തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെറ്റാസി വര്‍ഗ്ഗത്തില്‍ പെട്ട സസ്തനിയായ ഒരു കടല്‍ജീവിയാണ് തിമിംഗലം. ലോകത്തെ ഏറ്റവും വലിയ ജീവി നീലതിമിംഗലമാണ്.

തിമിംഗലം എന്ന പേര്‌ സെറ്റാസീ വര്‍ഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കില്‍ പ്രസ്തുത വര്‍ഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയില്‍ ഉപയോഗിക്കാറുണ്ട്. ആധുനികനിര്‍‌വചനപ്രകാരം ഡോള്‍ഫിനുകളോ പോര്‍പോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവര്‍ഗ്ഗജീവികളും തിമിംഗലങ്ങളാണ്‌. ഈ വര്‍ഗ്ഗീകരണപ്രകാരം കൊലയാളി തിമിംഗലങ്ങളും പൈലറ്റ് തിമിംഗലങ്ങളും അവയുടെ പേരില്‍ തിമിംഗലം എന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ വര്‍ഗ്ഗത്തില്‍ പെടുന്നില്ല. ജീവശാസ്ത്രവര്‍ഗീകരണമനുസരിച്ച് കൊലയാളി തിമിംഗലങ്ങള്‍ ഡോള്‍ഫിനുകളുടെ കൂട്ടത്തില്‍പ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പരിണാമം

തിമിംഗലങ്ങള്‍ മത്സ്യങ്ങളല്ല. ഹിപ്പോപൊട്ടാമസുമായി അടുത്ത ബന്ധമുള്ള സസ്തനിയായ കടല്‍ജീവികളാണിവ. തിമിംഗലങ്ങളുടെ പൂര്‍വ്വികര്‍ കരയില്‍ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.

[തിരുത്തുക] പ്രത്യേകതകള്‍

കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങള്‍ക്കുണ്ട്. മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തിമിംഗലങ്ങള്‍ ഉഷ്ണരക്തമുള്ളവയാണ്. അവയുടെ തൊലിക്കടിയില്‍ ബ്ലബ്ബര്‍ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്. തണുത്ത വെള്ളത്തില്‍ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തില്‍ വന്ന്‌ അന്തരീക്ഷവായുവില്‍ നിന്നുമാണ് തിമിംഗലങ്ങള്‍ ശ്വസിക്കുന്നത്.

[തിരുത്തുക] ഭക്ഷണം

കടലിലെ ചെറുജീവികളാണ് തിമിംഗലങ്ങളുടെ ഭക്ഷണം. ചില തിമിംഗലവര്‍ഗ്ഗങ്ങള്‍ പ്ലാങ്‌ക്‍ടണ്‍ എന്ന സൂക്ഷ്മജീവികളാണ്‌ ഭക്ഷണമാക്കുന്നത്. ചില തിമിംഗലങ്ങള്‍ ക്രില്‍ എന്ന ചെറുജീവികളെ ആഹാരമാക്കുമ്പോല്‍ മറ്റുചിലവ മത്സ്യങ്ങളെയാണു ആഹാരമാക്കുന്നത്‌. ബലീന്‍ തിമിംഗലം എന്ന തിമിംഗലവര്‍ഗ്ഗത്തിന്‌ അവയുടെ തൊണ്ടയില്‍ അരിപ്പ പോലെയുള്ള ഒരു അവയവം ഉണ്ട്. ജലത്തില്‍ നിന്നും അവയുടെ ഭക്ഷണമായ ചെറിയ ജലജീവികളെ അരിച്ച് ഭക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.

[തിരുത്തുക] വലിപ്പം

ബലീന്‍ തിമിംഗലങ്ങളാണ് ഏറ്റവും വലിയ തിമീംഗലവര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തില്‍‌പ്പെട്ട നീലതിമിംഗലമാണ് ലോകത്തെ ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റര്‍ നീളം വരേയും 150 ടണ്‍ ഭാരം വരേയും വളരുന്നു.

[തിരുത്തുക] പല്ലുകള്‍

തിമിംഗലങ്ങളില്‍ ചില വര്‍ഗ്ഗങ്ങള്‍ക്ക് പല്ലുകളുണ്ടാകാറുണ്ടാകാറുണ്ട്. ഇതുകൊണ്ട് ശബ്ദമുണ്ടാക്കിയാണ് അവ ആശയവിനിമയം നടത്തുന്നത്. ഈ ശബ്ദം മൈലുകളോളം ദൂരത്തുള്ള മറ്റു തിമിംഗലങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

[തിരുത്തുക] ബുദ്ധിശക്തി

സെറ്റാസീ നിരയിലുള്ള (cetacea order) ജീവികളെല്ലാം അവയുടെ ഉയര്‍ന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ഏകദേശം 90 ജീവിവര്‍ഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ജീവശാസ്ത്രപരമായി സെറ്റാസീ നിരയില്‍ ഉള്‍പ്പെടുന്ന വളരെക്കുറച്ചു കുടുംബങ്ങളെ മാത്രമേ തിമിംഗലങ്ങളായി കണക്കാക്കുന്നുള്ളൂ.

[തിരുത്തുക] പരിപാലനസ്ഥിതി

[തിരുത്തുക] തിമിംഗലവേട്ട

പല വലിയ തിമിംഗലവംശങ്ങളും തിമിംഗലവേട്ടയാടല്‍ വംശനാശം നേരിടുകയാണ്‌. മാംസം, എണ്ണ, ബലീന്‍, ആംബര്‍ഗ്രീസ്‌(സ്പേം തിമിംഗലങ്ങളില്‍ കണ്ടുവരുന്ന ഈ പദാര്‍ഥം ചില പെര്‍ഫ്യൂമുകളില്‍ ഉപയോഗിക്കപ്പെടുന്നു). 1986-ല്‍ ഇന്റര്‍നാഷനല്‍ വെയിലിംഗ്‌ കമ്മീഷണ്‍ ആറുവര്‍ഷത്തേക്ക്‌ തിമിംഗലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട്‌ പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാല്‍ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനല്‍കപ്പെടിട്ടുണ്ട്‌, നോര്‍വെ, ഐസ്‌ലാന്റ്, ജപ്പാന്‍ എന്നിവയാണ്‌ തിമിംഗലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങള്‍. കൂടാതെ സൈബീരിയ, അലാസ്ക, വടക്കന്‍ കാനഡ എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗലവേട്ടയില്‍ ഏര്‍പ്പെട്ടുവരുന്നു.

[തിരുത്തുക] സോണാര്‍

പല രാജ്യങ്ങളിലെയും നാവികസേനകള്‍ ഉപയോഗിക്കുന്ന സോണാറുകള്‍ ചില തിമിംഗലങ്ങള്‍ കരക്കടിയാന്‍ കാരണമാവുന്നെന്ന് പരിസ്ഥിതിപ്ര്വര്‍ത്തകര്‍ കരുതുന്നു. [1] സോണാര്‍ തരംഗങ്ങള്‍, എക്കോലൊക്കേഷന്‍ ഉപയോഗിക്കുന്ന തിമിംഗലങ്ങളെ ബാധിച്ചേക്കാമെന്നാണ്‌ പലരുടെയും നിഗമനം.

[തിരുത്തുക] അവലംബം

  • ദ് ഹിന്ദു യങ് വേള്‍ഡ് - 2007 ഒക്ടോബര്‍ 12 (വേള്‍ഡ് ഓഫ് സയന്‍സ് എന്ന പംക്തിയില്‍ ഇറ്റ്സ് അ വേല്‍ (It's whale!) എന്ന തലക്കെട്ടില്‍ ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)

[തിരുത്തുക] ആധാരസൂചി

  1. http://news.bbc.co.uk/2/hi/science/nature/3173942.stm
"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%82%E0%B4%97%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം