തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1875
അധികാരപരിധി ഇന്ത്യാ ഗവണ്മെന്റ്
ആസ്ഥാനം വികാസ് ഭവൻ പോസ്റ്റ്, തിരുവനന്തപുരം
മാതൃ വകുപ്പ് കാലാവസ്ഥാ പഠന വകുപ്പ്, ഭാരത സർക്കാർ
വെബ്‌സൈറ്റ്
imdtvm.gov.in

ഭാരത സർക്കാറിന്റെ കാലാവസ്ഥാ പഠന വകുപ്പിനു കീഴിൽ നിലവിലുള്ള ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് 'തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം'. കേരളം, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുടെ അന്തരീക്ഷ വിജ്ഞാനീയ പ്രവർത്തനങ്ങളുടെ ചുമതലയാണ് ഈ കേന്ദ്രത്തിനുള്ളത്. കൃഷി, ജലസേചനം, വ്യോമയാനം തുടങ്ങിയ കാലാവസ്ഥാ സംവേദിയായ മേഖലകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി വ്യോമപരവും അല്ലാത്തതുമായ കാലാവസ്ഥാ പ്രവചനം നടത്തുക എന്നത് കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിൽപ്പെടുന്നു. സംസ്ഥാനത്തിനകത്തും ചുറ്റുപാടുകളിലും സംഭവിക്കുന്ന കനത്തമഴ, ഇടിമിന്നലുകൾ, കൊടുങ്കാറ്റുകൾ തുടങ്ങിയ ജീവനും സ്വത്തിനും മാരകമായേക്കാവുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ പറ്റിയുള്ള മുന്നറിയിപ്പുകൾ നൽകുന്നതും, ചെന്നൈ പ്രാദേശീയ കാലാവസ്ഥാ പഠന കേന്ദ്രത്തിലെ മേഖലാ വാതാവർത്ത മുന്നറിയിപ്പു കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ചുമതലയാണ്."[1]

സംസ്ഥാനത്തെ വ്യോമ ഗതാഗത മേഖലയിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ അന്തരീക്ഷ വിജ്ഞാനീയത്തിന്റെ ചുമതല വഹിക്കുന്നത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വ്യോമയാന വിഭാഗമായ "വിമാനത്താവള കാലാവസ്ഥാ പഠന കാര്യാലയ"മാണ്."[2]

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ 1836 ലാണ് തിരുവനന്തപുരം നിരീക്ഷണാലയം സ്ഥാപിച്ചത്. 1837 ൽ അന്നത്തെ തിരുവിതാംകൂർ വ്യാപാര പ്രതിനിധിയായിരുന്ന ജോൺ കാൽഡെകോട്ട് സ്ഥാപക മേധാവിയായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു.[3][4] ബഹിരാകാശ / അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങൾക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേത്. 1852 മുതൽ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോൺ അലൻ ബ്രൗൺ, എഫ്.ആർ.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങൾ ആരംഭിച്ചു..[5] ഈ സ്ഥാപനത്തിൽ നിന്നാണ് 1853 ൽ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927 ൽ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി. ഇതേ വർഷം തന്നെ, ഭാരത സർക്കാർ കാലാവസ്ഥാ പഠന വിഭാഗത്തെ ക്ലാസ്സ്- ഒന്ന് കാലാവസ്ഥാ നിരീക്ഷണാലയമായി അംഗീകരിച്ചു. ഇതിനെ തുടർന്ന് തിരുവനന്തപുരം നിരീക്ഷണാലയത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ, പൂനെ കേന്ദ്രത്തിലേക്ക് കാലാവസ്ഥാ പ്രവചനത്തിനായി അയച്ചു കൊടുക്കുവാൻ തുടങ്ങി. 1928 മുതൽ കാറ്റിന്റെ വേഗതയും ദിശയും അളക്കുന്നതിനായി പൈലറ്റ് ബലൂണുകൾ ഉപയോഗിക്കുവാൻ തുടങ്ങി. 1951 ൽ കാലാവസ്ഥാ പഠന വിഭാഗത്തെ ഭാരത സർക്കാർ ഏറ്റെടുത്തു. 1956 മുതലാണ് റേഡിയോ തരംഗ ദൈർഘ്യമുപയോഗിച്ച് പ്രവർത്തിക്കുന്ന പരിശോധനായന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. അവയുപയോഗിച്ച് കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് 1963 ലാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്ന പദവിയിലേക്ക് നിരീക്ഷണാലയത്തെ 1973 ലാണ് ഉയർത്തിയത്.[6]

സാങ്കേതിക സൗകര്യങ്ങളും ആന്തര ഘടനയും[തിരുത്തുക]

കേരളത്തിലും ലക്ഷദ്വീപിലും ഉള്ള 14 നിരീക്ഷണകേന്ദ്രങ്ങളും 70 മഴവെള്ള മാപന കേന്ദ്രങ്ങളും വഴി ഭൗമോപരിതലത്തിലും ഉപരി വായുമണ്ഡലത്തിലും നിരീക്ഷണങ്ങൾ നടത്തിയാണ് വളരെ സങ്കീർണ്ണമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത്. 10 ഉപരിതല നിരീക്ഷണാലയങ്ങൾ കാലാവസ്ഥാ പഠന വകുപ്പ് പരിപാലിക്കുന്നുണ്ട്. മറ്റു നിരീക്ഷണാലയങ്ങളും മഴവെള്ള മാപിനികളും സംസ്ഥാന സർക്കാന്റേയും റെയിൽവേയുടേയും, മറ്റു സ്ഥാപനങ്ങളുടേയും കെട്ടിടപരിസരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാതല വർഷപാത നിരീക്ഷണ പദ്ധതി (DRMS)യുടെ കീഴിലാണ് മഴവെള്ള മാപിനികൾ പരിപാലിക്കപ്പെടുന്നത്.[7] നിശ്ചിത ഇടവേളകളിൽ മഴവെള്ള മാപന കേന്ദ്രങ്ങളിലും നിരീക്ഷണാലയങ്ങളിലും പരിശോധനകൾ നടത്തേണ്ടതും, രണ്ടു വർഷത്തിലൊരിക്കലെങ്കിലും എല്ലാ ഉപകരണങ്ങളുടെയും അളവുകൃത്യമാക്കൽ പ്രക്രിയ ചെയ്യേണ്ടതും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയാണ്. ഏഴ് സ്വയംപ്രേരിത കാലാവസ്ഥാ സങ്കേതങ്ങളും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയിൽ പെടുന്നു. ഇവയിൽ അഞ്ചെണ്ണം കേരളത്തിലും ഓരോന്നു വീതം കർണ്ണാടകത്തിലും ലക്ഷദ്വീപിലുമാണ്. ഇൻസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ സങ്കേതങ്ങളിൽ നിന്ന് വിവരങ്ങൾ മുഖ്യകാര്യാലയത്തിലേക്ക് അയക്കുന്നത്. ദിവസേന 8 ഉപരിതല നിരീക്ഷണങ്ങൾ, ഹൈഡ്രജൻ ബലൂണുകളിൽ റേഡിയോ/ജി പി എസ്സ് ഉപകരണങ്ങളും കാലാവസ്ഥാ മാപിനികളും ഉപയോഗിച്ചുള്ള ഉപരി വായുമണ്ഡല നിരീക്ഷണങ്ങൾ, പൈലറ്റ് ബലൂണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ എന്നിവയും ഈ കേന്ദ്രം നടത്താറുണ്ട്.

സ്വയം പ്രവർത്തിക്കുന്ന ഉപരിതല കാലാവസ്ഥാ പഠന ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിരന്തരമായ കാലാവസ്ഥാ നിരീക്ഷണം സാധ്യമാക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്രത്തിൽ ശേഖരിക്കുന്ന വിവരങ്ങളോടൊപ്പം ഓരോ സിനോപ്റ്റിക് മണിക്കൂറിനു ശേഷവും ന്യൂ ഡൽഹിയിലെ മുഖ്യ കാര്യാലയത്തിലേക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ എത്തിച്ചു കൊടുക്കുന്നു. ഇന്ത്യയിലേയും ചുറ്റുമുള്ള രാജ്യങ്ങളിലേയും കാലാവസ്ഥയെ പറ്റിയുള്ള വിവരങ്ങൾ മുഖ്യ കാര്യാലയത്തിൽ നിന്ന് തിരിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും അയച്ചു കൊടുക്കപ്പെടുന്നു. ഈ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഉപരിതല / ഉപരി വായു ചാർട്ടുകൾ സൃഷ്ടിക്കുന്നത്. ഇത്തരം ചാർട്ടുകളും ഉപഗ്രഹ ചിത്രങ്ങളും വിശകലനത്തിനു വിധേയമാക്കിയാണ് ദൈനം ദിന കാലാവസ്ഥാ പ്രവചനങ്ങളും / തീവ്ര കാലാവസ്ഥാ മുന്നറിയിപ്പുകളും രൂപപ്പെടുത്തുന്നത്.

കാർഷിക കാലാവസ്ഥാ ഉപദേശക ഘടകം, ആഴ്ചയിൽ രണ്ടു തവണ കൃഷിക്കാർക്കു വേണ്ടി ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കാറുണ്ട്.[8][7][9][10] കാലാവസ്ഥാ പ്രവചനങ്ങളും, മുന്നറിയിപ്പുകളും, കാർഷിക കാലാവസ്ഥാ ഉപദേശക ബുള്ളറ്റിനുകളും (അഗ്രോമെറ്റ് ബുള്ളറ്റിൻ അല്ലെങ്കിൽ എ.എ.എസ് ബുള്ളറ്റിൻ) ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും, സ്വകാര്യ ടി വി ചാനലുകളിലൂടെയും, പത്ര മാധ്യമങ്ങളിലൂടെയും, ഇന്റർനെറ്റ്, മൊബൈൽ സേവന ദാതാക്കളിലൂടെയും (എസ്.എം.എസ്, ഐ.വി.ആർ.എസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്) പ്രക്ഷേപണം ചെയ്യപ്പെടാറുണ്ട്.[11] ഭൂചലനങ്ങളുടെ നിരന്തര നിരീക്ഷണം, ഉപരിതല ഓസോണിന്റെ നിരന്തര നിരീക്ഷണം, സൗര / ഭൗമ വികിരണത്തോത് അളക്കൽ, അന്തരീക്ഷ വൈദ്യുതിയുടെ രേഖപ്പെടുത്തൽ എന്നിവ ഈ കേന്ദ്രത്തിന്റെ മറ്റു ചില ദൈനംദിന ചുമതലകളാണ്. അന്തരീക്ഷ ഓസോണിന്റെ ലംബ വിതരണത്തെ രണ്ടാഴ്ച കൂടുമ്പോൾ ഓസോൺ മാപന ഉപകരണങ്ങളെ മുകളിലേക്കുയർത്തി അളക്കാറുണ്ട്. കാലാവസ്ഥാ വിജ്ഞാനീയ വിഭാഗം ലഭ്യമായ വിവരങ്ങളെ പരിശോധിക്കുന്നതിലും, സൂക്ഷിച്ചു വയ്ക്കുന്നതിലും, അത്തരം വിവരങ്ങളെ വിവിധ ഗവേഷണ / ആസൂത്രണ പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനായ സഹായങ്ങൾ ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

നിരീക്ഷണാലയങ്ങളുടെ പട്ടിക[തിരുത്തുക]

തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിരീക്ഷണാലയങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിട്ടുള്ളത്.

നിരീക്ഷണാലയം അക്ഷാംശം രേഖാംശം
ആലപ്പുഴ 09O 33' 76O 25'
സിയാൽ കൊച്ചി 10O 09' 76O 24'
കണ്ണൂർ 11O 50' 75O 20'
കരിപ്പൂർ എ പി 11O 08' 75O 57'
കൊച്ചി എ പി 09O 58' 76O 14'
കോട്ടയം 09O 32' 76O 36'
കോഴിക്കോട് 11O 15' 75O 47'
പുനലൂർ 09O 00' 76O 55'
തിരുവനന്തപുരം വിമാനത്താവളം 08O 28' 76O 57'
തിരുവനന്തപുരം നഗരം 08O 29' 76O 57'
വെള്ളാനിക്കര 10O 31 76O 13'
അഗത്തി 10O 51' 72O 28'
അമിനി ദിവി 11O 07' 72O 44'
മിനിക്കോയി 08O 18' 73O 09'
കവരത്തി 10O 32' 72O 37'[12]

പൊതുവേയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ[തിരുത്തുക]

തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരള / ലക്ഷദ്വീപ് തീരങ്ങളിലേക്കായി പൊതുവിൽ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് താഴെ കൊടുക്കുന്നത്.

  • ചുഴലിക്കാറ്റ് / കൊടുങ്കാറ്റ് ഇവയെ പറ്റിയുള്ള പ്രവചനവും, അവയുടെ ഘട്ടം നിർവചിക്കലും
  • മൽസ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ
  • പേമാരി / കനത്ത മഴ എന്നിവയുടെ പ്രവചനവും മുന്നറിയിപ്പുകളും

അവലംബം[തിരുത്തുക]

  1. "തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലകൾ". കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം. Archived from the original on 2013-05-24. Retrieved 2013-06-13.
  2. "തിരുവനന്തപുരം വിമാനത്താവള കാലാവസ്ഥാ പഠന കാര്യാലയത്തിന്റെ വിലാസം". മേഖലാ കാലാവസ്ഥാ പഠന കേന്ദ്രം, ചെന്നൈ. Retrieved 2013-06-14.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ദേശീയ ജീവചരിത്ര നിഘണ്ടു. 1885-1900, വാല്യം 08 - കാൽഡെകോട്ട്, ജോൺ (ഡി എൻ ബി 00)". വിക്കിസോഴ്സ്, വിക്കിമീഡിയ. Retrieved 2013-06-17.
  4. "ജോൺ കാൽഡെകോട്ടിന് ശ്രദ്ധാഞ്ജലി". ഹിന്ദു - ദേശീയ ദിനപത്രം. Retrieved 2013-06-17.
  5. "പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിലെ ഭൗമ കാന്തികത പഠനങ്ങൾ - പേജ് 2, ഇന്ത്യൻ രംഗം- ടൈലർ മുതൽ മൂസ് വരെ, പാരഗ്രാഫ് 3" (PDF). ശാസ്ത്ര മ്യൂസിയങ്ങളുടെ ദേശീയ കൗൺസിൽ, ഭാരത സർക്കാർ. Retrieved 2013-06-17.[പ്രവർത്തിക്കാത്ത കണ്ണി]
  6. "കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - ചരിത്രം". കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - തിരുവനന്തപുരം. Archived from the original on 2013-08-20. Retrieved 2013-06-17.
  7. 7.0 7.1 "ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2001-2002 ലെ വാർഷിക റിപ്പോർട്ട്". ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ്. Retrieved 2013-06-14.
  8. "ദേശീയ കാർഷിക കാലാവസ്ഥാ ഉപദേശക ബുള്ളറ്റിൻ - 2013 ഫെബ്രുവരി 15" (PDF). കൃഷി വിഗ്യാൻ കേന്ദ്ര, എറണാകുളം, കാർഷിക വിജ്ഞാന നിർവഹണ ഘടകം, സി എം എഫ് ആർ ഐ, കൊച്ചി. Retrieved 2013-06-15.
  9. "ദേശീയ കാർഷിക കാലാവസ്ഥാ ഉപദേശക ബുള്ളറ്റിൻ - 2013 ജൂൺ 7" (PDF). കൃഷി വിഗ്യാൻ കേന്ദ്ര, എറണാകുളം, കാർഷിക വിജ്ഞാന നിർവഹണ ഘടകം, സി എം എഫ് ആർ ഐ, കൊച്ചി. Retrieved 2013-06-15.
  10. "കർഷകർക്ക് ലഭ്യമാകുന്ന കാർഷിക കാലാവസ്ഥാ ഉപദേശക സേവനങ്ങൾ - എൻ. ചതോപാദ്ധ്യായ, കാലാവസ്ഥാ പഠന വകുപ്പ്, ഭാരത സർക്കാർ" (PDF). എം എസ് സ്വാമിനാഥൻ ഗവേഷണ ഫൗണ്ടേഷൻ. Archived from the original (PDF) on 2016-03-04. Retrieved 2013-06-16.
  11. "ഐ.എ.എ.എസ് വാർത്ത : അഗ്രോമെറ്റ് നിർദ്ദേശങ്ങളുടെ വ്യാപനം - പേജ് 2" (PDF). കാർഷിക കാലാവസ്ഥാ പഠന വിഭാഗം, കാലാവസ്ഥാ പഠന വകുപ്പ്, ഭാരത സർക്കാർ. Archived from the original (PDF) on 2016-03-05. Retrieved 2013-06-16.
  12. "കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - നിരീക്ഷണാലയങ്ങളുടെ പട്ടിക". കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - തിരുവനന്തപുരം. Archived from the original on 2013-08-20. Retrieved 2013-06-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]