ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asterix
പ്രധാന കഥാപാത്രമായ ആസ്റ്ററിക്സ്
രചയിതാവ്
മൂലനാമംAstérix le Gaulois
ചിത്രരചന
രാജ്യംFrance
ഭാഷFrench
വിഭാഗം
പ്രസാധകർDargaud (France)
പുറത്തിറക്കിയത്29 October 1959 – 22 October 2010
(original period)
പുസ്തകങ്ങളുടെ എണ്ണം36 (List of books)

1959-ൽ പ്രസിദ്ധീകരണമാരംഭിച്ച ഹാസ്യപുസ്തകപരമ്പരയാണ്‌ ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ്. ഫ്രഞ്ച് ഭാഷയിൽ Astérix le Gaulois എന്ന പേരിൽ റെനെ ഗോസിന്നി എഴുതുകയും അൽബേർ ഉഡെർസോ വരയ്ക്കുകയും ചെയ്തുകൊണ്ട് പ്രസിദ്ധീകരണമാരംഭിച്ച ഈ പുസ്തകങ്ങൾ ഇംഗ്ലീഷ് ഉൾപ്പെടെ അനേകം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. 1977-ൽ ഗോസിന്നി മരണമടഞ്ഞശേഷം പുസ്തകങ്ങളുടെ എഴുത്തും ഉഡെർസോ ആണ്‌ നിർവ്വഹിക്കുന്നത്. 1959 ഒക്ടോബർ 29-ന്‌ പിലോട്ട് മാസികയിലാണ്‌ ഈ ചിത്രകഥ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായി 34 പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നൂറിലേറെ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ഈ ഹാസ്യപുസ്തകങ്ങൾ ഏറ്റവും പ്രശസ്തമായ ഫ്രാങ്കോ-ബെൽജിയൻ ചിത്രകഥകളിൽ പെടുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇവ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

റോമാസാമ്രാജ്യത്തിനെതിരെ ചെറുത്തുനില്പ് നടത്തുന്ന ഒരു ചെറിയ ഗൗൾ ഗ്രാമത്തിലാണ്‌ ഇതിലെ കഥ നടക്കുന്നത്. കുടിക്കുന്നവർക്ക് അമാനുഷികശക്തി നൽകുന്ന, ഗ്രാമത്തിലെ മന്ത്രവാദി നിർമ്മിക്കുന്ന മാന്ത്രികമരുന്നിന്റെ സഹായത്തോടെയാണ്‌ ഗ്രാമം ഇത് സാധിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ആസ്റ്ററിക്സ്, ഒബെലിക്സ് എന്നിവർ ഈ ചിത്രകഥകളിലെ സാഹസികയാത്രകളുടെ ഭാഗമായി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിപ്പെടുന്നു. ചില കഥകളാകട്ടെ പൂർണ്ണമായും ഗ്രാമത്തിനകത്തുതന്നെ നടക്കുന്നവയാണ്‌.

പുസ്തകങ്ങളുടെ വിജയം ഇവയെ അടിസ്ഥാനമാക്കി ചലച്ചിത്രങ്ങൾ പുറത്തിറങ്ങുന്നതിനും കാരണമായിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയ 11 ചലച്ചിത്രങ്ങളിൽ എട്ടെണ്ണം ആനിമേഷൻ ചിത്രങ്ങളും മറ്റുള്ളവ യഥാർത്ഥ അഭിനേതാക്കളുള്ളതുമായിരുന്നു. ചിത്രകഥകളെ അടിസ്ഥാനമാക്കി ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്. പാരീസിനടുത്ത് പാർക്ക് ആസ്റ്ററിക്സ് എന്ന ഒരു തീം പാർക്ക് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 32.5 കോടി ആസ്റ്ററിക്സ് പുസ്തകങ്ങൾ ലോകമാകെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. രചയിതാക്കളായ ഗോസിന്നിയെയും ഉഡെർസോയെയും ലോകമാകെ ഏറ്റവുമധികം വായനക്കാരുള്ള ഫ്രഞ്ച് എഴുത്തുകാരാക്കി ഇത് മാറ്റുന്നു.[1]

ചരിത്രം[തിരുത്തുക]

ആസ്റ്ററിക്സിന്റെ സ്രഷ്ടാക്കളിലൊരാളായ അൽബേർ ഉഡെർസോ

1951-ലാണ്‌ ആസ്റ്ററിക്സിന്റെ സ്രഷ്ടാക്കളായ റെനെ ഗോസിന്നിയും അൽബേർ ഉഡെർസോയും കണ്ടുമുട്ടുന്നത്. 1952-ൽ ബെൽജിയൻ കമ്പനിയായ വേൾഡ് പ്രസ്സിന്റെ ഓഫീസ് പാരീസിൽ തുറന്നപ്പോൾ ഇരുവരും അവിടെ ജോലി ചെയ്യാനാരംഭിച്ചു. ഊംപാ-പാ, ജെഹാൻ പിസ്റ്റൊലെറ്റ്, ലൂക് ജൂനിയർ എന്നിവയായിരുന്നു അവരുടെ ആദ്യ കഥാപാത്രങ്ങൾ. ടിൻടിൻ മാസികയിൽ 1958 മുതൽ ഊംപാ-പാ പ്രസിദ്ധീകരണമാരംഭിച്ചു. നാലുവർഷമേ ഇത് തുടർന്നുള്ളൂവെങ്കിലും ആസ്റ്റെറിക്സിന്റെ മുൻഗാമിയായി ഊംപാ-പാ കണക്കാക്കപ്പെടുന്നു.[2]

1959-ൽ പിലോട്ട് എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ഗോസിന്നി ഇതിന്റെ എഡിറ്ററും ഉഡെർസോ കലാസംവിധായകനുമായിരുന്നു. ഒക്ടോബർ 29-ന്‌ ആദ്യം പുറത്തിറങ്ങിയ പതിപ്പിൽ തന്നെ ആസ്റ്ററിക്സ് പ്രത്യക്ഷപ്പെട്ടു. 1961-ൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നിരുന്ന ചിത്രകഥാഭാഗങ്ങൾ കൂട്ടീച്ചേർത്ത് ആസ്റ്ററിക്സ് ദി ഗൗൾ എന്ന ആദ്യ ഗ്രന്ഥം പുറത്തിറങ്ങി. അതിനുശേഷം ഏതാണ്ട് ഓരോ വർഷത്തിന്റെ ഇടവേളകളിൽ പുതിയ പുസ്തകങ്ങൾ പുറത്തുവന്നുതുടങ്ങി.[3]

ഭീമാകാരനും ശക്തിമാനുമായ ഒരു ഗൗൾ പടയാളിയുടെ ചിത്രമാണ്‌ ആസ്റ്ററിക്സിനെക്കുറിച്ച് ആദ്യം ഉഡെർസോയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ ഗോസിന്നിയുടെ ആശയം വ്യത്യസ്തമായിരുന്നു. ചെറിയ ശരീരമുള്ളവനും ബുദ്ധിമാനും പ്രശ്നങ്ങൾ തീർക്കാൻ ശക്തിയെക്കാൾ ബുദ്ധി ഉപയോഗിക്കുന്നവനുമായാണ്‌ അദ്ദേഹം ആസ്റ്ററിക്സിനെ കണ്ടത്. ചെറിയ നായകന്‌ കൂട്ടാളിയായി ശക്തിമാനും എന്നാൽ മന്ദനുമായ ഒരു കഥാപാത്രം വേണമെന്ന ഉഡെർസോയുടെ ചിന്തയിൽ നിന്നാണ്‌ ഒബെലിക്സ് ഉടലെടുത്തത്.

ആസ്റ്ററിക്സ് ഇൻ ബെൽജിയം എന്ന ഗ്രന്ഥത്തിന്റെ നിർമ്മാണത്തിനിടെ 1977-ൽ ഗോസിന്നി ഹൃദയാഘാതം മൂലം മരണമടഞ്ഞു. അതിനുശേഷം ഉഡെർസോ സ്വന്തമായി ചിത്രകഥകൾ രചിക്കാൻ തുടങ്ങി. എന്നാൽ ഇവ കൂടിയ ഇടവേളകളിലാണ്‌ പുറത്തുവന്നത്. ഉഡെർസോ സ്ഥാപിച്ച Les Editions Albert-René എന്ന കമ്പനിയാണ്‌ ഇതിനുശേഷം ഗ്രന്ഥങ്ങൾ പുറത്തിറക്കിയത്. ഈ കമ്പനിയിൽ ഉടമസ്ഥാവകാശത്തിൽ 80% ഉഡെർസോക്കും മകളായ സിൽവിക്കും, 20% ഗോസിന്നി കുടുംബത്തിനുമായിരുന്നു. എന്നാൽ ആദ്യത്തെ 24 ആൽബങ്ങളുടെ അവകാശം അവ പ്രസിദ്ധീകരിച്ച ദർഗോദ് കൈക്കലാക്കിവച്ചിരിക്കുകയായിരുന്നു. 1990-ൽ ഗോസിന്നിയുടെയും ഉഡെർസോയുടെയും കുടുംബങ്ങൾ ഇതിനെതിരെ നിയമയുദ്ധം തുടങ്ങി. ഒടുവിൽ 1998-ൽ ആസ്റ്ററിക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനുമുള്ള അവകാശം ദർഗോദിന്‌ നഷ്ടപ്പെട്ടു. അൽബേർ-റെനെയ്ക്കുപകരം ഹാച്ചെറ്റ് പ്രസിദ്ധീകരണശാലയുടെ പേരിൽ അവകാശങ്ങൾ വാങ്ങാൻ ഉഡെർസോ തീരുമാനിച്ചു. എന്നാൽ പുതിയ ആൽബങ്ങളുടെ അവകാശം അൽബേർ ഉഡെർസോ (40%), സിൽവി ഉഡെർസോ (20%), ആൻ ഗോസിന്നി (40%) എന്നിവരുടെ പേരിലായിരുന്നു

ടിൻടിൻ സ്രഷ്ടാവായ ഹെർഷേ ആവശ്യപ്പെട്ടിരുന്നതുപോലെ തന്റെ മരണശേഷം തന്റെ കഥാപാത്രങ്ങളെ ആരും വരയ്ക്കരുത് എന്ന് ഉഡെർസോയും ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം നിലപാടു മാറ്റുകയും 2008 ഡിസംബറിൽ തന്റെ അവകാശം ഹാച്ചെറ്റ് പ്രസിദ്ധീകരണശാലയ്ക്ക് വിൽക്കുകയും ചെയ്തു. എന്നാൽ തന്റെ കുടുംബത്തിൽ നിന്നുതന്നെ എതിർപ്പുണ്ടായി. ലെ മോണ്ട് എന്ന ഫ്രഞ്ച് പത്രത്തിനയച്ച കത്തിൽ മകൾ സിൽവി അൽബേറിന്റെ മരണശേഷം ചിത്രകഥകൾ നിർമ്മിക്കാനുള്ള അവകാശം ഹാച്ചെറ്റിനു നൽകിയ അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ചു. ആധുനികലോകത്തെ റോമാക്കാരായ വ്യവസായഭീമന്മാർക്ക് ഗൗൾ പടയാളിയെ ഒറ്റുകൊടുക്കുകയാണ്‌ പിതാവ് ചെയ്തത് എന്ന് സിൽവി പറഞ്ഞു.[4][5] ആൻ ഗോസിന്നിയും ചിത്രകഥകൾ തുടരാനുള്ള അനുവാദം നൽകുകയും അക്കാലത്തുതന്നെ തന്റെ അവകാശങ്ങൾ വിറ്റഴിക്കുകയും ചെയ്തു.[6] ഏതാനും മാസങ്ങൾക്കുശേഷം ചിത്രകഥയ്ക്കുവേണ്ടി വരയ്ക്കാനായി തന്റെകീഴിൽ ജോലിചെയ്തിരുന്ന മൂന്നുപേരെ ഉഡെർസോ നിയമിക്കുകയും ചെയ്തു.[7]

പശ്ചാത്തലം[തിരുത്തുക]

ആധുനിക ഫ്രാൻസിൽ പെടുന്ന ഗൗൾ പ്രദേശത്തെ ആർമോറിക്കയിലെ പേരില്ലാത്ത ഒരു തീരദേശഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്. 50 ബി.സി. ആണ്‌ വർഷം. ഗൗളിന്റെ പ്രധാന ഭാഗവും ജൂലിയസ് സീസർ റോമാസാമ്രാജ്യത്തിന്‌ കീഴിലാക്കിയിരിക്കുന്നു. എന്നാൽ ഗ്രാമത്തിലെ മന്ത്രവാദിയായ ഗെറ്റാഫിക്സ് നിർമ്മിച്ചുനൽകുന്ന മാന്ത്രികതൈലം അമാനുഷികശക്തി നൽകുന്നുവെന്നതിനാൽ ഗ്രാമത്തിന്‌ റോമാക്കാരെ ചെറുത്തുനിൽക്കാൻ സാധിക്കുന്നു. ഗ്രാമത്തെ തങ്ങളുടെ കീഴിലാക്കാനുള്ള റോമക്കാരുടെ നിതാന്തപരിശ്രമങ്ങളും ഗ്രാമവാസികളുടെ ചെറുത്തുനില്പുമാണ്‌ മിക്ക കഥകളിലെയും പ്രധാന വിഷയം.

കഥാനായകനായ ആസ്റ്ററിക്സ് ഗ്രാമത്തിലെ വീരനാണ്‌. ബുദ്ധിസാമർത്ഥ്യം മൂലം ഗ്രാമത്തിന്റെ പ്രധാന ജോലികളെല്ലാം ആസ്റ്ററിക്സിനാണ്‌ ഏല്പിക്കപ്പെടുന്നത്. തന്റെ സാഹസികയാത്രകളിലെല്ലാം പൊണ്ണത്തടിയനും അതിശക്തനും എന്നാൽ ബുദ്ധിസാമർത്ഥ്യം കുറഞ്ഞവനുമായ ഒബെലിക്സ് കൂട്ടിനുമുണ്ടാകും; ഒബെലിക്സിന്റെ സഹചാരിയായ ഡോഗ്മാറ്റിക്സ് എന്ന നായ്ക്കുട്ടിയും. സാഹസങ്ങൾ ഇവരെ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമത്തിനു പുറത്തും കൊണ്ടെത്തിക്കുന്നു. ഗൗളിന്റെ ഭാഗങ്ങളായ ലുട്ടേഷ്യ, കോർസിക്ക എന്നിവയും അയൽരാജ്യങ്ങളായ ബെൽജിയം, സ്പെയിൻ, ബ്രിട്ടൺ, ജർമ്മനി മുതലായവയും ദൂരദേശങ്ങളായ വടക്കേ അമേരിക്ക, മദ്ധ്യപൂർവ്വദേശം, ഇന്ത്യ മുതലായവയും സാഹസികയാത്രകളുടെ ഭാഗമായി ആസ്റ്ററിക്സും ഒബെലിക്സും ചെന്നെത്തുന്ന പ്രദേശങ്ങളാണ്‌.

ശേഷകാലത്തെ ആസ്റ്ററിക്സ് പുസ്തകങ്ങളിൽ സയൻസ് ഫിക്ഷൻ, ഫാന്റസി എന്നിവയുടെയും അംശങ്ങളുണ്ട്. ആസ്റ്ററിക്സ് ആൻഡ് ദി ഫാളൺ സ്കൈ എന്ന കഥയിൽ ബഹിരാകാശജീവികൾ പ്രത്യക്ഷപ്പെടുന്നു. ആസ്റ്ററിക്സ് ആൻഡ് ഒബലിക്സ് ഓൾ അറ്റ് സീ എന്ന കഥയിലാകട്ടെ അറ്റ്ലാന്റിസ് എന്ന ഫാന്റസി ദ്വീപിനെക്കുറിച്ചും പരാമർശമുണ്ട്.

പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]

ചിത്രകഥകളിലെ പ്രധാന കഥാപാത്രങ്ങൾ

ആസ്റ്ററിക്സ്, ഒബെലിക്സ്, ഡോഗ്മാറ്റിക്സ് എന്നീ കഥാപാത്രങ്ങളെക്കുറിച്ച് എല്ലാ ആസ്റ്റെറിക്സ് പുസ്തകങ്ങളുടെയും തുടക്കത്തിൽ ഒരു ചെറുകുറിപ്പുണ്ടാകാറുണ്ട്. ഗൗളിന്റെ ഭൂപടത്തിന്‌ താഴെയാണ്‌ ഇത് നൽകാറ്. ഇവർക്കുപുറമെ ഗ്രാമത്തിലെ മറ്റ് അന്തേവാസികളും മിക്ക ആസ്റ്ററിക്സ് കഥകളിലും പ്രത്യക്ഷപ്പെടുന്നവരാണ്‌. ഗ്രാമവാസികൾക്ക് പുറമെ ജൂലിയസ് സീസറും കടൽക്കൊള്ളക്കാരും വളരെയധികം കഥകളിൽ പ്രത്യക്ഷപ്പെടുന്നു.

ആസ്റ്ററിക്സ്[തിരുത്തുക]

ചെറിയവനും ബുദ്ധിസാമർത്ഥ്യമുള്ളവനുമായ ധീരനായ പോരാളി. അവിവാഹിതൻ. ഏറ്റവും സാമർത്ഥ്യമുള്ളവനും അതേ സമയം ചിന്തിച്ച് മാത്രം തീരുമാനമെടുക്കുന്നതിനാലും മറ്റ് ഗ്രാമവാസികളെപ്പോലെ അനാവശ്യ കലഹങ്ങളിൽ പെടാത്തതിനാലും ഗ്രാമത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം നിർവ്വഹിക്കാനുള്ള ചുമതല ആസ്റ്ററിക്സിന്റെ മേലാണ്‌ വന്നുവീഴുക. മാതാപിതാക്കളായ സർസാപാരില്ല, ആസ്ട്രോണോമിക്സ് എന്നിവർ ദൂരെ കോണ്ടാറ്റം എന്ന സ്ഥലത്താണ്‌ വസിക്കുന്നത്. എപ്പോഴും വാളേന്തി നടക്കാറുണ്ടെങ്കിലും ബുദ്ധിയുപയോഗിച്ചും ആവശ്യം വന്നാൽ മാന്ത്രികമരുന്നിന്റെ സഹായത്തോടെ വെറുംകൈയോടെയുമാണ്‌ പോരാടാറ്. ചിറകുകളുള്ള തൊപ്പിയാണ്‌ തിരിച്ചറിയാനുള്ള പ്രധാന അടയാളം.

കുറിപ്പുകളിടാനുള്ള * (ആസ്റ്ററിസ്ക്) ചിഹ്നത്തിൽ നിന്നാണ്‌ കഥാപാത്രത്തിന്‌ പേര്‌ ലഭിച്ചത്. മിക്ക ഭാഷകളിലും ആസ്റ്ററിക്സ് എന്നു തന്നെയാണ്‌ പേര്‌. എന്നാൽ ഐസ്ലാൻഡിക് ഭാഷയിൽ ആസ്ത്രികൂർ എന്നും സിംഹളഭാഷയിൽ സൂറ പപ്പ എന്നും അറിയപ്പെടുന്നു.

ഒബെലിക്സ്[തിരുത്തുക]

ഒബെലിക്സ്

ആസ്റ്ററിക്സിന്റെ ഏറ്റവുമടുത്ത സുഹൃത്ത്. കുത്തനെ നിൽക്കുന്ന കൂറ്റൻ പാറക്കല്ലുകൾ (menhirs) നിർമ്മിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയുമാണ്‌ അവിവാഹിതനായ ഒബെലിക്സിന്റെ ജോലി. അസാമാന്യ ശക്തിയുള്ളവനും പൊണ്ണത്തടിയനും തീറ്റപ്രിയനുമാണ്‌ ഒബെലിക്സ്. കാട്ടുപന്നികളാണ്‌ ഇഷ്ടഭക്ഷണം. എന്നാൽ താൻ തടിയനാണെന്ന് അംഗീകരിക്കാത്ത ഒബെലിക്സ് തന്നെ പൊണ്ണത്തടിയൻ എന്ന് വിളിക്കുന്നത് വെറുക്കുകയും ചെയ്യുന്നു. ആസ്റ്ററിക്സും ഒബെലിക്സും തമ്മിൽ കലഹങ്ങളുണ്ടാകുന്നതിന്‌ പ്രധാന കാരണം ഇതാണ്‌. ചെറുപ്രായത്തിൽ മാന്ത്രികമരുന്നുണ്ടാക്കുന്ന പാത്രത്തിലേക്ക് വീണതാണ്‌ ഒബെലിക്സിന്റെ അസാമാന്യ ശക്തിക്ക് കാരണം. വീണ്ടും മാന്ത്രികമരുന്ന് കുടിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മൂലം ഗെറ്റാഫിക്സ് ഒബെലിക്സിന്‌ മാന്ത്രികമരുന്ന് നൽകാറില്ല. മാതാപിതാക്കളായ വാനില, ഒബെലിസ്കോയ്ഡിക്സ് എന്നിവർ ആസ്റ്ററിക്സിന്റെ മാതാപിതാക്കളോടൊപ്പമാണ്‌ താമസിക്കുന്നത്.

ആസ്റ്ററിസ്കിനുശേഷം കുറിപ്പുകളിടാനുപയോഗിക്കുന്ന (ഒബെലിസ്ക്) ചിഹ്നത്തിൽ നിന്നാണ്‌ കഥാപാത്രത്തിന്‌ പേര്‌ ലഭിച്ചത്. മിക്ക തർജ്ജമകളിലും ഒബെലിക്സ് എന്ന പേര്‌ നിലനിർത്തിയിരിക്കുന്നു. എന്നാൽ ഐസ്ലാൻഡിക് ഭാഷയിൽ സ്റ്റൈൻറികൂർ എന്നും സിംഹളഭാഷയിൽ ജിങ് പപ്പ എന്നും തുർക്കിഷ് ഭാഷയിൽ ഹോപ്ഡെഡിക്സ് എന്നും അറിയപ്പെടുന്നു.

ഡോഗ്മാറ്റിക്സ്[തിരുത്തുക]

ഡോഗ്മാറ്റിക്സ്

ഒബെലിക്സിന്റെ വളർത്തുനായയാണ്‌ ഡോഗ്മാറ്റിക്സ്. വളരെ ചെറുതും വെളുത്തതുമായ ഈ നായക്കുട്ടി പക്ഷെ എളുപ്പത്തിൽ ദേഷ്യപ്പെടുന്നു. ആസ്റ്ററിക്സിനെയും ഒബെലിക്സിനെയും ലുട്ടേഷ്യയിൽ നിന്ന് പിന്തുടർന്ന് ഗൗളിലെത്തിയ ഡോഗ്മാറ്റിക്സിനെ ഒബെലിക്സ് ശ്രദ്ധിക്കുകയും വളർത്തുകയുമായിരുന്നു. ബുദ്ധിമാനെങ്കിലും മണം പിടിക്കാൻ കഴിവ് കുറഞ്ഞവനാണ്‌ ഡോഗ്മാറ്റിക്സ്. ഫ്രഞ്ച് മൂലരചനയിൽ ഇഡെഫിക്സ് (ഉറച്ച ആശയം അഥവാ മുൻവിധി) എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്‌. ഒരു ആശയത്തെ മുറുകെപ്പിടിക്കുന്നവൻ എന്നാണ്‌ ഡോഗ്മാറ്റിക്സ് എന്ന ഇംഗ്ലീഷ് പരിഭാഷയിലെ നാമത്തിന്റെ ഉദ്ദേശ്യം.

മറ്റ് കഥാപാത്രങ്ങൾ[തിരുത്തുക]

  • ഗെറ്റാഫിക്സ് : ഗ്രാമത്തിലെ മന്ത്രവാദി. ശക്തി വർദ്ധിപ്പിക്കുന്ന മാന്ത്രികമരുന്ന് ഉൾപ്പെടെയുള്ള മരുന്നുകൾ നിർമ്മിക്കുന്നു. പ്രായമേറിയ വ്യക്തിയായ ഗെറ്റാഫിക്സിനെ ഗ്രാമത്തിൽ എല്ലാവരും ബഹുമാനിക്കുന്നു. ഗ്രാമത്തിലെ വൈദ്യനും അദ്ധ്യാപകനുമായ ഗെറ്റാഫിക്സാണ്‌ കലഹങ്ങൾ തീർക്കാനും മുന്നിട്ടിറങ്ങുന്നത്
  • കാകോഫോണിക്സ് : ഗ്രാമത്തിലെ സംഗീതജ്ഞൻ. സംഗീതോപകരണങ്ങൾ വായിക്കുമെങ്കിലും വളരെ മോശം പാട്ടുകാരനായാണ്‌ കാകോഫോണിക്സ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഗ്രാമവാസികൾക്കാർക്കും അയാൾ പാടുന്നത് കേൾക്കാനിഷ്ടമില്ല. മോശം ഗാനാലാപനം പേമാരിക്ക് വരെ കാരണമാകുന്നതായി കഥകളിൽ ചിത്രീകരിച്ചിരിക്കുന്നു.
  • വൈറ്റൽസ്റ്റാറ്റിസ്റ്റിക്സ് : ഗ്രാമമുഖ്യൻ. തടിയനും മദ്ധ്യവയസ്കനും പേടിയില്ലാത്തവനും എന്നാൽ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്തവനുമായ വൈറ്റൽസ്റ്റാറ്റിസ്റ്റിക്സ് ഭക്ഷണപ്രിയനുമാണ്‌. ഏത് സമയവും രണ്ടുപേർ അദ്ദേഹത്തെ ഒരു പരിചയിൽ കയറ്റി നടത്തുന്നു. എന്നാൽ നിരന്തരം അദ്ദേഹം പരിചയിൽ നിന്ന് വീഴുകയും ചെയ്യുന്നു
  • ഗ്രാമമുഖ്യന്റെ പരിച താങ്ങുന്ന രണ്ടുപേർ
  • ഇമ്പെഡിമെന്റ : വൈറ്റൽസ്റ്റാറ്റിസ്റ്റിക്സിന്റെ ഭാര്യ. ഗ്രാമത്തിലെ സ്ത്രീകളുടെ നേതാവ്. നല്ല പാചകക്കാരി. ഭർത്താവിന്റെ വലിയ ആഗ്രഹങ്ങളില്ലാത്ത സ്വഭാവത്തെ ഇഷ്ടപ്പെടുന്നില്ല. ലുടേഷ്യയിൽ വില്പനക്കാരനായ സഹോദരൻ ഹോമിയോപതിക്സിന്റെ അടുക്കൽ താമസിക്കാനാഗ്രഹിക്കുന്നു
  • ഫുള്ളിഓട്ടോമാറ്റിക്സ് : ഗ്രാമത്തിലെ കൊല്ലൻ. മുമ്പ് കൊല്ലനായിരുന്ന സെമിഓട്ടോമാറ്റിക്സിന്റെ മകൻ. കാകോഫോണിക്സിനെക്കൊണ്ട് ബലം പ്രയോഗിച്ച് പാട്ട് നിർത്തുന്ന വ്യക്തി. ഒരു മകനും ഒരു മകളുമുണ്ട്
  • മിസ്സിസ്സ്. ഫുള്ളിഓട്ടോമാറ്റിക്സ് :ഫുള്ളിഓട്ടോമാറ്റിക്സിന്റെ ഭാര്യ. ഗ്രാമത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീകളിലൊരാൾ. എങ്കിലും അതികായനായ തന്റെ ഭർത്താവിനെ വരുതിയിൽ നിർത്തുന്നു.
  • ജെറിയാട്രിക്സ് : ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി
  • മിസ്സിസ്സ്. ജെറിയാട്രിക്സ് : ജെറിയാട്രിക്സിന്റെ യുവതിയായ ഭാര്യ
  • അൺഹൈജീനിക്സ് : ഗ്രാമത്തിലെ മീൻവില്പനക്കാരൻ. മുമ്പ് മീൻവില്പ്പനക്കാരനായിരുന്ന അൺഹെൽതിക്സിന്റെ മകൻ. പഴയ മത്സ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഫുള്ളിഓട്ടോമാറ്റിക്സുമായി എപ്പോഴും വഴക്കുകളിൽ ഏർപ്പെടുന്നു.
  • ബാക്റ്റീരിയ : അൺഹൈജീനിക്സിന്റെ ഭാര്യ
  • ജൂലിയസ് സീസർ : ഗ്രാമത്തിന്റെ മുഖ്യശത്രു. ഗ്രാമത്തെ കീഴടക്കാൻ സീസർ ശ്രമിക്കുന്നതാണ്‌ മിക്ക കഥകളുടെയും അടിസ്ഥാനം. എങ്കിലും ആസ്റ്ററിക്സും സീസറും പരസ്പരം ബഹുമാനിക്കുന്നു
  • കടൽക്കൊള്ളക്കാർ : ആസ്റ്ററിക്സും ഒബെലിക്സും തങ്ങളുടെ യാത്രകൾക്കിടയിൽ പലപ്പോഴായി ഒരു കടൽക്കൊള്ളസംഘത്തെ കണ്ടുമുട്ടുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ ഓരോ തവണയും കടൽക്കൊള്ളക്കാരുടെ കപ്പൽ തകർക്കപ്പെടുന്നതിലാണ്‌ കലാശിക്കുക. ബാർബ് റൂഷ് എന്ന ഹാസ്യപുസ്തകപരമ്പരയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവർക്ക് രൂപം കൊടുത്തിട്ടുള്ളത്. റെഡ്ബേർഡ്, പെഗ്‌ലെഗ്, എറിക്സ്, പേരില്ലാത്ത നീഗ്രോ എന്നിവരാണ്‌ കടൽക്കൊള്ളക്കാരുടെ കൂട്ടത്തിലെ പ്രധാനികൾ
  • അനേകം റോമൻ പടയാളികൾ

ഇവർക്ക് പുറമെ ചരിത്രവ്യക്തികളായ ബ്രൂട്ടസ്, ക്ലിയോപാട്ര രാജ്ഞി, പോംപി, സ്പാർട്ടക്കസ്, വെർസിങെട്ടോറിക്സ് എന്നിവരും ചില കഥകളിൽ പ്രത്യക്ഷപ്പെടുന്നു

പരമ്പരയിലെ പുസ്തകങ്ങൾ[തിരുത്തുക]

34 ഹാസ്യപുസ്തകങ്ങളാണ്‌ പരമ്പരയിലുള്ളത്. അവയുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. ഇവിടെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ഘണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം ഒടുവിൽ പുസ്തകമായി പുറത്തിറങ്ങിയ വർഷമാണ്‌.

ഇവയ്ക്കു പുറമെ 1976-ൽ ആസ്റ്ററിക്സ് കോൺക്വേഴ്സ് റോം എന്നൊരു പുസ്തകവും പുറത്തിറങ്ങിയിരുന്നു. എന്നാൽ ദി റ്റ്വൽവ് ടാസ്ക്സ് ഓഫ് ആസ്റ്ററിക്സ് എന്ന ആനിമേഷൻ ചിത്രത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ പുസ്തകത്തിന്‌ പിന്നീട് ചുരുക്കം കോപ്പികളേ പുറത്തിറങ്ങിയിട്ടുള്ളൂ എന്നതിനാൽ ഇതിനെ സാധാരണ ആസ്റ്ററിക്സ് പുസ്തകങ്ങളുടെ പട്ടികയിൽ പെടുത്താറില്ല. 1989-ൽ പുറത്തിറങ്ങിയ ഹൗ ഒബെലിക്സ് ഫെൽ ഇന്റു ദി മാജിക് പോഷൻ വെൻ ഹീ വാസ് എ ലിറ്റിൽ ബോയ് എന്ന പുസ്തകത്തെയും ഔദ്യോഗികപട്ടികയിൽ പെടുത്താറില്ല.

ആസ്റ്ററിക്സ് ഇൻ ബെൽജിയം എന്ന പുസ്തകം ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതിനിടെ ഗോസിന്നി മരണമടഞ്ഞു. ദുഃഖസൂചകമായി, പുസ്തകത്തിൽ മരണശേഷമിറങ്ങിയ ഭാഗങ്ങളിൽ അന്തരീക്ഷം കാറുമൂടിയതും നിറങ്ങൾ കൂടുതൽ ഇരുണ്ടതുമാണ്‌. ആസ്റ്ററിക്സ് ഇൻ ബെൽജിയത്തിനുശേഷമുള്ള പുസ്തകങ്ങളെല്ലാം എഴുതിയതും വരച്ചതും ഉഡെർസോ ഒറ്റയ്ക്കാണ്‌. എന്നാൽ ആസ്റ്ററിക്സ് ആൻഡ് ദി ക്ലാസ് ആക്റ്റ്, ആസ്റ്ററിക്സ് ആൻഡ് ഒബെലിക്സ് ബർത്ത്ഡേ എന്നീ പുസ്തകങ്ങളിലെ ചില കഥകൾ ഗോസിന്നി എഴുതിയതാണ്‌

ചലച്ചിത്രങ്ങൾ[തിരുത്തുക]

ആസ്റ്ററിക്സ് പരമ്പരയെ അടിസ്ഥാനമാക്കി ധാരാളം ആനിമേഷൻ ചിത്രങ്ങളും ലൈവ് ആക്ഷൻ ചിത്രങ്ങളും പുറത്തിറങ്ങുകയുണ്ടായി

ആനിമേഷൻ ചിത്രങ്ങൾ[തിരുത്തുക]

  • ആസ്റ്ററിക്സ് ദി ഗൗൾ (1967) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • ആസ്റ്ററിക്സ് ആൻഡ് ദി ഗോൾഡൻ സിക്കിൾ (1967) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിക്കാനാരംഭിച്ച ഈ ചിത്രം പിന്നീട് നിർത്തുകയാണുണ്ടായത്. ഇത് ഒരിക്കലും പുറത്തിറങ്ങിയില്ല
  • ആസ്റ്ററിക്സ് ആൻഡ് ക്ലിയോപാട്ര (1968) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • ദി റ്റ്വൽവ് ടാസ്ക്സ് ഓഫ് ആസ്റ്ററിക്സ് (1976) : ഒരു പുസ്തകത്തെയും അടിസ്ഥാനമാക്കാതെ നിർമ്മിച്ച ഈ ചിത്രം പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി
  • ആസ്റ്ററിക്സ് വേഴ്സസ് സീസർ (1985): ആസ്റ്ററിക്സ് ദി ലെജ്യനറി, ആസ്റ്ററിക്സ് ദി ഗ്ലാഡിയേറ്റർ എന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • ആസ്റ്ററിക്സ് ഇൻ ബ്രിട്ടൺ (1986) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • 'ആസ്റ്ററിക്സ് ആൻഡ് ദി ബിഗ് ഫൈറ്റ് (1989) : ആസ്റ്ററിക്സ് ആൻഡ് ദി ബിഗ് ഫൈറ്റ്, ആസ്റ്ററിക്സ് ആൻഡ് ദി സൂത്സേയർ എന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • ആസ്റ്ററിക്സ് കോൺക്വേഴ്സ് അമേരിക്ക (1994) : ആസ്റ്ററിക്സ് ആൻഡ് ദി ഗ്രേറ്റ് ക്രോസിംഗ് എന്ന പുസ്തകത്തിൽ നിന്ന് അംശങ്ങളെടുത്ത് നിർമ്മിച്ചത്
  • ആസ്റ്ററിക്സ് ആൻഡ് ദി വൈക്കിംഗ്സ് (2006) : ആസ്റ്ററിക്സ് ആൻഡ് ദി നോർമൻസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്

ലൈവ് ആക്ഷൻ ചിത്രങ്ങൾ[തിരുത്തുക]

  • ആസ്റ്ററിക്സ് ആൻഡ് ഒബെലിക്സ് ടേക് ഓൺ സീസർ (1999) : ആസ്റ്ററിക്സ് ദി ഗൗൾ, ആസ്റ്ററിക്സ് ആൻഡ് ദി സൂത്‌സേയർ, ആസ്റ്ററിക്സ് ആൻഡ് ദി ഗോത്‌സ്'', ആസ്റ്ററിക്സ് ദി ലെജ്യനറി, ആസ്റ്ററിക്സ് ദി ഗ്ലാഡിയേറ്റർ എന്ന പുസ്തകങ്ങളിൽ നിന്ന് അംശങ്ങളെടുത്താണ്‌ ഈ ചിത്രം നിർമ്മിച്ചത്
  • ആസ്റ്ററിക്സ് ആൻഡ് ഒബെലിക്സ് : മിഷൻ ക്ലിയോപാട്ര' (2002) : ആസ്റ്ററിക്സ് ആൻഡ് ക്ലിയോപാട്ര എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്
  • ആസ്റ്ററിക്സ് ആൻഡ് ഒബെലിക്സ് അറ്റ് ദി ഒളിംപിക് ഗെയിംസ് (2008) : ആസ്റ്ററിക്സ് അറ്റ് ദി ഒളിംപിക് ഗെയിംസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചത്

അവലംബം[തിരുത്തുക]

  1. volumes-sold. "Asterix the Gaul rises sky high". Archived from the original on 2009-10-10. Retrieved 2009-12-20.
  2. "Astérix's creator sees off all rivals at Christmas" (in ഇംഗ്ലീഷ്). Guardian : The Observer. Retrieved 20 December 2009.
  3. Kessler, Peter. "I". The Complete Guide To Asterix. p. 16.
  4. Shirbon, Estelle (14 January 2009). "Asterix battles new Romans in publishing dispute". Reuters. Retrieved 16 January 2009.
  5. "Divisions emerge in Asterix camp". BBC News Online. 15 January 2009. Retrieved 16 January 2009.
  6. "Anne Goscinny: «Astérix a eu déjà eu deux vies, du vivant de mon père et après. Pourquoi pas une troisième?»" (in ഫ്രഞ്ച്). Bodoï. Archived from the original on 2009-02-07. Retrieved 2009-12-20.
  7. Hugh Schofield (22 october 2009). "Should Asterix hang up his sword ?". BBC News. {{cite web}}: Check date values in: |date= (help)