Jump to content

പഴവങ്ങാടി ഗണപതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴവങ്ങാടി മഹാഗണപതിക്ഷേത്രം
പഴവങ്ങാടി മഹാഗണപതിക്ഷേത്രം
പഴവങ്ങാടി മഹാഗണപതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:പഴവങ്ങാടി (കിഴക്കേ കോട്ട)
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഗണപതി
പ്രധാന ഉത്സവങ്ങൾ:വിനായക ചതുർഥി

കേരള സംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി നഗരഹൃദയത്തിൽ തന്നെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.[1] കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദേവതകളായി വേട്ടയ്ക്കൊരുമകൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിയ്ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമന്റാണ് ക്ഷേത്രം നോക്കിനടത്തുന്നത്.[2]

ഐതിഹ്യം

[തിരുത്തുക]

തിരുവിതാംകൂർ സൈന്യവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്. തിരുവനന്തപുരത്തിനുമുമ്പ് തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തുവച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത്. അതിലെ ഒരു അംഗത്തിന്, അടുത്തുള്ള പുഴയിൽ നിന്ന് ഒരു ഗണപതിവിഗ്രഹം കിട്ടി. അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് ആ വിഗ്രഹം ആരാധിച്ചുപോന്നു. കാലക്രമത്തിൽ ഗണപതി അവരുടെ പരദേവതയായി മാറി. തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ കരസേന ആസ്ഥാനവും തിരുവനന്തപുരത്തായി. തുടർന്ന്, ഗണപതിയ്ക്ക് ഒരു ക്ഷേത്രം പണിയണമെന്ന് ആഗ്രഹിയ്ക്കുകയും, അതനുസരിച്ച് പഴവങ്ങാടിയിൽ ക്ഷേത്രം പണിയുകയുമായിരുന്നു. പിന്നീട് പലതവണ പുതുക്കിപ്പണിത ക്ഷേത്രം 2019-ൽ വീണ്ടും പുതുക്കിപ്പണിതു.[3] തിരുവിതാംകൂർ സൈന്യം മദ്രാസ് റെജിമെന്റ് ഏറ്റെടുത്തപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

തിരുവനന്തപുരം പഴവങ്ങാടി ദേശത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ദർശനം. വളരെ ചെറിയൊരു ക്ഷേത്രമാണിത്. 2019-ൽ നടന്ന വിപുലമായ നവീകരണത്തിനുശേഷം ക്ഷേത്രം പൂർണ്ണമായും കേരളീയശൈലിയിൽ പുതുക്കിപ്പണിതു. 2020 ഫെബ്രുവരി 5-നാണ് പുതിയ ക്ഷേത്രം സമർപ്പിച്ചത്. ക്ഷേത്രത്തിൽ വിവിധ സ്ഥലങ്ങളിലായി 32 ഗണപതിരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഗോപുരത്തിനടുത്താണ് ചെരുപ്പ് വയ്ക്കാനുള്ള സൗകര്യമുള്ളത്. അകത്തുകടന്നാൽ, നാളികേരം ഉടയ്ക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് നാളികേരം ഉടയ്ക്കൽ. നിത്യേന ആയിരക്കണക്കിന് നാളികേരങ്ങളാണ് ഇവിടെ ഉടഞ്ഞുപോകുന്നത്. ഇത് സംസ്ഥാനത്തെ റെക്കോർഡാണ്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതിട്ടുണ്ട്.

ശ്രീകോവിൽ

[തിരുത്തുക]

വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. ചതുരാകൃതിയിൽ തീർത്ത ഈ ശ്രീകോവിൽ പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ്. അകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ഗർഭഗൃഹം. മൂന്നടി ഉയരം വരുന്ന ഗണപതിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ വിഗ്രഹം വലതുകാൽ തൂക്കിയിട്ട് പീഠത്തിലിരിയ്ക്കുന്ന ഭാവത്തിലാണ്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.

ശ്രീകോവിലിന് എടുത്തുപറയത്തക്ക യാതൊരു സവിശേഷതയുമില്ല. തീർത്തും ലളിതമായ നിർമ്മിതിയാണ്. വടക്കുവശത്ത് ഓവുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോരുന്നു.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറുതാണ് നാലമ്പലവും എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയുണ്ട്. നിത്യേന ഇവിടെ അപ്പത്തിന്റെയും അടയുടെയും വാസന പുറത്തുവരുന്നുണ്ടാകും. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി പ്രത്യേക മുറിയിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകർ ഈ നടയിൽ വച്ചാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു മുറിയിൽ ദുർഗ്ഗാഭഗവതി കുടികൊള്ളുന്നു. ചതുർബാഹുവാണ് ഈ പ്രതിഷ്ഠ. നവരാത്രിനാളുകൾ ഈ ഭഗവതിയ്ക്ക് വിശേഷമാണ്.

പ്രധാന പ്രതിഷ്ഠ

[തിരുത്തുക]

ശ്രീ മഹാഗണപതി

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. രത്നപീഠത്തിലിരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണ് ഗണപതിഭഗവാന്റേത്. ബാലഗണപതിയായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനികന് പുഴയിൽ നിന്ന് കിട്ടിയതെന്ന് പറയപ്പെടുന്ന വിഗ്രഹം പിൽക്കാലത്ത് പ്രതിഷ്ഠിച്ചു എന്നാണ് കഥ. ചതുർബാഹുവായ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. വലത്തോട്ടാണ് തുമ്പിക്കൈ പോകുന്നത്. നാളികേരമുടയ്ക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ദിവസവും ആയിരക്കണക്കിന് നാളികേരങ്ങളാണ് പഴവങ്ങാടിയിൽ ഉടഞ്ഞുതീരുന്നത്. അപ്പം, അട, മോദകം, ഗണപതിഹോമം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

[തിരുത്തുക]

അയ്യപ്പൻ

[തിരുത്തുക]

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപനും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഒരു കയ്യിൽ വാൾ പിടിച്ചുനിൽക്കുന്ന രൂപത്തിലുള്ള അയ്യപ്പനാണ് ഇവിടെയുള്ളത്. ഒന്നരയടി ഉയരമുണ്ട് ഇവിടത്തെ അയ്യപ്പവിഗ്രഹത്തിന്. അയ്യപ്പസ്വാമിയുടെ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, അപ്പം, അട, എള്ളുപായസം, എള്ളുതിരി എന്നിവയാണ് ഗണപതിസഹോദരനായ അയ്യപ്പന് പ്രധാനവഴിപാടുകൾ.

ദുർഗ്ഗാ ഭഗവതി

[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഭഗവതി കുടികൊള്ളുന്നു. ചതുർബാഹുവായ ദുർഗ്ഗാദേവിയാണ് ഇവിടെയുള്ളത്. മൂന്നടി ഉയരമുണ്ട് ഇവിടത്തെ ചതുർബാഹുവിഗ്രഹത്തിന്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ഭഗവതിയുടെ താഴത്തെ രണ്ടുകൈകളും അഭയവരദമുദ്രാങ്കിതങ്ങളാണ്. ലളിതാസഹസ്രനാമാർച്ചന, പട്ടും താലിയും ചാർത്തൽ, നെയ്പ്പായസം എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ. നവരാത്രി നാളുകളിൽ വിശേഷാൽ പൂജകൾ ഭഗവതിയ്ക്കുണ്ടാകും.

നാഗദൈവങ്ങൾ

[തിരുത്തുക]

ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും നിവേദ്യവും മഞ്ഞൾപ്പൊടി അഭിഷേകവുമാണ് പ്രധാന വഴിപാടുകൾ. ആയില്യം നാളിൽ വിശേഷാൽ പൂജകളുണ്ടാകും.

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. രാവിലെ നാലരമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഞ്ചുമണിയ്ക്ക് അഭിഷേകം. അഞ്ചരയ്ക്ക് ഉഷഃപൂജയും തുടർന്ന് ഗണപതിഹോമവും നടക്കുന്നു. രാവിലെ ഒമ്പതുമണിയ്ക്ക് ഉച്ചപ്പൂജയും തുടർന്ന് നവക-പഞ്ചഗവ്യ കലശാഭിഷേകങ്ങളും കഴിഞ്ഞ് പത്തരയോടെ നടയടയ്ക്കുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധനയും തുടർന്ന് ഏഴുമണിയ്ക്ക് അത്താഴപ്പൂജയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: വിനായക ചതുർത്ഥി) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. വഞ്ചിയൂർ അത്തിയറ മഠത്തിനാണ് ഇവിടെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ക്ഷേത്രം ട്രസ്റ്റ് വകയാണ്.

വിശേഷദിവസങ്ങൾ

[തിരുത്തുക]

വിനായക ചതുർത്ഥി

[തിരുത്തുക]

ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥി ദിവസം ആഘോഷിയ്ക്കുന്ന വിനായക ചതുർത്ഥിയാണ് പഴവങ്ങാടി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ആഘോഷണങ്ങളിലൊന്നാണിത്. ഗണപതിഭഗവാന്റെ ജന്മദിനമായി അറിയപ്പെടുന്ന വിനായക ചതുർത്ഥി നാളിൽ ക്ഷേത്രനട രാവിലെ നേരത്തേ തുറന്ന് പൂജ നടത്തുന്നു. അന്നേദിവസം അഷ്ടദ്രവ്യമഹാഗണപതിഹോമമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. നൂറ്റെട്ട് നാളികേരങ്ങളാണ് ഈ ഹോമത്തിന് ഉപയോഗിയ്ക്കുന്നത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ഹോമം നടത്തുന്നത്. ക്ഷേത്രം നടത്തിപ്പുകാരായ മദ്രാസ് റെജിമന്റുകാരുടെ വക വലിയ അലങ്കാരങ്ങളാണ് ഈ ദിവസം ക്ഷേത്രത്തിലുണ്ടാകുക. പണ്ടുകാലത്ത് ക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ടുകിലോമീറ്റർ അകലെക്കിടക്കുന്ന തമ്പാനൂർ വരെ വലിയ അലങ്കാരങ്ങളുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. സന്ധ്യയ്ക്ക് തുറന്ന വാഹനത്തിൽ ഗണപതിവിഗ്രഹം നഗരപ്രദക്ഷിണത്തിന് ഇറക്കുന്നു. 2015 വരെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിച്ചിരുന്നത്. ക്ഷേത്രത്തിൽ തുടങ്ങുന്ന പ്രദക്ഷിണം കിഴക്കേ കോട്ടയിലൂടെ പദ്മനാഭസ്വാമിക്ഷേത്രത്തിന് മുന്നിലെത്തുകയും, തുടർന്ന് പദ്മനാഭസ്വാമിയെയും പദ്മതീർത്ഥക്കുളത്തെയും വലംവച്ചശേഷം തിരിച്ച് ക്ഷേത്രത്തിലെത്തുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. നിരവധി ഭക്തജനങ്ങളാണ് ഈ കാഴ്ച കാണാനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമ്പോഴും ക്ഷേത്രത്തിൽ മടങ്ങിയെത്തുമ്പോഴും കരിമരുന്നുപ്രയോഗം നടത്തുന്നതും പതിവായിരുന്നു. എന്നാൽ, 2016-ൽ ഇതും നിർത്തി. അന്നേദിവസം അപ്പവും മോദകവുമാണ് പ്രധാന നിവേദ്യവസ്തുക്കൾ.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് സമീപകാലത്തായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഗണേശോത്സവം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായ ഗണേശോത്സവങ്ങളുടെ മാതൃകയിലാണ് ഇത് നടത്തപ്പെടുന്നത്. കളിമണ്ണുകൊണ്ട് ഗണപതിവിഗ്രഹങ്ങളുണ്ടാക്കി ചതുർത്തിയ്ക്ക് മുമ്പുള്ള പത്തുദിവസം പൂജ നടത്തുന്നതും ചതുർത്ഥിയുടെ പിറ്റേദിവസം (പഞ്ചമി) നിമജ്ജനം ചെയ്യുന്നതുമാണ് ചടങ്ങ്. ശംഖുമുഖം കടപ്പുറത്താണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഘോഷയാത്രകൾ വളരെ വലുതാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://malayalam.webdunia.com/article/vinayaka-2007/%E0%B4%AA%E0%B4%B4%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%97%E0%B4%A3%E0%B4%AA%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-107091100082_1.htm
  2. "പഴവങ്ങാടി ഗണപതിക്ഷേത്രം നവീകരിക്കുന്നു"[പ്രവർത്തിക്കാത്ത കണ്ണി], മാതൃഭൂമി, തിരുവനന്തപുരം, 10 ജൂൺ 2018.
  3. "History". pazhavangadiganapathy.com.