ലൈം രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈം രോഗം
സ്പെഷ്യാലിറ്റിInfectious diseases, ഡെർമറ്റോളജി, ന്യൂറോളജി, കാർഡിയോളജി Edit this on Wikidata

മാൻചെള്ളിൽ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. പനി, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ വ്യാപകമാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവമാണ് ലൈംഡിസീസ്.

ബൊറീലിയ ജനുസ്സിൽ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരിൽ ഈ അസുഖം ഉണ്ടാക്കുന്നത്.[1]. ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കൻ ഐക്യനാടുകളിലെ ലൈം നഗരത്തിലാണെന്നതുകൊണ്ട് ഇതിനെ ലൈം രോഗം എന്ന് വിളിക്കുന്നു. ഇക്സോഡെസ് എന്ന ചെള്ളാണ് രോഗവാഹകകാരി. പനി, തലവേദന, ക്ഷീണം, വിഷാദം, ത്വഗ്രക്തിമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ബൊറീലിയ ബുഗ്ഡോർഫേറി[2] എന്ന ബാക്ടീരിയയാണ് അമേരിക്കൻ ഐക്യനാടുകളിലെ പ്രധാന രോഗകാരി.[3] 1981-ൽ വില്ലി ബുർഗ്ഡോർഫറാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്.

രോഗലക്ഷണങ്ങൾ[തിരുത്തുക]

ശരീരത്തിലെ പല അവയവവ്യൂഹങ്ങളെയും ഒരേസമയം ബാധിക്കുന്ന അസുഖമാണ് ലൈം രോഗം. മറ്റ് ബാക്ടീരിയൽ രോഗങ്ങളിലുണ്ടാവുന്ന സാധാരണ രോഗലക്ഷണങ്ങൾ ലൈം രോഗബാധിതരിലും കാണപ്പെടാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. 7 ശതമാനം രോഗികളിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാവുകയില്ല.[4]ശരീരത്തിൽ ചെള്ളിന്റെ കടിയേറ്റ ഭാഗത്ത് ത്വഗ്രക്തിമ വരുന്നതാണ് ആദ്യലക്ഷണം.[5] ഇതിനെ ക്രോണിക്കം മൈഗ്രൻസ് ത്വഗ്രക്തിമ എന്ന് പറയുന്നു. ചുവന്ന വേദനയില്ലാത്ത വൃത്താകൃതിയിലുള്ള പാടുകളാണ് കാണപ്പെടുക. പാടിന്റെ ഉൾഭാഗത്ത് കടും ചുവപ്പ് നിറവും, അതിനു പുറത്ത് വൃത്താകൃതിയിലായി സാധാരണ ത്വക്കിന്റെ നിറവും, പുറത്തായി ഇളം ചുവപ്പ് നിറത്തിലുള്ള വൃത്തമായും ആണ് ത്വഗ്രതിമ കാണപ്പെടുക. ഇതിനെ 'ബുൾസ് ഐ' ആകാരം എന്ന് വിളിക്കുന്നു.[6] 80 ശതമാനം രോഗികളിലും ത്വഗ്രക്തിമ കാണപ്പെടുന്നു. ഇതുകൂടാതെ, തലവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും രോഗത്തിന്റെ ആദ്യഘട്ടത്തിന്റെ ലക്ഷണങ്ങളാണ്. രോഗത്തിന്റെ ആദ്യഘട്ടം പുരോഗമിക്കും തോറും ബാക്ടീരിയ ശരീരത്തെ ഒന്നാകെയായി ബാധിച്ചു തുടങ്ങുന്നു.ബൊറീലിയൽ ലിംഫോസൈറ്റോമ എന്ന് വിളിക്കുന്ന പർപ്പിൾ നിറത്തിലുള്ള ചെറിയ മുഴകൾ പുറം ചെവിയിലും, മുലഞെട്ടിലും, വൃഷണസഞ്ചിയിലും കാണപ്പെടാം. മുഖ ഞരമ്പിന്റെ ബലഹീനത, മെനിഞ്ചൈറ്റിസ്, എങ്കെഫലൈറ്റിസ്, വെളിച്ചത്തോടുള്ള വിരക്തി എന്നീ രോഗലക്ഷണങ്ങളും കാണപ്പെടാം. ഈ രോഗലക്ഷണങ്ങളെ ഒന്നാകെ ന്യൂറോബൊറീലിയോസിസ് എന്ന് വിളിക്കുന്നു.

ചികിത്സ ഫലവത്തായില്ലെങ്കിൽ രോഗം ബാധിച്ച് മാസങ്ങൾക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടു സംഭവിക്കാൻ ഇടയുണ്ട്. പെട്ടെന്നുള്ള വേദന, തരിപ്പ്, ഇക്കിളി എന്നീ പോളിന്യൂറൊപതി രോഗലക്ഷണങ്ങൾ കാണപ്പെടാം. ഇതു കൂടാതെ, ഓർമ്മക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ കാണപ്പെടാം. ചിലർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. ആക്രോഡെർമറ്റൈറ്റിസ് എന്ന ചർമ്മരോഗവും കാണപ്പെടാം.[7]

പകർച്ച[തിരുത്തുക]

വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകളിലുള്ള 'ബൊറോലിയ ബാക്ടീരിയ'യാണ് ഇതു പരത്തുന്നത്. ഇത്തരം ബാക്ടീരിയ വാഹകരായ ചെള്ളുകൾ കടിച്ചാണ് മനുഷ്യരിൽ ഒരാളിൽനിന്ന് ഒരാളിലേക്ക് രോഗം പകരുന്നത്.

രോഗകാരണം[തിരുത്തുക]

ബൊറീലിയ ജനുസ്സിൽ പെട്ട സ്പൈറൊകീറ്റ് ബാക്ടീരിയയാണ് രോഗകാരി. ബൊറീലിയ ബുർഗ്ഡോർഫേറി എന്ന ബാക്ടീരിയമാണ് അമേരിക്കൻ ഐക്യനാടുകളിൽ ഈ രോഗത്തിനു കാരണമായ ബാക്ടീരിയ. ബൊറീലിയ ബുർഗ്ഡോൾഫേറി ജനുസ്സിൽ 18 ഓളം സ്പീഷീസുകൾ ഉണ്ട്. എന്നാൽ ബൊറീലിയ ബുർഗ്ഡോൾഫേറിയാണ് മറ്റു ബൊറീലിയൻ ബാക്ടീരിയകളെക്കാൽ കൂടുതലായി രോഗം ഉണ്ടാക്കുന്നത്. ഇക്സോഡസ് സ്കാപുലാരിസ്, ഇക്സോഡെസ് റൈനിക്കസ്, ഇക്സോഡസ് പസിഫിക്കസ് എന്നീ ചെള്ളുകളാണ് രോഗവാഹകർ.[8]

രോഗനിർണ്ണയം[തിരുത്തുക]

ത്വഗ്രക്തിമ, മുഖ പാൾസി, ആർത്രൈറ്റിസ്, മറ്റ് രോഗലക്ഷണങ്ങൾ എന്നിവ വച്ചാണ് രോഗനിർണ്ണയം നടത്തുന്നത്. രക്തപരിശോധനയിലൂടെയും ബൊറീലിയൽ ലൈം പനി സ്ഥിതീകരിക്കാവുന്നതാണ്. വെസ്റ്റേൺ ബ്ലോട്ട്, എലൈസ എന്നീ ലാബ് പരിശോധനകളാണ് കൂടുതലായും രോഗനിർണ്ണയത്തിനായി ചെയ്തുവരുന്നത്. എന്നാൽ ഇവയുടെ സ്വീകാര്യത സംശയാസ്പദമാണ്. 70 ശതമാനം രോഗബാധിതരിലേ ഇവ പോസിറ്റീവായി ലഭിക്കാറുള്ളൂ.

മരുന്നുകൾ[തിരുത്തുക]

ചെള്ളിന്റെ കടിയേൽക്കാൻ ഇടവരുത്താതിരിക്കലാണ് ഏറ്റവും നല്ല പ്രതിരോധമാർഗ്ഗം. വസ്ത്രങ്ങളിൽ പെർമെത്രിൻ സ്പ്രേ ചെയ്യുന്നത് ചെള്ളിനെ അകറ്റി നിർത്താൻ പ്രയോജനപ്രദമായിരിക്കും. ലൈം രോഗത്തിനെതിരായി ഒരു റീകോംബിനന്റ് കുത്തിവെപ്പ് വികസിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. ഡോക്സിസൈക്ലിൻ, സെഫാലോസ്പോറിനുകൾ, എറിത്രോമൈസിൻ എന്നിവ ഗുണം ചെയ്യും.

വാക്സിൻ[തിരുത്തുക]

ലൈം രോഗത്തിനെതിരായി, ബി. ബർഗ്ഡോർഫെറിയുടെ പുറം ഉപരിതല പ്രോട്ടീൻ എ (ഓസ്പ) അടിസ്ഥാനമാക്കിയുള്ള ഒരു പുനർസംയോജക വാക്സിൻ സ്മിത്ത്ക്ലൈൻ ബീച്ചം വികസിപ്പിച്ചെടുത്തു. പതിനായിരത്തിലധികം ആളുകൾ ഉൾപ്പെട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, മിതവും ക്ഷണികവുമായ പാർശ്വഫലങ്ങൾ മാത്രമുള്ള ലൈംറിക്സ് എന്ന് പേര് നൽകിയ വാക്സിൻ 76% മുതിർന്നവരിലും 100% കുട്ടികളിലും രോഗ പ്രതിരോധം നൽകുന്നതായി കണ്ടെത്തി.[9] ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ 1998 ഡിസംബർ 21 ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ലൈംറിക്സ് അംഗീകരിച്ചു.

വാക്സിൻ അംഗീകരിച്ചതിനുശേഷം, ക്ലിനിക്കൽ പ്രാക്ടീസിലേക്കുള്ള പ്രവേശനം വിവിധ കാരണങ്ങളാൽ മന്ദഗതിയിലായിരുന്നു, അതിന്റെ ചിലവ് പലപ്പോഴും ഇൻഷുറൻസ് കമ്പനികൾ തിരിച്ചടച്ചിരുന്നില്ല.[10] പിന്നീട്, നൂറുകണക്കിന് വാക്സിൻ സ്വീകർത്താക്കൾ വാക്സിൻ മൂലം തങ്ങൾക്ക് ഓട്ടോ ഇമ്മ്യൂണിറ്റിയും മറ്റ് പാർശ്വഫലങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. വാക്സിൻ ഈ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് ആരോപിച്ച് ചില അഭിഭാഷക ഗ്രൂപ്പുകളുടെ പിന്തുണയോടെ ഗ്ലാക്സോ സ്മിത്ത്ക്ലൈനിനെതിരെ നിരവധി ക്ലാസ്-ആക്ഷൻ കേസുകൾ ഫയൽ ചെയ്തു. ഈ അവകാശവാദങ്ങളെ എഫ്ഡി‌എയും രോഗ നിയന്ത്രണ കേന്ദ്രങ്ങളും അന്വേഷിച്ചുവെങ്കിലും വാക്സിനും ഓട്ടോഇമ്മ്യൂൺ രോഗ പരാതികളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തുകയും ചെയ്തു.[11] വാക്സിൻ മൂലമാണ് പരാതികളിൽ പറഞ്ഞിരിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടായതെന്നതിന് തെളിവുകൾ ഇല്ലാതിരുന്നിട്ടും നെഗറ്റീവ് മീഡിയ കവറേജ് മൂലവും വാക്സിൻ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയത്താലും വിൽപ്പന ഇടിഞ്ഞു, തുടർന്ന് 2002 ഫെബ്രുവരിയിൽ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ യുഎസ് വിപണിയിൽ നിന്ന് ലൈംറിക്സ് പിൻവലിച്ചു.[12]

കേരളത്തിൽ[തിരുത്തുക]

2013 മാർച്ചിൽ വയനാട്ടിൽ ഈ രോഗം നിമിത്തം ഒരാൾ മരിച്ചിരുന്നു[13]

അവലംബം[തിരുത്തുക]

  1. Bolognia JL (2007). Dermatology: (2nd ed.). St. Louis: Mosby. ISBN 978-1-4160-2999-1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Samuels DS; Radolf, JD, ed. (2010). Borrelia: Molecular Biology, Host Interaction and Pathogenesis. Caister Academic Press. ISBN 978-1-904455-58-5.{{cite book}}: CS1 maint: multiple names: editors list (link)
  3. Hu, Linden (2009). "UpToDate". UpToDate. {{cite web}}: |chapter= ignored (help)
  4. Steere AC (2003). "Asymptomatic infection with Borrelia burgdorferi" (PDF). Clin. Infect. Dis. 37 (4): 528–532. doi:10.1086/376914. PMID 12905137. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. Steere, AC (2008). Fauci A; et al. (eds.). "Harrison's Principles of Internal Medicine" (17th ed.). McGraw-Hill Medical Publishing. ISBN 0-07-159991-6. {{cite journal}}: |chapter= ignored (help); Cite journal requires |journal= (help); Explicit use of et al. in: |editor= (help)
  6. Smith RP (2002). "Clinical characteristics and treatment outcome of early Lyme disease in patients with microbiologically confirmed erythema migrans" (PDF). Ann. Intern. Med. 136 (6): 421–428. PMID 11900494. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  7. Cairns V (2005). "Post-Lyme borreliosis syndrome: a meta-analysis of reported symptoms" (PDF). Int J Epidemiol. 34 (6): 1340–1345. doi:10.1093/ije/dyi129. PMID 16040645. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  8. Johnson RC (1996). "Borrelia". Baron's Medical Microbiology (Baron S, et al., eds.) (4th ed.). Univ of Texas Medical Branch. ISBN 0-9631172-1-1. PMID 21413339.
  9. "The prevention of Lyme disease with vaccine". Vaccine (in ഇംഗ്ലീഷ്). 19 (17–19): 2303–2308. 21 മാർച്ച് 2001. doi:10.1016/S0264-410X(00)00520-X. ISSN 0264-410X.
  10. Rowe, Claudia (13 ജൂൺ 1999). "Lukewarm Response To New Lyme Vaccine". The New York Times.
  11. Abbott, Alison (1 ഫെബ്രുവരി 2006). "Uphill Struggle". Nature (in ഇംഗ്ലീഷ്). 439 (7076): 524–525. doi:10.1038/439524a. ISSN 1476-4687.
  12. Press, The Associated (28 ഫെബ്രുവരി 2002). "Sole Lyme Vaccine Is Pulled Off Market". The New York Times.
  13. "വയനാട്ടിൽ 53കാരി മരിച്ചത് മാൻചെള്ളിൽ നിന്നുള്ള 'ലൈംഡിസീസ്' മൂലം". മാതൃഭൂമി. 2 മാർച്ച് 2013. Archived from the original on 2013-03-01. Retrieved 2 മാർച്ച് 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈം_രോഗം&oldid=3970628" എന്ന താളിൽനിന്ന് ശേഖരിച്ചത്