Jump to content

അജിതകേശകംബളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീബുദ്ധന്റെ കാലത്ത് പ്രസിദ്ധനായിരുന്ന ഒരു നാസ്തികനായിരുന്നു അജിതകേശകംബളൻ. ഭൗതികവാദിയും സന്ദേഹവാദിയും കൂടിയായിരുന്നു. മനുഷ്യരുടെ കേശംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് കേശകംബളൻ എന്ന പേർ ലഭിച്ചു. വെള്ളം, വായു, അഗ്നി, ഭൂമി എന്നീ ചതുർഭൂതങ്ങൾ കൊണ്ടാണ് മനുഷ്യനും പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ഇവയുടെ വിവിധതരത്തിലുള്ള സംയോജനത്തിന്റെ ഫലമായിട്ടാണ് പദാർഥങ്ങളുണ്ടാകുന്നതെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മനുഷ്യൻ മരിക്കുമ്പോൾ ശരീരത്തിലെ മണ്ണ് ഭൂമിയോടും ജലം ജലത്തോടും തേജസ്സ് അഗ്നിയോടും വായു വായുവിനോടും ചേരുന്നു. ഇന്ദ്രിയസംവേദനങ്ങളുടെ ഫലമായിട്ടാണ് ജ്ഞാനമുണ്ടാകുന്നത്. വേദവിജ്ഞാനത്തെ ഇദ്ദേഹം അംഗീകരിച്ചില്ല. മരണാനന്തര ജീവിതത്തിലും പരലോകത്തിലും വിശ്വസിച്ചിരുന്നില്ല. തിൻമകൊണ്ടും അനാചാരം കൊണ്ടും ഒരു പാപവും ഉണ്ടാകുകയില്ലെന്നും ദാനധർമങ്ങളും യാഗാദികർമങ്ങളും നിഷ്പ്രയോജനങ്ങളാണെന്നും അജിതൻ അഭിപ്രായപ്പെട്ടു. ബുദ്ധ-ജൈന-ഹിന്ദുമതക്കാർ ഈ സിദ്ധാന്തങ്ങളെ അങ്ങേയറ്റം എതിർത്തു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജിതകേശകംബളൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജിതകേശകംബളൻ&oldid=1692577" എന്ന താളിൽനിന്ന് ശേഖരിച്ചത്