തച്ചിൽ മാത്തൂത്തരകൻ
18-ആം നൂറ്റാണ്ടിനൊടുവിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും (1742-1814)[1] കേരളചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് തച്ചിൽ മാത്തൂത്തരകൻ. തിരുവിതാംകൂറിലെ രാജനീതിയിലും വാണിജ്യത്തിലും സുറിയാനിക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വത്തിലും തരകൻ പങ്കുപറ്റി. തിരുവിതാംകൂറിൽ, വ്യവസ്ഥാപിതഭരണവൃന്ദത്തിനും ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കും എതിരെ വേലുത്തമ്പി ദളവ നയിച്ച കലാപത്തിൽ എതിർപക്ഷത്തുനിന്ന 'ഉപജാപകരുടെ' മൂവർ സംഘത്തിലെ അംഗമെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. [2]
ഉള്ളടക്കം |
തുടക്കം [തിരുത്തുക]
മാർത്താണ്ഡവർമ്മയുടെ ദിഗ്വിജയത്തിനു മുൻപുള്ള കാലത്തെ പ്രദേശഭരണാധികാരികളിൽ ഒരാളായിരുന്ന ആലങ്ങാട്ടുകർത്തായുടെ കാര്യസ്ഥൻ തച്ചിൽ തര്യതായിരുന്നു[1] തരകന്റെ പിതാവ്. എറണാകുളം ജില്ലയിൽ കുത്തിയതോട് എന്ന സ്ഥലത്തു ജനിച്ച മാത്തൂത്തരകൻ, വ്യാപരത്തിൽ വിജയിച്ച് തിരുവിതാംകൂറിലേയും കൊച്ചിയിലേയും അധികാരസ്ഥാനങ്ങളിൽ സ്വാധീനം കൈവരിച്ചു. മാർത്താണ്ഡവർമ്മയുടെ കീഴിൽ തിരുവിതാംകൂർ സൈന്യാധിപനായിരുന്ന ഡച്ചുകാരൻ ഡിലെനോയ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.
അധികാരത്തിൽ [തിരുത്തുക]
ഒടുവിൽ തിരുവിതാംകൂർ ഭരണത്തിലെ മുഖ്യപങ്കാളികളിൽ ഒരാളായിത്തീർന്ന മാത്തൂത്തരകൻ ബാലരാമവർമ്മയുടെ ഭരണകാലത്ത് ജയന്തൻ ശങ്കരൻ നമ്പൂതിരി, ശങ്കരനാരായണൻ ചെട്ടി, എന്നിവർക്കൊപ്പം ഒരു മൂവർസംഘത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു. അജ്ഞതയുടേയും, ധൂർത്തിന്റേയും, അത്യാർത്തിയുടേയും കൂട്ടുകെട്ട്[൧] എന്ന് അവരുടെ സംഘം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2] വേലുത്തമ്പി ദളവ നയിച്ച കലാപത്തിൽ തരകൻ അധികാരഭ്രഷ്ടനും അപമാനിതനുമായി. കർണ്ണഛേദനവും, ചാട്ടയടിയും അദ്ദേഹത്തിനു കിട്ടിയ ശിക്ഷകളിൽ പെട്ടു. തരകന്റെ സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. എങ്കിലും വേലുത്തമ്പിയുടെ പരാജയത്തെ തുടർന്ന് അദ്ദേഹത്തിനു പദവികളും സ്വത്തുക്കളും തിരികെ കിട്ടി. വേലുത്തമ്പിയുടെ കാലത്തു നേരിടേണ്ടി വന്ന കർണ്ണഛേദനത്തിനു പരിഹാരമായി രാജാവ് തരകന് ഒരു സ്വർണ്ണച്ചെവി സമ്മാനിച്ചതായും പറയപ്പെടുന്നു.
ആലപ്പുഴ നഗരത്തിന്റെ ശില്പികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. [3]
സമുദായനേതാവ് [തിരുത്തുക]
കേരളത്തിലെ സുറിയാനിക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വത്തിൽ തരകൻ പങ്കുപറ്റി. സുറിയാനിക്രിസ്ത്യാനികളിലെ കത്തോലിക്കാ വിഭാഗത്തിന് നാട്ടുകാരായ മെത്രാന്മാരെ നിയമിച്ചുനൽകണമെന്ന ആവശ്യമുന്നയിച്ച അങ്കമാലി പടിയോല പുറപ്പെടുവിച്ച പള്ളിപ്രതിപുരുഷയോഗത്തിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു തരകൻ.[4] കൂനൻ കുരിശുസത്യത്തെ തുടർന്ന് വിഭജിതമായ സുറിയാനിക്രിസ്ത്യാനിസമൂഹത്തിലെ പുത്തൻ-പഴയകൂർ വിഭാഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം മുന്നിട്ടു നിന്നു.[5][6]
കുറിപ്പുകൾ [തിരുത്തുക]
൧ ^ ".....a triumvirate of ignorance, profligacy and rapacity".
അവലംബം [തിരുത്തുക]
- ↑ 1.0 1.1 തച്ചിൽ മാത്തൂത്തരകന്റെ 200-ആം ചരമവാർഷികം കത്തോലിക്കാ കോൺഗ്രസ് ആചരിക്കും, 2013 മേയ് 8-നു ദീപികദിനപ്പത്രം പ്രസിദ്ധീകരിച്ച വാർത്ത
- ↑ 2.0 2.1 A. Sreedhara Menon, Kerala History and its Makers, Velu Thampi Dalawa (പുറങ്ങൾ 189-195)
- ↑ ഡോ. എം.എസ്. ജയപ്രകാശ് പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു, 2013 മേയ് 11-ൽ മാദ്ധ്യമം ദിനപ്പത്രത്തിൽ വന്ന വാർത്ത
- ↑ അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കായുടെ വെബ്സൈറ്റിൽ പടിയോലയെക്കുറിച്ചുള്ള ലേഖനം
- ↑ 1966-ൽ, കേരളത്തിലെ കത്തോലിക്കാ സെക്കണ്ടറിസ്കൂളുകളിലെ വേദപഠനത്തിൽ ഉപയോഗിക്കാനായി പാലായിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ച "തിരുസഭാചരിത്രസംഗ്രഹം" (പുറം 101)
- ↑ ഫാദർ ഗീവർഗീസ് ചേടിയത്ത്, മലങ്കരസഭാ ചരിത്രം (ഒന്നാം ഭാഗം പുറം 56)