Jump to content

അഗ്മാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്മാർക്ക്
Certifying agencyDirectorate of Marketing and Inspection, Government of India
Effective regionഇന്ത്യ
Effective since1986
Product categoryകാർഷിക ഉത്പന്നങ്ങൾ
Legal statusAdvisory
Websiteagmarknet.nic.in/agm_std1.htm

കാർഷികവിപണനം എന്നർഥം വരുന്ന ഒരു ഇംഗ്ലീഷ് സംജ്ഞയുടെ (Agricultural Marketing) സംക്ഷിപ്തരൂപമാണ് ആഗ്മാർക്ക്. 1937-ലെ കാർഷികോത്പന്ന (തരംതിരിക്കലും വിപണനവും) നിയമനിർമ്മാണത്തിനുശേഷം, 'അഗ്മാർക്ക്' എന്നത് ഇന്ത്യയിൽ ഉത്പന്നങ്ങളുടെ കലർപ്പില്ലായ്മയുടെയും ഗുണത്തിന്റെയും ദേശീയ ചിഹ്നമായിത്തീർന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലും വിവിധ സാഹചര്യങ്ങളിലുമുള്ള കാർഷികോത്പന്നങ്ങളുടെ ഗുണത്തിന് വൻതോതിൽ വ്യത്യാസമുണ്ടാകുന്നു. എന്നാൽ ഈ ഗുണവ്യത്യാസം വിലനിലവാരത്തിൽ അർഹമാംവിധം പ്രതിഫലിക്കുന്നതുമില്ല. തത്ഫലമായി ഉത്പാദകർക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ താത്പര്യം കുറയാൻ തുടങ്ങി. അങ്ങനെ നല്ല സാധനങ്ങൾ ഗൃഹാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും മറ്റും ലഭിക്കാൻ പ്രയാസം നേരിട്ടു. ഉത്പന്നങ്ങൾക്കു പൊതുവായ ഒരു ഗുണനിലവാരമില്ലെന്നായപ്പോൾ വ്യാപാരരംഗത്ത് മായം ചേർക്കലുൾപ്പെടെയുളള അഴിമതികൾ നടമാടാൻ തുടങ്ങി. ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള ഒരു പരിഹാരമെന്നനിലയിലാണ് മുൻചൊന്ന നിയമം പ്രാവർത്തികമാക്കിയത്.

കാർഷികോത്പന്നങ്ങളുടെ ഭൗതികവും ആന്തരികവുമായ സവിശേഷതകൾ ശരിയായ രീതിയിൽ പരിശോധിച്ച ശേഷമാണ് അവയുടെ തരംതിരിക്കലിനുള്ള നിലവാരം തിട്ടപ്പെടുത്തുന്നത്. ഉത്പന്നങ്ങളുടെ തൂക്കം, ആകൃതി, വലിപ്പം, നിറം, അപദ്രവ്യങ്ങൾ, കേടുപാടുകൾ, ഗുണത്തെ ബാധിക്കുന്ന ഈർപ്പം, ചൂട് തുടങ്ങിയവ കൊണ്ടുണ്ടാകുന്ന കേടുകൾ എന്നിവയെല്ലാം ഇക്കാര്യത്തിൽ പരിഗണിക്കപ്പെടുന്നു. നിയമാനുസരണം തിട്ടപ്പെടുത്തുന്ന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളെ തരംതിരിച്ച് വിപണനമുദ്ര (അഗ്മാർക്ക്)യോടുകൂടി വില്പ്പന നടത്തുവാൻ സന്നദ്ധമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അതിന് അധികാരപത്രം നല്കുന്നു. ഗവൺമെന്റിന്റെ കാർഷിക വിപണനോപദേഷ്ടാവാണ് ഇങ്ങനെ അധികാരപത്രങ്ങൾ അനുവദിച്ചുകൊടുക്കുന്നത്. ചില കയറ്റുമതിച്ചരക്കുകൾക്ക് ഇത്തരം തരംതിരിക്കലും മുദ്രചാർത്തലും നിർബന്ധമാക്കിയിട്ടുണ്ട്.

1943-ൽ ഈ നിയമത്തിന് കാലാനുസൃതമായ പരിഷ്കാരം വരുത്തി. അതോടെ, കൂടുതൽ കാർഷികോത്പന്നങ്ങളെ നിയമപരിധിയിൽ ഉൾപ്പെടുത്തി. ക്ഷീരോത്പന്നങ്ങൾ, സസ്യ-എണ്ണകൾ, മുട്ടകള്‍, പഴവർഗങ്ങൾ, പഴവർഗോത്പന്നങ്ങൾ, കാപ്പി, ഗോതമ്പ്, അരി, പരുത്തി, അടയ്ക്ക, ടർപന്റയിൻ‍, റസിൻ, കമ്പിളി, പുകയില, തുകൽസാധനങ്ങൾ തുടങ്ങി നാല്പ്പതിലധികം ഉത്പന്നങ്ങളുടെ ഇരുന്നൂറ്റിയൻപതോളം ഇനങ്ങൾക്ക് അഗ്മാർക്ക് നല്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്മാർക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഗ്മാർക്ക്&oldid=3622610" എന്ന താളിൽനിന്ന് ശേഖരിച്ചത്