Jump to content

ശൈവമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


The "Pashupati" seal from the Indus Valley Civilisation.

ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ്‌ "ശൈവമതം".ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു. ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ പ്രപഞ്ച അവബോധത്തിന്റെ സ്ഥാനത്ത് ശൈവമതത്തിൽ ഉപയോഗിക്കുന്നു. ജീവൻ,പ്രപഞ്ച നിയമങ്ങൾ ഇവയ്ക്കുള്ള പൊതുനാമമാണ് ശിവൻ എന്ന് ഉപനിഷത്തുകളിൽ നിന്ന് മനസ്സിലാക്കാം(സ ജീവ കേവല ശിവ). സൃഷ്ടി, സ്ഥിതി, ലയം, തിരോധാനം, അനുഗ്രഹം എന്നിവ ഏകനും അർദ്ധനാരീശ്വരനുമായ ശിവന്റെ പഞ്ചകൃത്യങ്ങളാണ്. ഈ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്‌മാവ്‌, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ തുടങ്ങിയ അഞ്ച് ഭാവങ്ങളുള്ളതായി, പഞ്ചശിരസ്സായി ശിവനെ ശൈവർ സങ്കല്പിക്കുന്നു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌. ശാക്തേയമതവുമായി വളരെ അടുത്ത ബന്ധമുള്ള ഒന്നാണിത്. ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന്‌ ശിവരാജയോഗം എങ്ങനെ പരിശീലിക്കാമെന്ന്‌ തൈക്കാട്‌ അയ്യാസ്വാമികൾ ശിഷ്യരെ പഠിപ്പിച്ചു. കേരള ഹൈന്ദവ നവോത്ഥാന നായകർ പൊതുവെ ശിവഭക്തരായിരുന്നു.

രുദ്രാക്ഷം(താൻ സദാ ശിവന്റെ സന്നിധിയിൽ എന്ന ബോധം),ഭസ്മം(എല്ലാം നശ്വരമെന്ന ബോധം),പഞ്ചാക്ഷരി(നമ ശിവായ, എന്റേത് അല്ല എല്ലാം ശിവന്റേത് എന്നർത്ഥം)ഇവ മൂന്നും ശൈവർ ധരിക്കേണ്ടതുണ്ട്. ഈ ധാരണയുടെ പ്രതീകമായിട്ടാണ് ശൈവരുടെ രുദ്രാക്ഷ,ഭസ്മ ധാരണവും പഞ്ചാക്ഷരി ജപവും.

മുകളിൽ വൃത്താകൃതിയിൽ, നടുവിൽ അഷ്ടഭുജമായി താഴെ ചതുരത്തിലുള്ള സ്തൂപം ആണ് അരൂപിയായ ശിവനെ ആരാധിക്കുന്നതിന് ഉപയോഗിച്ച് വരുന്ന ശിവലിംഗം. ഇതിൽ മുകൾ ഭാഗം മാത്രമാണ് പുറത്ത് കാണാൻ കഴിയുന്നത്. ശിവനുള്ള അർച്ചനാ ശില മാത്രമാണ്, അല്ലാതെ വിഗ്രഹം അല്ല ശിവലിംഗം എന്നാണ് ശൈവ വിശ്വാസം (സംസ്കൃത ഭാഷയിൽ അടയാളം എന്നാണ് ലിംഗം എന്ന വാക്കിന്റെ അർത്ഥം.)കൈലാസ പർവതത്തെ വിശിഷ്ടമായ ശിവലിംഗം ആയി കണക്കാക്കുന്നു.

മധ്യ കാലത്ത് എഴുതപ്പെട്ട പുരാണ സാഹിത്യത്തിൽ നിരവധി ആലങ്കാരിക കഥകൾ ശിവന്റെ പേരിൽ എഴുതപ്പെട്ട് കാണുന്നു. ചില ശൈവ വിരുദ്ധ പുരാണങ്ങളിൽ ശിവനെ മനുഷ്യനായി ചിത്രീകരിച്ച് വികലമായ കഥകൾ ഉണ്ട്. ഇവ ആ കാലഘട്ടത്തിലെ മതകലാപങ്ങളുടെ സംഭാവനയാണ്‌. ഇത്തരം കഥകൾ മാറ്റി നിർത്തിയാൽ യോഗ, പ്രാണായാമം, ധ്യാനം, നൃത്തം, ശില്പം മുതലായ നിരവധി മേഖലകളിൽ തനതായ സംഭാവന ശൈവർ നല്കിയിട്ടുണ്ട്.

ശൈവമത ശാഖകൾ

[തിരുത്തുക]

ശൈവമതത്തിൽ ദ്വൈതവാദം, അദ്വൈത വാദം എന്നിവയെ അടിസ്ഥാനമാക്കിയ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ജ്ഞാനയോഗത്തിന് പ്രാധാന്യം നല്കുന്ന അദ്വൈത വാദികൾ ശ്രീ ശങ്കരനെ പിന്തുടരുമ്പോൾ ഭക്തി യോഗത്തിന് പ്രാധാന്യം നല്കുന്ന ദ്വൈതികൾ ശൈവസിദ്ധന്മാരെ പിന്തുടരുന്നു. ദ്വൈതികളും ഭക്തിയോഗ വിശ്വാസികളുമായ ശൈവർ മധ്യ കാലഘട്ടത്തിൽ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച കാശ്മീർ ശൈവം, ദക്ഷിണ ഭാരതത്തിൽ പ്രധാനമായും കർണ്ണാടകയിൽ പ്രചരിച്ച വീരശൈവ ധർമ്മം, തമിഴ്നാട്ടിൽ വികസിതമായ ശൈവ സിദ്ധാന്തം എന്നിവയാണവ. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.

ശിവൻ വ്രാത്യൻ അഥവാ വർണാശ്രമ ധർമം ഇല്ലാത്തവൻ എന്ന് വിശ്വസിക്കുന്ന ശൈവ മതം ജാതി,ലിംഗ ഭേദത്തിന് എതിരാണ്. പിൽക്കാലത്ത് ബ്രാഹ്മണ സ്വാധീനം വന്നപ്പോഴും ഈ അടിസ്ഥാനത്തെ അട്ടിമറിക്കാൻ പൂർണമായി സാധിച്ചില്ല. ചണ്ഢാള ശിവൻ ശങ്കരാചാര്യരുടെ ജാതി ബോധത്തെ പരിഹസിച്ച കഥ പ്രസിദ്ധമാണല്ലോ. ശിവൻ സ്ത്രീയോ പുരുഷനോ അല്ല എന്ന അർദ്ധ നാരീശ്വര സങ്കല്പം ഉള്ള ശൈവർ ലിംഗ മേൽകോയ്മയ്ക്കെതിരാണ്. ട്രാൻസ്ജെൻഡറുകൾ ശൈവ മതത്തിൽ എന്നും സമത്വം ഉള്ളവരായിരുന്നു. മധ്യ കാലത്ത് ബസവാചാര്യർ ഈ പുരോഗമനാശയങ്ങൾ വീണ്ടും ശക്തമായി പ്രചരിപ്പിച്ചു.

അൻപേ ശിവം(സ്നേഹം ആണ് ഈശ്വരൻ)എന്നത് ശൈവ മതത്തിന്റെ ഒരു ആപ്തവാക്യം ആണ്.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശൈവമതം&oldid=3380849" എന്ന താളിൽനിന്ന് ശേഖരിച്ചത്