ഗലീലിയോ ഗലീലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗലീലിയോ ഗലീലി | |
Portrait of Galileo Galilei by Giusto Sustermans
|
|
| ജനനം | ഫെബ്രുവരി 15 1564[1] Pisa, Tuscany - Italy[1] |
|---|---|
| മരണം | ജനുവരി 8 1642 (പ്രായം 77)[1] Arcetri, Tuscany - Italy[1] |
| താമസം | Grand Duchy of Tuscany |
| മേഖലകള്‍ | Astronomy, Physics and Mathematics |
| സ്ഥാപനങ്ങള്‍ | University of Padua |
| Alma mater | University of Pisa |
| Known for | Kinematics Telescope Solar System |
| Religious stance | Roman Catholic |
ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ഇറ്റലിയിലെ പിസ്സയില്‍ 1564-ല്‍ ജനിച്ച ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നേരത്ത് പള്ളിയില്‍ ചങ്ങലയില്‍ തൂങ്ങിയ തട്ടില്‍ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോള്‍ ചങ്ങല ആടുകയുണ്ടായി. കൂടുതല്‍ നേരം ആടുമ്പോള്‍ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാന്‍ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാന്‍ നാടിമിടിപ്പുകള്‍ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം പെന്‍ഡുലം നാഴികമണി വികസിപ്പിച്ചെടുത്തത്.
വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാന്‍ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്‌ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച് സര്‍വകലാശാല വിട്ടു.പിസ്സ സര്‍വ്വകലാശാലയില്‍ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു. നല്ലപ്രായം മുഴുവന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടര്‍ന്നു. അവിഹിതബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ജനിച്ചു. പക്ഷേ, പിതാവിന്റെ എല്ലാ ബാധ്യതകളും ചുമതലകളും ഒരു ലോഭവും കൂടാതെ മക്കള്‍ക്ക് വേണ്ടി നിര്‍വഹിച്ചു. അധികാരവര്‍ഗവുമായി എന്നും സൂക്ഷിച്ച അടുപ്പം, തന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന് കൂടി ഫലപ്രദമായി ഉപയോഗിച്ചു.
[തിരുത്തുക] വിദ്യാഭ്യാസം
പിതാവിന്റെ ആഗ്രഹപ്രകാരം 1581-ല്‍, പതിനേഴാം വയസ്സില്‍, ഗലീലിയോ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥിയായി പിസ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നില്ല ഗലീലിയോ. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ സംശയത്തോടെയാണ് ഗലീലിയോ കണ്ടിരുന്നത്; പ്രത്യേകിച്ചും അരിസ്റ്റോട്ടില്‍ പറഞ്ഞുവെച്ച 2000 വര്‍ഷം പഴക്കമുള്ള വസ്‌തുതകളെ. ഇക്കാരണത്താല്‍ സഹപാഠികളും അധ്യാപകരുമായി മിക്കവാറും തര്‍ക്കത്തില്‍ പെടേണ്ടി വന്നു. വലിയ ഭാരമുള്ള വസ്‌തുക്കള്‍ ഭൂമിയില്‍ വേഗം വീഴും, ചെറിയ വസ്‌തുക്കള്‍ മെല്ലെയേ വീഴൂ എന്ന അരിസ്റ്റോട്ടിലിയന്‍ വാദം അംഗീകരിക്കാന്‍ ഗലീലിയോ കൂട്ടാക്കിയില്ല.
ഭാരം കുറഞ്ഞതും കൂടിയതുമായ രണ്ട് വസ്തുക്കള്‍ മുകളില്‍ നിന്നിട്ടാല്‍ ഭാരം കൂടിയത് ആദ്യം വീഴുമെന്ന ധാരണ തെറ്റാണെന്നദ്ദേഹം തെളിയിച്ചു. പിസ്സയിലെ ചരിയുന്ന ഗോപുരത്തില്‍ നിന്ന് അദ്ദേഹം 100 റാത്തലും 1 റാത്തലും തൂക്കമുള്ള രണ്ട് സാധനങ്ങള്‍ ഒരേസമയം താഴേയ്ക്കിട്ടു. പരീക്ഷണം കാണാന്‍ ധാരാളം ജനങ്ങള്‍ കൂടിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് സാധനങ്ങളും ഒരേ സമയം താഴെ വീണു
ഇത്തരം വാദങ്ങളും തര്‍ക്കങ്ങളും വൈദ്യശാസ്‌ത്രപഠനത്തിന് തടസ്സമായി. 1583 ആയപ്പോഴേക്കും വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കാമെന്ന ചിന്തയേ അവസാനിച്ചു. ശിശിരകാലത്ത് (ക്രിസ്‌മസ്സ് മുതല്‍ ഈസ്റ്റര്‍ വരെ) ടസ്‌കനിപ്രഭു തന്റെ ആസ്ഥാനം പിസയിലേക്ക് മാറ്റുക പതിവായിരുന്നു. കൊട്ടാര ഗണിതജ്ഞനായ ഓസ്‌റ്റിലിയോ റിക്‌സിയെ പിസയില്‍വെച്ചാണ് ഗലീലിയോ കാണുന്നത്. ഗണിതവുമായുള്ള ഗലീലിയോയുടെ പരിചയത്തിന് അങ്ങനെയായിരുന്നു തുടക്കം. റിക്‌സിയുടെ ഗണിതക്ലാസുകളില്‍ അനൗപചാരികമായി ഗലീലിയോയും പങ്കെടുക്കാന്‍ തുടങ്ങി.വൈദ്യശാസ്‌ത്രത്തെക്കാളും തനിക്ക് താത്‌പര്യം യൂക്ലിഡാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു. ഗലീലിയോയ്‌ക്ക് ഗണിതത്തിലുള്ള വാസന മനസിലാക്കിയ റിക്‌സി, വൈദ്യശാസ്‌ത്രത്തിന് പകരം ആ യുവാവിനെ ഗണിതം പഠിപ്പിക്കാന്‍ അനുവദിക്കൂ എന്ന് അഭ്യര്‍ഥിച്ചെങ്കിലും വിന്‍സെന്‍സിയോ സമ്മതിച്ചില്ല. ഡോക്ടര്‍മാര്‍ക്ക് ഇഷ്ടംപോലെ ജോലികിട്ടും, ഗണിതം പഠിച്ചാല്‍ പക്ഷേ, എന്തുജോലിയാ കിട്ടുക -ഇതായിരുന്ന ആ പിതാവിന്റെ നിലപാട്.
[തിരുത്തുക] ദോലക(പെന്‍ഡുല) സിദ്ധാന്തം(1584-1585)
ഒരു കുര്‍ബാന വേളയില്‍, പള്ളിയുടെ മച്ചില്‍നിന്ന് ഞാന്നുകിടക്കുന്ന തൂക്കുവിളക്ക് ദോലനം ചെയ്യുന്നതിന്റെ സമയം സ്വന്തം നാടിമിടിപ്പ് ഉപയോഗിച്ച് അളന്നു അങ്ങനെ ദോലകത്തിന്റെ(പെന്‍ഡുലം) ചലനസിദ്ധാന്തം സംബന്ധിച്ച ഉള്‍ക്കാഴ്‌ച ഗലീലിയോയ്‌ക്ക് ലഭിച്ചു.
[തിരുത്തുക] പ്രാകൃതിക തത്വശാസ്ത്രത്തിലേക്ക്
1585-ല്‍ വൈദ്യശാസ്ത്ര ബിരുദം നേടാതെ സര്‍വകലാശാല വിട്ടു. ഫ്‌ളോറന്‍സില്‍ തിരിച്ചെത്തിയ ഗലീലിയോ ജീവിതവൃത്തിക്കായി ഗണിതം, പ്രാകൃതിക തത്വശാസ്ത്രം(നാച്ചുറല്‍ ഫിലോസൊഫി) തുടങ്ങിയ വിഷയങ്ങളില്‍ സ്വകാര്യ ട്യൂഷനെടുത്തു. അന്ന് പ്രാകൃതിക തത്വശാസ്ത്രം എന്നറിയപ്പെട്ട ശാസ്ത്രശാഖയാണ് പിന്നീട് ഭൗതികശാസ്ത്രം(ഫിസിക്സ്) ആയി മാറിയത്. ഇക്കാലത്ത് അദ്ദേഹം ഈ വിഷയത്തില്‍ ഒട്ടേറെ പരീക്ഷണ-ഗവേഷണങ്ങള്‍ നടത്തി.
ആ സമയത്താണ് മാര്‍ക്വിസ് ഗ്വിഡോബാല്‍ഡോ മോന്റെ എന്ന മഹാനായ വ്യക്തി അദ്ദേഹത്തെ സഹായിക്കാനെത്തുന്നത്. ഗണിതശാസ്ത്രജ്ഞന്‍ എന്ന രീതിയില്‍ ഗലീലിയോ നേടിയെടുത്ത പ്രാഗത്ഭ്യവും സഹായകമായി. മോന്റെയുടെ സ്വാധീനവും, സഹായവും നിമിത്തം 1589-ല്‍ പിസ്സ സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസ്സര്‍ ആയി അദ്ദേഹം നിയമിക്കപ്പെട്ടു. പ്രൊഫസറാണെങ്കിലും വാര്‍ഷികശമ്പളം വെറും 60 ക്രൗണ്‍ മാത്രം. (അതേസമയം വൈദ്യശാസ്‌ത്ര പ്രൊഫസറുടേത് 2000 ക്രൗണും-പിതാവ് വിന്‍സെന്‍സിയോ ഇതുതന്നെയാണ് വാദിച്ചിരുന്നത്).സമ്പന്നകുടുംബങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ഗലീലിയോ അധിക വരുമാനം കണ്ടെത്തിയത്. വ്യവസ്ഥിതികളോട് കലഹിക്കുന്ന കൂട്ടത്തിലായിരുന്ന ഗലീലിയോ സര്‍വകലാശാലയിലെ അക്കാദമിക് ഗൗണ്‍ ധരിക്കാന്‍ കൂട്ടാക്കിയില്ല. ക്ലാസില്‍ കുട്ടികള്‍ക്ക് സിലബസിന്റെ ഭാഗമായി പരമ്പരാഗതകാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നെങ്കിലും, ട്യൂഷന്‍വേളയില്‍ അദ്ദേഹം തന്റെ നൂതന ആശയങ്ങളും കണ്ടെത്തലുകളും ചര്‍ച്ചചെയ്‌തു. മേഖലയിലെ സമ്പന്ന കുടുംബങ്ങളിലെല്ലാം ഗലീലിയോയുടെ ഖ്യാതി പടരാന്‍ അത് നിമിത്തമായി. പിസ സര്‍വകലാശാലയ്‌ക്ക് ചേര്‍ന്ന വ്യക്തിയായിരുന്നില്ല ഗലീലിയോ. മാത്രമല്ല, 1591-ല്‍ പിതാവ് വിന്‍സെന്‍സിയോ മരിച്ചതോടെ കുടുംബത്തിലെ ബാധ്യത മൂത്തയാളെന്ന നിലയ്‌ക്ക് ഗലീലിയോയുടെ ചുമലിലെത്തി. ഗലീലിയോയുടെ സഹോദരിക്ക് കൊടുക്കാമെന്ന് പിതാവ് കരാര്‍ചെയ്‌ത സ്‌ത്രീധനത്തുകയായിരുന്നു അതില്‍ പ്രധാനം. കുറച്ചുകൂടി ശമ്പളമുള്ള ജോലി അനിവാര്യമായി. പാദുവ സര്‍വകലാശാലയിലെ ഗണിതശാസ്‌ത്ര പ്രൊഫസര്‍ പദവിയാണ് ഗലീലിയോ നോട്ടമിട്ടത്. വെനീഷ്യന്‍ റിപ്പബ്ലിക്കില്‍പെട്ട പാദുവയിലേക്ക് കുടിയേറാന്‍ ഗലീലിയോയെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. റോമുമായി നേരിടാന്‍ തക്ക സൈനികശേഷിപോലുമുണ്ടായിരുന്ന വെനീസില്‍ സ്വതന്ത്ര ആശയങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. 1592 ഒക്ടോബറില്‍, 28-ആം വയസ്സില്‍ ഗലീലിയോ പാദുവ സര്‍വകലാശാലയില്‍ ഗണിത പ്രഫസറായി നിയമതിനായി. പ്രതിവര്‍ഷം 180 ക്രൗണ്‍ ആയിരുന്നു ശമ്പളം. ആദ്യനിയമനം നാലുവര്‍ഷത്തേക്ക് ആയിരുന്നെങ്കിലും അത് 18 വര്‍ഷം നീണ്ടു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലയളവ് എന്നാണ് പാദുവയിലെ വര്‍ഷങ്ങളെ പില്‍ക്കാലത്ത് അദ്ദേഹം അനുസ്‌മരിച്ചത്.
ഇക്കാലത്ത് അദ്ദേഹത്തിന് പല ഉന്നതന്മാരുമായും ശക്തമായ സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു.ഫ്രെയര്‍ പാവ്‌ലോ സാര്‍പ്പി, കര്‍ദിനാള്‍ റോബര്‍ട്ടോ ബെല്ലാര്‍മിന്‍ തുടങ്ങിയവരൊക്കെ പാദുവയില്‍ വെച്ച് ഗലീലിയയുമായി അടുത്ത ബന്ധമുണ്ടാക്കിയവരാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കുറിപ്പ് തയ്യാറാക്കലും തുടര്‍ന്നു. ചലനം, ത്വരണം, ജഢത്വം എന്നിവ സംബന്ധിച്ച് അന്നുവരെ ആരും കാണാതിരുന്ന ശാസ്‌ത്രസത്യങ്ങള്‍ ഗലീലിയോ മനസിലാക്കി. അതിനൊക്കെ ഗണിത വിശദീകരണവും സാധ്യമാണെന്ന് അദ്ദേഹം മനസിലാക്കി. 1604-ല്‍ നാല്‌പത് വയസ്സായപ്പോഴേക്കും നാച്ചുറല്‍ ഫിലോസൊഫിയില്‍ അഗ്രഗണ്യനായി ഗലീലിയോ പേരെടുത്തു.
[തിരുത്തുക] ജീവിതത്തിലെ ചില അപസ്വരങ്ങള്‍
മറിന ഗാംബ എന്ന സാധാരണക്കാരിയുമായി ഗലീലിയോ സ്ഥിരമായി ബന്ധം സ്ഥാപിച്ചത് പാദുവയില്‍ വെച്ചാണ്. വിവാഹിതരായില്ലെങ്കിലും ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിറന്നു. മുന്തിയ വീഞ്ഞും നല്ല ഭക്ഷണവും കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഗലീലിയോയെ പക്ഷേ, സാമ്പത്തിക പരാധീനത വിട്ടൊഴിയാന്‍ ഭാവമില്ലായിരുന്നു. രണ്ടാമത്തെ സഹോദരിയുടെ സ്‌ത്രീധനത്തുകയുടെ പേരില്‍ കേസ് വന്നതോട പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന നിലയ്‌ക്കാണ് കണക്കുകൂട്ടാന്‍ ഉപയോഗിക്കാവുന്ന കോംപസ് അദ്ദേഹം വികസിപ്പിച്ചത്. പക്ഷേ, വാണിജ്യപരമായി അത് വിജയിച്ചില്ല.
[തിരുത്തുക] മഹാനായ ജ്യോതിശാസ്ത്രജ്ഞന്‍
അക്കാലത്ത് 'ചാരക്കണ്ണാടി' (spyglass) എന്ന് അറിയപ്പെട്ടിരുന്ന ദൂരദര്‍ശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വര്‍ഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയന്‍ സങ്കല്‍പ്പത്തിന് നില്‍ക്കക്കള്ളിയില്ലാതായി.
[തിരുത്തുക] ഗലീലിയോയും ദൂരദര്‍ശിനിയും-അല്പം ചരിത്രം
ഒരു കുഴലിനുള്ളില്‍ ഉത്തല, അവതല ലെന്‍സുകള്‍ 14 ഇഞ്ചോളം ദൂരത്തില്‍ സ്ഥാപിച്ച് അതിലൂടെ നോക്കിയാല്‍ അകലെയുള്ള വസ്‌തുക്കള്‍ അടുത്ത കാണാം എന്ന് ആരോ കണ്ടെത്തി. 'ചാരക്കണ്ണാടി' എന്ന് പേരിട്ട ആ ഉപകരണം പെട്ടെന്ന് പ്രചരിച്ചു. ആ ഹേമന്തത്തില്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ അജ്ഞാതനായ ഒരു വില്‍പ്പനക്കാരന്‍ ചാരക്കണ്ണാടിയുമായെത്തി. 'ദൂരെയുള്ളവ കാണാന്‍ കഴിയുന്ന ഉപകരണ'ത്തിന് പേറ്റന്റ് വേണം എന്നു കാണിച്ച് ഹോളണ്ടില്‍ മിഡില്‍ബര്‍ഗില്‍ നിന്നുള്ള കണ്ണടനിര്‍മാതാവ് ഹാന്‍സ് ലിപ്പെര്‍ഷെ[1] ഹേഗിലെ അധികാരികള്‍ക്ക് മുമ്പില്‍ 1608 ഒക്ടോബര്‍ രണ്ടിന് അപേക്ഷ നല്‍കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇതേ ഉപകരണത്തിന് പേറ്റന്റ് ആവശ്യപ്പെട്ട് മറ്റ് രണ്ട് പേര്‍ കൂടി അപേക്ഷ സമര്‍പ്പിച്ചു. ഹോളണ്ടിലെ അല്‍ക്ക്‌മാറില്‍ നിന്നുള്ള ജേക്കബ്ബ് ആഡ്രിയേന്‍സൂന്‍, മിഡില്‍ബര്‍ഗില്‍ നിന്ന് തന്നെയുള്ള മറ്റൊരു കണ്ണടനിര്‍മാതാവായ സക്കറിയാസ് ജാന്‍സ്സെന്‍ എന്നിവരായിരുന്നു പുതിയ അപേക്ഷകര്‍. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത് പേറ്റന്റ് അര്‍ഹിക്കുന്നില്ലെന്ന നിഗനമത്തില്‍ സ്റ്റേറ്റ്‌സ് ജനറല്‍ എത്തി.
ചാരക്കണ്ണാടിയെക്കുറിച്ച് ഗലീലിയോ കേള്‍ക്കുന്നത്, 1609 ജൂലായില്‍ വെനീസ് സന്ദര്‍ശിക്കുന്ന വേളയിലാണ്. ദൂരെയുള്ള വസ്‌തുക്കള്‍ അടുത്തു കാണാന്‍ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ് ഗലീലിയോ ആദ്യം ചിന്തിച്ചത്. ചാരക്കണ്ണാടിയെ തനിക്ക് ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസില്‍ കഴിയുമ്പോള്‍, ആഗസ്‌തില്‍, ഒരു ഡച്ചുകാരന്‍ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തില്‍ പാദുവയില്‍ എത്തുമ്പോഴേക്കും ഡച്ചുകാരന്‍ അവിടംവിട്ട് വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിര്‍മിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ് വെച്ചുകൊണ്ടുതന്നെ അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ദൂരദര്‍ശിനി 24 മണിക്കൂറിനുള്ളില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ് ശേഷിയുള്ള ദൂരദര്‍ശിനി നിര്‍മിച്ച് വെനീസിലെത്തി സെനറ്റിന് മുന്നില്‍ അത് പ്രവര്‍ത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വന്‍വിജയമായി. വെനീസ് രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവര്‍ഷം ആയിരം ക്രൗണ്‍ ആയി വര്‍ധിപ്പിച്ചു. ആ ഒക്ടോബറില്‍ ദൂരദര്‍ശിനിയുമായി ഫ്‌ളോറന്‍സിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ കോസിമോ രണ്ടാമന്‍ പ്രഭുവിന് മുന്നില്‍ ആ ഉപകരണത്തിന്റെ സവിശേഷതകള്‍ ഗലീലിയോ കാട്ടിക്കൊടുത്തു.
അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക് തോന്നിയിരുന്നില്ല; കോസിമോ രണ്ടാമന്‍ പ്രഭുവിന് അതുപയോഗിച്ച് ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗര്‍ത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ് ശേഷിയുള്ള ദൂരദര്‍ശിനി നിര്‍മിക്കുന്നതില്‍ ഗലീലിയോ വിജയിച്ചു. നവംബര്‍ 30-ന് പാദുവയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദര്‍ശിനി അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത് ആ രാത്രിയാണ്.
[തിരുത്തുക] വ്യാഴ്ത്തിന്റെ ചന്ദ്രന്മാര്‍
1610 ജനവരി ഏഴ്. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്. അതുവരെ കാണാതിരുന്ന മൂന്ന് നക്ഷത്രങ്ങള്‍ അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. വ്യാഴത്തിന് സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന് കണ്ടിരുന്നതിനാല്‍, പുതിയതായി മൂന്ന് നക്ഷത്രങ്ങളെ കണ്ടതില്‍ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന് ആദ്യം തോന്നിയില്ല. 'വലിപ്പക്കുറവ് മൂലം നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത മൂന്ന് നക്ഷത്രങ്ങളെ ഇന്ന് കണ്ടു'വെന്ന് ഒരു കത്തില്‍ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച് അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളില്‍ രണ്ടെണ്ണം വ്യാഴത്തിന് കിഴക്കും ഒരെണ്ണം പടിഞ്ഞാറും.
വ്യാഴവും പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ് സ്ഥിതിചെയ്യുന്നത് എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന് വൈകിട്ടും വ്യാഴത്തിന് നേരെ ഗലീലിയോ ദൂരദര്‍ശനി തിരിച്ചു. ഇത്തവണ മൂന്ന് നക്ഷത്രങ്ങളും വ്യാഴത്തിന് പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത് വ്യാഴം കിഴക്കോട്ടാണ് പരിക്രമണം ചെയ്യുന്നത് എന്നാണ്, പിന്നെയെങ്ങനെ താന്‍ കണ്ടത് സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന് വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട് നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന് ഗലീലിയോയ്‌ക്ക് മനസിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത് തോതിലാണ്, വ്യാഴം എങ്ങനെ ചലിച്ചാല്‍ ഇത് സാധിക്കും എന്ന് മനസിലാക്കാന്‍ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോള്‍ ഗലീലിയോയ്‌ക്ക് ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ് ചലിക്കുന്നത് !
ഒരു രാത്രി നാലാമതൊരു നക്ഷത്രത്തെക്കൂടി വ്യാഴത്തിന് സമീപം ഗലീലിയോ കണ്ടു. `മൂന്നെണ്ണം പടിഞ്ഞാറും ഒന്ന് കിഴക്കും'-അദ്ദേഹം കുറിച്ചുവെച്ചു. അതുവരെ പുതിയ നക്ഷത്രങ്ങള്‍ ഓരോ ദിവസവും വ്യാഴത്തിന്റെ ഏത് വശങ്ങളിലാണ് എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് നിരീക്ഷണം കുറച്ചുകൂടി സൂക്ഷ്‌മമാക്കി, ഇടവേളകള്‍ ഇടവിട്ട് നിരീക്ഷിക്കാന്‍ തുടങ്ങി. ഓരോ സമയത്തും നക്ഷത്രങ്ങളുടെ സ്ഥാനം മനസിലാക്കി രേഖപ്പെടുത്തി. ഒടുവില്‍ അദ്ദേഹം നിര്‍ണായകമായ ആ നിഗമനത്തിലെത്തി, താന്‍ കണ്ടെത്തിയവ നക്ഷത്രങ്ങളല്ല, ഗ്രഹങ്ങളാണ്-വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍. സുപ്രധാനമായ ഈ കണ്ടെത്തലിനൊപ്പം താന്‍ നടത്തിയ ആകാശനിരീക്ഷണങ്ങളുടെ ഫലം 1610 മാര്‍ച്ചില്‍ ഗലീലിയോ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു; 'ദി സ്റ്റാറി മെസെഞ്ചര്‍' (നക്ഷത്രങ്ങളില്‍നിന്നുള്ള സന്ദേശം-Sidereus Nuncius). ജ്യോതിശ്ശാസ്‌ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി വെറും 24 പേജുള്ള ആ പുസ്‌തകം പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു. യൂറോപ്പിലെങ്ങും ഗലീലിയോയെ അത് പ്രശസ്‌തനാക്കി (അഞ്ച് വര്‍ഷത്തിനുള്ളില്‍ ആ ചെറുഗ്രന്ഥം ചൈനീസ് ഭാഷയിലേക്കുപോലും വിവര്‍ത്തനം ചെയ്യപ്പെട്ടു). ഗലീലിയോയുടെ ജന്മനാടിന് ഇത് വലിയ ഖ്യാതിയാണ് നല്‍കിയത്.
ടസ്‌കനിപ്രഭു കോസിമോ രണ്ടാമന്‍ ഡി മെഡിസിക്ക് തന്റെ പുസ്‌തകം സമര്‍പ്പിച്ച ഗലീലിയോ, വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍ക്ക് മെഡിസി കുടുംബത്തിന്റെ പേരാണ് നല്‍കിയത്-'മെഡിസിയന്‍ താരങ്ങള്‍' എന്ന്. ഗലീലിയോ സമ്മാനിച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ജോഹാന്നസ് കെപ്ലര്‍ വ്യാഴത്തിന്റെ ചന്ദ്രന്‍മാരുടെ കാര്യം സ്ഥിരീകരിച്ചിരുന്നു. കെപ്ലറുടെ നിര്‍ദേശപ്രകാരം സിമോണ്‍ മാരിയസ് ആണ് വ്യാഴത്തിന്റെ നാല് ചന്ദ്രന്‍മാര്‍ക്ക് ഗ്രീക്കില്‍ നിന്നുള്ള ഇയോ, കാലിസ്‌റ്റോ, ഗാനീമീഡ്, യൂറോപ്പ എന്നീ പേരുകള്‍ 1614 ഇട്ടത്. (ഗലീലിയോ നിരീക്ഷിക്കുന്നതിന് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് സിമോണ്‍ മാരിയസ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നിരീക്ഷിച്ചിരുന്നെങ്കിലും, കണ്ടെത്തല്‍ ആദ്യം പ്രസിദ്ധീകരിച്ച വ്യക്തിയെന്ന നിലയ്‌ക്കാണ് ഗലീലിയോയുടെ പേരില്‍ അവ അറിയപ്പെടുന്നത്). ഗ്രീക്ക് പേരുകള്‍ പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ടു. 1800-കളുടെ പകുതി മുതല്‍ 'ഗലീലയന്‍ ഉപഗ്രഹങ്ങള്‍' എന്ന് അവ അറിയപ്പെട്ടു.
[തിരുത്തുക] പ്രപഞ്ച മാതൃക
നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ് ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത് ഗലീലിയോ ആണ്. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയില്‍ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങള്‍ ഏതാണെന്ന് ലോകത്തിന് പറഞ്ഞു കൊടുത്ത സാക്ഷാല്‍ ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോ നിര്‍മിച്ച അടിത്തറയില്‍ നിന്നാണ് ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. താരാപഥത്തിലെ പല ഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.
കോപ്പര്‍നിക്കസ്സിന്റെ ദര്‍ശനങ്ങളില്‍ പലതും അദ്ദേഹം സമര്‍ത്ഥിച്ചുകാണിച്ചു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പര്‍നിക്കസ്സ് പറഞ്ഞിരുന്നു. ഗലീലിയോ അത് ആദ്യമായി തെളിയിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം വാദിച്ചു. ഈ ദര്‍ശനങ്ങള്‍ ചേര്‍ത്ത് അദ്ദേഹം ഒരു പുസ്തകം രചിച്ചു.
രണ്ടുതവണ വിട്ടുപോന്ന പിസ സര്‍വകലാശാലയിലാണ് വാനനിരീക്ഷണം ഗലീലിയോയെ വീണ്ടുമെത്തിച്ചത്. ജന്മനാടിന് ഖ്യാതി നേടിക്കൊടുത്തവന്‍ എന്ന നിലയ്‌ക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട പിസ സര്‍വകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞന്‍ പദവി ഗലീലിയോ സ്വീകരിച്ചു. ടസ്‌കനിപ്രഭുവിന്റെ ആസ്ഥാനശാസ്‌ത്രജ്ഞന്‍ എന്ന ആയുഷ്‌ക്കാല പദവിയും നല്‍കപ്പെട്ടു. പ്രതിവര്‍ഷം 1000 ക്രൗണ്‍ ശമ്പളം. ക്ലാസെടുക്കേണ്ട ചുമതലയില്ല. 1610 മെയിലായിരുന്നു അത്. പാദുവ സര്‍വകലാശാലയില്‍ വര്‍ധിപ്പിച്ച ശമ്പളം താന്‍ കൈപ്പറ്റിത്തുടങ്ങിയിട്ടില്ലാത്തിനാല്‍, വെനീസിനോട് തനിക്ക് വലിയ ബാധ്യതയൊന്നുമില്ല എന്ന നിലപാടാണ് ഗലീലിയോ സ്വീകരിച്ചത്. ആ ഒക്ടോബറില്‍ 18 വര്‍ഷത്തിന് ശേഷം ഗലീലിയോ വീണ്ടും ഫ്‌ളോറന്‍സില്‍ തിരികെയെത്തി.
1610 ഒക്ടോബറില്‍ ഫ്‌ളോറന്‍സില്‍ എത്തി അധികം കഴിയുംമുമ്പ് ശുക്രന് ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങള്‍ ഉള്ളതായി ഗലീലിയോ കണ്ടെത്തി. സൂര്യനെ ശുക്രന്‍ പരിക്രമണം ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം അനുമാനിച്ചു. ഭൂമിയെയല്ല, സൂര്യനെയാണ് ശുക്രന്‍ പരിക്രമണം ചെയ്യുന്നത് എന്നാണ് ഇതിനര്‍ഥം. കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം ശരിയാണെന്നുള്ളതിന് ശക്തമായ തെളിവായി ശുക്രന്റെ വൃദ്ധിക്ഷയങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍, കടുംപിടത്തക്കാര്‍ ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ആകാശം കുറ്റമറ്റതും ഭൂമി പ്രപഞ്ചകേന്ദ്രവുമാണെന്ന വ്യവസ്ഥാപിത വിശ്വാസത്തില്‍ കടിച്ചുതൂങ്ങി.
[തിരുത്തുക] സൂര്യകളങ്കങ്ങള്‍, ശനിയുടെ വലയങ്ങള്‍
പാദുവ വിടുന്ന സമയത്ത് ശനി ഗ്രഹത്തിന് എന്തോ ഒരു അസാധാരണത്വം ഗലീലിയോ നിരീക്ഷിച്ചിരുന്നു. അത് ശനിയുടെ വലയങ്ങളാണെന്ന് വ്യക്തമാകാന്‍ ലോകം ക്രിസ്‌ത്യാന്‍ ഹൈജന്‍സിന്റെ വിശദീകരണം ലഭിക്കും വരെ കാക്കേണ്ടിയിരുന്നു. ഫ്ളോറന്‍സില്‍ വച്ചായിരുന്നു ഗലീലിയോ സൂര്യകളങ്കങ്ങള്‍ നിരീക്ഷിച്ചത്. എന്നാല്‍ മറ്റു ചില ശാസ്ത്രജ്ഞന്മാര്‍ ഗലീലിയോയ്ക്കും മുന്‍പേ അതു കണ്ടെത്തിയിരുന്നു.
[തിരുത്തുക] മതവിചാരണ
മതത്തിന്റെ പല വിശ്വാസങ്ങളെയും അദ്ദേഹം ഖണ്ഡിച്ചതിനാല്‍ പള്ളിക്ക് അദ്ദേഹത്തോട് വിദ്വേഷം തോന്നി. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. തന്റെ ദര്‍ശനങ്ങള്‍ തെറ്റാണെന്ന് പറഞ്ഞാല്‍ മാപ്പ് കൊടുക്കാമെന്നും അവര്‍ അറിയിച്ചു. അതിനു വേണ്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘ ഞാന്‍ നിങ്ങളുടെ കൈയ്യിലാണ്‍. ദൈവത്തിനു മാത്രം സത്യമറിയാം. എന്നാല്‍ ഭൂമി സൂര്യനു ചുറ്റും കറങ്ങുകയാണെന്ന് എനിക്കറിയാം’.
1613-ല്‍ സൂര്യകളങ്കങ്ങളെപ്പറ്റി രചിച്ച ഗ്രന്ഥം (Letters on Sunspots) ലിന്‍സിയന്‍ അക്കാദമി പ്രസിദ്ധീകരിച്ചു. അതിന്റെ ആമുഖത്തില്‍ സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത് ഗലീലിയോ ആണെന്ന് ചേര്‍ത്തത് ജസ്യൂട്ട് വാനശാസ്‌ത്രജ്ഞന്‍ ക്രിസ്‌റ്റഫര്‍ ഷീനറുമായി കഠിനമായ സ്‌പര്‍ദയ്‌ക്കിടയാക്കി. വ്യാഴത്തിന്റെ ചന്ദ്രന്‍മാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം അംഗീകരിക്കുന്ന ഒരു പ്രസ്‌താവനയും ഗ്രന്ഥത്തില്‍ കടന്നുകൂടി. ഇതുസംബന്ധിച്ച് ഗലീലിയോയുടെ സ്വകാര്യ അഭിപ്രായങ്ങളും എത്തേണ്ട കാതുകളില്‍ എത്തുന്നുണ്ടായിരുന്നു. ഗലീലിയോയ്‌ക്കെതിരെ വിമര്‍ശം ഉയരാന്‍ തുടങ്ങി. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അന്തരീക്ഷം മയപ്പെടുത്താനുമായി റോമിലേക്ക് വീണ്ടുമൊരു യാത്രയ്‌ക്ക് അദ്ദേഹം ഒരുങ്ങി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് റോമിലെ ടസ്‌കന്‍ അമ്പാസഡര്‍ നല്‍കിയ മുന്നറിയിപ്പും, മോശമായ തന്റെ ആരോഗ്യസ്ഥിതിയും അവഗണിച്ച് 1615 ഡിസംബര്‍ 11-ന് റോമില്‍ സ്ഥാനപതിയുടെ വസതിയിലെ ഔദ്യോഗിക അതിഥിയായി ഗലീലിയോ എത്തി.
ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ഗലീലിയോ എത്തിയതോടെ റോമില്‍ അരങ്ങേറിയത്. കര്‍ദിനാള്‍ ബെല്ലാര്‍മിന്റെ ഉപദേശപ്രകാരം പോള്‍ ആറാമന്‍ മാര്‍പാപ്പ ഒരു പാപ്പല്‍ കമ്മീഷനെ നിയമിച്ചു. കോപ്പര്‍നിക്കസിന്റെ ആശയങ്ങള്‍ മതവിരുദ്ധമാണോ എന്ന് കണ്ടെത്തുകയായിരുന്നു കമ്മീഷന്റെ ജോലി. സൂര്യന്‍ പ്രപഞ്ചകേന്ദ്രമെന്ന് പറയുന്നത് വിഡ്‌ഢിത്തവും വങ്കത്തവുമാണ്, അതുകൊണ്ട് തന്നെ ആ വിശ്വാസം മതദ്രോഹപരവുമാണ് എന്ന് കമ്മീഷന്‍ വിധിയെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോപ്പര്‍നിക്കസ് ആശയങ്ങളില്‍ 'വിശ്വസിക്കുകയോ അതിനെ പ്രതിരോധിക്കുകയോ അത് പഠിപ്പിക്കുകയോ അരുത്' എന്ന് ഗലീലിയ്‌ക്ക് മുന്നറിയിപ്പു നല്‍കാന്‍ ബല്ലാര്‍മിനെ മാര്‍പാപ്പ ചുമതലപ്പെടുത്തി. ഗലീലിയോ ഈ നിര്‍ദേശത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മതദ്രോഹവിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കാനും മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി.
പിന്നീട് നടന്ന കാര്യങ്ങളെപ്പറ്റി ചരിത്രരേഖകളില്‍ ചില അവ്യക്തതകളുണ്ട്. 1616 ഫെബ്രുവരി 26-നാണ് മാര്‍പാപ്പയുടെ ഉത്തരവ് ഔദ്യോഗികമായി ധരിപ്പിക്കാന്‍ ബെല്ലാര്‍മിന്‍ ഗലീലിയോയെ വിളിപ്പിച്ചത്. മതദ്രോഹവിചാരണയുടെ ഔദ്യോഗിക ചുമതലക്കാരും മുറിയിലുണ്ടായിരുന്നു. ഗലീലിയോ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അപ്പോള്‍ തന്നെ തടവിലാക്കാനായിരുന്നു ഉദ്ദേശം. എതിര്‍പ്പ് പ്രകടിപ്പിക്കാതെ അദ്ദേഹം മാര്‍പാപ്പയുടെ ഉത്തരവ് കേട്ടു. പക്ഷേ, മതദ്രോഹവിചാരണക്കാര്‍ അവിടെ നടന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുകയും ആ അനൗദ്യോഗി മിനിറ്റ്‌സില്‍ ഗലീലിയോയെക്കൊണ്ട് ഒപ്പിടുവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. രോക്ഷാകുലനായ ബല്ലാര്‍മിന്‍ ഗലീലിയോയെ ഉടന്‍തന്നെ മുറിയില്‍നിന്ന് മാറ്റി. ഗലീലിയോ ശിക്ഷിക്കപ്പെട്ടതായി കിംവദന്തി പരന്നു. അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുള്ള ബെല്ലാര്‍മിന്റെ സാക്ഷിപത്രവും ക്ഷതമേറ്റ മനസുമായി ഗലീലിയോ ഫ്‌ളോറന്‍സിലേക്ക് മടങ്ങി.
[തിരുത്തുക] അവസാന നാളുകള്‍
ഗലീലിയോയുടെ പില്‍ക്കാല ജീവിതം രോഗപീഢകളാല്‍ ദുരിതമയമായിരുന്നു. മുമ്പുതന്നെ സന്ധിവാതം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഹെര്‍ണിയ കൂടി പിടികൂടി. 1617-ല്‍ ഫ്‌ളോറന്‍സിന് പടിഞ്ഞാറ് മലഞ്ചെരുവിലെ 'ബെല്ലോസ്‌ഗ്വാര്‍ഡോ'യെന്ന് പേരുള്ള കൊട്ടാരസദൃശമായ വസതിയിലേക്ക് താമസം മാറ്റി. അടുത്തുള്ള അര്‍സെട്രി കോണ്‍വെന്റിലാണ് അദ്ദേഹത്തിന്റെ പെണ്‍മക്കളായ വിര്‍ജിനിയയും ലിവിയയും ചേര്‍ന്നിരുന്നത്. അവരെ ഇടയ്‌ക്ക് കാണാന്‍ സൗകര്യമൊരുക്കുന്നതായിരുന്നു പുതിയ വസതി. 1618-ല്‍ മൂന്ന് വാല്‍നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ബെനഡിക്ടന്‍ പാതിരിമാരുമായി മറ്റൊരു വിവാദത്തിനിടയാക്കി. വാല്‍നക്ഷത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബനഡിക്ടന്‍ പാതിരിമാര്‍ എഴുതിയത് ഇലിയഡ് പോലുള്ള സാങ്കല്‍പ്പിക സംഗതികളാണെന്ന് ഗലീലിയോ കളിയാക്കി. വാല്‍നക്ഷത്രങ്ങളെക്കുറിച്ച് ഗലീലിയോ രചിച്ച 'ദി അസ്സയര്‍' എന്ന ഗ്രന്ഥത്തിലാണ് ഈ പരിഹാസം നടത്തിയത് (ദൗര്‍ഭാഗ്യവശാല്‍ വാല്‍നക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും തെറ്റായിരുന്നു). 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെന്ന' പ്രസിദ്ധമായ പ്രസ്‌താവം ഈ ഗ്രന്ഥത്തിലാണുള്ളത്.
1620-കളില്‍ മുപ്പതുവര്‍ഷ യുദ്ധം താത്‌ക്കാലികമായി കത്തോലിക്കവിഭാഗത്തിന് അനുകൂലമായി മാറി. ഇറ്റലിയിലാകെ രാഷ്ട്രീയ സാഹചര്യം മാറി. ഗലീലിയോയുടെ ജീവിതത്തെ നാടകീയമായി സ്വാധീനിക്കത്തക്കവിധമായിരുന്നു ഈ മാറ്റങ്ങള്‍. 1621-ല്‍ റോമും ഗലീലിയോയും തമ്മിലുള്ള വിവാദവുമായി അടുത്ത് ബന്ധമുള്ള മൂന്ന് സുപ്രധാന വ്യക്തികള്‍ മരിച്ചു-പോള്‍ ആറാമന്‍ മാര്‍പാപ്പയും, ഗലീലിയോയെ അടുത്തറിയാവുന്ന കര്‍ദിനാള്‍ ബല്ലാര്‍മിനും, ഗലീലിയോയെ എന്നും സംരക്ഷിച്ചു പോന്ന ടസ്‌കനിപ്രഭുവായ കോസിമോ രണ്ടാമനും (മുപ്പതാം വയസ്സില്‍). ടസ്‌കനിയുടെ ഭരണച്ചുമതല കോസിമോയുടെ ഭാര്യയുടെയും അമ്മയുടെയും ചുമലിലായി (ടസ്‌കനിയുടെ അനന്തരാവകാശിയായ ഫെര്‍ഡിനാന്‍ഡോ രണ്ടാമന് അന്ന് പ്രായം വെറും 11 വയസ്സ്). ഇറ്റാലിയന്‍ രാഷ്ട്രിയത്തില്‍ ടസ്‌കനിക്കുണ്ടായിരുന്ന സ്വാധീനം ക്ഷയിച്ചു. റോമിനെ എതിര്‍ത്തുകൊണ്ട് ആരെയും സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ഗലീലിയോയുടെ ജന്മനാട് എന്നുസാരം. അടുത്ത മാര്‍പാപ്പ ഗ്രിഗറി പതിനഞ്ചാമന്‍ 1623-ല്‍ അന്തരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് 'ദി അസ്സയര്‍' പ്രസിദ്ധീകരിക്കാന്‍ ഗലീലിയോയ്‌ക്ക് മാര്‍പാപ്പ അനുമതി നല്‍കിയിരുന്നു.
[തിരുത്തുക] 'സംവാദം'(Dialogue on the Two Chief World Systems)
പുതിയ മാര്‍പാപ്പയെയും ഫ്രാന്‍സിസ്‌കോയെയും സന്ദര്‍ശിക്കാനായി 1624-ലെ വസന്തകാലത്ത് ഗലീലിയോ വീണ്ടും റോമിലെത്തി. രണ്ട് പ്രപഞ്ചമാതൃകകളെയും (ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും) കുറിച്ച് ഒരു ഗ്രന്ഥമെഴുതാനുള്ള മാര്‍പാപ്പ അദ്ദേഹത്തിന് അനുമതി നല്‍കി. പക്ഷഭേദമില്ലാതെ ഇരു മാതൃകകളും വിവരിക്കണം, കോപ്പര്‍നിക്കസിന്റെ മാതൃകയെ അനുകൂലിച്ച് പുസ്‌തകത്തില്‍ ഗലീലിയോ വാദിക്കാന്‍ പാടില്ല-ഇതായിരുന്നു നിബന്ധന. അനുകൂലിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയോടെ കോപ്പര്‍നിക്കസ് മാതൃക പഠിപ്പിക്കാനും അനുമതി ലഭിച്ചു.
'സംവാദം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'രണ്ട് മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം' (Dialogue on the Two Chief World Systems) എന്ന പ്രസിദ്ധഗ്രന്ഥം 1629 നവംബറില്‍ ഗലീലിയോ പൂര്‍ത്തിയാക്കി. പേരുപോലെതന്നെ വ്യത്യസ്‌ത പ്രപഞ്ച മാതൃകകളെക്കുറിച്ച് രണ്ട് വ്യക്തികള്‍ നടത്തുന്ന സംവാദമായാണ് പുസ്‌തകം രചിക്കപ്പെട്ടത്. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോയും കോപ്പര്‍നിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാല്‍വിയാട്ടിയും തമ്മിലുള്ള സംവാദമാണ് ഉള്ളടക്കം. പുസ്‌തകത്തിലെ മൂന്നാമത്തെ ശബ്ദം ഇരുപക്ഷത്തും ചേരാതെ സംവാദം മുന്നോട്ടുകൊണ്ടുപോകുന്ന സാഗ്രെഡോയുടേതാണ്. പക്ഷേ, ഈ മൂന്നാമന്‍ കൂടുതല്‍ കൂടുതല്‍ സാല്‍വിയാട്ടിയുടെ ഭാഗത്തേക്ക് ചായുകയും കോപ്പര്‍നിക്കസ് മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി പുസ്‌തകം സൂക്ഷിച്ചു വായിക്കുമ്പോള്‍ മനസിലാകും. റോമിലെ ഔദ്യോഗിക സെന്‍സറും ഡൊമിനിക്കന്‍ പുരോഹിതനുമായ നിക്കോലോ റിക്കാര്‍ഡിക്ക് 1630 മെയില്‍ ഗലീലിയോ കൈയെഴുത്ത് പ്രതി സമര്‍പ്പിച്ചു. ഇറ്റലിയുടെ തെക്കുഭാഗത്ത് പ്ലേഗ്‌ബാധ പടരുന്നത് മൂലം പുസ്‌തകത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാകും മുമ്പ് ജൂണില്‍ തന്നെ അദ്ദേഹത്തിന് റോമില്‍നിന്ന് മടങ്ങേണ്ടി വന്നു.
പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം റോമില്‍ ലിന്‍സിയന്‍ അക്കാദമി നിര്‍വഹിക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്ലേഗ്‌ബാധ മൂലമുണ്ടായ പ്രശ്‌നങ്ങളും, ലിന്‍സിയന്‍ അക്കാദമിയിലെ പ്രമുഖനായ ഫ്രെഡറികോ സെസി രാജകുമാരന്റെ അകാല നിര്യാണവും മൂലം കാര്യങ്ങള്‍ ആഴയക്കുഴപ്പത്തിലായി. പുസ്‌തകം ഒടുവില്‍ ഫ്‌ളോറന്‍സില്‍ തന്നെ അച്ചടിക്കാന്‍ സഭ അനുമതി നല്‍കിയെങ്കിലും, 1631 ജൂണിലേ അച്ചടി തുടങ്ങാനായുള്ളു. പ്ലേഗ് മൂലം എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 'സംവാദ'ത്തിന്റെ ആദ്യകോപ്പികള്‍ ഫ്‌ളോറന്‍സില്‍ വില്‍പ്പനയ്‌ക്ക് തയ്യാറായത് 1632 മാര്‍ച്ചിലാണ്. ഏതാനും കോപ്പികള്‍ ഉടന്‍ തന്നെ റോമില്‍ എത്തിച്ചു. താന്‍ പുസ്‌തകം വായിച്ച് എത്ര ആഹ്ലാദചിത്തനായെന്ന് മാര്‍പാപ്പയുടെ അനന്തരവന്‍ കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോ ഗലീലിയോയ്‌ക്ക് എഴുതി. എന്നാല്‍, എല്ലാവരും അങ്ങനെ ആഹ്ലാദിക്കുന്നവര്‍ ആയിരുന്നില്ല.
പുസ്‌തകത്തില്‍ സൂര്യകളങ്കങ്ങളെക്കുറിച്ച് പറയുന്നിടത്ത് ജസ്യൂട്ടായ ക്രിസ്‌റ്റഫര്‍ ഷീനറെ വീണ്ടും ചെറുതായി കുത്തിനോവിക്കാന്‍ ഗലീലിയോ മറന്നില്ല. കോപ്പര്‍നിക്കസ് മാതൃക വെറും അനുമാനം മാത്രമാണെന്ന് പുസ്‌തകത്തിന്റെ അവസാനം ചേര്‍ക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നത് സെന്‍സര്‍ റിക്കാര്‍ഡി ഗലീലിയോയെ അറിയിച്ചിരുന്നു. ഗ്രന്ഥത്തില്‍ ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ പറയുന്നതായാണ് ഗലീലിയോ ഇത് ചേര്‍ത്തത്. പുസ്‌തകത്തില്‍ സാഗ്രെഡോ കോപ്പര്‍നിക്കസിനോട് ചായ്‌വ് കാട്ടുന്നതിനാല്‍, അത്തരത്തിലൊരു അഭിപ്രായം വേറാരുടെയും നാവില്‍ വെച്ചുകൊടുക്കാനാകുമായിരുന്നില്ല. എന്നാല്‍, ഇത് ഗലീലിയോ മനപ്പൂര്‍വം ചെയ്‌തതാണെന്ന അഭിപ്രായമുയര്‍ന്നു. മാര്‍പാപ്പ തന്നെയാണ് ടോളമിയെ അനുകൂലിക്കുന്ന സിംപ്ലിസിയോയെന്ന് ഇതുവഴി ഗലീലിയോ വരുത്തിത്തീര്‍ത്തിരിക്കുകയാണെന്ന അഭിപ്രായം ഉര്‍ബാന്‍ എട്ടാമനെ ചൊടിപ്പിച്ചു.
[തിരുത്തുക] ശിക്ഷ
സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ ഒരു പാപ്പല്‍ കമ്മിഷനെ നിയമിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. പഴയരേഖകളില്‍ എന്തെങ്കിലും ഗലീലിയോയ്‌ക്കെതിരെ ലഭ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിക്കപ്പെട്ടു. ഗലീലിയോയെ മുമ്പേ വിമര്‍ശിച്ചിരുന്ന ജസ്യൂട്ടുകള്‍ നിര്‍ണായകമായ തെളിവ് ഹാജരാക്കി-1616 ലെ നടപടികളുടെ അനൗദ്യോഗിക മിനിറ്റ്‌സ്. കോപ്പര്‍നിക്കസ് ആശയങ്ങളില്‍ 'വിശ്വസിക്കുകയോ അതിനെ പ്രതിരോധിക്കുകയോ അത് പഠിപ്പിക്കുകയോ അരുത്' എന്ന് ഗലീലിയോയെ സഭ വിലക്കിയിട്ടുള്ളതിന്റെ തെളിവായിരുന്നു ഒപ്പുവെയ്‌ക്കാത്ത ആ നടപടി രേഖകള്‍. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഗലീലിയോയോട് റോമിലെത്താനും മതദ്രോഹത്തിന് വിചാരണ നേരിടാനും ഉര്‍ബാന്‍ എട്ടാമന്‍ ഉത്തരവിട്ടു. മാര്‍പാപ്പയുടെ ഔദ്യോഗിക സെന്‍സര്‍ പാസാക്കിയ ഒരു പുസ്‌തകത്തിന്റെ പേരിലാണ് ഇതെന്നോര്‍ക്കണം. പുസ്‌തകത്തിന്റെ വിതരണം നിര്‍ത്തിവെയ്‌ക്കാന്‍ വത്തിക്കാന്‍ ശ്രമിച്ചെങ്കിലും, അച്ചടി ഫ്‌ളോറന്‍സിലായതിനാല്‍ അതത്ര എളുപ്പമായിരുന്നില്ല.
പ്രായാധിക്യവും രോഗത്തിന്റെ കാഠിന്യവും മൂലം റോമിലേക്കുള്ള യാത്ര നീട്ടിത്തരാന്‍ ഗലീലിയോ അഭ്യര്‍ഥിച്ചു. ടസ്‌കന്‍ നാട്ടുരാജ്യത്തിന്റെ രാഷ്ട്രീയ പിന്തുണ ഇക്കാര്യത്തില്‍ നേടാനും ശ്രമിച്ചെങ്കിലും, അപ്പോള്‍ വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഫെര്‍ഡിനാന്‍ഡോ രണ്ടാമന് ഇക്കാര്യത്തില്‍ കാര്യമായ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 1633 ഫെബ്രുവരി 13-ന് ഗലീലിയോ വീണ്ടും റോമിലെത്തി. ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഗലീലിയോയ്‌ക്കെതിരെ കാര്യമായ കുറ്റങ്ങളൊന്നും കണ്ടെത്താനായില്ല എന്നതാണ് വാസ്‌തവം. ലാറ്റിന് പകരം ഇറ്റാലിയനിലാണ് ഗലീലിയോ എഴുതുന്നതെന്നും, അതിനാല്‍ സാധാരണക്കാര്‍ക്ക് അത് മനസിലാകുന്നു എന്നതുവരെ ഗലീലിയോയ്‌ക്കെതിരെ കുറ്റമായി ആരോപിക്കപ്പെട്ടു. 1616-ലെ അനൗദ്യോഗിക രേഖയല്ലാതെ, ഗലീലിയോ എന്തെങ്കിലും മതദ്രോഹം പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ ജസ്യൂട്ടുകളുടെ പക്കല്‍ തെളിവ് എന്തെങ്കിലും ഉണ്ടായിരുന്നില്ല. 1616-ല്‍ തനിക്ക് ഒരു തരത്തിലുള്ള ശിക്ഷയും മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് കര്‍ദിനാള്‍ ബല്ലാര്‍മിന്‍ നല്‍കിയ രേഖ ഗലീലിയോ ഹാജരാക്കിയതോടെ ജസ്യൂട്ടുകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.
[തിരുത്തുക] മതം 'വിജയിച്ചു'
മതദ്രോഹവിചാരണയുടെ ഒരു പ്രശ്‌നം, ഒരിക്കല്‍ അത് പൂര്‍ണതോതില്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടേ തീരൂ എന്നതാണ്. മതദ്രോഹം ചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്നയാള്‍ നിരപരാധിയാണെന്നു വന്നാല്‍, മതദ്രോഹം ആരോപിച്ചവര്‍ വ്യാജആരോപണമാണ് നടത്തിയതെന്നു വരും. മതദ്രോഹം എന്ന ആരോപണം തെറ്റായി ഉയര്‍ത്തുന്നത് മതദ്രോഹം പോലെതന്നെ കഠിനശിക്ഷയ്‌ക്ക് അര്‍ഹമായ കുറ്റമാണ്. ഗലീലിയോയ്‌ക്കെതിരെ ആരോപണമുയര്‍ത്തിയ സഭയുടെ ഉന്നതര്‍ കുറ്റക്കാരാണെന്ന് വരുന്നതിന് സഭ ആഗ്രഹിക്കില്ലല്ലോ. അതിനാല്‍, എങ്ങനെയെങ്കിലും ഗലീലിയോ കുറ്റക്കാരനാണെന്ന് തീരുമാനിക്കുകയും ശിക്ഷിക്കുകയും ചെയ്‌തേ മതിയാകൂ എന്നായി സ്ഥിതി. 69 വയസ്സായി അപ്പോള്‍ ഗലീലിയോയ്‌ക്ക്. കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന പീഢനങ്ങളെക്കുറിച്ച് ഗലീലിയോ ബോധവാനായിരുന്നു. കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ പ്രേരണമൂലം, ഒടുവില്‍ ഗലീലിയോ കുറ്റമേറ്റു. കോപ്പര്‍നിക്കസ് പ്രപഞ്ചമാതൃക താന്‍ വിശ്വസിക്കുന്നില്ലെന്നും, അത് തന്റെ പുസ്‌തകത്തില്‍ പറഞ്ഞത് തെറ്റായിരുന്നെന്നും അദ്ദേഹം ഏറ്റുപറഞ്ഞു. ഗലീലിയോയ്‌ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ലോകത്തിന് മുന്നില്‍ ജസ്യൂട്ടുകള്‍ വിജയിച്ചു.
കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ ഇടപെടല്‍ മൂലം ഗലീലിയോയുടെ ശിക്ഷ ക്രമേണ മയപ്പെട്ടു. തടവുശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും, അധികം വൈകാതെ അത് വീട്ടുതടങ്കലായി മാറി. ആദ്യം റോമിലെ ടസ്‌കന്‍ എംബസിയിലും, പിന്നീട് ഗലീലിയോയോട് അനുഭാവമുണ്ടായിരുന്ന സിയേന ആര്‍ച്ച്‌ബിഷപ്പിന്റെ വസതിയിലുമായി തടങ്കല്‍. 1634-ല്‍ അര്‍സെട്രിക്ക് സമീപം സ്വന്തം വസതിയിലേക്ക് തടങ്കല്‍ മാറ്റി. ബെല്ലോസ്‌ഗ്വാര്‍ഡോയെന്ന തന്റെ വസതി വിട്ട് ഗലീലിയോ പിന്നീട് പുറത്ത് പോയിട്ടില്ല (ഫ്‌ളോറന്‍സിലെത്തി ഡോക്ടര്‍മാരെ കാണാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല, എന്നാല്‍ കന്യാസ്‌ത്രീകളായ മക്കളെ കാണാന്‍ കോണ്‍വെന്റ് സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നു).
[തിരുത്തുക] 'ഇരു നവശാസ്‌ത്രങ്ങള്‍'(Discourses and Mathematical Demonstrations Concerning Two New Sciences)
വ്യക്തിപരമായ ദുഖങ്ങളും അപമാനവും രോഗവും വാര്‍ധക്യവും നല്‍കുന്ന അവശതകളൊന്നും, അങ്ങേയറ്റം ശ്രമകരമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി ശാസ്‌ത്രത്തെക്കുറിച്ച് താന്‍ ആയുഷ്‌ക്കാലത്ത് കണ്ടെത്തിയ കാര്യങ്ങള്‍ പുസ്‌തകരൂപത്തിലാക്കുന്നതില്‍ നിന്ന് ആ മഹാപ്രതിഭയെ തടഞ്ഞില്ല. ശാസ്‌ത്രചരിത്രത്തില്‍ 'വിലമതിക്കപ്പെടാനാവാത്തതെ'ന്ന് വിലയിരുത്തപ്പെടുന്ന 'ഇരു നവശാസ്‌ത്രങ്ങള്‍' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ (യഥാര്‍ഥ നാമം-Discourses and Mathematical Demonstrations Concerning Two New Sciences) രചന ആ ഏകാന്തവാര്‍ധക്യത്തിലാണ് ഗലീലിയോ നിര്‍വഹിച്ചത്. ചലനം, ത്വരണം, ജഢത്വം തുടങ്ങി ദ്രവ്യത്തിന്റെ വിവിധങ്ങളായ ഗുണങ്ങളെയും സ്വഭാവത്തെയുംപറ്റി മുമ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്‌ച മുഴുവന്‍ ഉള്‍പ്പെടുത്തിയ 'ഇരു നവശാസ്‌ത്രങ്ങള്‍' ചരിത്രത്തിലെ ആദ്യ 'ആധുനിക ശാസ്‌ത്രപാഠപുസ്‌തകം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിന് ആവശ്യമായ ശാസ്‌ത്രീയ അടിത്തറ അക്ഷരരൂപം പൂണ്ടത് ആ ഗ്രന്ഥത്തിലാണ്.
റോമിന്റെ വിലക്ക് കാരണം സ്വാഭാവികമായും ഗലീലിയോയുടെ ഗ്രന്ഥം ഇറ്റലിയില്‍ പ്രസിദ്ധീകരിക്കുക സാധ്യമായിരുന്നില്ല. രഹസ്യമായി കടത്തി ആ ഗ്രന്ഥം, കത്തോലിക്കക്കാര്‍ക്ക് സ്വാധീനമില്ലാത്ത പ്രൊട്ടസ്റ്റന്റ് ഹോളണ്ടിലെ ലെയ്‌ദനിലാണ് 1938-ല്‍ പ്രസിദ്ധീകരിച്ചത്. ശാസ്‌ത്രത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍, ഇറ്റലിയിലൊഴികെ യൂറോപ്പിലെങ്ങും വലിയ സ്വാധീനം ആ ഗ്രന്ഥം ചെലുത്തി. നവോത്ഥാനത്തിന്റെ തുടക്കത്തില്‍ ഗലീലിയോയെപ്പോലൊരു മഹാപ്രതിഭയ്‌ക്ക് ജന്മംനല്‍കാന്‍ മാത്രം കരുത്തുണ്ടായിരുന്ന ഇറ്റലി, കണ്ടുപിടിത്തങ്ങളുടെയും ഗവേഷണത്തിന്റെയും കാര്യത്തില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിന്നീട് പിന്തള്ളപ്പെട്ടതിന് ഒരു പ്രധാനകാരണം, കത്തോലിക്കസഭ ഗലീലിയോയ്‌ക്ക് ഏര്‍പ്പെടുത്തിയ അയവില്ലാത്ത വിലക്കായിരുന്നു.
[തിരുത്തുക] അന്ത്യം
1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതല്‍ വിന്‍സെന്‍സിയോ വിവിയാനി എന്നയാള്‍ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്. ഗലീലിയോയെക്കുറിച്ച് പില്‍ക്കാലത്ത് പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സൃഷ്ടാവ് വിവിയാനിയാണ്. 1642ല്‍ മഹാനായ ആ ശാസ്ത്രജ്ഞന്‍ അന്തരിച്ചു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 O'Connor, J. J.; Robertson, E. F.. Galileo Galilei. The MacTutor History of Mathematics archive. University of St Andrews, Scotland. ശേഖരിച്ചത് 2007-07-24.
1.ഹരിശ്രീ, മാതൃഭൂമി തൊഴില്‍ വാര്‍ത്ത
