അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടെക്സിൽനിന്നു സ്രവിക്കുന്ന ഹോർമോണുകളാണ് അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ. അഡ്രിനൽ കോർട്ടെക്സിന്റെ പ്രവർത്തനം നഷ്ടപ്പെട്ടാൽ മരണം സുനിശ്ചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആകയാൽ അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ ജീവസന്ധാരണത്തിന് അത്യാവശ്യമാണെന്നു വന്നുകൂടുന്നു. ഈ ഗ്രന്ഥിയിൽനിന്ന് ക്രിയാശേഷിയുള്ള നിഷ്കർഷങ്ങൾ (extracts) ലഭ്യമാക്കുവാൻ സാധിച്ചത് 1930-നു ശേഷം മാത്രമാണ്. അടുത്തകാലംവരെ ഈ നിഷ്കർഷങ്ങൾക്കു കോർട്ടിൻ എന്നാണു പറഞ്ഞിരുന്നത്. ഈ നിഷ്കർഷങ്ങളുടെ ശരീരക്രിയാത്മകപ്രവർത്തനങ്ങൾ പരിശോധിച്ചപ്പോൾ ഇവയിൽ ഒരു ഹോർമോൺ മാത്രമല്ല ഉള്ളതെന്നു മനസ്സിലായി. ഏകദേശം 40 ക്രിസ്റ്റലാകൃതിയുള്ള ഭിന്നപദാർഥങ്ങൾ ഇവയിൽനിന്നു പൃഥക്കരിച്ചെടുക്കുവാൻ സാധിച്ചിട്ടുണ്ട്. അതിൽ പ്രധാനമായി അഞ്ചെണ്ണത്തിനു മാത്രമേ മനുഷ്യശരീരത്തിൽ പ്രവർത്തനശക്തി കാണുന്നുള്ളു.

  1. 11-ഡിഹൈഡ്രോകോർട്ടിക്കോസ്റ്റിറോൺ
  2. കോർട്ടിക്കോ സ്റ്റിറോൺ
  3. കോർട്ടിസോൺ
  4. ഹൈഡ്രോകോർട്ടിസോൺ അഥവാ കോർട്ടിസോൾ
  5. ആൽഡോസ്റ്റിറോൺ അഥവാ ഇലക്ട്രോ കോർട്ടിൻ

എന്നിവയാണ് അവ.

ഈ ഹോർമോണുകളുടെ അടിസ്ഥാനഘടകം സ്റ്റിറോൾ-വലയമാണെന്നു കാണാം. 11-ആം നമ്പർ കാർബൺ അണുവിലും 17-ആം നമ്പർ കാർബൺ അണുവിലും ഉള്ള ഗ്രൂപ്പുകളുടെ കാര്യത്തിലാണ് സാരമായ വ്യതിയാനങ്ങൾ കാണുന്നത്. ഈ ലഘുവായ മാറ്റങ്ങൾ അവയുടെ പ്രവർത്തനരീതികളിൽ മർമപ്രധാനമായ വ്യത്യാസം വരുത്തുന്നുമുണ്ട്.

പ്രവർത്തനരീതിയുടെ അടിസ്ഥാനത്തിൽ അഡ്രിനൊകോർട്ടിക്കൽ ഹോർമോണുകളെ മൂന്നു വിഭാഗങ്ങളായിത്തിരിക്കാം.

ഹോർമോണുകൾ മൂന്നുവിധം[തിരുത്തുക]

ഗ്ളൂക്കോ കോർട്ടിക്കോയ്ഡുകൾ[തിരുത്തുക]

കോർട്ടിസോൺ, കോർട്ടിസോൾ എന്നിവ ഉദാഹരണങ്ങൾ. കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിലും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിലും ഇവ ശ്രദ്ധിക്കുന്നു. ഇവ പ്രോട്ടീനുകളിൽനിന്നും കൊഴുപ്പുകളിൽനിന്നും ഗ്ളൂക്കോസ് സൃഷ്ടിച്ച് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നു. അതുകൊണ്ട് ഇവയുടെ പ്രവർത്തനം ഇൻസുലിന്റേതിന്നു വിപരീതമാണ്.

മിനറാലോകോർട്ടിക്കോയ്ഡുകൾ[തിരുത്തുക]

ആൽഡോസ്റ്റിറോൺ, ഡിഓക്സി കോർട്ടിക്കോസ്റ്റിറോൺ എന്നിവ ഉദാഹരണങ്ങൾ. ശരീരത്തിലുള്ള സോഡിയം, പൊട്ടാസിയം എന്നീ ലോഹ-അയോണുകളേയും ജലാംശത്തേയും ഇവ നിയന്ത്രിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന എ.സി.റ്റി.എച്ച്. എന്ന ഹോർമോണിന് ആൽഡോസ്റ്റിറോണിനെ മാത്രം സ്വാധീനിക്കുവാൻ കഴിവില്ല. സോഡിയം ദേഹത്തിൽ ചുരുങ്ങിയാൽ പ്രസ്തുത ഹോർമോൺ അധികമായും, അധികമായാൽ ഇതു ചുരുക്കമായും കോർട്ടെക്സിൽനിന്ന് ഉണ്ടാകുന്നു.

ലൈംഗികഹോർമോണുകളുടെ പ്രഭാവമുള്ളവ[തിരുത്തുക]

അഡ്രിനൽ കോർട്ടെക്സിൽനിന്നു ഘടനയിലും പ്രവർത്തനത്തിലും ലൈംഗികഹോർമോണുകളോടു സാദൃശ്യമുള്ള ചില ഹോർമോണുകളും ഉദ്ഭവിക്കുന്നുണ്ട്. അഡ്രിനൊസ്റ്റിറോൺ ഒരു ഉദാഹരണമാണ്. ഷണ്ഡീകൃത മൃഗങ്ങളുടെ മൂത്രത്തിൽ ലൈംഗികഹോർമോണുകൾ കാണുന്നതിനാൽ അവയുടെ ഉദ്ഭവസ്ഥാനം അഡ്രിനൽ കോർട്ടെക്സ് ആണെന്ന് അനുമാനിക്കാം.

അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾക്കു വേറെയും ചില കഴിവുകൾ ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഉദാഹരണമായി സന്ധിവീക്കം മുതലായ കൊലാജൻ-രോഗങ്ങളേയും ചില അലർജിക് അവസ്ഥകളേയും ചികിത്സിക്കുന്നതിന് ഇവ ഉപയോഗിക്കാം. രോഗശമനരീതി എപ്രകാരമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അടുത്തകാലത്ത് അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ സംശ്ളേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. സംരചനയിൽ അല്പസ്വല്പവ്യത്യാസങ്ങൾ വരുത്തി (ഉദാ. ഹാലജൻ ചേർക്കൽ) കൂടുതൽ വീര്യവും പ്രത്യേകനിർദിഷ്ടത്വവും (specificity) പ്രദർശിപ്പിക്കുന്ന പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഫ്ളൂറോ കോർട്ടിസോൺ ഒരു ദൃഷ്ടാന്തമാണ്.

ഉത്പാദനം[തിരുത്തുക]

അഡ്രിനൽ കോർട്ടെക്സിൽ താരതമ്യേന ധാരാളമായിത്തന്നെ കൊളസ്റ്റിറോൾ, അസ്കോർബിക് അമ്ളം എന്നിവ കാണുന്നുണ്ട്. ഗ്രന്ഥിയിൽ എ.സി.റ്റി.എച്ച്.-ന്റെ ഉത്തേജനം ഉണ്ടാകുമ്പോൾ ഈ രണ്ടിന്റെയും അളവിൽ സാരമായ കുറവ് ഉണ്ടാകുന്നു. സ്റ്റിറോയ്ഡ് ഹോർമോണിന്റെ മുഖ്യമായ ഒരു മുന്നോടിയാണ് കൊളസ്റ്റിറോൾ. അസ്കോർബിക് അമ്ളത്തിന്റെ പങ്ക് ഇവിടെ എന്താണെന്ന് ഇനിയും മുഴുവൻ വ്യക്തമായിട്ടില്ല. കൊളസ്റ്റിറോൾ വഴി ആദ്യമായി ഉണ്ടാകുന്നത് പ്രഗ്നിനൊലോൺ എന്ന പദാർഥമാണ്. 9-α ഫ്ളൂറോ കോർട്ടിസോൺ

ഇതിൽ 17-ആമത്തെ കാർബൺ അണുവിൽ നടത്തുന്ന ഹൈഡ്രോക്സിലീകരണം വഴി ലൈംഗിക ഹോർമോണുകൾ ഉണ്ടാകുന്നു. പിന്നീടു വിവിധ കാർബൺ അണുക്കളിൽ നടക്കുന്ന ഹൈഡ്രോക്സിലീകരണം വഴിയും കാർബൺ അണുവിനോടു ഘടിപ്പിച്ചിട്ടുള്ള ചങ്ങലകൾ എടുത്തുകളയുന്നതു വഴിയും ആണ് മറ്റുള്ള അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ സൃഷ്ടിക്കപ്പെടുന്നത്.

നിയന്ത്രണം[തിരുത്തുക]

അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ ശരീരത്തെ വിവിധ സമ്മർദങ്ങളിൽനിന്നു രക്ഷിക്കുവാൻ അത്യന്താപേക്ഷിതമാണ്. ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രക്രിയകളെ സെലിയി (Selye) എന്ന ശാസ്ത്രജ്ഞൻ വിശേഷിപ്പിക്കുന്നത് അലാറം പ്രവർത്തനം എന്നാണ്. അതിന്റെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന അഡ്രിനാലിൻ എന്ന പ്രഗ്നിനൊലോൺ ഹോർമോൺ ശരീരത്തിലെ വിവിധ കലകളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി പിറ്റ്യൂറ്ററിഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന അഡ്രിനൊ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ ആണ് അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകളുടെ അളവു നിയന്ത്രിക്കുന്നത്. ഇതിൽ ഒരേ ഒരു അപവാദം ആൽഡോസ്റ്റിറോണിന്റെ ഉത്പാദനം മാത്രമാണെന്നും അതിന്റെ നിർമ്മാണം നിയന്ത്രിക്കുന്നതു രക്തത്തിലെ സോഡിയം അയോണുകളുടെ അളവാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ആൽഡോസ്റ്റിറോൺ നിർമ്മാണത്തിൽ വൃക്കയിൽനിന്നുണ്ടാകുന്ന ആൻജിയോടെൻസിൻ (angiotensin) എന്ന പോളിപെപ്റ്റൈഡിനും പങ്കുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്രിനൊ കോർട്ടിക്കൽ ഹോർമോണുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.