അക്‌ബർ പദംസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്‌ബർ പദംസി
ജനനം (1928-04-12) 12 ഏപ്രിൽ 1928  (95 വയസ്സ്)
മരണം6 ജനുവരി 2020(2020-01-06) (പ്രായം 91)
കലാലയംസർ ജെ.ജെ.സ്കൂൾ ഓഫ് ആർട്ട്
തൊഴിൽചിത്രകാരൻ
സജീവ കാലം1951–ഇതുവരെ
ജീവിതപങ്കാളി(കൾ)ഭാനുമതി പദംസി
വെബ്സൈറ്റ്akbarpadamsee.net

ആധുനിക ഭാരതീയ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അക്‌ബർ പദംസി(12 ഏപ്രിൽ 1928 - 6 ജനുവരി 2020). നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഏറെ പ്രശസ്തനാണ്. പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മുംബൈയിൽ, ഗുജറാത്തിൽ നിന്ന് കുടിയേറിയ മുസ്ലീം കുടുംബത്തിൽ ജനിച്ചു.[1]വിദ്യാർത്ഥിയായിരിക്കെ തന്നെ, അക്ബർ പദംസി, മുംബൈയിലെ ബോംബെ പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പുമായി (1947ൽ രൂപീകരിക്കപ്പെട്ട പി.എ.ജി) ബന്ധം പുലർത്തിയിരുന്നു. ഫ്രാൻസിസ് ന്യൂട്ടൺ സൂസ, എസ്.എച്ച്. റാസ, എം.എഫ്. ഹുസൈൻ എന്നിവരായിരുന്നു ഈ സംഘത്തിലെ പ്രധാനികൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആധുിനിക കലാ പ്രസ്ഥാനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച സംഘടയായിരുന്നു പി.എ.ജി. റാഡിക്കൽ രചനകളുടെ പേരിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നതെങ്കിലും ചലച്ചിത്രനിർമാതാവും ഫൊട്ടോഗ്രഫറും ലിത്തോഗ്രഫറും ശിൽപിയുമായി അദ്ദേഹം തിളങ്ങി. ഓയിൽ പെയിന്റിങ്, പ്ലാസ്റ്റിക് എമൽഷൻ, വാട്ടർ കളർ, കംപ്യൂട്ടർ ഗ്രാഫിക്സ് എന്നിവയിലും പ്രാഗല്ഭ്യം പ്രകടമാക്കി. ഇന്ത്യയിലും വിദേശത്തും വിവിധ ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. 1969-ൽ അക്‌ബർ പദംസിക്ക് ജഹർലാൽ നെഹ്രു ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച ധന സഹായം ഉപയോഗിച്ച്, വ്യത്യസ്ത കലാരൂപങ്ങളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ കലാപരമായ കൈമാറ്റം സാധ്യമാക്കുന്നതിനുള്ള 'ഇന്റർ ആർട്ട് വിഷൻ എക്സ്ചേഞ്ച് വർക്ക്ഷോപ്പ്' (വ്യൂ, 1969 - 71) എന്ന സ്ഥാപനം രൂപീകരിച്ചു. വ്യൂവിൽ വച്ചാണ് 'സിസിഗി' എന്നും 'ഇവന്റ്സ് ഇൻ എ ക്ളൌഡ് ചേംബർ' എന്നും പേരുള്ള രണ്ട് ചെറിയ സിനിമകൾ പദംസി എടുക്കുന്നത്. ഇതിൽ ഇവന്റ്സ് ഇൻ എ ക്ളൌഡ് ചേംബറി ന്റെ ഒരു കോപ്പി പോലും ഇപ്പോൾ ലഭ്യമല്ല.

അവസാന കാലത്ത് കോയമ്പത്തൂർ ഇഷാ സെന്ററിൽ ഭാര്യ ഭാനുവിനോടൊപ്പം ദീർഘനാളുകളായി താമസിച്ചുവന്ന അക്ബർ പദംസി. 2020 ജനുവരി 6 ന് 91ാം വയസിൽ അന്തരിച്ചു.[2]

സിസിഗി[തിരുത്തുക]

അനിമേറ്ററായ രാം കുമാറുമായി സഹകരിച്ചാണ് പദംസി സിസിഗി (1970) എന്ന ചെറു സിനിമ എടുത്തത്. തത്ത്വശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഈ പദത്തിനുള്ള അർത്ഥങ്ങളാണ് സിനിമയുടെ ശീർഷകമായ സിസിഗി ഓർമ്മപ്പെടുത്തുന്നത്. രണ്ട് വൈരുദ്ധ്യങ്ങളുടെ കൂട്ടായ്മ എന്ന് തത്ത്വശാസ്ത്ര പദാവലിയിലും ഭൂഗുരുത്വ സംവിധാനത്തിനുള്ളിൽ ഗ്രഹങ്ങളുടെ രേഖീയമായ അണിചേരൽ എന്നു ജ്യോതിശാസ്ത്രത്തിലും ഈ പദത്തിന് വിവക്ഷയുണ്ട്. പദംസി വരച്ച ആയിരത്തോളം വരുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ സ്റ്റോപ്പ് മോഷൻ സിനിമ നിർമ്മിച്ചിരിക്കുന്നത്. 'രൂപങ്ങളെ പ്രോഗ്രാം ചെയ്യുന്നതിന് ഒരു ഗണിതശാസ്ത്ര തത്ത്വം എന്ന നിലയിലാണ് ഈ സിനിമ വികസിക്കുന്നത്. ഒരു വൃത്തവുമൊത്ത് ഇണങ്ങാൻ വിസമ്മതം കാണിക്കുന്ന ഒരു രേഖ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നു. തുടർന്ന്, ഒരു സംഖ്യാമാട്രിക്സ് രൂപപ്പെടുത്തുന്നതിന് സ്വയം പുനഃക്രമീകരിക്കപ്പെടുന്ന തിരശ്ചീനവും ലംബവുമായ രേഖകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഇതിൽ നിന്ന് ഒരു ഗ്രിഡ് രൂപപ്പെടുത്തുന്നതിായി പദംസി വരച്ച സംയുക്ത രൂപങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. രാത്രിയിലെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രസമൂഹങ്ങളുടെ രൂപരേഖ വരയ്ക്കുന്നത് പോലെ, ഈ ഗ്രിഡിൽ ബിന്ദുക്കൾ ബന്ധിപ്പിക്കപെടുന്നു. രേഖകളുടെ അനന്തമായ കൂടിച്ചേരലുകളും, ഉള്ളിലുള്ള ആകൃതികൾ വെളിപ്പെടുത്തുന്നതിന് സ്വയം അലിഞ്ഞില്ലാതാകുന്ന രൂപങ്ങളുടെ നാടകീയമായ ഘോഷയാത്രയും തുടർന്ന് സൃഷ്ടിക്കപ്പെടുന്നു.[3] സിസിഗിയുടെ അർത്ഥം.

ആവിഷ്കാര സ്വാതന്ത്യ്രം[തിരുത്തുക]

മുംബൈ ജഹാംഗിർ ആർട് ഗാലറിയിൽ 1954 ൽ നടത്തിയ ചിത്രപ്രദർശനത്തോടെയായിരുന്നു അരങ്ങേറ്റം. പൂർണനഗ്നത ചിത്രീകരിച്ചതു വിവാദമായി. പൊലീസ് ആവശ്യപ്പെട്ടിട്ടും ചിത്രം നീക്കാതിരുന്നതിനെ തുടർന്ന് അറസ്റ്റിലായി. പരസ്യമായി പ്രദർശിപ്പിക്കരുതെന്ന വ്യവസ്ഥയോടെ ചിത്രം പദംസിക്ക് തിരികെ നൽകാൻ കോടതി പിന്നീട് ഉത്തരവായി.[4]

കൊച്ചി-മുസിരിസ് ബിനാലെ 2014-ൽ[തിരുത്തുക]

പദംസിയുടെ ചെറു ചിത്രം സിസിഗി (1970) ആണ് കൊച്ചി-മുസിരിസ് ബിനാലെ 2014-ൽ പ്രദർശിപ്പിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ
  • 2004 ലളിത് കലാ രത്ന, ലളിത കലാ അക്കാദമി, ഡൽഹി
  • 1997–98 കാളിദാസ് സമ്മാൻ
  • 1969 ജഹർലാൽ ഹ്രുെ ഫെല്ലോഷിപ്പ്
  • 1965 റോക്ക് ഫെല്ലർ ഫെല്ലോഷിപ്പ്

അവലംബം[തിരുത്തുക]

  1. http://akbarpadamsee.net/biography.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-08. Archived 2020-01-09 at the Wayback Machine.
  3. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. പുറങ്ങൾ. 202–203. {{cite book}}: |access-date= requires |url= (help)
  4. https://www.manoramaonline.com/news/india/2020/01/07/Akbar-Padamsee-passed-away.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്‌ബർ_പദംസി&oldid=3776157" എന്ന താളിൽനിന്ന് ശേഖരിച്ചത്