അക്വിഫോളിയേസി
| അക്വിഫോളിയേസി | |
|---|---|
| അക്വിഫോളിയേസി ഇലയും പഴവും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Angiosperms |
| ക്ലാസ്സ്: | Eudicots |
| നിര: | Aquifoliales |
| കുടുംബം: | Aquifoliaceae DC. ex A.Rich. |
| ജനുസ്സ്: | Ilex L. |
| Species | |
|
About 600, see text |
|
ഒരു സസ്യകുടുംബം. ഇതിൽ മൂന്നു ജീനസ്സുകളിലായി 500-ഓളം സ്പീഷീസുണ്ട്. ഇവയിൽ ചിലത് ഉഷ്ണമേഖലയിലെ അതിവൃഷ്ടിയുള്ള പ്രദേശങ്ങളിലും മറ്റു ചിലത് ശാന്തമേഖലയിലും വളരുന്നു. ഇവയിൽ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉൾ പ്പെടുന്നു. തടിച്ചു തുകൽപോലെ തോന്നിക്കുന്ന ഇലകൾ, ഏകാന്തരന്യാസരീതിയിൽ (alternate) ക്രമപ്പെടുത്തിയിരിക്കുന്നു; വളരെച്ചെറിയ അനുപർണങ്ങളുമുണ്ട്. പുഷ്പങ്ങൾ നിശ്ചിതക്രമത്തിൽ (Cymose) ഉള്ളവയാണ്. ഇവ സമമിതങ്ങൾ (Symmetrical) ആണ്.
പുഷ്പങ്ങൾ ഏകലിംഗികളോ (unisexual) ദ്വിലിംഗികളോ (bi-sexual) ആകാം. ആൺ പുഷ്പത്തിൽ സാധാരണ നാലു കേസരങ്ങൾ (stamens) ആണുള്ളത്. ഇവ ദളങ്ങൾക്കിടവിട്ടാണ് സ്ഥിതിചെയ്യുന്നത്. കേസരങ്ങൾ ദളങ്ങളുടെ അടിഭാഗത്ത് സംയോജിതമാണ്. പെൺപുഷ്പങ്ങളിലെ നാലു ജനിപർണങ്ങൾ (carpels) സംയോജിച്ചു സംയുക്തപർണജനി(symcarpous)യായിട്ടാണു കാണപ്പെടുക. അണ്ഡാശയത്തിനു (ovary) നാലറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ നിലംബപ്രതീപ (pendulous) അണ്ഡങ്ങൾ കാണുന്നു. കായ അമ്രക(drupe)മാണ്. അക്വിഫോളിയേസി കുടുംബത്തിലെ ഐലക്സ് (Ilex) ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. മറ്റു ജീനസ്സുകൾ അമേരിക്ക, ആസ്ട്രേലിയ, പോളിനേഷ്യ മുതലായ ഭൂഭാഗങ്ങളിൽ കാണുന്നു. തെക്കെ ഇന്ത്യയിൽ ഐ. മലബാറിക്ക (I. malabarica), ഐ. ത്വെയ്റ്റെസി (I. thwaitesii) ഐ. വൈറ്റിയാന (I. wightiana), ഐ. ഗാർഡനേറിയാന (I. gardeneriana), ഐ. ഡെന്റിക്കുലേറ്റ (I. denticulata) എന്നീ അഞ്ചു സ്പീഷീസ് വളരുന്നുണ്ട്. സഹ്യാദ്രിയിലും പളനിമലകളിലും ഇവ സുലഭമാണ്.
അവലംബം [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്വിഫോളിയേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |