Jump to content

അഡിസൺ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡിസൺ രോഗം
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം Edit this on Wikidata

അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുമ്പോൾ കോർടിസോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള ആ ഗ്രന്ഥിയുടെ കഴിവ് നഷ്ടപ്പെടുകയും തത്ഫലമായി മറ്റു വൈഷമ്യങ്ങൾക്കു പുറമേ ശരീരത്തിന് നിറഭേദം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് അഡിസൺ രോഗം. തോമസ് അഡിസനാണ് 1855-ൽ ഈ രോഗം ആദ്യമായി വിവരിച്ചത്. പ്രധാനമായും 20 വയസ്സിനും 40 വയസ്സിനും ഇടയ്ക്കാണ് ഇതുണ്ടാകുന്നത്. ക്ഷയം, അർബുദം, ആർസെനിക് വിഷബാധ,രക്തസ്രാവം മുതലായവ ഈ രോഗത്തിനു കാരണമാകാറുണ്ട്.

രോഗലക്ഷണങ്ങൾ

[തിരുത്തുക]

മാരകമായ ഒരു രോഗമാണ് അഡിസൺ രോഗം. രോഗിക്ക് സാധാരണയായി അസ്വാസ്ഥ്യവും തളർച്ചയും വിശപ്പില്ലായ്മയും ഉണ്ടാകും. നാഡിമിടിപ്പും രക്തസമ്മർദവും കുറയുന്നു. കൈരേഖകൾ, ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുകൾ, കൈകാൽ മുട്ടുകൾ എന്നിവ ആദ്യം തവിട്ടുനിറമായും പിന്നീട് കറുപ്പുനിറമായും മാറുന്നു. സന്ധികൾ കറുത്തുവരികയും ചെയ്യും. ബാക്കി സ്ഥലങ്ങളിലെ തൊലി വിളർക്കുകയും പിന്നീട് നീലനിറം ഉള്ളതായിത്തീരുകയും ചെയ്തേക്കാം. ഓക്കാനവും ഛർദിയും വയറിളക്കവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ദേഹത്തിന്റെ തൂക്കം കുറഞ്ഞുവരുന്നു. മൂത്രം തീരെ ഇല്ലാതായിത്തീരുന്നു. ധാരാളം വെള്ളവും സോഡിയവും മൂത്രത്തിൽ കൂടി നഷ്ടപ്പെടുന്നു. ശരീരത്തിന്റെ താപനില 38 ഡിഗ്രി സെൽ‌ഷ്യസോ അതിൽ കൂടുതലോ ആവുകയും രോഗി അബോധാവസ്ഥയിൽ എത്തുകയും ചെയ്യും. പെട്ടെന്ന് മരണം സംഭവിക്കാറുണ്ട്.

സീറം-സോഡിയവും രക്തത്തിലെ പഞ്ചസാരയും പ്ലാസ്മയിലെ ക്ലോറൈഡും ആൽക്കലിശേഖരവും നന്നേ താഴുന്നു. പക്ഷേ സീറം-പൊട്ടാസിയം കൂടിവരും. തൈറോടോക്സിക്കോസിസ്, മിക്സെഡീമ, പ്രമേഹം, ന്യുമോണിയ എന്നീ രോഗങ്ങളും അഡിസൺ രോഗത്തിനോടൊപ്പം വരാനിടയുണ്ട്.

പ്രതിവിധി

[തിരുത്തുക]

കോർടിസോൺ മാംസപേശികളിൽ കുത്തിവയ്ക്കുകയോ ത്വക്കിൽ നിക്ഷേപിക്കുകയോ ഭക്ഷിക്കുകയോ ചെയ്ത് രക്തത്തിൽ കോർടിസോണിന്റെ നില സാധാരണമാക്കിയാൽ രോഗവിമുക്തിയുണ്ടാകും

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡിസൺ രോഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡിസൺ_രോഗം&oldid=1696047" എന്ന താളിൽനിന്ന് ശേഖരിച്ചത്