അടവാലൻ തിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടവാലൻ തിരണ്ടി
Temporal range: Early Cretaceous–Recent[1]
Southern stingray (Dasyatis americana)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Myliobatiformes
കുടുംബം: Dasyatidae
Genera

Dasyatis
Himantura
Pastinachus
Pteroplatytrygon
Taeniura
Urogymnus

കേരളത്തിന്റെ തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം തിരണ്ടിമത്സ്യമാണ്‌ അടവാലൻ തിരണ്ടി (ഇംഗ്ലീഷ്:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). കൊടിവാലൻ തിരണ്ടി, ഓലപ്പടിയൻ തിരണ്ടി എന്നീ പേരുകളുമുണ്ട്. ചെങ്കടൽ‍, അറേബ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, സിംഗപ്പൂർ, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.

ശരീര ഘടന [തിരുത്തുക]

അടവാലൻ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.

ഉപയോഗങ്ങൾ [തിരുത്തുക]

ശാന്തസമുദ്രതീരങ്ങളിലെ ഗോത്രവർഗക്കാർ അഗ്രത്തിൽ വിഷംപുരട്ടിയ തിരണ്ടിമുള്ളുകൾ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവർഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യർ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാൽ നല്ല തുകലാകും.

അവലംബം [തിരുത്തുക]

  1. Nelson, J.S. (2006). Fishes of the World (fourth ed.). John Wiley. pp. 76–82. ISBN 0471250317.
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരണ്ടി അടവാലൻ തിരണ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അടവാലൻ_തിരണ്ടി&oldid=1692901" എന്ന താളിൽനിന്നു ശേഖരിച്ചത്