അധ്വാനശക്തി
അധ്വാനം പ്രയോഗിക്കുവാനുള്ള, മനുഷ്യന്റെ കായികവും മാനസികവുമായ കഴിവിനെയാണ് അധ്വാനശക്തി എന്നത് കൊണ്ട് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ ഉദ്ദേശിക്കുന്നത്. അധ്വാനശക്തി അഥവാ അധ്വാനശേഷി ഇല്ലാതെ ഉല്പാദനം അസാധ്യമാണ്. തൊഴിലാളിയാണ് അധ്വാനശേഷിയുടെ ഉടമ. മുതലാളിത്ത വ്യവസ്ഥിതിയിൽ മറ്റേതൊരു ചരക്കിനെയും പോലെ വിൽക്കുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ചരക്കാണ് തൊഴിലാളിയുടെ അധ്വാനശേഷി. മുതലാളിയാണ് അധ്വാനശേഷി വിലയ്ക്കു വാങ്ങുന്നത്. മുതലാളിക്ക് ആവശ്യം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ തൊഴിലാളിക്ക് അധ്വാനശേഷി വിൽക്കുവാൻ കഴിയില്ല. അത്തരമൊരു അവസ്ഥയെ ആണ് തൊഴിലില്ലായ്മ എന്ന് വിശേഷിപ്പിക്കുന്നത് [1].
അധ്വാനശക്തിയും അധ്വാനവും
[തിരുത്തുക]അധ്വാനശേഷിയും അധ്വാനവും രണ്ട് വ്യത്യസമായ കാര്യങ്ങളാണ്. അധ്വാനശേഷി ചെലുത്തിക്കഴിഞ്ഞുള്ളതണ് അധ്വാനം. അധ്വാനശക്തി തൊഴിലാളിയിൽ കുടികൊള്ളുന്ന ഒരു കഴിവാണ്. അധ്വാനം തൊഴിലാളി നിർമ്മിച്ച ചരക്കിന്റെ ഭാഗവും [1].
അധ്വാനശക്തിയുടെ ഉടമസ്ഥത
[തിരുത്തുക]മുതലാളിത്തമൊഴികെയുള്ള സാമൂഹിക വ്യവസ്ഥിതികളിൽ അധ്വാനശക്തിയുടെ ഉടമസ്ഥത അതത് ഉടമവർഗങ്ങളക്കായിരുന്നു. അടിമ-ഉടമ വ്യവസ്ഥയിൽ ഉടമകളും, നാടുവഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും തൊഴിലാളിവർഗത്തിന്റെ അധ്വാനശേഷിയെ സ്വന്തമെന്നത് പോലെ കൈവശം വച്ചു. മറ്റ് വ്യവസ്ഥകളിൽ നിന്നും മുതലാളിത്തത്തെ വ്യത്യസ്തമാക്കുന്നത്, അധ്വാനശക്തിയുടെ ഉടമസ്ഥാവകാശം ഉടമവർഗത്തിന് - അതായത് മുതലാളിമാർക്ക് - കൈമോശം വന്നു എന്നതാണ്. എന്നാൽ അധ്വാനശക്തിയുടെ ഉടമസ്ഥാവകാശം തൊഴിലാളിയിൽ നിക്ഷിപ്തമായിരിക്കുന്ന അവസ്ഥയിലും, തൊഴിലാളിവർഗത്തിന് ജീവിക്കണമെങ്കിൽ മുതലാളിയെ ആശ്രയിച്ചുകൊണ്ടേ സാധ്യമാവുകയുള്ളൂ. അധ്വാനശക്തിയല്ലാതെ മറ്റൊന്നും കൈവശമില്ലാത്ത തൊഴിലാളിവർഗ്ഗം, തങ്ങളുടെ അധ്വാനം മുതലാളിക്ക് വില്പന നടത്തിയാണ് ജീവിക്കുന്നത് [1].