അനിലാ ജേക്കബ്
അനിലാ ജേക്കബ് | |
---|---|
ജനനം | കോട്ടയം |
കേരളീയ ശില്പകലാവിദഗ്ദ്ധയാണ് അനിലാ ജേക്കബ്. 1941 ജൂൺ 10-ന് കോട്ടയത്തു ജനിച്ചു. ആധുനിക മലയാള ഗദ്യശൈലിക്കു രൂപംനൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയാണ് അനില.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ കോളജ് ഒഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേർന്ന് ഒന്നാംക്ലാസ്സിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. കെ.സി.എസ്. പണിക്കരാണ് ഇവരുടെ പ്രധാന ഗുരു. ചെറുപ്പം മുതൽ അനില ചിത്രകലയിൽ തത്പരയായിരുന്നു. കോട്ടയം ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാമത്സരത്തിൽ കുട്ടി ആയിരിക്കുമ്പോൾതന്നെ അനിലയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ബന്ധപ്പെടാതെ, സ്വതന്ത്രമായി ശില്പങ്ങൾ രചിക്കുവാനാണ് അനില ഇഷ്ടപ്പെടുന്നത്. 1963-ൽ വാഷിങ്ടൺ ഡി.സി.യിൽ നടന്ന ചീനകളിമൺശില്പകലാപ്രദർശനത്തിൽ അനില പങ്കെടുത്തു. 1964-ൽ മദ്രാസിലെ ആർട്ടിസ്റ്റ്സ് ഹാൻഡിക്രാഫ്റ്റ് യൂണിയന്റെ സമ്മാനം നേടി. 1965-ൽ അനിലയ്ക്ക് ശില്പകലയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു. മദ്രാസ്സിലെ ലളിതകലാ അക്കാദമിയുടെ അവാർഡിനും ഇവർ 1968-ൽ അർഹയായിട്ടുണ്ട്.
ജപ്പാനിൽവച്ചു നടന്ന എക്സ്പോ 70-ൽ ഇന്ത്യാഗവൺമെന്റ് അനിലയുടെ മൂന്നും ഒന്നിൽ എന്ന ശില്പം പ്രദർശിപ്പിക്കുകയുണ്ടായി. പരേതനായ ലഫ്. കേണൽ ഗോദവർമരാജായുടെ ഒരു വെങ്കലപ്രതിമ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിനുവേണ്ടി ശ്രീമതി അനിലാ ജേക്കബ് നിർമിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിലെ അംഗമാണ് ഇവർ.
പുറംകണ്ണി
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനിലാ_ജേക്കബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |