അപ്രമാദിത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെറ്റുകൾക്ക് അതീതരായിരിക്കുക എന്നതാണ് മതപരമായി ഇതിന്നർഥം. തെറ്റുകൾക്ക് അതീതമായ ഒരു അധികാരശക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ അംഗീകാരവും എല്ലാം പ്രമുഖമതങ്ങളിലുമെന്നപോലെ നിരവധി സാമൂഹ്യ-രാഷ്ട്രീയ സംഘടനകളിലും നിലനിൽക്കുന്നു. ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളും ആചാരങ്ങളും ഉണ്ട്. ഇവ അപ്രമാദിത്വമുള്ളവയാണെന്നും അതുകൊണ്ട് അലംഘനീയങ്ങളാണെന്നും കണക്കാക്കപ്പെട്ടുവരുന്നു. ബുദ്ധമതം, ഇസ്ലാംമതം, ഹിന്ദുമതം, സിക്കുമതം, സരതുഷ്ട്രമതം തുടങ്ങിയ മതങ്ങൾ തെറ്റുകൾക്കതീതമായ വിശുദ്ധപ്രമാണങ്ങളേയും വിശുദ്ധ നിയമസംഹിതകളേയും അംഗീകരിക്കുന്നു. ഋഷിപ്രോക്തങ്ങളായ വേദങ്ങൾ തെറ്റുകൾക്കതീതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീശങ്കരന്റെ സിദ്ധാന്തങ്ങൾക്ക് അപ്രമാദിത്വം അവകാശപ്പെട്ടിരുന്നു. സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരധികാരനേതൃത്വത്തിൽ വിശ്വസിക്കുന്നു. രാഷ്ട്രം, ക്രൈസ്തവസഭ എന്നിവയോളം തന്നെ പഴക്കമുള്ളതാണ് രാഷ്ട്രീയവും മതപരവുമായ ഈ വിശ്വാസം. എന്നാൽ മതത്തിലാണ് ഈ വിശ്വാസം കൂടുതലായിട്ടുള്ളത്.

കത്തോലിക്കരുടെ വിശ്വാസം[തിരുത്തുക]

റോമൻ കത്തോലിക്കാസഭയ്ക്കും അതിന്റെ മേലധ്യക്ഷനായ മാർപാപ്പായ്ക്കും തെറ്റുപറ്റുകയില്ലെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. ധാർമികമായും വിശ്വാസപരമായും ഉള്ള കാര്യങ്ങളിൽ കത്തോലിക്കാസഭയുടെ വക്താവായി മാർപാപ്പാ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ സഭയുടെ ഏകകണ്ഠമായ യോജിപ്പ് ഇല്ലാതിരുന്നാൽ പോലും അപ്രമാദിത്വമുള്ളതാണെന്ന് 1870-ലെ ഒന്നാം വത്തിക്കാൻ സുന്നഹദോസിൽ പ്രഖ്യാപിക്കപ്പെട്ടു. രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ കേവലം വാക്കുകൾക്കല്ല, പ്രത്യുത, സഭയുടെ അടിസ്ഥാനപരമായ പഠിപ്പിക്കലിന് (teachings) ആണ് അപ്രമാദിത്വം എന്ന അഭിപ്രായം പ്രബലപ്പെട്ടു.

ഈശ്വരന് തെറ്റുപറ്റുകയില്ല; അദ്ദേഹത്തിന്റെ കല്പനകൾ അതുകൊണ്ട് തെറ്റായിരിക്കുകയില്ല. ഈ കല്പനകൾ അനുയായികളെ പഠിപ്പിക്കുന്നതിന് അദ്ദേഹം കത്തോലിക്കാസഭയെ ചുമതലപ്പെടുത്തി. ഈ സഭയുടെ പ്രതിനിധിയാണ് മാർപാപ്പാ. അതുകൊണ്ട് അദ്ദേഹത്തിനും തെറ്റുപറ്റുകയില്ല എന്ന് അവർ വാദിച്ചു. ക്രിസ്ത്യാനികളുടെ ഇടയനും ഗുരുവും എന്ന നിലയിൽ സ്വന്തം അപ്പോസ്തലിക അധികാരം ഉപയോഗിച്ച് സഭ അനുവർത്തിക്കേണ്ട വിശ്വാസപ്രമാണത്തെയോ ധാർമിക സിദ്ധാന്തത്തെയോ പറ്റി മാർപാപ്പാ സംസാരിക്കുമ്പോൾ അദ്ദേഹത്തിനുള്ള അപ്രമാദിത്വം അനിഷേധ്യമാണ് എന്ന് കത്തോലിക്കർ വിശ്വസിക്കുന്നു.

മാർപാപ്പാ എല്ലാ തെറ്റുകൾക്കും അതീതനാണെന്ന വിശ്വാസത്തോട് സെന്റ് തോമസ് അക്വിനാസ് (1227-74) യോജിച്ചു. ദൈവശാസ്ത്രത്തിന്റെ ഭാഗമായി ഈ ആശയത്തെ ആദ്യമായി പ്രതിപാദിച്ചത് ഇദ്ദേഹമാണ്. അമലോത്ഭവത്തെപ്പറ്റിയുള്ള പീയൂസ് ഒൻപതാമൻ മാർപാപ്പായുടെ (1792-1878) പ്രസ്താവനയിൽ അപ്രമാദിത്വത്തെപ്പറ്റിയും പരാമർശമുണ്ട്. ഒരു നിശ്ചിത വാക്യത്തിൽ ഉൾക്കൊള്ളുന്ന സത്യം വിശ്വാസികൾ അംഗീകരിക്കണമെന്നും അല്ലെങ്കിൽ അവരെ അവിശ്വാസികളായി മുദ്രകുത്തുമെന്നും അതിൽ പറയുന്നു.

ബൈബിളിന്റെ അപ്രമാദിത്വം[തിരുത്തുക]

ബൈബിളിന്റെ അപ്രമാദിത്വം മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്നു. അപ്രമാദിത്വം ആർക്ക്, എവിടെ എന്നതിനെക്കുറിച്ച് വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

ഇസ്ലാംമതവും അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നു. അക്ബർ ചക്രവർത്തിയെ ജനങ്ങളുടെ മതാധ്യക്ഷനും രാജാവും ആയിട്ടാണ് കണക്കാക്കിയിരുന്നത്. ഇസ്ലാംമതസംബന്ധിയായ ഏതു പ്രശ്നത്തെക്കുറിച്ചും ആധികാരികമായി തീരുമാനം എടുക്കുന്നതിന് അക്ബർക്ക് അധികാരം നൽകി. തീരുമാനങ്ങൾ ഖുർആൻ അനുസരിച്ചായിരിക്കണമെന്നു മാത്രം.

ഇതുകൂടികാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്രമാദിത്വം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്രമാദിത്വം&oldid=1969309" എന്ന താളിൽനിന്ന് ശേഖരിച്ചത്