ഹെന്‍‌റി കാവന്‍ഡിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹെന്‍‌റി കാവന്‍ഡിഷ്

ഹെന്‍റി കാവെന്‍ഡിഷ്
ജനനം 10 ഒക്ടോബര്‍ 1731(1731-10-10)
നീസില്‍, ഫ്രാന്‍സ്
മരണം ഫെബ്രുവരി 24 1810 (പ്രായം 78)
ദേശീയത ബ്രിട്ടീഷ്
മേഖലകള്‍ രസതന്ത്രം, ഭൗതികശാസ്ത്രം
Alma mater കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി
Known for ഹൈഡ്രജന്റെ കണ്ടുപിടുത്തം,
ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില നിര്‍ണ്ണയം


കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേര്‍ന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിര്‍ണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ ഹെന്‍‌റി കാവന്‍ഡിഷ്[1].(ഒക്ടോബര്‍ 10, 1731 - ഫെബ്രുവരി 24, 1810). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജനനം

ഫ്രാന്‍സിലെ നീസില്‍ 1731 ഒക്ടോബര്‍ 10-നാണ് ഹെന്‍റി കാവന്‍ഡിഷ് ജനിച്ചത്. ഡെവണ്‍ഷയറിലെ ഡ്യൂക്കിന്റെ മകനായിരുന്ന അച്ഛന്‍ ചാള്‍സ് കാവന്‍ഡിഷ് ശാസ്ത്രാന്വേഷണകുതുകിയുമായിരുന്നു.

[തിരുത്തുക] ജീവിതരേഖ

കാവന്‍ഡിഷിന്‌ ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല. പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷൃമാക്കി അദ്ദേഹം ഗവേഷണങ്ങളില്‍ മുഴുകി. സ്വന്തം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങ്ങള്‍ പലതും പുറലോകമറിഞ്ഞത് വര്‍ഷങള്‍ കഴിഞ്ഞാണ്. സ്കൂളില്‍ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെന്‍റിയുടെ പ്രാഥമിക വിദ്യഭ്യാസം. 1749-ല്‍ കേംബ്രിജിലെ പീറ്റര്‍ ഹൗസ് കോളേജില്‍ ചേര്‍ന്നെങ്കിലും ബിരുദമെടുക്കും മുമ്പ് പഠനം അവസാനിപ്പിച്ചു. സഹോദരനുമൊത്ത് യൂറോപ്പില്‍ ചുറ്റിക്കറങ്ങിയ ഹെന്‍റി ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി.

രസതന്ത്രവും ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു കാവന്‍ഡിഷിന്‍റെ പ്രിയവിഷയങള്‍. ശാസ്ത്രജ്ഞരുടെ സമിതിയായ റോയല്‍ സൊസൈറ്റിയില്‍ 1760 മുതല്‍ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെയാണ് കാവന്‍ഡിഷിന്‍റെ കണ്ടെത്തലുകളില്‍ ചിലത് പുറത്തുവന്നത്.

[തിരുത്തുക] കണ്ടെത്തലുകള്‍

[തിരുത്തുക] വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍

തന്റെ കാലത്തെ രസതന്ത്രജ്ഞരില്‍ വാതകങ്ങളെക്കുറിച്ച് പഠിച്ചവരില്‍ പ്രധാനിയായി കാവെന്‍ഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിന്‍റെ ഘടനയെപ്പറ്റി കാവന്‍ഡിഷ് നടത്തിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നത് 1766-ല്‍ റോയല്‍ സൊസൈറ്റിക്കയച്ച ഫാക്ഷൃസ് എയേഴ്സ് (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന വാതകമായ ഹൈഡ്രജന്‍ അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തല്‍ ഇതിലുണ്ട്.

ലോഹങ്ങളെ ശക്തിയേറിയ അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌ അദ്ദേഹം ഹൈഡ്രജന്‍ വാതകം നിര്‍മ്മിച്ചത്. അതിനുമുമ്പ് റോബര്‍ട്ട് ബോയ്ലിനെപ്പോലുള്ളവര്‍ ഹൈഡ്രജന്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും അതൊരു മൂലകമാണെന്നു കണ്ടെത്തിയത് കാവെന്‍ഡിഷാണ്‌. ഹൈഡ്രജന്റെ ഗുണവിശേഷങ്ങള്‍ ആദ്യമായി അന്വേഷിച്ചതും കാവന്‍ഡിഷാണ്.

1781-ല്‍ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാല്‍ ജലമുണ്ടാകുമെന്ന് കാവന്‍ഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിന്‍റെ ഭാരം ഹൈഡ്രജന്‍റെയും ഒക്സിജന്‍റെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവന്‍ഡിഷ് വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടുത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.

1795-ല്‍ അന്തരീക്ഷവായുവിലെ നൈട്രജന്‍ ഒക്സിജനുമായി ചേര്‍ന്ന് ജലത്തില്‍ ലയിച്ചാണ് നൈട്രിക് ആസിഡ് രൂപംകൊള്ളുന്നതെന്ന് കാവന്‍ഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെന്‍റി കാവന്‍ഡിഷിനാണ്.

അന്തരീക്ഷത്തില്‍ അഞ്ചിലൊന്നു ഭാഗം ഓക്സിജനാണെന്നും ഓക്സിജനും നൈട്രജനും ഒഴികെയുള്ള വാതകങ്ങള്‍ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെന്‍ഡിഷ് കണ്ടെത്തി

[തിരുത്തുക] ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലനിര്‍ണ്ണയം

ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വിലയും ഭൂമിയുടെ പിണ്ഡം, സാന്ദ്രത എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെന്‍ഡിഷാണ്‌. കാവെന്‍ഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെന്‍ഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.

ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മിഷെല്‍ ആണ്‌ കാവെന്‍ഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെന്‍ഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ല്‍ അദ്ദേഹം പരീക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തു.

[തിരുത്തുക] കുടുബം

സ്ത്രീവിദ്വേഷിയായതിനാല്‍ കാവന്‍ഡിഷിന് കുടുബംമൊന്നുമുണ്ടായില്ല. സ്ത്രീകളോട് സംസാരിക്കാനിഷ്ടപ്പെടാത്ത ശാസ്ത്രജ്ഞന്‍ വീട്ടിലെ പരിചാരികമാര്‍ക്ക് എഴുത്തിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയത്.

[തിരുത്തുക] മരണം

ശാസ്ത്രത്തിന്‍റെ ഒട്ടേറെ പുരോഗതികള്‍ക്ക് പങ്കുവഹിച്ച ഹെന്‍റി കാവന്‍ഡിഷ് 1810-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ പുസ്തകശേഖരവും ഉപകരണങ്ങളും പില്‍ക്കാലത്ത് മറ്റ് ശാസ്ത്രജ്ഞര്‍ക്കു പ്രയോജനപ്പെട്ടു. കാവന്‍ഡിഷിന്റെ സമ്പത്തിലൊരു പങ്ക് ഉപയോഗിച്ച് 1871-ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രശസ്തമായ കാവന്‍ഡിഷ് ലാബോറട്ടറി സ്ഥാപിച്ചു.

[തിരുത്തുക] അവലംബം

  1. Cavendish, Henry (1766). "Three Papers Containing Experiments on Factitious Air, by the Hon. Henry Cavendish". Philosophical Transactions 56: 141 – 184. DOI:10.1098/rstl.1766.0019. Retrieved on 2007-11-06. 

[തിരുത്തുക] കൂടുതല്‍ വായനക്ക്

  • Dictionary of National Biography, Vol. 3, p.1261.
  • Cavendish: The Experimental Life, C. Jungnickel and R. McCormmach, Bucknell University Press, 1999.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം