അണ്ഡാശയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ഡാശയം
Gray589.png
Blood supply of the human female reproductive organs. The left ovary is visible above the label "ovarian arteries".
ലാറ്റിൻ ovarium
ഗ്രെയുടെ subject #266 1254
ശുദ്ധരക്തധമനി ovarian artery, uterine artery
ധമനി ovarian vein
നാഡി ovarian plexus
ലസിക lumbar lymph nodes
കണ്ണികൾ Ovary

പെൺജീവികളുടെ പ്രത്യുത്പാദനാവയവമാണ് അണ്ഡാശയം. അണ്ഡകോശങ്ങൾ രൂപാന്തരം പ്രാപിക്കുന്നതും പക്വമായി ബീജസങ്കലനയോഗ്യമായിത്തീരുന്നതും അണ്ഡാശയത്തിൽ വച്ചാണ്.

ഉള്ളടക്കം

[തിരുത്തുക] അണ്ഡാശയം വിവിധ ജീവജാലങ്ങളിൽ

പ്രോട്ടോസോവ മുതൽ നട്ടെല്ലുള്ള ജീവികളുടെ അത്യുന്നതിയിൽ നില്ക്കുന്ന സസ്തനികളിൽവരെ ലഘുവായും സങ്കീർണമായും ഉള്ള അണ്ഡാശയങ്ങൾ കാണപ്പെടുന്നു. പ്രോട്ടോസോവയിൽ അണ്ഡാശയം എന്നു വിളിക്കത്തക്ക ഘടനയില്ലെങ്കിലും ചിലതിൽ അണ്ഡം ഏറെക്കുറെ വ്യതിരിക്തമായി കാണുന്നുണ്ട്. വോൾവൊക്കെയിൽസ് (Volvocales)[1] വിഭാഗത്തിലെ ക്ലാമിഡോമോണാസ് (Chlamydomonas)[2] തുടങ്ങിയവയിൽ ബീജവും അണ്ഡവും ഏതാണ്ട് സമമാണെങ്കിലും വോൾവോക്സിൽ (Volvox)[3] അണ്ഡം ബീജത്തിൽനിന്നും തികച്ചും വിഭിന്നമാണ്. സ്പോഞ്ചുകളിൽ (Sponges)[4] കോളർ (collar) കോശങ്ങളോട് ചേർന്നാണ് അണ്ഡകോശങ്ങൾ സ്ഥിതിചെയ്യുന്നത്. അവ വ്യതിരിക്തമാകുന്ന പ്രഥമഘട്ടത്തിൽ പോഷകകോശങ്ങളാൽ (nutritive cells) ആവരണം ചെയ്യപ്പെട്ടിരിക്കും. ക്രമേണ പോഷക പദാർഥങ്ങളുൾക്കൊണ്ട് അവ പൂർണവളർച്ചയെത്തുന്നു. സീലന്ററേറ്റ (Coelenterata)യിൽ[5] അണ്ഡാശയം ലളിതരൂപത്തിലാണ്. ബാഹ്യചർമത്തിനും മീസോഗ്ലിയയ്ക്കുമിടയിലുളള ചില നിശ്ചിത സ്ഥാനങ്ങളിൽ അന്തരാളീകോശങ്ങൾ (interstitical cells)[6] പെരുകിയതിൽ ഒരെണ്ണം അണ്ഡമായി വളർച്ച പ്രാപിക്കുന്നു. മറ്റുള്ളവ പോഷകകോശങ്ങളായും പ്രവർത്തിക്കുന്നു. അലൈംഗിക-ലൈംഗിക പ്രത്യുത്പാദനരീതികൾ സീലന്ററേറ്റയിൽ പൊതുവേ കാണപ്പെടുന്നു. അങ്ങനെയുള്ള പരമ്പരകൾ ഇടവിട്ടാണുണ്ടാകുക. ലൈംഗിക പരമ്പരയായ മെഡൂസകളിൽ അണ്ഡാശയം നിശ്ചിത സ്ഥാനങ്ങളിലാണ് വളരുന്നത്. നാടവിരകളിലും അതിനോടു ബന്ധപ്പെട്ട ഇതരജീവികളിലും കുറേ വിപുലമായ രീതിയിലാണ് അണ്ഡാശയഘടന. പ്രത്യേകിച്ചും പരോപജീവികളിൽ അണ്ഡാശയത്തോടനുബദ്ധമായി പീതകം (yolk) ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും അതാവാഹിച്ച് അണ്ഡാശയത്തോടു ബന്ധപ്പെടുത്തുന്ന വാഹിനികളും ബീജസങ്കലനം കഴിഞ്ഞ അണ്ഡസഹസ്രങ്ങൾ സംഭരിക്കാനുള്ള അണ്ഡസഞ്ചി(uterous)യുമുണ്ട്.[7] ഒരു ജോടി നാരുകൾപോലെയാണ് വിരകളിൽ (Nema-todes)[8] അണ്ഡാശയം കാണപ്പെടുന്നത്. നത്തക്ക (Pila),[9] കക്കകൾ (Bivalves),[10] കണവ (Cephalopods)[11] തുടങ്ങിയ മൊളസ്കുകളിൽ (Mollusca)[12] ലിംഗവിഭജനം പൂർണമായുണ്ടെങ്കിലും ഒച്ചുവംശത്തിൽപ്പെട്ട പലതിലും അണ്ഡ-ബീജോത്പാദനാവയവം പൊതുവായുള്ളതാണ്. ആദ്യഘട്ടത്തിൽ ബീജോത്പാദനവും അനന്തരഘട്ടത്തിൽ അണ്ഡോത്പാദനവുമാണ് നടക്കുന്നത്. മണ്ണിര തുടങ്ങിയ ജീവികൾ ഉഭയലിംഗികൾ (hermaphrodites) ആണെങ്കിലും അണ്ഡാശയം ബീജോത്പാദനാവയവങ്ങളിൽ നിന്നും വ്യതിരിക്തമായി ഒരു നിശ്ചിത ഖണ്ഡത്തിലാണ് (segment) സ്ഥിതിചെയ്യുന്നത്. നീറിസ് (Neries) മുതലായ പോളിക്കീറ്റുകളിൽ ലിംഗവ്യത്യാസം പ്രകടമാണ്. പെൺജീവികളുടെ പലഖണ്ഡങ്ങളിലും ജോടി ജോടിയായി സീലോമിക ഉപകല (coelomic epithelium) കേന്ദ്രീകരിച്ച് അണ്ഡാശയമായി വർത്തിക്കുന്നു. വളർച്ചയെത്തിയ അണ്ഡങ്ങൾ ദേഹഗുഹയിൽ (body cavity) പതിക്കുകയും അണ്ഡവാഹിനിക്കുഴലുകളിലൂടെയോ, പ്രസ്തുത ഖണ്ഡങ്ങളിൽ താത്കാലികമായുണ്ടാകുന്ന ദ്വാരങ്ങൾ വഴിയോ ബഹിർഗമനം സാധിക്കുകയും ചെയ്യുന്നു.

[തിരുത്തുക] അണ്ഡാശയം പ്രാണികളിൽ

നിരനിരയായ അണ്ഡങ്ങൾ വഹിക്കുന്ന ഏതാനും ഘടകങ്ങൾ ചേർന്നതാണ് പ്രാണികളുടെ അണ്ഡാശയം. ഒരു ജോടിയാണ് സാധാരണയുള്ളത്. അണ്ഡനിരയിൽ അണ്ഡവാഹിനിയോടു സമീപസ്ഥമായത് വളർച്ചയെത്തിയതും ദൂരസ്ഥമായവ ക്രമമനുസരിച്ചു തരുണാവസ്ഥയിലുള്ളവയുമായിരിക്കും. രണ്ട് അണ്ഡവാഹിനികളും യോജിച്ച് ഒരു പൊതു അണ്ഡവാഹിനിയായിത്തീരുന്നു. പ്രസ്തുത വാഹിനിയോടു ബന്ധപ്പെട്ടുകൊണ്ടുള്ള ഗ്രന്ഥികളുടെ സ്രവങ്ങൾ ബീജസങ്കലനത്തിനുശേഷം പുറത്തുവരുന്ന അണ്ഡങ്ങളെ ഉൾക്കൊള്ളുന്ന അണ്ഡസഞ്ചി(egg capsule)കൾക്ക് കാരണമായി ഭവിക്കുന്നു.

[തിരുത്തുക] മത്സ്യം, തവള മുതലായവയിലെ അണ്ഡാശയം

അണ്ഡാശയത്തിന്റെ ക്രോസ് സെക്ഷൻ

മത്സ്യം, തവള എന്നീ വിഭാഗങ്ങളിൽ ബീജസങ്കലനം ബാഹ്യമായും വളർച്ചയുടെ പ്രഥമഘട്ടം സ്വതന്ത്രമായുമാണ് നടക്കുന്നത്. സ്വതന്ത്രമായി വളരുന്ന അണ്ഡങ്ങൾക്ക് അപകടസാധ്യതയുള്ളതുകൊണ്ട് ധാരാളം മുട്ടകൾ ഉത്പാദിപ്പിച്ച്, കഴിയുന്നിടത്തോളം നഷ്ടം നികത്തി വർഗ നിലനില്പിന് സഹായകമാകുന്ന രീതിയിലാണ് അണ്ഡാശയ ഘടനതന്നെ. ഒരു ജോടി അണ്ഡാശയം പ്രത്യുത്പാദനകാലത്ത് അനേകായിരം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നു. പിറ്റ്യൂട്ടറിഗ്രന്ഥി സ്രവിക്കുന്ന ചില സ്രവങ്ങൾ ഇതിനു കാരണമാകുന്നു. ഓരോ മുട്ടയും പോഷകപദാർഥ സമൃദ്ധമായിരിക്കും. പക്ഷികളിലും ഇഴജന്തുക്കളിലും ആന്തരികമായ ബീജസങ്കലനം നടക്കുമെങ്കിലും മുട്ട വളരുന്നതു മാതൃശരീരത്തിനു വെളിയിലാണ്. ഇതിന് അനുയോജ്യമായി പല സ്രവങ്ങളും പ്രക്രിയകളും അണ്ഡാശയങ്ങളോടു ബന്ധപ്പെട്ടു നടക്കുന്നു. ഈ ഗ്രന്ഥികളുടെ നിശ്ചിത ക്രമമനുസരിച്ചുള്ള പ്രവർത്തനമാണ് അൽബുമിനും പീതകവും നിശ്ചിതരൂപത്തിൽ ആവാഹിച്ചുകൊണ്ട് പുറംതോടുമായി പുറത്തുവരാൻ അണ്ഡത്തെ സഹായിക്കുന്നത്.

സസ്തനികളിൽ ഭ്രൂണത്തിന്റെ വളർച്ച മാതൃഗർഭത്തിൽ വച്ചു നടക്കുന്നതിന് അനുയോജ്യമായ അണ്ഡാശയഘടനയാണുള്ളത്. ബീജസങ്കലനം ആന്തരികമായി നടക്കുന്നതുകൊണ്ടും ഭ്രൂണവളർച്ചയ്ക്കാവശ്യമായ പോഷണങ്ങൾ മാതൃശരീരത്തിൽനിന്നു ലഭ്യമാകുന്നതുകൊണ്ട് പോഷകപദാർഥങ്ങൾ നിറഞ്ഞ് മുട്ട വലുപ്പം കൂടുന്നില്ല. അണ്ഡവളർച്ച, അതിന്റെ സ്വതന്ത്രമായ ബഹിർഗമനം തുടങ്ങിയ പ്രക്രിയകളിൽ വ്യക്തമായ ഒരാവർത്തനം സസ്തനികളിലുണ്ട്. ചാന്ദ്രമാസത്തിലൊന്ന് എന്ന കണക്കിലാണിത് മനുഷ്യനിൽ നടക്കുക. ഒരു ജോടി അണ്ഡാശയങ്ങളുള്ളത് വൃക്കയ്ക്കു സമീപം സ്ഥിതിചെയ്യുന്നു. മാസത്തിൽ ഒന്ന് എന്ന കണക്കിൽ അണ്ഡം വളരുന്നത് ഗ്രാഫിയൻ ഫോളിക്കിൾ എന്ന ഒരാവരണഭാഗത്തിലാണ്. ഇതിനു മൂന്നു പ്രധാനമായ കോശനിരകളുണ്ട്. ഏറ്റവും അന്തർഭാഗത്തുള്ള കോശനിരകൾക്കകത്ത് തിങ്ങിക്കൂടുന്ന, ദ്രവപദാർഥത്തിന്റെ സമ്മർദഫലമായി ഫോളിക്കിൾ പൊട്ടുകയും അണ്ഡം സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. നോ: അണ്ഡാശയം-മനുഷ്യനിൽ, ജനിപുടം

[തിരുത്തുക] അവലംബം


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ഡാശയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അണ്ഡാശയം&oldid=1309953" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ