Jump to content

അത്താലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന പെർഗമം (ഏഷ്യാമൈനര്‍) ഭരിച്ച അത്താലിദ് വംശത്തിലെ മൂന്നു രാജാക്കന്മാരാണ് അത്താലസ്.

അത്താലസ് I

[തിരുത്തുക]

(ബി.സി. 269-197)

അത്താലസ് I

ഇദ്ദേഹത്തിന്റെ പൂർണമായ പേര് അത്താലസ് സോട്ടർ എന്നായിരുന്നു. യൂമെനസ് I-നെ തുടർന്ന് ബി.സി. 235-ലാണ് അത്താലസ് രാജാവായതെന്നു കരുതപ്പെടുന്നു. ഒരു യുദ്ധത്തിൽ ഗലേഷ്യന്മാരെ തോല്പിച്ച് ഇദ്ദേഹം തന്റെ രാജപദവി ഉറപ്പിക്കുകയും അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) തോല്പിച്ച് ഏഷ്യാമൈനറിലെ സെല്യൂസിദ് പ്രദേശങ്ങൾ മുഴുവൻ പെർഗമം സാമ്രാജ്യത്തോട് ചേർക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം മാസിഡോൺകാർ, റോമക്കാർ, ഈറ്റോലിയൻമാർ, അക്കീയർ എന്നിവരോടു യുദ്ധം ചെയ്തു. ബി.സി. 197-ൽ അത്താലസ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പെർഗമം ഗ്രീക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. സാഹിത്യം, പ്രതിമാനിർമ്മാണം, ഗ്രന്ഥരചന, സ്റ്റോയിക് അക്കാദമി പ്രവർത്തനങ്ങൾ എന്നിവയെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

അത്താലസ് II

[തിരുത്തുക]

(ബി.സി. 220-138)

അത്താലസ് II

അത്താലസ് ഹിലാഡെൽഫസ് എന്ന പേരിലാണറിയപ്പെടുന്നത്. ബി.സി. 220-ൽ ജനിച്ചു. ഗ്രീക് (171), ഗലേഷ്യൻ (189) ആക്രമണങ്ങളിൽ ഇദ്ദേഹം അത്താലിദ് സേനകളെ നയിച്ചിട്ടുണ്ട്. യൂമെനസ് II-ആമന്റെ സഹോദരനായ ഇദ്ദേഹം കുറച്ചുകാലം റോമിൽ, പെർഗമം പ്രതിപുരുഷനായിരുന്നു. ബി.സി. 159-ൽ പെർഗമത്തിലെ രാജാവായി. ഇദ്ദേഹം റോമുമായി വളരെ സൌഹാർദത്തിൽ കഴിഞ്ഞു. കിഴക്കൻ രാജ്യങ്ങളുമായി നടന്ന യുദ്ധത്തിൽ ബിത്തീനിയയിലെ പ്രഷ്യസ് II ഇദ്ദേഹത്തിന്റെ തലസ്ഥാനം വളഞ്ഞു. ഈ ദുർഘടസന്ധിയിൽ റോമിന്റെ സഹായംമൂലമാണ് അത്താലസ് II രക്ഷപ്പെട്ടത്. ഗ്രീക് സംസ്കാരകേന്ദ്രമെന്ന പാരമ്പര്യം പെർഗമം, അത്താലസ് II-ആമന്റെ കാലത്തും നിലനിർത്തി. ബി.സി. 138-ൽ ഇദ്ദേഹം അന്തരിച്ചു.

അത്താലസ് III

[തിരുത്തുക]

(ഭരണകാലം ബി.സി. 138-133)

അത്താലസ് II-ആമനെ തുടർന്ന് അത്താലസ് ഫിലോമെറ്റർ ബി.സി. 138-ൽ പെർഗമം രാജാവായി. ഇദ്ദേഹം ഒരു ഏകാധിപതിയായിരുന്നു. പൂന്തോട്ടനിർമ്മാണത്തിലും പ്രതിമാനിർമ്മാണത്തിലും ഇദ്ദേഹം താത്പര്യം കാണിച്ചു. ഇദ്ദേഹത്തിന്റെ മരണപത്രത്തിന് ചരിത്രപ്രാധാന്യമുണ്ട്. ഈ വില്പത്രപ്രകാരം തന്റെ നിര്യാണാനന്തരം പെർഗമം, റോമിന്റേതായിരിക്കുമെന്ന് ഇദ്ദേഹം വ്യവസ്ഥ ചെയ്തു. ബി.സി. 133-ൽ അത്താലസ് അന്തരിച്ചപ്പോൾ റോമാക്കാർ പെർഗമം പിടിച്ചെടുത്തു. ഇതിനെതിരായി അരിസ്റ്റോണിക്കസ് അവകാശം പുറപ്പെടുവിച്ചെങ്കിലും, റോമാക്കാർ അദ്ദേഹത്തെ തോല്പിച്ചു. ഇതോടെ പെർഗമത്തിന്റെ സ്വാതന്ത്ര്യം അവസാനിച്ചു. പെർഗമം ആധുനികകാലത്ത് ബെർഗമം എന്ന പേരിലാണറിയപ്പെടുന്നത്. തുർക്കിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്താലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അത്താലസ്&oldid=3622900" എന്ന താളിൽനിന്ന് ശേഖരിച്ചത്