രക്തചംക്രമണം മന്ദമാകുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന തരം അനോക്സിയയാണ് നിശ്ചല-അനോക്സിയ. ഇത് വ്യാപകമോ സ്ഥാനികമോ ആകാം. ഹൃദ്രോഗം മൂലം ഹൃദയം വേണ്ടിടത്തോളം രക്തം പമ്പ് ചെയ്യാതിരിക്കുക, സിരീയ-രക്തചംക്രമണം മന്ദീഭവിക്കുക, ഷോക്ക് ലഭിക്കുക എന്നീ അവസ്ഥകളിൽ ഇത്തരം അനോക്സിയ ഉണ്ടാകാം.

സ്ഥാനിക അനോക്സിയ[തിരുത്തുക]

ശരീരത്തിന്റെ ഒരു പ്രത്യേക സ്ഥാനത്തേക്കോ അവയവത്തിലേക്കോ ഉള്ള രക്തചംക്രമണം തടസ്സപ്പെടുന്നതുകൊണ്ടുണ്ടാകുന്ന അനോക്സിയയാണ് സ്ഥാനിക അനോക്സിയ. രക്തവാഹികൾക്ക് സങ്കോചം സംഭവിക്കുന്നതുകൊണ്ടോ, അവ അടഞ്ഞുപോകുന്നതുകൊണ്ടോ ആണ് ഇതുണ്ടാകുക. ഉദാ. മസ്തിഷ്കധമനികളിലെ സെറിബ്രൽ അനോക്സിയ.

കെയ്സൺ രോഗം.[തിരുത്തുക]

വർധിച്ച അന്തരീക്ഷമർദത്തിൽ കഴിയേണ്ടിവരുന്നവർ (ഉദാ. മുങ്ങൽ വിദഗ്ദ്ധർ, ഖനിത്തൊഴിലാളികൾ) സാധാരണ അന്തരീക്ഷമർദത്തിലേക്ക് പെട്ടെന്നു പോരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് കെയ്സൺ രോഗം. വർധിച്ച അന്തരീക്ഷമർദത്തിൽ നൈട്രജൻ ശരീരകലകളിൽ ലയിച്ചുചേരുന്നു. അന്തരീക്ഷമർദം പെട്ടെന്നു കുറയുമ്പോൾ ഈ നൈട്രജൻ ശരീരകലകളിൽ കുമിളകളുണ്ടാക്കുകയും രോഗലക്ഷണം കാണിക്കയും ചെയ്യുന്നു. തലവേദന, തലകറക്കം, കൈകാലുകളിലും സന്ധികളിലും വേദന, പക്ഷവാതം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ പെട്ടെന്നു മരണം സംഭവിക്കാം. സാധാരണ മർദത്തിലേക്കുള്ള തിരിച്ചുവരവ് ക്രമേണയായിരുന്നാൽ കലകളിൽ ലയിച്ചിരിക്കുന്ന നൈട്രജൻ രക്തത്തിൽ ലയിക്കുന്നു. അതിനാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ല.

9150 മീറ്ററിൽ കൂടുതൽ ഉയരത്തിലേക്ക് പെട്ടെന്നു പറന്നുയരുന്ന വൈമാനികരിലും ഇതുപോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. മർദം കുറഞ്ഞ ഒരന്തരീക്ഷത്തിൽ വളരെ പെട്ടെന്ന് എത്തുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ഇതിനെ വിസമ്മർദരോഗം എന്നു വിളിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനോക്സിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനോക്സിയ&oldid=3256618" എന്ന താളിൽനിന്ന് ശേഖരിച്ചത്