അംഭി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സിന്ധുനദിക്കും ഝലംനദിക്കും മധ്യേ സ്ഥിതി ചെയ്തിരുന്ന തക്ഷശിലയിലെ രാജാവ് ആയിരുന്നു അംഭി. ബി.സി. 327-ൽ അലക്സാണ്ടർ ഇന്ത്യാ ആക്രമണത്തിനു പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മേല്കോയ്മ അംഗീകരിച്ച ആദ്യത്തെ രാജാവായിരുന്നു അംഭി. തന്റെ അധികാരം ഉറപ്പിക്കുന്നതിനു ഝലം രാജ്യത്തെ രാജാവായ പോറസിനെ തോല്പിക്കേണ്ടത് ആവശ്യമാണെന്നു കണ്ട അംഭി അലക്സാണ്ടറുടെ സഹായം തേടി. അംഭി വൻപിച്ച സമ്മാനങ്ങൾ അലക്സാണ്ടർക്ക് അയച്ചുകൊടുത്തു. ബി.സി. 326-ഫെ. ൽ സിന്ധുനദി കടന്ന് ഇന്ത്യയിലേക്കു പ്രവേശിച്ച അലക്സാണ്ടറെ എതിരേറ്റത് അംഭിയും അദ്ദേഹത്തിന്റെ 5,000 പേരടങ്ങിയ സൈന്യങ്ങളുമായിരുന്നു. അലക്സാണ്ടർ അംഭിയുടെ കീഴടങ്ങൽ സ്വീകരിക്കുകയും ഝലം രാജാവായ പോറസിനെതിരായി സൈന്യത്തെ നയിക്കുകയും ചെയ്തു. ഝലം നദിയുടെ അതിർത്തിയിൽ വച്ചുണ്ടായ യുദ്ധത്തിൽ ധീരനായ പോറസിനെതിരായി അംഭി അലക്സാണ്ടറെ സഹായിച്ചു. അലക്സാണ്ടറും പോറസും തമ്മിൽ നടത്തിയ ഹൈഡാസ്പസ് യുദ്ധത്തിൽ പോറസ് തോറ്റു. പിന്നീട് അലക്സാണ്ടർ മാസിഡോണിയയിലേക്കു തിരികെപ്പോകുമ്പോൾ തക്ഷശില അംഭിയെത്തന്നെ തിരികെ ഏല്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശശത്രുവിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത് അംഭിയായിരുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഭി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഭി&oldid=1692280" എന്ന താളിൽനിന്നു ശേഖരിച്ചത്