Jump to content

അനത്തോളിയൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂവ്യൻ ഭാഷ സംസാരിക്കുന്ന ഏരിയ
അനത്തോളിയൻ ഭാഷകൾ സംസാരിക്കുന്ന ഏരിയ

അനത്തോളിയ, എന്നുകൂടി പേരുള്ള പുരാതന ഏഷ്യാമൈനറിൽ സംസാരിക്കപ്പെട്ടിരുന്ന ഭാഷകളെ അനത്തോളിയൻ ഭാഷകൾ എന്നു പറയുന്നു. ഗ്രീക് ഭാഷയുടെ അധീശത്വം ആരംഭിക്കുന്ന എ.ഡി. ഒന്നാം നൂറ്റാണ്ടു വരെ ഇവയ്ക്കു പ്രചാരം ഉണ്ടായിരുന്നു. അനത്തോളിയൻ ഭാഷകളെപ്പറ്റിയുള്ള വിവരങ്ങൾ ഏറിയകൂറും ഗ്രീസിൽ നിന്നാണ് ലഭിക്കുന്നത്. ഈജിപ്റ്റിലും മെസൊപ്പൊട്ടോമിയയിലും നിലവിലിരുന്ന ഒരു സമ്പുഷ്ട സംസ്കാരത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന ഈ ഭാഷകളെപ്പറ്റിയുള്ള നിരവധി രേഖകൾ പുരാവസ്തു ഗവേഷണം മൂലം വെളിച്ചത്തു വന്നിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

അതിപ്രാചീനമായ ഒരു ചരിത്രമാണ് അനത്തോളിയയ്ക്കുള്ളത്. ബി.സി. 3000-ത്തോടടുത്ത് മെസൊപ്പൊട്ടോമിയയിലെ അക്കേദിയൻ ആക്രമണകാരികൾ സുമേറിയൻ ഭാഷയുടെ ആദിരൂപത്തെ തങ്ങളുടെ സ്വന്തം ഭാഷയായി ഉപയോഗിച്ചുപോന്നിരുന്നുവെന്നതിനു തെളിവുകളുണ്ട്. ഈ ആദിരൂപം അനത്തോളിയൻ ഭാഷകളിൽ പ്രകടമായിക്കാണാം. അതിപ്രാചീനമായ ഒരു സംസ്കാരത്തിന്റെയും ഭാഷയുടെയും പ്രാഗ്‌രൂപം അനത്തോളിയയിലെ പുരാവസ്തു ശേഖരത്തിൽ കണ്ടെത്താൻ കഴിയും. ഇവയിൽ അനത്തോളിയൻ ഭാഷകളുടെ അസംസ്കൃതരൂപവും പ്രതിഫലിക്കുന്നുണ്ട്.

ഇന്തോ-യൂറോപ്യൻ ഭാഷകൾ

[തിരുത്തുക]

ബി.സി. 20-ആം നൂറ്റാണ്ടിൽ അനത്തോളിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്നു. കാക്കസസ് പ്രദേശങ്ങളിൽ നിന്ന് മെസൊപ്പൊട്ടോമിയയിലേക്ക് വന്ന ഇന്തോ-യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്ന ഹിറ്റൈറ്റുകൾ എന്ന ആക്രമണകാരികളുമായുള്ള സമ്പർക്കംമൂലം അക്കാലത്ത് പുതിയൊരു ചിത്രലിപി രൂപം കൊള്ളുവാനിടവന്നു. മധ്യ ഏഷ്യാമൈനറിലെ കനെഷ എന്ന സ്ഥലത്തുള്ള പുരാതന അസ്സീറിയൻ വാണിജ്യസംഘത്തിന്റെ രേഖകളിൽനിന്ന് അനത്തോളിയൻ ഭാഷയുടെ ഏറ്റവും പ്രാചീനമായ സ്വരൂപം മനസ്സിലാക്കുവാൻ സാധിക്കുന്നു. ഉയർന്ന നിലവാരം പുലർത്തുന്ന സാർവജനീനമായ അനത്തോളിയൻ ഭാഷയ്ക്ക് രൂപംനല്കിയത് ഹിറ്റൈറ്റുകൾ തന്നെയാണ്. ബി.സി. ഒൻപതു മുതൽ ഏഴു വരെയുള്ള നൂറ്റാണ്ടുങ്ങളിൽ കസൈറ്റുകൾ എന്ന ആക്രമണകാരികൾ അനത്തോളിയൻ പ്രദേശത്തു കടന്നപ്പോൾ ഇന്തോ-യൂറോപ്യൻ അർമീനിയൻ ഭാഷാഗോത്രവുമായി ബന്ധപ്പെട്ട അവരുടെ ഭാഷ അനത്തോളിയൻ ഭാഷകളെ വളരെ സ്വാധീനിക്കുകയുണ്ടായി. അനത്തോളിയൻ ഭാഷകളുടെ ശബ്ദസമുച്ചയത്തെ വികസിപ്പിക്കുവാൻ ഈ ഭാഷാ സമ്പർക്കം വളരെ സഹായകമായിത്തീർന്നു.

സങ്കരഭാഷ

[തിരുത്തുക]

ഹിറ്റൈറ്റ് സാമ്രാജ്യത്തിലെ പുരാവസ്തുക്കൾ പരിശോധിച്ചപ്പോൾ, ഹിറ്റൈറ്റ്, അക്കേദിയൻ, ഹൂറിയൻ എന്നീ ഭാഷകളുടെ സങ്കലിത രൂപമുള്ള പല രേഖകളും കണ്ടെത്തുവാൻ സാധിച്ചു. പ്രാകൃത ദേവതകളെ ആരാധിക്കുമ്പോൾ ചൊല്ലാനുപയോഗിച്ചിരുന്ന മന്ത്രങ്ങളും കീർത്തനങ്ങളും ഖറ്റീഷ് ഭാഷയിലാണ് രചിക്കപ്പെട്ടിരുന്നതെന്ന് തെളിയിക്കുന്ന പല ലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഹത്തുസാസിനു വടക്കുപടിഞ്ഞാറുള്ള പലാ പ്രവിശ്യയിൽ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രവുമായി അടുപ്പമുള്ള ഒരു ഭാഷ വ്യവഹാരത്തിലിരുന്നതായി രേഖകളുണ്ട്. ഇതിനെ പലാ ഭാഷ എന്നു പറയുന്നു. ഈ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ലൂവ്യൻ എന്നും ലൂയിഷ് എന്നും പേരുള്ള മറ്റൊരു ഭാഷകൂടെ സംസാരിക്കപ്പെട്ടിരുന്നുവെന്ന് പുരാവസ്തുഗവേഷണത്തിൽനിന്ന് വ്യക്തമാകുന്നു. ഹിറ്റൈറ്റ്, പലാ, ലൂയിഷ്, ഖറ്റിഷ് തുടങ്ങിയവ അനത്തോളിയൻ ഭാഷാ സമൂഹത്തിലെ മുഖ്യ ഭാഷകളാണ്. ബി.സി. 1200-ഓടുകൂടി ഹിറ്റൈറ്റ് സാമ്രാജ്യം തകരുകയും അവരുടെ കേന്ദ്രശക്തി ശിഥിലമാവുകയും ചെയ്തപ്പോൾ, മാറിമാറി വന്ന രാഷ്ട്രീയ പരിതഃസ്ഥികൾ തദ്ദേശഭാഷകളിലും ചില പരിവർത്തനങ്ങൾ വരുത്തി. പുതിയ ജനങ്ങളുടേയും ഭാഷകളുടേയും പരസ്പര സമ്പർക്കംമൂലം പല അനത്തോളിയൻ ഭാഷകളിലും ചിത്രലിപികളുടെ സ്ഥാനത്ത് അക്ഷരമാലകൾ രൂപംകൊണ്ടത് ഇക്കാലത്താണ്. ചക്രവർത്തിമാരുടെ സ്മാരകമന്ദിരങ്ങളിൽ കൊത്തിവച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ ഈ നൂതന ലിപിരൂപങ്ങൾ കണ്ടെത്താൻ കഴിയും.

ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം, അനത്തോളിയയുടെ പ്രാധാന്യം ദക്ഷിണഭാഗങ്ങളിൽ വ്യാപിക്കുവാൻ തുടങ്ങി. ഈജിയയിലേയും പടിഞ്ഞാറേ ഏഷ്യാമൈനറിലേയും ഭാഷകൾക്കും ഹിറ്റൈറ്റ് ഭാഷകൾക്കും തമ്മിൽ ദൃഢ സമ്പർക്കമുണ്ടായിരുന്നുവെന്ന് ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ നിരവധി സ്ഥലനാമങ്ങളിൽ നിന്നു വ്യക്തമാകുന്നു.

ഗ്രീക് അക്ഷരമാല പ്രയോഗത്തിൽ

[തിരുത്തുക]

ബി.സി. 750-ഓടുകൂടി ഈജിയൻ പ്രദേശത്തും അനത്തോളിയൻ പ്രദേശത്തും ഗ്രീക് അക്ഷരമാല പ്രയോഗത്തിൽ വന്നതു നിമിത്തം അനത്തോളിയൻ ഭാഷയിലും ഒരു പുതിയ ലിപിമാല രൂപം കൊള്ളുവാൻ തുടങ്ങി. അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും ഈ നൂതന ലിപികൾ ഉപയോഗിച്ചിരുന്നു. ഈ പുതിയ ലിപിമാല ഏഷ്യാമൈനറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇയോണിയൻ ഗ്രീക് കോളനികളിലും വ്യാപിച്ചു. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം ഇന്തോ-യൂറോപ്യൻ ആക്രമണങ്ങളുടെ ഫലമായി മധ്യ അനത്തോളിയയിൽ രൂപംകൊണ്ട ഫ്രിജ്യാ എന്ന രാജ്യം ബി.സി. ഏഴാം ശ.-ത്തോടുകൂടി നാമാവശേഷമായി. ഇന്തോ-യൂറോപ്യനുമായി വളരെ അടുപ്പമുള്ള ഫ്രിജ്യൻ ഭാഷയിൽ എഴുതപ്പെട്ട പല ശിലാലേഖനങ്ങളും ആ രാജ്യത്തിന്റെ വകയായി ലഭ്യമാണ്. അനത്തോളിയന്റെ രൂപാന്തരം മാത്രമായ ഫ്രിജ്യൻ ഭാഷയുടെ ലിപിക്ക് ഗ്രീക് ലിപിയുമായി വളരെ സാദൃശ്യമുണ്ട്.

പ്രാദേശിക ഭാഷകൾ

[തിരുത്തുക]

ഏഷ്യാമൈനറിന്റെ വിവിധ ഭാഗങ്ങളിൽ പല പ്രാദേശിക ഭാഷാരൂപങ്ങളും ജനഭാഷയായി വ്യവഹരിക്കപ്പെട്ടിരുന്നു. അവയിൽ പഫ്ലഗോണിയൻ, കപ്പഡോഷ്യൻ, സിലിഷ്യൻ, ലിക്കോണിയൻ, ഇസൌറിയൻ, പിസിഡ്യൻ, ഗലേഷ്യൻ എന്നിവ പ്രാധാന്യം അർഹിക്കുന്നു. ഈ ഭാഷകൾ ബി.സി. മൂന്നാം നൂറ്റാണ്ടിൽ വ്യവഹാരത്തിൽ ഇരുന്നതായി സൂചന നല്കുന്ന ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട്.

ക്യാരിയ, ലിഡിയ, ലിസിയ എന്നീ ഭാഷകളും ഒട്ടും അപ്രധാനമല്ല. ബി.സി. 600-മാണ്ട് ക്യാരിയൻ ഭാഷയിൽ എഴുതപ്പെട്ടവയെന്ന് വ്യക്തമായിട്ടുള്ള 75 ലഘു ശിലാലിഖിതങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രീക് അക്ഷരമാലയേയും സൈപ്രിയോട് ലിപിരൂപങ്ങളെയും അനുകരിച്ചുണ്ടാക്കിയിട്ടുള്ള വിചിത്രമായ ഒരുതരം പ്രതീകാത്മകലിപികളിലാണ് ഈ ശിലാലിഖിതങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. സാർദിസ് എന്ന അതിപുരാതന നഗരത്തിലെ ഭാഷയായിരുന്നു ലിഡിയൻ. ഈ ഭാഷയിൽ എഴുതപ്പെട്ട 50 ലിഖിതങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ, ഇവ ഇനിയും വ്യാഖ്യാനിക്കപ്പെടാതെതന്നെ അവശേഷിക്കുന്നു. ദുരൂഹവും പ്രാചീനവുമായ ഒരു ലേഖനരൂപമാണ് ഈ ലിഖിതങ്ങളിൽ ദൃശ്യമാകുന്നത്. മിലിയൻ എന്നറിയപ്പെടുന്ന ചിത്രലിപിയിൽ എഴുതപ്പെട്ട 200-ൽ അധികം ലിഖിതങ്ങൾ ലിസിയൻ ഭാഷയുടേതായി ലഭിച്ചിട്ടുണ്ട്. ലിസിയൻ ചിത്രലിപികൾക്ക് ഗ്രീക് ലിപിമാലയുമായി വളരെ അടുപ്പം കാണുന്നു.

ലിഡിയൻ, ലിസിയൻ എന്നീ അനത്തോളിയൻ ഭാഷകളിൽ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ സ്വരൂപസ്വഭാവങ്ങൾ പ്രകടമായി കാണാം. ദക്ഷിണ അനത്തോളിയയിൽ സംസാരിക്കപ്പെട്ടിരുന്ന ലൂയിഷ് ഭാഷകളുടെ വാക്യഘടനയിലും രൂപപരമായ കാര്യങ്ങളിലും വളരെയധികം സമാനഭാവങ്ങൾ ഉണ്ട്. ഗ്രീക്കിന്റെയും സംസ്കൃതത്തിന്റേയും തായ്‌വഴിയിൽപ്പെട്ടവയാണ് ഈ ഭാഷകൾ എന്ന അഭ്യൂഹത്തിന് ഉപോദ്ബലകമാണ് ഈ സമാനഭാവങ്ങൾ. മിക്ക അനത്തോളിയൻ ഭാഷകൾക്കും പ്രത്യേകം പ്രത്യേകം പദസമുച്ചയമുണ്ട്. എങ്കിലും അനവധി സമാനപദങ്ങൾ ഒന്നിലധികം ഭാഷകളിൽ കാണാം. തുടർച്ചയായുണ്ടായ വിദേശാക്രമണങ്ങളിലൂടെ വിഭിന്ന ജനങ്ങളുമായി സമ്പർക്കം പുലർത്തേണ്ടിവന്നതിനാൽ ഇന്തോ-യൂറോപ്യൻ ഭാഷകളിലെ നിരവധി പദങ്ങൾ മിക്ക അനത്തോളിയൻ ഭാഷകളിലും കടന്നുകൂടുവാൻ ഇടയായി.

ഇന്തോ-യൂറോപ്യൻ ഭാഷകളുമായി അനത്തോളിയൻ ഭാഷകൾക്ക് സമ്പർക്കം പുലർത്താനുള്ള സാഹചര്യം ലഭിച്ചതുമൂലം ഇന്തോ-യൂറോപ്യൻ ഭാഷകളുടെ വ്യാകരണപരവും ശബ്ദപരവുമായ സാദൃശ്യങ്ങൾ എല്ലാ അനത്തോളിയൻ ഭാഷകളിലും ഏറെക്കുറെ വന്നുചേർന്നു. തന്മൂലം അനത്തോളിയൻ ഭാഷകളുടെ അടിസ്ഥാനവ്യാകരണംപോലും ഇന്തോ-യൂറോപ്യന്റേതുമായി ഗണ്യമായ സാദൃശ്യം പുലർത്തുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനത്തോളിയൻ ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനത്തോളിയൻ_ഭാഷകൾ&oldid=3800956" എന്ന താളിൽനിന്ന് ശേഖരിച്ചത്