അചലവീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യാതൊരു മാറ്റങ്ങൾക്കും വിധേയമാകാതെ ആധാരയന്ത്രമായി വർത്തിക്കുന്ന വീണയെ അചലവീണ എന്നു വിളിക്കുന്നു. ഇതിന് ധ്രുവവീണയെന്നും പേരുണ്ട്. ഭരതമുനിയുടെ സരണാചതുഷ്ടയി എന്ന പരീക്ഷണത്തിന് രണ്ടിനം വീണകൾ ഉപയോഗിക്കപ്പെട്ടു. അവയിൽ ഒന്നിന് അചലവീണയെന്നും മറ്റതിന് ചലവീണയെന്നും പേരുവന്നു. ഇവ രണ്ടും ഉപയോഗിച്ചാണ് 22 ശ്രുതികളുടെ സംഖ്യയും സ്ഥാനവും ഭരതമുനി, ശാർങ്ഗദേവൻ തുടങ്ങിയവർ കണക്കാക്കിയത്.

ഒരേ ആകൃതിയും പ്രകൃതിയുമുള്ള രണ്ടു വീണകൾ ഭരതമുനി തിരഞ്ഞെടുത്തു. അവയുടെ തന്ത്രികളെ ഷഡ്ജഗ്രാമത്തിലെ സപ്തസ്വരങ്ങളുമായി ഇണക്കി, അതിൽ ഒന്ന് മാറ്റങ്ങൾക്കു വിധേയമാക്കാതെ ആധാരവീണയായി പ്രത്യേകം സൂക്ഷിച്ചു; അതിന് അചലവീണയെന്നു പേരുകൊടുത്തു. മറ്റേ വീണ ക്രമാനുസരണം ധ്വനിഭേദം വരുത്തി 22 ശ്രുതികളുടെ സംഖ്യയും സ്ഥാനവും അളന്നു തിട്ടപ്പെടുത്താനുപയോഗിച്ചു. പരീക്ഷണത്തിനു വിധേയമായി ധ്വനിഭേദം സംഭവിച്ചതുകൊണ്ട് അതിന് ചലവീണയെന്ന പേരു ലഭിച്ചു.

വകഭേദങ്ങൾ. സരസ്വതീവീണ, മഹതീവീണ, രുദ്രവീണ തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ സ്വരക്കട്ടകളോടു കൂടിയവയെ അചലവീണയെന്നും സിതാർ തുടങ്ങിയ വാദ്യങ്ങളെ ചലവീണയെന്നും വിശേഷിപ്പിക്കുന്നതിൽ ഔചിത്യമുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അചലവീണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അചലവീണ&oldid=831040" എന്ന താളിൽനിന്ന് ശേഖരിച്ചത്