അഗാദിർ പ്രതിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗാദിർ പ്രതിസന്ധി

പാന്തർ എന്ന യുദ്ധക്കപ്പൽ അഗാദിർ തുറമുഖത്തേയ്ക്ക്
തിയതിജൂലൈ 1' 1911
സ്ഥലംമൊറോക്കോ
ഫലംTreaty of Fez; Germany accepted France's position in Morocco in return for territory in the French Equatorial African colony of Middle Congo
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
German Empire
Austria-Hungary
United Kingdom
Russia
Italy
Spain

മൊറോക്കോയിൽ അറ്റ്ലാന്റിക് തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖമായ അഗാദിറിൽ വച്ചുണ്ടായ ഒരു അന്താരാഷ്ട്ര പ്രതിസന്ധിയാണ് അഗാദിർ പ്രതിസന്ധി. മൊറോക്കോയിൽ ഫ്രാൻസിന്റെയും ജർമനിയുടെയും താത്പര്യങ്ങൾ തമ്മിലുണ്ടായ സംഘട്ടനമാണ് അഗാദിർ പ്രതിസന്ധിക്ക് നിദാനം.

അൽജിസിറാസ് സമ്മേളന (Conference of Algeciras,1906)[1] ത്തിനുശേഷവും ഫ്രാൻസ് മൊറോക്കോയിലെ അധിനിവേശപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇത് തങ്ങളുടെ താത്പര്യങ്ങൾക്ക് ഹാനികരമാണെന്ന് ജർമനി വിശ്വസിച്ചു. ജർമനിയുടെ ആശങ്കകൾ ദൂരീകരിക്കാനുതകുന്ന തരത്തിൽ ഫ്രാൻസും ജർമനിയും തമ്മിൽ മൊറോക്കോയെ സംബന്ധിച്ച് 1909-ൽ ഒരു കരാറിൽ ഒപ്പുവച്ചു. പക്ഷേ ഈ കരാർവ്യവസ്ഥകൾ പിന്നീടു ലംഘിക്കപ്പെട്ടു.

1911-ൽ മൊറോക്കോയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിനെതുടർന്ന് സുൽത്താൻ (മൌലേ അബ്ദുൽ ഹാഫിസ്) ഫ്രാൻസിന്റെ സഹായം തേടി. അതിന്റെ ഫലമായി മൊറോക്കോയുടെ തലസ്ഥാനമായ ഫെസ്സിലേക്ക് ഫ്രഞ്ചുപട്ടാളം നീങ്ങി. അതിൽ പ്രതിഷേധിച്ച് ജർമനി തങ്ങളുടെ പാന്തർ (Panther)[2] എന്ന ആയുധക്കപ്പൽ അഗാദിർ തുറമുഖത്തേക്ക് വിട്ടു (1911 ജൂല.). ജർമൻ വംശജരേയും ജർമൻ താത്പര്യങ്ങളേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഫ്രാൻസിനൊരു താക്കീതുകൂടിയായിരുന്നു ഈ നടപടി. ജർമനിയുടെ ഈ നീക്കം ഇംഗ്ളീഷുകാരെയും ആശങ്കാഭരിതരാക്കി. മൊറോക്കോതീരത്ത് ഒരു ജർമൻ നാവികത്താവളമുണ്ടാകുന്നത് - പ്രത്യേകിച്ച് ബ്രിട്ടീഷ് നാവികത്താവളമായ ജിബ്രാൾട്ടറിനു സമീപം - ബ്രിട്ടിഷ് താത്പര്യങ്ങൾക്ക് ഹാനികരമായതിനാൽ ജർമനിയുടെ ശ്രമത്തെ തങ്ങൾ ചെറുക്കുമെന്ന് ബ്രിട്ടൻ, ജർമനിക്ക് താക്കീതു നല്കി. ഈ പ്രതിസന്ധി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതി ജർമനി ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു. അതിന്റെ ഫലമായി 1911 നവംബർ 4-ന് മറ്റൊരു ഫ്രാങ്കോ-ജർമൻ കരാർ ഒപ്പുവയ്ക്കപ്പെട്ടു. ഈ കരാറനുസരിച്ച് മൊറോക്കോയിൽ ഫ്രാൻസിന്റെ അധീശത്വം ജർമനി അംഗീകരിച്ചു. അതിനുപകരം ഫ്രാൻസ് ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശം ജർമനിക്ക് നൽകി. മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേർപ്പെടാൻ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യവും സ്വതന്ത്രവുമായ അവകാശമുണ്ടായിരിക്കണമെന്ന ജർമൻവാദവും അംഗീകരിക്കപ്പെട്ടു. ഇതിനെതുടർന്ന് ജർമൻ നാവികസേന അഗാദിറിൽനിന്നും പിൻവലിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. അൽജിസീറാസ് സമ്മേളനം, 1906
  2. പന്തർ എന്ന യുദ്ധക്കപ്പൽ അഗാദീറിൽ[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗാദിർ പ്രതിസന്ധി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗാദിർ_പ്രതിസന്ധി&oldid=3622576" എന്ന താളിൽനിന്ന് ശേഖരിച്ചത്