ബഹുഭാര്യത്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യവ്യവസ്ഥയാണ് ബഹുഭാര്യത്വം എന്നറിയപ്പെടുന്നത്.[1] വിവാഹേതരബന്ധങ്ങളിലൂടെ ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള സുഹൃദ്ബന്ധമോ പുലര്‍ത്തുന്നത് ബഹുഭാര്യത്വമായി കാണാന്‍ സാധ്യമല്ല. മനുഷ്യസമൂഹത്തിന്‍റെ മുന്‍കാലചരിത്രത്തില്‍ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളില്‍ പുലര്‍ത്തിയിരുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ ഇതിന് എതിര്‍സമ്പ്രദായമായ ബഹുഭര്‍തൃത്വം വളരെ കുറച്ച് സമൂഹങ്ങളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
[തിരുത്തുക] ചരിത്രം
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പണ്ടുകാലത്ത് ബഹുഭാര്യത്വം വ്യാപകമായിരുന്നു. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഈ സമ്പ്രദായത്തിന്‍റെ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. കൂടാതെ ഹീബ്രു, ചൈന, ആഫ്രിക്ക, ഗ്രീസ്, അമേരിക്ക തുടങ്ങി ഒട്ടുമിക്ക പുരാതനസംസ്കാരങ്ങളിലും ബഹുഭാര്യത്വം അംഗീകൃതമായിരുന്നു.
പില്‍ക്കാലത്ത് സമൂഹവും സംസ്കാരവും കൂടുതല്‍ വികസിക്കുകയും പരിഷ്കൃതമാകുകയും ചെയ്തതോടെ ബഹുഭാര്യത്വം ക്രമേണ ഇല്ലാതായിത്തുടങ്ങി. ചില രാജ്യങ്ങളില്‍ ഈ സമ്പ്രദായം നിയമം വഴി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ചില സമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമായ തോതിലല്ലെങ്കിലും ബഹുഭാര്യത്വം നിലനില്‍ക്കുന്നതായി കാണാം.
[തിരുത്തുക] കാരണങ്ങള്‍
ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട സമൂഹത്തില്‍ എല്ലാ പുരുഷന്മാരും സ്ത്രീകളും ഈ സമ്പ്രദായത്തിന്‍റെ ഭാഗമായിക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. വിവിധ സാമൂഹികാവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായത്തിലേക്ക് ഓരോ പുരുഷനും സ്ത്രീയും എത്തപ്പെടുന്നത്. സമൂഹത്തിലെ സ്ത്രീ-പുരുഷ അനുപാതം, വിവാഹിതരും അവിവാഹിതരും തമ്മിലുള്ള അന്തരം, പുരുഷന്‍റെ സാമ്പത്തികശേഷി എന്നിവയെല്ലാം ബഹുഭാര്യത്വത്തിന് കാരണമാകാം.
സ്ത്രീകള്‍ കൂടുതലുള്ള സമൂഹത്തില്‍ ഏകഭാര്യത്വസമ്പ്രദായം അനുഷ്ഠിക്കുമ്പോള്‍ ഒട്ടേറെ സ്ത്രീകള്‍ വിവാഹിതരാകാതെ പോകാനിടയുണ്ട്. ക്രമേണ ഇത് ബഹുഭാര്യത്വത്തിലേക്ക് നയിക്കും.
പുരാതനകാലത്ത് സംസ്കാരത്തിന്‍റെ ഭാഗമായിട്ടായിരുന്നു ബഹുഭാര്യത്വം നിലവിലിരുന്നതെങ്കില്‍ ചില ആധുനിക സമൂഹങ്ങളില്‍ പുരുഷന്‍റെ സമ്പന്നതയുടെ അടിസ്ഥാനത്തില്‍ ഒന്നലധികം ഭാര്യമാരെ നിലനില്‍ക്കുന്നതായി കാണാം. ഒന്നിലേറെ ഭാര്യമാരെ പോറ്റാനുള്ള പുരുഷന്‍റെ സാമ്പത്തികശേഷിയാണ് ഇവിടെ മാനദണ്ഡമാകുന്നത്. ചിലപ്പോള്‍ ഓരോ ഭാര്യമാര്‍ക്കും ഓരോ വീടുകള്‍ തന്നെ നിര്‍മ്മിച്ചുനല്‍കേണ്ടിയും വന്നേക്കാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ നാല് ഭാര്യമാരെ വരെ സ്വീകരിക്കാന്‍ ഇസ്ലാം മതം അനുവാദം നല്‍കുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഈ രീതി പലയിടങ്ങളിലും കാണാമായിരുന്നെങ്കിലും ആധുനികസമൂഹത്തില്‍ വളരെ കുറവാണ്.
ചില സമൂഹങ്ങളില്‍ സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കുന്ന പതിവുമുണ്ട്. നിരാലംബയായ സ്ത്രീയെ പരിരക്ഷിക്കാന്‍ കുടുംബത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുതന്നെ ആ പുരുഷന് സാധിക്കുമെന്ന നിഗമനമാണ് ഈ രീതിയുടെ അടിസ്ഥാനം.
[തിരുത്തുക] അവലംബം
- ↑ Webster's Third New International Dictionary, Unabridged, s.v. ‘polygyny’.