Jump to content

അദ്ധ്യാപക വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനമാണ് അധ്യാപക വിദ്യാഭ്യാസം. പ്രാചീനകാലങ്ങളിൽ പണ്ഡിതന്മാർ (ഗുരുക്കന്മാർ) വിദ്യ അർഥിക്കുന്നവർക്ക് അറിവ് പകർന്നുകൊടുക്കുക എന്ന രീതിയിലായിരുന്നു അധ്യാപനം നടന്നിരുന്നത്. സാമൂഹികപരിവർത്തനം വിദ്യാഭ്യാസം കൂടുതൽ വ്യാപകമാക്കുകയും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. അതോടുകൂടി കൂടുതൽ അധ്യാപകരെയും ആവശ്യമായി വന്നു. അധ്യാപനം ഒരു തൊഴിലായി മാറുകയും തുടർന്ന് തൊഴിലിൽ പരിശീലനത്തിന്റെ ആവശ്യകത ബോധ്യമാകുകയും ചെയ്തു. അധ്യാപനം ക്രമേണ കലയും ശാസ്ത്രവുമായി ഉയർന്നതോടെ ചില നിയമങ്ങളും പ്രവിധികളും അനുവർത്തിക്കേണ്ടതായി വന്നു. അങ്ങനെ വിദ്യാഭ്യാസപ്രക്രിയയെപ്പറ്റിയുള്ള പഴയ ചിന്താഗതിക്ക് സ്ഥായിയായ മാറ്റം സംഭവിച്ചതോടുകൂടി അധ്യാപകവിദ്യാഭ്യാസം അനിവാര്യമായിത്തീർന്നു.

ഭാരതത്തിൽ

[തിരുത്തുക]

19-ആം നൂറ്റാണ്ടോടുകൂടിയാണ് അധ്യാപക വിദ്യാഭ്യാസത്തിന് ഭാരതത്തിൽ പ്രാധാന്യം സിദ്ധിച്ചത്. 1826 ൽ മദ്രാസ് ഗവർണറായിരുന്ന സർ തോമസ് മൺട്രോയാണ് അധ്യാപകർക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത്. വിദ്യാഭ്യാസപുരോഗതിക്കാധാരം മെച്ചപ്പെട്ട യോഗ്യതകളുള്ള സുശിക്ഷിതരായ അധ്യാപകരാകയാൽ അവരെ പരിശീലിപ്പിക്കുന്നതിന് മദ്രാസ് പ്രസിഡൻസിയിൽ ഒരു കേന്ദ്രവിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം ശിപാർശ ചെയ്തു. കാലക്രമേണ മദ്രാസ്, ബോംബെ, കൽക്കട്ട എന്നീ പ്രവിശ്യാ സംസ്ഥാനങ്ങളിൽ അധ്യാപകരെ പരിശീലിപ്പിക്കാൻ ട്രെയിനിങ് സ്കൂളുകൾ സ്ഥാപിതമായി. മദ്രാസ് പ്രസിഡൻസി കോളേജിൽ 1853-ൽ അധ്യാപകപരിശീലനത്തിനായി ഒരു ഇംഗ്ലീഷ് നോർമൽ ക്ലാസ് ആരംഭിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുവാനായി ഭാരതത്തിലെ എല്ലാ പ്രവിശ്യകളിലും ഉടനടി ട്രെയിനിങ് സ്കൂളുകൾ സ്ഥാപിക്കപ്പെടണമെന്ന് 1854-ലെ വുഡ്സ് ഡെസ്പാച്ചിൽ (Woods Despatch)[1] ആവശ്യപ്പെട്ടിരുന്നു. 1857 ആയപ്പോഴേക്കും ആഗ്ര, മീററ്റ്, ബനാറസ് എന്നിവിടങ്ങളിലും ട്രെയിനിങ് സ്കൂളുകൾ സ്ഥാപിതമായി. 1859-ലെ ഗ്രാന്റ്-ഇൻ-എയ്ഡ് കോഡും സ്റ്റാൻലി പ്രഭുവിന്റെ ഡെസ്പാച്ചും അധ്യാപകവിദ്യാഭ്യാസപുരോഗതിയിൽ എണ്ണപ്പെടേണ്ട നാഴികക്കല്ലുകളാണ്. അധ്യാപനത്തിന് സർട്ടിഫിക്കറ്റ് നേടിയവർക്ക് മാത്രമേ ഗ്രാന്റ് നല്കുകയുള്ളു എന്ന് നിശ്ചയിച്ചത് കൂടുതൽ നോർമൽ സ്കൂളുകളാരംഭിക്കാൻ കാരണമായി.

പരിഷ്കാരങ്ങൾ

[തിരുത്തുക]

ഹൈസ്കൂളിൽ അധ്യാപകരാകാൻ സർവകലാശാലാ ബിരുദം നിർബന്ധിതമാക്കിയതും ബിരുദധാരികൾക്ക് പ്രത്യേക അധ്യാപനപരിശീലനം ആവശ്യമില്ലെന്ന് നിർദ്ദേശിച്ചതും അനന്തരകാലത്തെ പരിഷ്കാരങ്ങളിൽപ്പെടുന്നു. പുതിയ അധ്യാപകരെ പരിചയസമ്പന്നരായ അധ്യാപകരുടെയോ ഹെഡ്മാസ്റ്റർമാരുടെയോ മേൽനോട്ടത്തിൽ കുറേക്കാലം പരിശീലിപ്പിക്കുന്ന (apprenticeship) സമ്പ്രദായം ബോംബെയിൽ പ്രചാരത്തിലിരുന്നു. സെക്കണ്ടറി അധ്യാപകർക്ക് പ്രത്യേക പരിശീലനം വേണമോ എന്നത് വിവാദവിഷയമായി. ഗവൺമെന്റ്-പ്രൈവറ്റ് ഭേദം കൂടാതെ ഏതൊരു സെക്കണ്ടറി സ്കൂളിലും സ്ഥിരാധ്യാപകനായി നിയമിക്കപ്പെടുന്നതിന് അധ്യാപകപരിശീലനപരീക്ഷ പാസ്സായിരിക്കണമെന്ന് 1882-ലെ വിദ്യാഭ്യാസകമ്മീഷൻ അസന്ദിഗ്ധമായി ശിപാർശ ചെയ്തിട്ടുണ്ട്. ബിരുദധാരികൾക്കും അല്ലാത്തവർക്കും വ്യത്യസ്തമായ പരിശീലനപദ്ധതികളും കമ്മീഷൻ നിർദ്ദേശിക്കുകയുണ്ടായി. 19-ആം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിൽ ഒട്ടാകെ ആറു ട്രെയിനിങ് കോളജുകളും 40 ട്രെയിനിങ് സ്കൂളുകളും പ്രൈമറി അധ്യാപകപരിശീലനത്തിനു മാത്രമായുള്ള 54 സ്ഥാപനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

ഗവണ്മെന്റ് പ്രമേയം

[തിരുത്തുക]

വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റ് പ്രമേയത്തിൽ (1904) അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പര്യാപ്തമായ പല നിർദ്ദേശങ്ങളുമുണ്ട്. കഴിവും പരിശീലനവും നേടിയവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്നും ആർട്സ് കോളജുകളെപ്പോലെ തന്നെ ട്രെയിനിങ് കോളജുകളും പരിഗണിക്കപ്പെടണമെന്നും അധ്യാപകവിദ്യാഭ്യാസത്തിൽ ഡിഗ്രിയോ ഡിപ്ളോമയോ നല്കുന്ന ഒരു വർഷകോഴ്സ് എല്ലാ ബിരുദധാരികൾക്കും നിർബന്ധിത യോഗ്യതയാകണമെന്നും അതിൽ നിർദ്ദേശിച്ചിരുന്നു. അധ്യാപനകലയുടെ തത്ത്വങ്ങൾ, പ്രായോഗികാധ്യാപനത്തിലുള്ള വൈദഗ്ദ്ധ്യം ഇവ ലക്ഷ്യമാക്കി വേണം അധ്യാപകപരിശീലനം ആസൂത്രണം ചെയ്യുക എന്നും ഓരോ കോളജിനും ഓരോ പ്രാക്റ്റീസിങ് സ്കൂൾ ഉണ്ടായിരിക്കണമെന്നും ട്രെയിനിങ് കോളജും സമീപത്തുള്ള വിദ്യാലയങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തണമെന്നും ആ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യ അധ്യാപകപരിശീലനം മെച്ചപ്പെടുത്താനുള്ള പല യത്നങ്ങളും ആരംഭിച്ചു. അധ്യാപകവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ പിൽക്കാലത്തു ഗണ്യമായ വർധനവുണ്ടായി. 1965-ൽ 267 ട്രെയിനിങ് കോളജുകളിലായി ഏകദേശം 26,000 പേർ പരിശീലനം നേടുന്നുണ്ടായിരുന്നു. യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷനും,[2] സെക്കണ്ടറി എഡ്യൂക്കേഷൻ കമ്മീഷനും,[3] കോഠാരി കമ്മീഷനും[4] അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

സർവ്വകലാശാല കോഴ്സുകൾ

[തിരുത്തുക]

ഇന്ത്യയിലാകമാനം ബിരുദധാരികൾക്ക് അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി.എഡ്. (B.Ed)[5] ബിരുദമാണ് ഇപ്പോൾ നൽകിപ്പോരുന്നത്. ബി.എഡ്. കഴിഞ്ഞ് എം.എഡും, തുടർന്ന് വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റും (Ph.D)[6] നേടാനുള്ള സൌകര്യങ്ങൾ സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളിലും ചില ട്രെയിനിങ് കോളേജുകളിലും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ നാലു റീജിയണൽ കോളജുകളും പ്രവർത്തിച്ചുപോരുന്നു. ഇവിടെ പ്രധാനമായും ബിരുദധാരികൾക്കായുള്ള ഏകവർഷകോഴ്സും അല്ലാത്തവർക്കുള്ള നാലുവർഷകോഴ്സും നടത്തപ്പെടുന്നു. പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാനായി സമ്മർ സ്കൂൾകം കറസ്പോണ്ടൻസ് (S.S.C.C)[7] ഈ കേന്ദ്രങ്ങളിൽ നടത്തുന്നു. റ്റീച്ചർ എഡ്യൂക്കേറ്റേഴ്സിന്റെ അഖിലേന്ത്യാ സംഘടനയുടെ (I.A.T.E)[8] ശ്രമഫലമായി അധ്യാപകപരിശീലനമെന്നത് അധ്യാപകവിദ്യാഭ്യാസമായി മാറ്റിക്കഴിഞ്ഞു. ട്രെയിനിങ് കോളജുകൾ കോളജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ (CTE)[9] എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. അവയിൽ ചിലവയെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ (IASE)[10] ആയി ഉയർത്തിയിട്ടുണ്ട്. ഗവൺമെന്റ് തലത്തിൽ മാത്രമാണ് ഈ സംവിധാനം ഇപ്പോഴുള്ളത്. ഇന്റൻസീവ് ടീച്ചർ എഡുക്കേഷൻ പ്രോഗ്രാം (I.T.E.P)[11] ചില സംസ്ഥാനങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. യു.എസ്സുമായി സഹകരിച്ച് ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പേരിൽ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങളും നല്കിവരുന്നു. സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും അധ്യാപകവിദ്യാഭ്യാസബോർഡുകൾ സംഘടിപ്പിച്ചു വരുന്നു. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളേ ഇനിയും ഇത്തരം ബോർഡുകൾ രൂപീകരിക്കാതെയുള്ളു. എല്ലാ തലങ്ങളിലുമുളള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ (PPTTI,TTI,B.ED,LTTC,etc.) ഉൾപ്പെടുത്തി ഒരു അധ്യാപക വിദ്യാഭ്യാസബോർഡ് രൂപീകരിക്കേണ്ടതുണ്ട്.

കേരളത്തിൽ

[തിരുത്തുക]

നോർമൽ സ്കൂൾ

[തിരുത്തുക]

അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോർമൽ സ്കൂൾ[12] 1861-ൽ കണ്ണൂരിലാണ് ആരംഭിച്ചത്. തിരുവിതാംകൂർ പ്രദേശത്തുള്ളവർക്ക് ഏതാനും സീറ്റുകൾ ആ സ്ഥാപനത്തിൽ നീക്കിവച്ചിരുന്നു. 1868-ൽ തിരുവനന്തപുരത്ത് ഒരു വെർണാകുലർ നോർമൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് കോട്ടാറും പാലക്കാട്ടും നോർമൽ സ്കൂളുകൾ സ്ഥാപിതമായി. ഒരു വർഷത്തേക്കുള്ള ഈ കോഴ്സിൽ ചേരുന്നവർക്ക് പ്രതിമാസം മൂന്നര രൂപാവീതം സ്റ്റൈപ്പന്റ് നല്കിപ്പോന്നു. ഓരോ വിദ്യാലയത്തിലും 25 പേരിലധികം വേണ്ടെന്നും നിർദ്ദേശിച്ചിരുന്നു. 1884-ൽ മദ്രാസ് നോർമൽ സ്കൂൾ എൽ.ടി. ഡിഗ്രി ആരംഭിച്ചതോടെ കേരളീയർക്ക് അവിടെ സീറ്റുകൾ സംവരണം ചെയ്തുതുടങ്ങി. പെൺകുട്ടികൾക്കു മാത്രമായി 1887-ൽ ഒരു നോർമൽ സ്കൂൾ തിരുവനന്തപുരത്തു സ്ഥാപിച്ചതും 1894-ൽ ഇംഗ്ലീഷ് നോർമൽ സ്കൂൾ ആരംഭിച്ചതും കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗത്തെ പ്രധാന സംഭവങ്ങളാണ്.

ലോവർ സെക്കണ്ടറി, മെട്രിക്കുലേഷൻ, ഇന്റർമീഡിയറ്റ് എന്നിവ പാസ്സായവർക്കായി മൂന്നു പ്രത്യേക ബാച്ചുകൾ ഇംഗ്ലീഷ് നോർമൽ സ്കൂളിൽ ആരംഭിച്ചു. 1895 മുതൽ വർഷംതോറും ബിരുദധാരികളായ നാലു പേരെവീതം സൈദാപ്പെട്ട് ട്രെയിനിങ് കോളജിൽ സ്കോളർഷിപ്പുകളും നൽകി അയച്ച് പരിശീലിപ്പിച്ചുപോന്നു. 1904-05-ൽ നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു. പിന്നോക്കസമുദായങ്ങളിൽപെട്ടവർക്കു മാത്രമായി നാലു സ്പെഷ്യൽ നോർമൽ സ്കൂളുകൾ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. നോർമൽ സ്കൂളുകൾ 1910 മുതൽ ട്രെയിനിങ് സ്കൂളുകൾ എന്നറിയപ്പെടാൻ തുടങ്ങിയത്.

ഗവണ്മെന്റ് ട്രെയിങ് കോളജ്

[തിരുത്തുക]

1911-ലാണ് തിരുവനന്തപുരത്തെ ഗവ. ട്രെയിനിങ് കോളജ് ആരംഭിച്ചത്. അധ്യാപകരായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവർക്ക് മാത്രമായി 24 സീറ്റാണ് തുടക്കത്തിലുണ്ടായിരുന്നത്. കൊച്ചി പ്രദേശത്തുള്ളവർക്ക് ഏതാനും സീറ്റുകൾ സംവരണം ചെയ്തു പോന്നു. പരിശീലനകാലത്ത് ഡെപ്യൂട്ടേഷൻ അലവൻസും സ്റ്റൈപ്പന്റും നല്കിയിരുന്നു. നിശ്ചിതവിഷയങ്ങളിൽ താത്ത്വികജ്ഞാനം ഉണ്ടെന്നു ബോധ്യപ്പെട്ടവരെ പ്രാക്റ്റിക്കൽ പരീക്ഷയ്ക്ക് വിളിച്ചിരുന്നു. കേരളത്തിലെ രണ്ടാമത്തെ ട്രെയിനിങ് കോളജ് 1945-ൽ തൃശൂരിൽ സ്ഥാപിതമായി. തുടർന്ന് കോഴിക്കോട്ടും തലശ്ശേരിയിലും ട്രെയിനിങ് കോളജുകൾ പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികൾക്കുള്ള പരിശീലനം (B.T.) ഒരു വർഷമായും അല്ലാത്തവരുടേത് (T.T.C.)[13] രണ്ടു വർഷമായും ക്ലിപ്തപ്പെടുത്തിയിരുന്നു. എന്നാൽ T.T.C. കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമായി കുറച്ചു. ഇതു പിൽക്കാലത്തു വീണ്ടും രണ്ടു വർഷമായി ഉയർത്തി.

തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി നിബന്‌ധനകൾ

[തിരുത്തുക]

1933-ൽ തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ, അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.[14] ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.

1945-ലെ വിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റി തിരുവനന്തപുരം ട്രെയിനിങ് കോളജിലെ അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിനു പുറമേ 10 വർഷത്തിലധികം സർവീസുള്ളവരെയും 40 വയസ്സിലധികം പ്രായമുള്ളവരെയും ട്രെയിനിങ്ങിൽനിന്നൊഴിവാക്കാനും വ്യവസ്ഥ ചെയ്തു. രണ്ടു വർഷത്തെ കോഴ്സ് നല്കി ഗ്രാഡ്വേറ്റുകൾക്ക് ബി.എഡ്. ബിരുദം നല്കാനും എം.എഡ്. കോഴ്സ് സമാരംഭിക്കാനും കമ്മിറ്റി നിർദ്ദേശിക്കയുണ്ടായി. പക്ഷേ ഇവ നടപ്പിലായില്ല. ട്രെയിനിങ് സ്കൂളുകൾക്ക് പ്രത്യേക ഇൻസ്പെക്റ്ററേറ്റ് സ്ഥാപിക്കാനുള്ള നിർദ്ദേശവും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. അധ്യാപകവിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്, അധ്യാപികാധ്യാപകരുടെ യോഗ്യതകൾ, പാഠ്യപദ്ധതി, സേവനകാലവിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചുള്ള ശിപാർശകളും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യമേഖലയിൽ ആദ്യത്തെ ട്രെയിനിങ് കോളജ് 1953-ൽ കോട്ടയത്തും 1954-ൽ ചങ്ങനാശ്ശേരിയിലും ആരംഭിച്ചു. 1965 ആയപ്പോഴേക്കും കേരളത്തിൽ 19 ട്രെയിനിങ് കോളജുകളും 105 ട്രെയിനിങ് സ്കൂളുകളും സ്ഥാപിതമായി. ശ്രീ എ.എൻ. തമ്പി അധ്യക്ഷനും ഡോ. എൻ.പി. പിള്ള മെംമ്പർ സെക്രട്ടറിയുമായി 1964-ൽ രൂപീകരിച്ച ട്രെയിനിങ് കോളജ് ഇൻസ്പെക്ഷൻ കമ്മിഷൻ അടുത്ത 25 വർഷത്തേക്ക് പുതുതായി ഒരു ട്രെയിനിങ് കോളജും തുടങ്ങേണ്ടതില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. അങ്ങനെ 1989 വരെയും ബി.എഡ്. തലത്തിൽ പുതിയ സ്ഥാപനങ്ങൾ ഒന്നും ഉണ്ടായില്ല.

ബി.എഡ്.കോളജുകൾ

[തിരുത്തുക]

എന്നാൽ 1989-90-ൽ കേരളത്തിലെ സർവകലാശാലകൾ നേരിട്ട് ബി.എഡ്. സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. തുടക്കത്തിൽ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിൽ ഏതാനും ബി.എഡ് സെന്ററുകൾ (യൂണിവേഴ്സിറ്റി സെന്റർ ഫോർ റ്റീച്ചർ എഡ്യൂക്കേഷൻ - UCTE) തുടങ്ങിയത് ഇപ്പോൾ നാല്പതിലേറെയായി വർധിച്ചു. സർവകലാശാലകളുടെ പ്രധാന ധനാഗമമാർഗ്ഗമായും ഇത് മാറിയിട്ടുണ്ട്. യു.സി.റ്റി.ഇ.കളിൽ എം.എഡ് കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.

എയിഡഡ്, അൺ എയ്ഡഡ് (സെൽഫ് ഫൈനാൻസിങ്) മേഖലകളിലായി 1990 നുശേഷം ബി.എഡ്. കോളജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

1995-ൽ നാഷനൽ കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE)[15] ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ചതിനുശേഷം അതിന്റെ കേന്ദ്ര ആസ്ഥാനത്തും മേഖലാ ആസ്ഥാനങ്ങളിലുമായി സംവിധാനങ്ങൾ ഉണ്ടാക്കുകയും പുതിയ കോളജുകൾക്ക് അപേക്ഷ സ്വീകരിച്ച്, പരിശോധന നടത്തി, അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി ദക്ഷിണമേഖലയിലുൾപ്പെട്ടതാണ് കേരള സംസ്ഥാനം. പുതുതായി കോളജുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്നവർക്ക് ഗവണ്മെന്റ് എൻ.ഒ.സി.യ്ക്കും യൂണിവേഴ്സിറ്റി അംഗീകാരത്തിനും വിധേയമായി എൻ.സി.റ്റി.ഇ. അനുമതിപത്രം നൽകുന്നുണ്ട്. എൻ.സി.റ്റി.ഇ.യുടെ പാനലുകൾ സ്ഥല ഭൌതിക സൌകര്യങ്ങൾ ഇൻഫ്രാസ്ട്രക്ചർ, സ്റ്റാഫ് ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലിപ്പോൾ ഇരുന്നൂറോളം ബി.എഡ്. കോളജുകൾ (ഗവ. എയിഡഡ്, യൂണി. സെന്റർ, സെൽഫ് ഫൈനാൻസിങ് ഇനങ്ങളിലായി) പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാന ഗവണ്മെന്റിന്റെയും യൂണിവേഴ്സിറ്റികളുടെയും എൻ.ഒ.സി. അഥവാ അനുമതി കിട്ടുംമുമ്പേ നേരിട്ടു എൻ.സി.റ്റി.ഇ. അംഗീകാരം നൽകുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. ഇത് അഭിലഷണീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

ട്രെയിനിങ് കോളജുകൾ നാഷനൽ അസ്സസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കമ്മിറ്റി (NAAC)[16] യുടെ പരിശോധനക്കും അംഗീകാരത്തിനും വിധേയമാണ് ആദ്യം സ്റ്റാർ (Star) പദവിയാണ് നല്കിയതെങ്കിലും പീന്നീട് അത് ഗ്രേഡാക്കിയിട്ടുണ്ട്. A++, A+, A1, B++, B+, B എന്നിങ്ങനെയാണ് ഗ്രേഡുകൾ നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുവർഷത്തിലൊരിക്കൽ പുനർനിർണയവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇപ്പോൾ കേരളത്തിലെ ഇരുന്നൂറോളം ബി.എഡ്. കോളജുകളിലായി 30000-ഓളം സീറ്റുകളാണുള്ളത്. 2004-05-ൽ എൽ.ബി.എസ്.ലൂടെയും 2005-06-ൽ ഗവ. പരീക്ഷാ കമ്മിഷണർ മുഖേനയും B.Ed. കോഴ്സിന് എൻട്രൻസ് ടെസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ സർവകലാശാലകളിലെ ബി.എഡ്. കോഴ്സുകൾക്ക് ഒരു ഐകരൂപ്യവുമില്ല. ഒരു വർഷത്തെ കോഴ്സ് ദൈർഘ്യം രണ്ടുവർഷമാക്കുന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയത് മൂല്യനിർണയ വിധേയമാണ്. ഏകീകൃത നിയമവും പ്രാക്ടിക്കൽ സംവിധാനവും പരിഷ്കൃതരീതിയും അവലംബിക്കുന്നതാണ് അഭിലഷണീയം.

എൻ.സി.റ്റി.ഇ. നിലവിൽ വന്നതോടെ ടി.ടി.ഐ., പി.പി.റ്റി.റ്റി.ഐ. തുടങ്ങിയവയും കൂടുതലായി അനുവദിച്ചുവരുന്നു.

വിവിധ കോഴ്സുകൾ

[തിരുത്തുക]

തിരുവനന്തപുരത്തും തൃശൂരും പ്രവർത്തിച്ചിരുന്ന ഹിന്ദി ട്രെയിനിങ് കോളജുകൾ നിർത്തലാക്കിയെങ്കിലും അവ ഹിന്ദി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളായി തുടർന്നുവരുന്നു. പ്രിൻസിപ്പലിന്റെ സ്ഥാനത്ത് ചീഫ് ഇൻസ്ട്രക്റ്ററും ലക്ചറർമാരുടെ സ്ഥാനത്ത് ഇൻസ്ട്രക്റ്റർമാരുമാണിപ്പോഴുള്ളത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ. ട്രെയിനിങ് കോളജുകളിൽ ഹിന്ദി ഐച്ഛിക വിഷയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കേരളത്തിൽ ഭാഷാധ്യാപകപരിശീലനകേന്ദ്രങ്ങൾ ഏഴെണ്ണമുണ്ട്. അവിടെ മലയാളം, തമിഴ്, കന്നഡ, അറബി എന്നിവയിൽ ഭാഷാധ്യാപകരെ പരിശീലിപ്പിച്ചുവരുന്നു. നഴ്സറി അധ്യാപകരെ പരിശീലിപ്പിക്കാൻ പ്രത്യേകം ഗവൺമെന്റ് ട്രെയിനിങ് സ്കൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി, ബി.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ മുൻകൈ എടുത്തു വരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകൾ കായിക വിദ്യാഭ്യാസപരിശീലനം നല്കുന്നുണ്ട്. 1956-57-ലാണ് തിരുവനന്തപുരം ട്രെയിനിങ് കോളജിനോടനുബന്ധിച്ച് എം.എഡ്. കോഴ്സ് ആരംഭിച്ചത്. കേരള സർവകലാശാലയിലെ എം.എഡ്. കോഴ്സിനെ തുടർന്ന് കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സർവകലാശാലകളിലും എം.എഡ്. കോഴ്സ് ഏർപ്പെടുത്തി. NCTE യുടെ അംഗീകാരത്തോടെ സംസ്ഥാനത്തെ പല എയിഡഡ് കോളജുകളും സ്വാശ്രയ സംവിധാനത്തിൽ എം.എഡ്. കോഴ്സ് ആരംഭിച്ചുകഴിഞ്ഞു. കുറേയെണ്ണം 2006-07-ൽ തുടങ്ങാൻ അനുമതി നേടിക്കഴിഞ്ഞിട്ടുമുണ്ട്. ഗവ. ട്രെയിനിങ് കോളജുകളിൽ തിരുവനന്തപുരത്തുമാത്രമേ ഇപ്പോൾ എം.എഡ്. കോഴ്സുള്ളു.

എഡ്യൂക്കേഷൻ ഫാക്കൽറ്റി കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, ശ്രീ ശങ്കരാ സർവകലാശാലകളിലുണ്ട്. അവിടങ്ങളിൽ ഫുൾ ടൈം, പാർട്ട് ടൈം ഗവേഷണ പഠനങ്ങൾ നടന്നു വരുന്നു. തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിങ് കോളജിനെ റിസർച്ച് സെന്ററായി 2005-06-ൽ അംഗീകരിച്ചിട്ടുണ്ട്. ചില എയിഡഡ് കോളജുകളും ഈ വഴിക്ക് നീങ്ങിയിട്ടുണ്ട്.

ബ്യൂറൊ ഒഫ് എഡ്യുക്കേഷനൽ റിസർച്ച് ആൻഡ് സ്റ്റഡീസ് ആയിരുന്ന സ്ഥാപനം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ (SIE)[17] എന്നും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ (SISE)[18] എന്നും പുനർ നാമകരണം ചെയ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പാത പിന്തുടർന്ന് സ്വസ്ഥാപനങ്ങളെ ഒന്നിപ്പിച്ച് സ്റ്റേറ്റ് കൌൺസിൽ ഫോർ എഡ്യൂക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (SCERT) ആയി മാറി.[19] ഒരു കമ്മിറ്റിയുടെ പഠനത്തിനും ശിപാർശകൾക്കും ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. ഹയർ സെക്കൻഡറിതലം വരെയുള്ള സിലബസ്, പാഠപുസ്തകം, മൂല്യനിർണയരീതികൾ ഇവ ആവിഷ്കരിക്കുന്നതിനുപുറമേ പ്രാഥമിക അധ്യാപക വിദ്യാഭ്യാസ (TTC) കോഴ്സിന്റെ രൂപകല്പനയും എസ്.സി.ഇ.ആർ.ടി. ആണ് നടത്തുന്നത്.

മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും 2005-06-ൽ ഒരു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷനൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ് (SIEMAT) സ്ഥാപിതമായി.[20] ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ മുതൽ മേലോട്ടുള്ള ഉദ്യോഗസ്ഥ പരിശീലനവും ആസൂത്രണ കാര്യങ്ങളുമാണിതിന്റെ ചുമതല. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്റ്റ്രേഷൻ (NIEPA) ന്റെ സംസ്ഥാനതല സ്ഥാപനമാണിത്.[21]

റ്റി.റ്റി.സി. കോഴ്സ് ( ഡിഎഡ്)

[തിരുത്തുക]

നിശ്ചിത ശ.മാ. മാർക്കിൽ കുറയാതെ വാങ്ങി മെട്രിക്കുലേഷനോ തത്തുല്യ പരീക്ഷയോ ജയിക്കുന്നവരിൽ നിന്നാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ആദ്യവർഷാവസാനമുള്ള വെക്കേഷൻകാലം ഒരു മാസം കമ്യൂണിറ്റി ലിവിങ് നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബേസിക് മാതൃകയിലാണ് പരിശീലനം നല്കപ്പെടുന്നത്. പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഉള്ളടക്ക (content) വും ബോധനരീതിയും ഇവർ പഠിച്ചിരിക്കണം. പൊതുവിദ്യാഭ്യാസ വിഷയങ്ങളും സ്കൂൾ സംഘാടനം, പൊതുജനാരോഗ്യം തുടങ്ങിയവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാംവർഷം പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. വർഷാവസാനം പൊതുപരീക്ഷ നടത്തിപ്പോരുന്നു. രണ്ടാംവർഷം പ്രാക്റ്റീസ് റ്റീച്ചിങ്ങിനാണ് മുൻതൂക്കം. രണ്ടു വർഷത്തെ കർത്തവ്യനിർവഹണം (performance) കൂടെ കണക്കിലെടുത്താണ് ക്ലാസ് നിർണയിക്കുന്നത്. 1970-71-ൽ ഒരു ബാച്ചിലെ പരമാവധി സംഖ്യ 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വിഷയത്തിലോ വിദ്യാഭ്യാസത്തിലോ മാസ്റ്റർ ബിരുദമുള്ളവരെ മാത്രമേ ട്രെയിനിങ് സ്കൂൾ അധ്യാപകരായി നിയമിക്കാവൂ എന്ന് കോഠാരി കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ചില പ്രായോഗിക വൈഷമ്യങ്ങൾ മൂലം അത് പരിഗണിക്കപ്പെട്ടിട്ടില്ല. ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (T.T.C.) നേടിയവരാണ് ലോവർ പ്രൈമറി സ്കൂളുകളിലും അപ്പർ പ്രൈമറി സ്കൂളുകളിലും പഠിപ്പിക്കുന്നത്.

ബി.എഡ്. കോഴ്സ്

[തിരുത്തുക]

ബിരുദധാരികൾക്ക് സെക്കണ്ടറി സ്കൂളുകളിൽ അധ്യാപകരാകാൻ നല്കുന്ന പരിശീലനമാണിത്. ഇതാണു വിദ്യാഭ്യാസ പരിശീലനത്തിലെ പ്രഥമബിരുദം. രണ്ടു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. നേരത്തെ ഇത് പത്ത് മാസംമാത്രമായിരുന്നു. ബിരുദതലത്തിൽ സെലക്റ്റീവായി പഠിച്ച വിഷയമാവും ബി.എഡ്.ന് എടുക്കുന്ന വിഷയം. ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കൽ/തിയറിയിൽ മാത്രമേ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിൾ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോൾ സിംഗിൾ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക സ്പെഷ്യലൈസേഷൻ ഇല്ല. ബിരുദത്തിലോ പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് ബി.എഡ്.പഠനസൌകര്യം നൽകിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകളിൽ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകൾ നിലവിലുണ്ട്. കേരളത്തിൽ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന എൻ.സി.പി.ഇ. മാത്രമാണിത്തരത്തിലുള്ള സ്ഥാപനം.

കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും നടത്തുന്ന ആചാര്യ കോഴ്സുകൾ B.Ed. ന് തുല്യമായി പരിഗണിച്ച് സെക്കൻഡറി തലംവരെ അധ്യാപകരാവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പുറമേ വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ താത്ത്വികാടിസ്ഥാനം, ഇന്ത്യയിലെ വിദ്യാഭ്യാസം എന്നീ പൊതുവിഷയങ്ങൾ ഓരോ വിദ്യാർഥിയും പഠിക്കേണ്ടതുണ്ട്. സ്കൂൾ ഓർഗനൈസേഷൻ, ലൈബ്രറി ഓർഗനൈസേഷൻ, കേസ്സ്റ്റഡി, മെഷർമെന്റ്, ആഡിയോവിഷ്വൽ എഡ്യൂക്കേഷൻ എന്നിവയും പ്രാക്റ്റീസ് റ്റീച്ചിങും ഈ കോഴ്സിന്റെ ഭാഗങ്ങളാണ്. മൂന്ന് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന ബ്ളോക്റ്റീച്ചിങ് കാലത്ത് ഓരോരുത്തരും ഐച്ഛികവിഷയങ്ങളിൽ പത്തിൽ കുറയാതെ ക്ളാസ്സുകൾ എടുക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ മാതൃകാപാഠം (model lesson), നിരൂപണപാഠം (criticism lesson), പാഠക്കുറിപ്പുകൾ, നിരീക്ഷണം (observation) എന്നിവയ്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. തിയറിക്കും പ്രാക്റ്റിക്കലിനും വെവ്വേറെയാണ് ജയാപജയങ്ങൾ നിശ്ചയിക്കുന്നത്.

എം.എഡ്. കോഴ്സ്

[തിരുത്തുക]

ബിരുദതലത്തിൽ രണ്ടാംക്ലാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവർഷത്തെയോ അതിനുശേഷം ഒരു വർഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവർ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ കോഴ്സാണിതിന് നല്കുന്നത്. അഞ്ച് തിയറി പേപ്പറും പതിനായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ വാക്കുകളുള്ള ഒരു തീസിസുമാണ് എം.എഡ്. പരീക്ഷയുടെ പ്രധാന ഭാഗങ്ങൾ.

മറ്റു രാഷ്ട്രങ്ങളിൽ

[തിരുത്തുക]

1963-ൽ ഇംഗ്ലണ്ടിൽ സമർപ്പിക്കപ്പെട്ട റോബിൻസ് (Robbins) റിപ്പോർട്ട് അവിടെ മാത്രമല്ല ലോകത്താകമാനം വിദ്യാഭ്യാസവികസനത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. പ്രസ്തുത റിപ്പോർട്ടിലെ ഒൻപതാം അധ്യായം അധ്യാപകപരിശീലനമാണ് ചർച്ച ചെയ്യുന്നത്. 1944-ലെ മക്നയർ റിപ്പോർട്ടിലെ നിർദ്ദേശങ്ങളെ ഇതിൽ കുറെയൊക്കെ വിലയിരുത്തുന്നു. പ്രൈമറി അധ്യാപകരെന്നും സെക്കണ്ടറി അധ്യാപകരെന്നും അധ്യാപകരെ രണ്ടായി കാണേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം. വെവ്വേറെ ട്രെയിനിങ് നല്കേണ്ട ആവശ്യവും അവർ കാണുന്നില്ല. അക്കാദമിക് ഡിഗ്രിക്കും അധ്യാപനപരിശീലനത്തിനുമായി ഒരാൾ നാലു വർഷമാണ് പഠിക്കേണ്ടത്. ആദ്യത്തെ മൂന്നു വർഷം ജനറൽ കോഴ്സും അവസാനത്തെ ഒരു വർഷം പ്രൊഫഷണൽ കോഴ്സുമാണ്. വിവിധ പാഠ്യവിഷയങ്ങൾ, ബോധനരീതികൾ, വിദ്യാഭ്യാസ തത്ത്വങ്ങൾ എന്നിവ താത്ത്വികമായും പ്രായോഗികമായും ഓരോ വിദ്യാർഥിയും അഭ്യസിക്കുന്നു. പ്രാക്റ്റിസ് റ്റീച്ചിങ്ങിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരും അധ്യാപകവിദ്യാർഥികളും താരതമ്യേന മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. സ്ഥാപനങ്ങളെല്ലാംതന്നെ ദേശീയ സ്വഭാവമുള്ളവയാണെങ്കിലും അവ നടത്തുന്നത് ലോക്കൽ എഡ്യൂക്കേഷണൽ അതോറിറ്റികളും സാമൂഹ്യസംഘടനകളും സർവകലാശാലകളുമാണ്.

യു.എസ്.

[തിരുത്തുക]

യു.എസ്സിൽ ഓരോ സ്റ്റേറ്റും അതതിന്റെ വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പതിവ്. അധ്യാപകവിദ്യാഭ്യാസത്തിന് ഒരു ദേശീയനിലവാരമോ പരിപാടിയോ ഇല്ലെന്നതാണ് അവിടത്തെ പ്രത്യേകത. പൊതുവിദ്യാഭ്യാസയോഗ്യത നേടിക്കഴിഞ്ഞാൽ നാലോ അഞ്ചോ വർഷംകൊണ്ടു മാത്രമേ അധ്യാപകയോഗ്യത നേടാൻ കഴിയുകയുള്ളു. പാഠ്യവിഷയങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം, വിദ്യാഭ്യാസ ചരിത്രം, വിദ്യാഭ്യാസ സാമൂഹികശാസ്ത്രം, വിദ്യാഭ്യാസ തത്ത്വശാസ്ത്രം, വിദ്യാഭ്യാസ മനഃശാസ്ത്രം, എന്നിവ ഓരോ വ്യക്തിയും പഠിക്കേണ്ട വിഷയങ്ങളാണ്. പുറമേ അധ്യാപന പരിശീലനത്തിന് ഗണ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള റ്റീച്ചിങ് പ്രാക്റ്റീസ് കൂടാതെ ബ്ലോക്ക് ടീച്ചിങ് പ്രാക്റ്റീസും അവിടെ നിർബന്ധിതമാണ്. ഒൻപതു ആഴ്ചയാണ് ഇതിന് നീക്കിവച്ചിട്ടുള്ളത്. തിയറിയിലെ വിജയത്തിനു പുറമേ പ്രായോഗിക പരിശീലനവും മികച്ചതാണെന്ന് ബോധ്യപ്പെട്ടാലേ യോഗ്യതാപത്രം ലഭിക്കുകയുള്ളു. അധ്യാപകനിയമനത്തിന് ഈ യോഗ്യതാപത്രം അനിവാര്യമാകുന്നു. അതായത് പ്രീ-സർവീസ് ട്രെയിനിങ്ങിനാണ് അവിടെ മുൻതൂക്കം നല്കിയിട്ടുള്ളത്. പുറമേ ഇൻസർവീസ് ട്രെയിനിങ്ങിനുള്ള സൌകര്യങ്ങളും വ്യവസ്ഥകളും ഉണ്ട്. അധ്യാപകൻ എവിടെ പ്രവൃത്തിയെടുക്കുന്നുവെന്നതിനെക്കാൾ എന്തെല്ലാം യോഗ്യതകൾ നേടിയിട്ടുണ്ടെന്നുള്ളതാണ് ശമ്പളം നിർണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡം. അതുകൊണ്ടുതന്നെയാകാം ഉന്നതബിരുദധാരികൾ സ്കൂളുകളിൽ ധാരാളമുള്ളത്.

റഷ്യയിൽ അധ്യാപകവിദ്യാഭ്യാസത്തിനായി പെഡഗോഗിക്കൽ സ്കൂൾ, പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് രണ്ടിനം സ്ഥാപനങ്ങളുണ്ട്. അധ്യാപകന് നല്കുന്ന പദവിയുടെയും പരിശീലനത്തിന്റെയും ഫലമായാണ് അവിടെ വിദ്യാഭ്യാസം മെച്ചപ്പെട്ടിരിക്കുന്നതെന്ന് പറയാം. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിൽ വരുത്തുന്നതിനുമിടയ്ക്ക് ഏറ്റവും കുറഞ്ഞ സമയം എടുക്കുന്ന രാഷ്ട്രമെന്ന ബഹുമതി റഷ്യ കരസ്ഥമാക്കിയിട്ടുണ്ട്. കിന്റർഗാർട്ടനിലേക്കും പ്രൈമറിക്ളാസ്സുകളിലേക്കും-1 മുതൽ 4 വരെ ക്ളാസ്സുകൾ-ഉള്ള അധ്യാപകരെ പെഡഗോഗിക്കൽ സ്കൂളുകളിലും 5 മുതൽ 11 വരെ ക്ളാസ്സുകളിലേക്കുള്ള അധ്യാപകരെ ഇൻസ്റ്റിറ്റ്യൂട്ടുകളിലും അതിനു മുകളിലുള്ളവരെ സർവകലാശാലകളിലുമാണ് പരിശീലിപ്പിക്കുന്നത്. എട്ടുവർഷത്തെ വിദ്യാഭ്യാസം നേടിയവർക്ക് നാലുവർഷത്തെയും പത്തുവർഷത്തെ വിദ്യാഭ്യാസം നേടിയവർക്ക് രണ്ടുവർഷത്തെയും പരിശീലനമാണ് പെഡഗോഗിക്കൽ സ്കൂളുകളിൽ നല്കുന്നത്. പാഠ്യവിഷയങ്ങൾക്കു പുറമേ സംഗീതം, കായികവിദ്യാഭ്യാസം, ഡ്രോയിങ് എന്നിവ നിർബന്ധിതമാണ്. പ്രൈമറിസ്കൂളുകളിലെ അധ്യാപകർ എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടതുകൊണ്ട് പ്രത്യേക വിഷയത്തിൽ വിശിഷ്ടാധ്യയനം നടത്താറില്ല. അവസാനവർഷം ആറ് ആഴ്ച ഒരംഗീകൃത സ്കൂളിൽ ഇവർ പഠിപ്പിക്കവേയാണ് പ്രായോഗിക പരിശീലനം വിലയിരുത്തപ്പെടുന്നത്.

സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് അഞ്ചുവർഷത്തെ പരിശീലനം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നല്കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ടുവർഷം ഫാക്റ്ററിയിലോ പാടത്തോ പ്രവർത്തിച്ചിട്ടുള്ളവർക്കായി 80 ശതമാനം സീറ്റുകൾ നീക്കിവയ്ക്കാൻ 1958 മുതൽ നിയമമുണ്ട്. പൊതുവിഷയങ്ങൾക്കു പുറമേ പാഠ്യപദ്ധതിയിൽ വിദ്യാഭ്യാസതത്ത്വങ്ങൾ, ചരിത്രം, വിദ്യാഭ്യാസത്തിന്റെ സാമൂഹിക താത്വികമനഃശാസ്ത്രാടിസ്ഥാനങ്ങൾ എന്നിവയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നുണ്ട്. വിദ്യാഭ്യാസവും ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം എവിടെയും കാണുന്നു. അധ്യാപകനാകുന്നതോടൊപ്പം യൂത്ത്ലീഡറായും കമ്മ്യൂണിറ്റിലീഡറായും സേവനമനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പും അധ്യാപകപരിശീലനകാലത്ത് ഓരോ വ്യക്തിയും നേടണം. നാലാം വർഷം വിദ്യാർഥി ഒരംഗീകൃത സ്കൂളിൽ പൂർണകാലാധ്യാപകനായി പ്രവർത്തിക്കണം. താൻ തിരഞ്ഞെടുക്കുന്ന രണ്ടു വിഷയങ്ങൾ ഏതു ക്ലാസ്സിലും പഠിപ്പിക്കാനുള്ള പ്രാഗല്ഭ്യം അഞ്ചാം വർഷത്തിനകം ഓരോരുത്തരും നേടിയിരിക്കും. താന്താങ്ങളുടെ അനുഭവങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന ഒരു ലിഖിതറിപ്പോർട്ടും ഓരോ വ്യക്തിയും നൽകണമെന്നാണ് വ്യവസ്ഥ. വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങൾ, പാഠ്യപദ്ധതി മുതലായവയെപ്പറ്റി വിശേഷജ്ഞാനം പരിശീലനകാലത്ത് ഓരോ വിദ്യാർഥിയും നേടിയിരിക്കും. ഇതിനുപുറമേ കാൻഡിഡേറ്റ് ഡിഗ്രിക്കുവേണ്ടി ഗവേഷണം നടത്താനും സ്വയം തയ്യാറാക്കുന്ന പ്രബന്ധം വിദഗ്ദ്ധന്മാരുടെ മുമ്പാകെ അവതരിപ്പിച്ച് ബിരുദം കരസ്ഥമാക്കാനും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സൌകര്യമുണ്ട്. പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ കാൻഡിഡേറ്റ് അഥവാ ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവരായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടുവർഷത്തിലൊരിക്കൽ ഓരോ അധ്യാപകനും ഏതെങ്കിലും ഇൻസർവീസ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം. ഈ വ്യവസ്ഥ ഇംക്രിമെന്റ് നേടുന്നതിനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.

പുതിയ സമീപനം

[തിരുത്തുക]

കോഠാരി കമ്മീഷന്റെ ശുപാർശകൾ അധ്യാപനപരിശീലനത്തിന് മുൻതൂക്കം നല്കിക്കൊണ്ട് ഒരു പുതിയ സമീപനത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തെ അവഗണിക്കാതെ അധ്യാപകവിദ്യാഭ്യാസം പുനരാവിഷ്കരിക്കുകയാണ് അഭികാമ്യം. ട്രെയിനിങ് സ്കൂളുകളുടെ പദവി ജൂനിയർ കോളജുകളുടേതിന് തുല്യമാക്കണം. പാഠ്യവിഷയത്തിലോ എഡ്യൂക്കേഷനിലോ പോസ്റ്റ്ഗ്രാഡ്വേറ്റ് ബിരുദമുള്ളവരെ മാത്രമേ അവിടെ അധ്യാപകരാക്കാവൂ എന്ന് നിർദ്ദേശിച്ച് മെച്ചപ്പെട്ട ശമ്പളസ്കെയിലുകൾ നൽകുകയും വേണം. ട്രെയിനിങ് കോളജുകളിൽ ഡബിൾ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവരെ മാത്രമേ അധ്യാപകരാക്കാവു. അവിടെയും മികച്ച സേവനവ്യവസ്ഥകളും ശമ്പളസ്കെയിലുകളും നല്കപ്പെടണം. ഗവേഷണസൌകര്യങ്ങൾ എല്ലാ ട്രെയിനിങ് കോളജുകളിലും ഉണ്ടാകണം. അധ്യാപനം തൊഴിലാക്കാൻ ഒരുമ്പെടുന്നവരെയെല്ലാം പരിശീലനത്തിന് നിയോഗിക്കാതെ അതിൽ അഭിരുചിയുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്നരീതി അനുവർത്തിക്കപ്പെടണം. ഇൻസർവീസ്കോഴ്സുകൾ നിർബന്ധിതമാക്കണം. ഒരു നിശ്ചിതകാലയളവിൽ (മൂന്നോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ) ഓരോ അധ്യാപകനും ഈ കോഴ്സ് പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത് അധ്യാപകന്റെ കഴിവും കാഴ്ചപ്പാടും മെച്ചപ്പെടുത്താൻ ഉപകരിക്കുകതന്നെ ചെയ്യും. ഒരേ കാമ്പസിൽ തന്നെ പ്രീ-പ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസപരിശീലനകേന്ദ്രം വരെ ഉൾക്കൊള്ളുന്ന കോംപ്രിഹെൻസീവ് കോളജുകൾ പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിക്കപ്പെടണം. ഒരു യൂണിവേഴ്സിറ്റി ഡിസിപ്ളിനായി അംഗീകരിച്ച് ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും എഡ്യൂക്കേഷൻ പാഠ്യവിഷയമാകണം. വസ്തുനിഷ്ഠമായ മൂല്യനിർണയരീതികളും സ്വീകരിക്കപ്പെടണം. റ്റീച്ചർ എഡ്യൂക്കേറ്റർമാരുടെ പ്രൊഫഷനൽ സംഘടനയാണ് കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (CTE). മുമ്പ് ഐ.എ.റ്റി.ഇ., എൻ.എ.റ്റി.ഇ. എന്നീ പേരുകളിൽ അറിഞ്ഞിരുന്ന സംഘടനയുടെ പുതിയ രൂപമാണിത്. മധ്യപ്രദേശിലെ ഭോപ്പാൽ ആണ് ഇതിന്റെ ആസ്ഥാനം. സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ചാപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. 2000 മുതൽ കേരളാ ചാപ്റ്റർ സജീവമായി പ്രവർത്തിച്ചുവരുന്നു. വാർഷിക സെമിനാറുകൾ, കൺവെൻഷനുകൾ, സുവനീറുകൾ, റെഗുലേറ്ററുകൾ എന്നിവയുടെ പ്രൊഫഷനൽ ഇംപ്രൂവ്മെന്റ് ഉറപ്പിക്കുന്നത് ഈ സംഘടനയാണ്. 2006 ആദ്യം കേരളത്തിൽ 500-ലധികം ആയുഷ്കാല വ്യക്ത്യംഗങ്ങളും 25 സ്ഥാപനാംഗങ്ങളും ഉണ്ട്. ആണ്ടുതോറും ബെസ്റ്റ് ടീച്ചർ എഡ്യൂക്കേറ്റർ അവാർഡ്' നൽകിവരുന്നു. ഗവ. എയ്ഡഡ്, അൺ എയ്ഡഡ് ഭേദചിന്തയോ ബി.എഡ്/എം.എഡ്/ടി.ടി.ഐ. ഭേദചിന്തയോ കൂടാതെയാണ് സി.റ്റി.ഇ. പ്രവർത്തിക്കുന്നത്. അധ്യാപക വിദ്യാഭ്യാസ നവീകരണവും നിലവാരം മെച്ചപ്പെടുത്തുകയും ആണ് സംഘടനയുടെ ലക്ഷ്യം. ഒരു അധ്യാപക വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, പെഡഗോഗിക്കൽ യൂണിവേഴ്സിറ്റി എന്നിവയ്ക്കും സി.റ്റി.ഇ. ശബ്ദമുയർത്തുന്നുണ്ട്.

ഇതുംകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Wood`s Dispatch on Education
  2. "APPOINTMENT AND PROCEDURE OF THE COMMISSION". Archived from the original on 2012-02-23. Retrieved 2011-06-10.
  3. SECONDARY EDUCATION COMMISSION (1952-53)[പ്രവർത്തിക്കാത്ത കണ്ണി]
  4. "INDIAN EDUCATION COMMISSION (KOTHARI COMMISSION) (1964-66)". Archived from the original on 2012-01-13. Retrieved 2011-06-10.
  5. B.ED Correspondence - Top 5 Universities offering B.ed
  6. "Institute for Social and Economic Change". Archived from the original on 2011-07-30. Retrieved 2011-06-11.
  7. "Modes of Curricular Transaction". Archived from the original on 2010-07-05. Retrieved 2011-06-11.
  8. "Indian Association of Teachers Educators (IATE)". Archived from the original on 2011-11-04. Retrieved 2011-06-11.
  9. "Government College of Teacher Education ,Thalassery". Archived from the original on 2011-01-28. Retrieved 2011-06-11.
  10. "Institute of Advanced Study in Education (IASE), Bhopal". Archived from the original on 2011-06-21. Retrieved 2011-06-11.
  11. Summer Intensive Teacher Training Program 2011
  12. Naormal school
  13. "Teacher Training Courses". Archived from the original on 2011-06-24. Retrieved 2011-06-11.
  14. "State Advisory Committee for Educational Improvement. (Expired)" (PDF). Archived from the original (PDF) on 2010-09-03. Retrieved 2011-06-11.
  15. "NCTE : National Council For Teacher Education". Archived from the original on 2015-05-08. Retrieved 2011-06-11.
  16. National Assessment and Accreditation Council | NAAC
  17. "STATE INSTITUTE OF EDUCATION" (PDF). Archived from the original (PDF) on 2011-06-27. Retrieved 2011-06-11.
  18. "STATE INSTITUTE OF SCIENCE EDUCATION :". Archived from the original on 2009-12-16. Retrieved 2011-06-11.
  19. SCERT KERALA
  20. STATE INSTITUTE OF EDUCATIONAL MANAGEMENT AND TRAINING -KERALA
  21. "National Institute of Educational Planning and Administration". Archived from the original on 2012-12-17. Retrieved 2011-06-11.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദ്ധ്യാപക വിദ്യാഭ്യാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.