ആവിലായിലെ ത്രേസ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആവിലായിലെ ത്രേസ്യാ | |
|---|---|
|
ആവിലായിലെ ത്രേസ്യാ - പീറ്റര്‍ പോള്‍ റൂബന്‍സ് വരച്ച ചിത്രം |
|
| യേശുവിന്റെ ത്രേസ്യാ, Roving Nun | |
| ജനനം | മാര്‍ച്ച് 1515, ആവിലാ, Old Castile, സ്പെയിന്‍ |
| മരണം | ഒക്ടോബര്‍ 4, 1582, Alba de Tormes, Salamanca, സ്പെയിന്‍ |
| വണങ്ങുന്നത് | റോമന്‍ കത്തോലിക്കാ സഭ, ലൂഥറന്‍ സഭ, ആംഗ്ലിക്കന്‍ സഭ |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | ഏപ്രില്‍ 24 1614 by പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ |
| വിശുദ്ധന്‍/വിശുദ്ധയായി പ്രഖ്യാപിച്ചത് | 12 മാര്‍പ്പാപ്പ 1622 by ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പ്പാപ്പ |
| പ്രധാന കപ്പേള | Shrine of St. Teresa of Ávila, ആവിലാ, സ്പെയിന്‍ |
| ഓര്‍മ്മത്തിരുന്നാള്‍ | ഒക്ടോബര്‍ 15 |
| Attributes | നിഷ്പാദുക കര്‍മ്മലീത്താസഭയുടെ നിഷ്കര്‍ഷകള്‍, പുസ്തകവും നാരായവും, അമ്പു തുളച്ച ഹൃദയം |
| Patronage | ശാരീരിക അസുഖങ്ങള്‍; തലവേദന; lacemakers; laceworkers; മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍; കൃപ ആവശ്യമായവര്‍; സന്യസ്തര്‍; തങ്ങളുടെ ശുദ്ധജീവിതത്തിന്റെ പേരില്‍ അപമാനിതരഅകുന്നവര്‍; Pozega, ക്രൊയേഷ്യ; അസുഖബാധിതര്‍; അസുഖം; സ്പെയിന്‍ |
പതിനാറാം നൂറ്റാണ്ടില്‍ കര്‍മ്മലീത്താ സന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നള്‍കിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്നു ആവിലായിലെ ത്രേസ്യാ (ജനനം-1515 മാര്‍ച്ച് 28 ; മരണം-1582 ഒക്ടോബര്‍ 4). ഇംഗ്ലീഷ്:Teresa of Ávila. കൊച്ചുത്രേസ്യാ എന്നറിയപ്പെടുന്ന ലിസ്യൂവിലെ ത്രേസ്യാ(1873-1897)യില്‍ നിന്ന് വേര്‍തിരിച്ചുകാണിക്കാനായി, കേരളക്രൈസ്തവര്‍ ആവിലായിലെ ത്രേസ്യായെ അമ്മത്രേസ്യാ എന്നാണ് സാമാന്യേന വിളിക്കാറ്.
കുരിശിന്റെ വിശുദ്ധ യോഹന്നാനോടൊപ്പം നിഷ്പാദുക കര്‍മ്മലീത്താസഭാസ്ഥാപകയായി പരിഗണിക്കപ്പെടുന്ന ത്രേസ്യായെ ഇന്ന് കത്തോലിക്കാ സഭ, ലൂഥറന്‍ സഭ, ആംഗ്ലിക്കന്‍ സഭ എന്നീ ക്രൈസ്തവ സഭകള്‍ വിശുദ്ധയെന്ന നിലയില്‍ വണങ്ങുന്നു. കൂടാതെ, ക്രൈസ്തവ മിസ്റ്റിസിസത്തിന് ലഭിച്ച മികച്ച സംഭാവനകളായി കണക്കാക്കപ്പെടുന്ന പല ഗ്രന്ഥങ്ങളും എഴുതിയ ത്രേസ്യായെ കത്തോലിക്കാ സഭ വേദപാരംഗതയെന്നും പ്രഘോഷിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
സ്പെയിനിലെ കാസ്റ്റില്‍ പ്രദേശത്തെ ഡോണ്‍ അലോന്‍സോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. പന്ത്രണ്ട് സഹോദരങ്ങളില്‍ അഞ്ചാമത്തേതായിരുന്ന അവള്‍ക്ക് അടുത്ത പ്രായക്കാരനായ സഹോദരന്‍ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു. കര്‍ക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളര്‍ത്തിയത്. ഏഴാമത്തെ വയസ്സില്‍ റോഡ്രിഗോയും ത്രേസ്യായും ചേര്‍ന്ന് രക്തസാക്ഷിത്ത്വം വരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. മുസ്ലിം രാജ്യമായ മൊറോക്കോയില്‍ പോയി ഗളഛേദം ചെയ്യപ്പെട്ട് മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയ കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടില്‍ എത്തിക്കുകയാണ് ചെയ്തത്.[1]
[തിരുത്തുക] കൗമാരം, സന്യാസവഴി
ത്രേസ്യക്ക് പതിനാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു.ഇത് മകള്‍ക്ക് വലിയ ആഘാതമായി. സ്പെയിനില്‍ മൂന്നാം തരം വീരസാഹസികകഥകള്‍ക്കു വലിയ പ്രചാരം ഉണ്ടായിരുന്ന കാലമായിരുന്നു അത്. അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ ത്രേസ്യായും അമ്മാതിരി കഥകളുടെയും ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടേയും സ്വാധീനത്തില്‍ പെട്ടു. മകളില്‍ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവളെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയന്‍ സന്ന്യാസിനികളുടെ ആശ്രമത്തിലയച്ചെങ്കിലും, ഒന്നരവര്‍ഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിയിലായപ്പോള്‍ വീട്ടിലെക്കു മടങ്ങി. രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടില്‍ താമസിക്കവേ പ്രാചീനകാലത്തെ ക്രൈസ്തവ ലേഖകനും താപസനുമായിരുന്ന ജെറൊമിന്റെ കത്തുകള്‍ [2]വായിക്കാനിടയായത് താപസജീവിതത്തോട് ആഭിമുഖ്യമുണ്ടാക്കി. സംന്യസിനിയാകാനുള്ള ത്രേസ്യായുടെ തീരുമാനത്തെ ആദ്യം എതിര്‍ത്ത പിതാവ് ഒടുവില്‍ മകളുടെ ഇഷ്ടത്തിനു വഴങ്ങി. ആവിലായിലെ കര്‍മ്മലീത്താമഠത്തില്‍ ചേര്‍ന്നു വൃതവാഗ്ദാനം നടത്തിയെങ്കിലും രോഗബാധിതയായതു മൂലം അധികം താമസിയാതെ വീട്ടിലേക്കു മടങ്ങി. ഇത്തവണ രോഗമുക്തി ഏറെ നാള്‍ കൊണ്ടാണ് നടന്നത്.
[തിരുത്തുക] ധ്യാനപ്രാര്‍ഥനാശീലം
രോഗവിമുക്തിപ്രാപിച്ചുകൊണ്‍ടിരുന്ന സമയത്ത് ഫ്രാന്‍സിസ് ഒസൂനയുടെ ആദ്ധ്യാത്മിക അക്ഷരമാല എന്ന പുസ്തകം വായിച്ചതിനെത്തുടര്‍ന്നു ത്രേസ്യാ നിശ്ശബ്ദമായ ധ്യാനപ്രാര്‍ഥനയില്‍ താത്പര്യം ജനിച്ച്, അത് ശീലിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞ്, രോഗവിമുകതയായ അവള്‍ മഠത്തിലേക്കു മടങ്ങി. അക്കാലങ്ങളില്‍, സ്പയിനിലെ കര്‍മ്മലീത്താ മഠങ്ങളില്‍ അച്ചടക്കരാഹിത്യവും ലോകവ്യഗ്രതയും കൊടികുത്തിവാണിരുന്നു. ആദ്യമൊക്കെ ത്രേസ്യായും അതിന്റെ സ്വാധീനത്തില്‍ പെട്ടങ്കിലും മന:സാക്ഷി അവളെ കുറ്റപ്പെടുത്തി. അതോടെ അവള്‍, പിന്നീട് അവളുടെ ആത്മീയജീവിതത്തിന്റെ അടിസ്ഥാനമായി മാറിയ ധ്യാനപ്രാര്‍ഥനാശീലം പുനരാരംഭിച്ചു. അപ്പോഴെക്ക് നാല്പതുവയസ്സയിരുന്ന ത്രേസ്യ, ക്രൈസ്തവ സഭാപിതാവായ അഗസ്റ്റിന്റെ കണ്‍ഫഷന്‍സ്[3] എന്നു പേരായ അത്മകഥ വായിച്ചു. ആ പുസ്തകം അവളെ ആകെ മാറ്റിമറിച്ചു.
[തിരുത്തുക] ദൈവികദര്‍ശനങ്ങള്‍, നിമന്ത്രണങ്ങള്‍
താമസിയാതെ ത്രേസ്യാക്ക് വിചിത്രമായ ആത്മീയാനുഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. തനിക്ക് ദൈവികദര്‍ശനങ്ങളും ആന്തരികനിമന്ത്രണങ്ങളും ലഭിക്കുന്നതായി അവള്‍ക്കു തോന്നി. ഇവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. ഉപദേശകരും, കുംബസാരക്കാരും പരസ്പരവിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കൊടുത്തത്. ചിലര്‍ ഇതൊക്കെ സാത്താന്റെ തോന്നിപ്പുകളാണെന്നു പറഞ്ഞു. പരിചയക്കാരില്‍ പലരും അവളെ ഉന്മാദിനിയോ കാപട്യക്കാരിയോ ആയി കണക്കാക്കി. എന്നാല്‍ അക്കാലത്ത് ത്രേസ്യാ പരിചയപ്പെട്ട പ്രഖ്യാത ഫ്രാന്‍സിസ്ക്കന്‍ താപസന്‍ പീറ്റര്‍ അല്‍ക്കാണ്ടറ അവളുടെ അനുഭവങ്ങള്‍ ദൈവികദര്‍ശനങ്ങളാണെന്ന് അംഗീകരിച്ചു.[4]
[തിരുത്തുക] സഭാനവീകരണം
മഠത്തിലെ സാഹചര്യങ്ങള്‍ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അതുകൊണ്ട്, പുതിയൊരു സന്യാസിനീസമൂഹം തുടങ്ങാന്‍ ത്രേസ്യായും അവളോടു യോജിച്ച ചില സന്യാസിനികളും ചേര്‍ന്ന് തീരുമാനിച്ചു. ഈ തീരുമാനം എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും 1562-ല്‍ അവളുടെ ഇഷ്ടവിശുദ്ധനായ യൗസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം ഏറെപ്പേരൊന്നും അറിയാതെ പ്രവര്‍ത്തനം തുടങ്ങി. വാര്‍ത്തപരന്നപ്പോള്‍ അതു വലിയ കോലാഹം ഉണ്ടാക്കി. ക്രമേണ എതിര്‍പ്പുകള്‍ ഒരുവിധം ശമിച്ചു എന്നു മാത്രമല്ല ആവില സന്ദര്‍ശിച്ച കര്‍മ്മലീത്താ സഭയുടെ അധിപന് ത്രേസ്യായുടെ നവീകരണം സ്വീകാര്യമായി. അദ്ദേഹം അവള്‍ക്കു മറ്റു മഠങ്ങള്‍ തുടങ്ങാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാര്‍ഥം ത്രേസ്യാ നിരന്തരം യാത്രകളില്‍ മുഴുകി. അവളുടെ മഠങ്ങള്‍ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ പുതിയ സന്യാസസമൂഹം നിഷ്പാദുക കര്‍മ്മലീത്തര്‍(Discalced Carmelites) എന്നാണ് അറിയപ്പെട്ടത്. മാറ്റു സന്യാസികളില്‍ നിന്ന് ഭിന്നരായി, അവര്‍ കാലില്‍ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്.
സംന്യസിനികള്‍ക്കുവേണ്ടി ത്രേസ്യാ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങള്‍ സന്യാസികള്‍ക്കായും തുങ്ങേണ്ടതിന്റെ ആവശ്യകത പലര്‍ക്കും ബോദ്ധ്യപ്പെട്ടു. ത്രേസ്യായുടെ അത്തരം ആദ്യത്തെ സമൂഹം തുടങ്ങിയത് 1568-ലാണ്. ഈ സംരംഭത്തില്‍ ത്രേസ്യായുടെ സഹായി അവളുമായി വലിയ ആത്മീയ സൗഹൃദം പങ്കിട്ട യുവതാപസന്‍, പ്രസിദ്ധ മിസ്റ്റിക് കവി, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (St. John of the Cross) ആയിരുന്നു. ഈ പുതിയ സമൂഹവും വലിയ എതിര്‍പ്പുകള്‍ക്കിടയിലാണ് തുടങ്ങിയത് എന്നും പറയേണ്ടതുണ്ട്. യോഹന്നാന് ഇതുമായി ബന്ധപ്പെട്ട് ജയില്‍ വാസം വരെ സഹിക്കേണ്ടി വന്നു.
നവീകൃത സംന്യസസമൂഹങ്ങളും പഴയ കര്‍മ്മലീത്തസമൂഹങ്ങളുമായുള്ള തര്‍ക്കങ്ങള്‍ വഷളായി ത്രേസ്യായുടെ ജീവതാന്ത്യത്തോടടുത്ത് അവള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തപ്പെട്ടു. ഏതാനും മാസത്തേക്ക് ഏതാണ്ട് ജയില്‍ വാസം പോലെയുള്ള അവസ്ഥയിലായി ത്രേസ്യാ. എന്നാല്‍ അവളുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂര്‍ണമായ ഇടപെടല്‍ അവളെ രക്ഷപെടുത്തി. തുടര്‍ന്ന്, നവീകൃത സമൂഹങ്ങള്‍ നവീകൃതമല്ലാത്ത സമൂഹങ്ങളില്‍ നിന്നു പൂര്‍ണമായും സ്വതന്ത്രമാക്കപ്പെട്ടു.
[തിരുത്തുക] എഴുത്തുകാരി
നവീകൃതസന്യാസസഭകളുടെ സ്ഥാപക എന്നതിലുപരി ആത്മീയസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകള്‍ നള്‍കിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ ത്രേസ്യാ അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന അവള്‍ എഴുതിയത് സ്പാനിഷ് ഭാഷയുടെ കാസ്റ്റിലിയന്‍ നാട്ടുരൂപത്തിലാണ്. എന്നിട്ടും ഡോണ്‍ ക്വിക്ക്‌സോട്ട് എഴുതിയ തെര്‍വാന്റിസ് കഴിഞ്ഞാല്‍ ഏറ്റവുമേറെ വായിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് എഴുത്തുകാരി ആണ് ത്രേസ്യാ.[5]
മിസ്റ്റിക്കല്‍ ലേഖിക എന്ന നിലയിലുള്ള ത്രേസ്യായുടെ യശസ്സിന് അടിസ്ഥാനം മൂന്നു കൃതികളാണ്. ആദ്യമായി എഴുതിയ സ്വയംകൃതചരിത്രം (Autobiography) സ്വന്തം ആത്മാവിന്റെ അവസ്ഥ അത്മീയഗുരുക്കന്മാരുടെ അറിവിലേക്കായി അവരുടെ നിര്‍ദ്ദേശാനുസരണം ത്രേസ്യാ രേഖപ്പെടുത്തിയതാണ്. പിന്നീട് ആ പുസ്തകം ജനസാമന്യത്തിനു കൂടി പ്രയോജനപ്പെടത്തക്കവണ്ണം വിപുലീകരിച്ചു. സന്യാസസഭാനവീകരണത്തിലേര്‍പ്പെട്ടിരുന്ന ത്രേസ്യാ, ആത്മീയപുത്രിമാര്‍ക്ക് പ്രയോജനപ്പെടത്തക്കവണ്ണം, ആത്മീയപൂര്‍ണതയിലേക്കുള്ള വഴി വിവരിച്ച് എഴുതിയതാണ് സുകൃതസരണി (Way of Perfection) എന്ന കൃതി[6]. ത്രേസ്യായുടെ കൃതികളില്‍ സമീപനത്തിലും ഉള്ളടക്കത്തിലും ഏറ്റവും മൗലികത പുലര്‍ത്തുന്നത് ആഭ്യന്തരഹര്‍മ്യം (Interior Castle) ആണ്. ആതില്‍ വിവരിച്ചിരിക്കുന്ന ഹര്‍മ്യം മനുഷ്യാത്മാവു തന്നെയാണ്. ആത്മാവിനു വെളിയില്‍ നിന്ന് അതിനുള്ളിലേക്കുള്ള യാതനാനിര്‍ഭരമായ യാത്രയാണ് അതിന്റെ പ്രമേയം. ഉള്ളിന്റെ ഉള്ളില്‍ വസിക്കുന്ന ദൈവത്തെ തേടിയാണ് ആ യാത്ര[7].
[തിരുത്തുക] സവിശേഷ വ്യക്തിത്വം
ത്രേസ്യായുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍, അവളുടെ ജീവിതകാലത്തും മരണശേഷവും, അനേകരെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. എടുത്തുപറയേണ്ട ഒരു പ്രത്യേകത അവള്‍ ഒരിക്കലും കൈവെടിയാതിരുന്ന പ്രസാദാത്മകത്ത്വമാണ്. അവളുടെ പ്രവര്‍ത്തനങ്ങളിലും രചനകളിലും ശുഭാപ്തിവിശ്വാസവും, പ്രായോഗികബുദ്ധിയും, ഫലിതബോധവും പ്രകടമായി. ദൈവവുമായി പോലും അവള്‍ ചിലപ്പോഴെങ്കിലും ഫലിതമയമായി സംവാദിച്ചു. ബുദ്ധിമുട്ടുകളെക്കുറിച്ച് ദൈവത്തോട് പരാതിപറഞ്ഞ ത്രേസ്യായെ, "എന്റെ സുഹൃത്തുക്കളോട് ഞാന്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കാറ്" എന്നറിയിച്ച ദൈവത്തിന് അവള്‍ കൊടുത്ത മറുപടി, "അതുകൊണ്ടായിരിക്കാം അങ്ങേക്ക് ഇത്ര കുറച്ചു സുഹൃത്തുക്കളെ മാത്രം കിട്ടിയത്" എന്നായിരുന്നത്രെ.[8]തീര്‍ത്തും പ്രകോപനപരമായ പെരുമാറ്റത്തോടു പ്രതികരിച്ചപ്പോഴും ത്രേസ്യാ സമചിത്തതയും ഫലിതബോധവും കൈവെട്ടില്ല. ആശ്രമത്തില്‍ വന്ന വിവരദോഷിയായ ഒരു സന്ദര്‍ശകന്‍ അവളുടെ കാല്‍പ്പാദങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തിയപ്പോള്‍ ത്രേസ്യായുടെ മറുപടി "അവ ഇപ്പോള്‍ നന്നായി കണ്ടുകൊള്ളൂ, ഇനി അവസരം കിട്ടുകയില്ല" എന്നായിരുന്നു. ആ സന്ദര്‍ശകന് ഇനി ആശ്രമത്തില്‍ സ്വാഗതമില്ല എന്നു സൂചിപ്പിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴി ഇതായിരുന്നു.[9]
[തിരുത്തുക] മരണം, വിശുദ്ധപദവി
അവസാനം വരെ കര്‍മ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കന്‍ സ്പയിനിലെ അല്‍ബായിലേക്ക് നടത്തിയ വിഷമപൂര്‍ണ്‍മായ ഒരു യാത്രക്കിടയില്‍ തീര്‍ത്തും അവശയായി. അല്‍ബായിലെത്തി മൂന്നു ദിവസം കഴിഞ്ഞ് 1582 ഒക്ടോബര്‍ 4-ന് അവര്‍ മരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു. അവസാനദിനങ്ങളില്‍ ത്രേസ്യാ ഉപയോഗിച്ചിരുന്ന പ്രാര്‍ഥനപുസ്തകത്തില്‍ അടയാളം വയ്ക്കാനുപയോഗിച്ചിരുന്ന കടലാസില്‍ ഈ വരികള്‍ കുറിച്ചിരുന്നു [8]
| “ | ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ, ഒന്നും നിനക്കു ഞെട്ടലുണ്ടാക്കാതിരിക്കട്ടെ. എല്ലാം കടന്നു പോകുന്നു; ദൈവത്തിനു മാത്രം മാറ്റമില്ല. ക്ഷമ, തേടുന്നതൊക്കെ നേടുന്നു. ദൈവം സ്വന്തമായുള്ളവന് ഒന്നും ഇല്ലാതില്ല: ദൈവം മാത്രം മതി. |
” |
പതിനഞ്ചാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പ 1622-ല്‍ ഈശോ സഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ലയോള, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയര്‍ത്തി. 1970-ല്‍ ആറാം പോള്‍ മാര്‍പ്പാപ്പാ, അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേക്കുയര്‍ത്തപ്പെടുന്ന ആദ്യത്തെ വനിത ത്രേസ്യാ ആണ്.
[തിരുത്തുക] അവലംബം
- ↑ http://www.intratext.com/ixt/ENG0032/_P8.HTM Teresa of Avila - Autobiography, Chapter 1: IntraText CT Text
- ↑ http://www.newadvent.org/fathers/3001.htm
- ↑ http://www.fordham.edu/halsall/basis/confessions-bod.html
- ↑ Saint Teresa Of Avila, Virgin, Foundress - http://www.ewtn.com/library/MARY/AVILA.htm
- ↑ Victor Shepherd -http://www.victorshepherd.on.ca/Heritage/teresaof.htm
- ↑ The Way of Perfection, Modern English Version by Henry L, Carrigan Jr., പ്രസാധനം, സെയിന്റ് പോള്‍സ്, മുംബൈ
- ↑ ആഭ്യന്തരഹര്‍മ്യം - വിവര്‍ത്തനം - ഫാ.ഹെര്‍മന്‍, ഒ.സി.ഡി; പ്രസാധനം, Carmel Publishing Centre, Trivandrum
- ↑ 8.0 8.1 Biography online - Biography of St. Teresa of Avila - http://www.biographyonline.net/spiritual/st_teresa_avila.html
- ↑ Saint Teresa Of Avila, Virgin, Foundress - ലിങ്ക് മുകളില്‍
[തിരുത്തുക] കുറിപ്പുകള്‍
*^ മൂല്യരഹിതമായ അത്തരം കഥകളെ പരിഹസിച്ചാണ് പ്രഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ തെര്‍വാന്റിസ് (Miguel de Cervantes 1547-1616) അക്കാലത്ത് ഡോണ്‍ ക്വിക്ക്‌സോട്ട് എന്ന നോവല്‍ എഴുതിയത്