Jump to content

മാനവേന്ദ്ര സിംഗ് ഗോഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനവേന്ദ്ര സിംഗ് ഗോഹിൽ
മാനവേന്ദ്ര സിംഗ് രാജകീയ വേഷത്തിൽ
ജനനം (1965-09-23) 23 സെപ്റ്റംബർ 1965  (59 വയസ്സ്)
തൊഴിൽSocial activism
ജീവിതപങ്കാളി(കൾ)ചന്ദ്രികാകുമാരി
മാതാപിതാക്ക(ൾ)മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി, മഹാറാണി രുക്മിണി ദേവി

രാജപിപല രാജവംശത്തിലെ ഒരംഗമാണ് മാനവേന്ദ്ര സിംഗ് ഗോഹിൽ (ജ: 23 സെപ്തംബർ 1965ന് അജ്മീറിൽ). അടിച്ചമർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു (LGBT) വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ സത്യസന്ധമായ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തി കുടുംബത്തിൽനിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽ നിന്നകന്നു. ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്.[1] 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിംഗ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന ഒരു ചടങ്ങിൽവച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.[2]

ജീവിതം

[തിരുത്തുക]

മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി സാഹെബിന്റേയും ജയ്സാല്മീറിലെ രാജകുമാരിയായിരുന്ന മഹാറാണി രുക്മിണി ദേവിയുടേയും പുത്രനായി അജ്മീറിലാണ് മാനവേന്ദ്ര സിംഗ് ജനിച്ചത്. മീനാക്ഷി കുമാരി എന്ന പേരിൽ ഒരു സഹോദരിയും ഇദ്ദേഹത്തിനുണ്ട്.  രാജ് പിപലയിലെ ഏക അനന്തരാവകാശി എന്ന നിലയിൽ വളർന്ന ഇദ്ദേഹം 1991-ൽ മധ്യപ്രദേശിലെ ഝബുവയിലെ രാജകുടുംബത്തിൽ നിന്നുള്ള ചന്ദ്രികാകുമാരിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം തന്റെ സ്വവർഗാനുരാഗം പരിഹരിക്കപ്പെടും എന്ന മൂഢ വിശ്വാസത്തിന്റെ പുറത്താണ് താൻ വിവാഹം കഴിച്ചതെന്നാണ് മാനവേന്ദ്ര സിംഗ് പിന്നീട് പറഞ്ഞത്.[3] തനിക്ക് ഒരു സ്ത്രീയുമായി വിവാഹ ജീവിതം തുടരാൻ സാധ്യമല്ല എന്ന തിരിച്ചറിവിനൊടുവിൽ അദ്ദേഹം വിവാഹമോചിതനായി. 

ലൈംഗിക സ്വത്വം വെളിപ്പെടുത്തൽ

[തിരുത്തുക]

വിവാഹ മോചനത്തിനു ശേഷവും തന്റെ ലൈംഗികത എന്തെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ധൈര്യം മാനവേന്ദ്ര സിംഗിനുണ്ടായില്ല, എന്നാൽ ചിരന്തന ഭട്ട് എന്ന പത്രപ്രവർത്തക നൽകിയ പ്രചോദനത്തിനൊടുവിൽ 2006-ലാണ് ഇദ്ദേഹം താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള കാര്യം പരസ്യമാക്കിയത്. അക്കാലത്ത് ഈ സംഭവം വളരെ വാർത്താപ്രധാന്യം നേടിയിരുന്നു. 

ജീവകാരുണ്യ പ്രവർത്തനങ്ങൾ

[തിരുത്തുക]

2000-ൽ ലക്ഷ്യ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് എച്.ഐ.വി/ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മാനവേന്ദ്ര സിംഗ് തുടക്കമിട്ടു. പുരുഷ ലൈംഗിക തൊഴിലാളികൾക്കും സ്നേഹികൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരമായ ലൈംഗികതയെപ്പറ്റി ബോധവത്കരണ പ്രവർത്തനങ്ങളും, കൺസിലിംഗുകളും, മെഡിക്കൽ ക്യാമ്പുകളും ഈ സംഘടന നടത്തി വരുന്നു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് തൊഴിൽ നൽകുന്നതിനും വാർധക്യം ബാധിച്ച ഉപേക്ഷിക്കപ്പെട്ട സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് ആശ്രയമൊരുക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. ഗുജറാത്തിലും മുംബൈയിലുമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിലാണ് മാനവേന്ദ്ര സിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഓപ്ര വിൻഫ്രി ഷോയിൽ ഇദ്ദേഹവുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. 

അവലംബം

[തിരുത്തുക]
  1. Elizabeth Joseph and Michelle Smawley, Prince's Secret Tears Royal Family Apart, Shocks His Nation, 2 July 2007.
  2. Gujarat's Gay Prince to Adopt a Child
  3. India's gay prince appears on Oprah show. Rediff.com (31 December 2004). Retrieved on 20 August 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാനവേന്ദ്ര_സിംഗ്_ഗോഹിൽ&oldid=4092850" എന്ന താളിൽനിന്ന് ശേഖരിച്ചത്